
പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ … ഭക്ഷ്യയോഗ്യമായ ഒന്നും വെറുതെ കളയരുത്. നമ്മുടെ ആവശ്യത്തിന് ഉള്ളതെടുത്ത് ബാക്കി അയൽക്കാർക്കോ, ബന്ധുക്കൾക്കോ നൽകാം.
നമ്മുടെ വീട്ടിൽ പയറുണ്ട്, അപ്പുറത്തെ വീട്ടിൽ ചീരയുണ്ട് എന്ന് കരുതുക. നമ്മുടെ പയറിന് പകരം ചീര വാങ്ങി കറി വെക്കാം. പ്രയാസ കാലത്ത് പരസ്പരം പങ്കുവെച്ച് നമുക്ക് അടുപ്പം കൂട്ടാം, അടുപ്പും കൂട്ടാം.
ഇത് ചക്കക്കാലമാണ്. പ്ലാവിൻ്റെ താഴെയുള്ള ചക്കകളെല്ലാം നമ്മൾ ഉപ്പേരിയും, കൂട്ടാനും വെച്ച് തിന്നും. ബാക്കി പഴുത്തത് തിന്നും. പ്ലാവിൻ്റെ മുകളിൽ കുറേ ചക്കയുണ്ടാവും. അത് പഴുത്തു വീഴും. ഒന്നിനും കൊള്ളില്ലെന്ന് നമ്മൾ കരുതും. ആ ചക്കയുടെ കുരു പെറുക്കിയെടുക്കണം.
ചക്കക്കുരു നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ആവശ്യക്കാർക്ക് കൊടുക്കണം. സ്വന്തം പറമ്പിലെ ചക്കക്കുരു പെറുക്കാൻ മടിയുള്ളവർ ആവശ്യമുള്ളവരോട് പെറുക്കാൻ പറയണം.
ഒരു ചക്കയും പാഴായി പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മൂത്ത ചക്ക എണ്ണയിൽ വറുത്തെടുക്കുന്ന ചക്ക ചിപ്സ് (ചക്കപ്പൊരി) ദീർഘകാലം സൂക്ഷിക്കാവുന്ന രുചികരമായ വിഭവമാണ്.

ചേമ്പ് തുടങ്ങിയ കിഴങ്ങുകളുടെ തണ്ട്, ചേനപ്പൂവ് എന്നിവ ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ഇത്തരം നാട്ടറിവുകളുടെ സമ്പാദനവും, പ്രയോഗവും നമ്മുടെ കുടുംബ ബജറ്റ് താളം തെറ്റാതെ മുന്നോട്ട് പോകാൻ സഹായിക്കും. പഴുത്ത മാങ്ങ, പുളികൾ എന്നിവ വെയിലിൽ ഉണക്കി ഒരു വർഷത്തോളം സൂക്ഷിച്ചു വെക്കാം.
വാഴയുടെ പച്ചക്കായ പച്ചക്കറിയായും, പഴുത്തത് പഴമായും നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഒരു വാഴയിൽ നിന്ന് അത് മാത്രമല്ല ലഭിക്കുന്നത്. വാഴക്കുലയുടെ തട്ട ഉപ്പേരി വെക്കാം. വാഴക്കുല മുറിച്ചെടുത്താൽ വാഴയുടെ അകത്തുള്ള കാമ്പ് ( ഉണ്ണിപിണ്ടി തുടങ്ങി പല പേരുണ്ട് ) കൂട്ടാൻ വെക്കാം.
ഒന്നും വെറുതെ കളയാതിരിക്കുക. നമുക്ക് വേണമോ എന്നത് ആദ്യത്തെ ചോദ്യം. വേണ്ടെങ്കിൽ ആവശ്യക്കാരന് നൽകുക.
മാങ്ങ, മുരിങ്ങയില, പപ്പായ, വിവിധയിനം പുളികൾ ( ഓർക്കാപ്പുളി, ചതുരപ്പുളി) തുടങ്ങി നമ്മുടെ വീട്ടിൽ നിന്നും പങ്കുവെക്കാവുന്നതും, കൈമാറാവുന്നതുമായ വിഭവങ്ങളുടെ കണക്കെടുക്കണം. പങ്ക് വെപ്പ് നമ്മുടെ ഭക്ഷണത്തെ വൈവിധ്യമുള്ളതാക്കുന്നു. ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യും.
കോവിഡ് മാന്ദ്യകാലത്തെ പരസ്പര സഹകരണത്തിലൂടെയും ഐക്യ ബോധത്തോടെയും, നാട്ടറിവുകളുടെ പ്രയോഗത്തിലൂടെയും നമുക്ക് മറികടക്കാം.
കോവിഡ് 19 മഹാമാരിയുടെ സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കുന്നതിന് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ യൂനുസ് ചെങ്ങര, കെ എസ് ഹസ്‌കര്‍, ടി റിയാസ് മോന്‍, കെ അലി പത്തനാപുരം, ഡോ. ലബീദ് അരീക്കോട്, എ നൂറുദ്ദീന്‍, ഇർഷാദ് കൊട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.