Entertainment

ഇന്ദ്രൻസ്; അതിശയിപ്പിക്കുന്ന നടനും പച്ചയായ മനുഷ്യനും

കെ.ജയദേവൻ

നടൻ ഇന്ദ്രൻസിനെ ഒരിക്കലേ കണ്ടിട്ടുള്ളൂ ഞാൻ. തിരുവനന്തപുരത്തു നിന്ന് ഷൊർണ്ണൂരിലേക്കുള്ള ഒരു തീവണ്ടിയാത്രയിലായിരുന്നു അത്.

ആൾത്തിരക്കില്ലാത്ത ഒരു രണ്ടാം ക്ലാസ്സ് സ്ലീപ്പർ കമ്പാർട്ട്മെൻ്റിൽ, എൻ്റെ അപ്പുറത്തുള്ള സീറ്റിലിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു ഇന്ദ്രൻസ്. ചുറ്റിപ്പറ്റി ഞാനടുത്ത് ചെന്നു. പുസ്തകം മടക്കി, മുഖമുയർത്തിയ അദ്ദേഹം എന്നെ നോക്കി ചിരിച്ചു.

ജീവിതാനുഭവങ്ങളുടെ അടിത്തട്ടിൽ നിന്നും, വെള്ളിമേഘത്തിൻ്റെ ഒരു കീറ് പതിയെ പൊങ്ങി വരുന്നതു പോലെയായിരുന്നു അത്.

കാലുഷ്യമേതുമില്ലാത്ത ഒരു ചിരി. അയാളൊരു പച്ച മനുഷ്യനാണെന്ന് അന്നേ തോന്നിയതാണ്.

സെല്ലുലോയ്ഡിൻ്റെ വെള്ളിവെളിച്ചങ്ങൾ ആ മനുഷ്യൻ്റെ ഏഴയലത്തുപോലും എത്തിയിട്ടില്ല. ഇന്ദ്രൻസ് അന്നുമിന്നും ഒരേയാളാണ്. ‘ഇതാ ഒരു മനുഷ്യൻ’ എന്ന് നിസ്സംശയം പറയാവുന്ന, അപൂർവ്വതയുള്ളൊരു ഗണം.

ഇന്നലെ രാത്രി ‘ഹോം’ എന്ന സിനിമ കണ്ടപ്പോൾ വീണ്ടും ഞാനാ തീവണ്ടിമുറിയിലെ കൂടിക്കാഴ്ച്ചയെപ്പറ്റി ഓർത്തു. സിനിമ അത്ര മികച്ചതൊന്നുമല്ല. എന്നാൽ ഇന്ദ്രൻസ്.. വാക്കുകൾക്കതീതമായ പ്രകടനം കൊണ്ട് അയാൾ വീണ്ടും നമ്മെ അമ്പരപ്പിക്കുന്നു.

വേണമെങ്കിൽ അഭിനയിച്ച് കുളമാക്കാവുന്ന കഥാപാത്രമാണ് ഇന്ദ്രൻസിന്റെ ഒലിവർ ടിസ്റ്റ്. മലയാളത്തിലെ വലിയ നടന്മാർ പലരും, പലവട്ടം അതിഭാവുകത്വം കൊണ്ട് പല കഥാപാത്രങ്ങളേയും ആ വിധം അരോചകമാക്കിയിട്ടുണ്ട്.

എന്നാൽ, ഇന്ദ്രൻസ് കൈയ്യടക്കത്തോടെ ഒലിവർ ട്വിസ്റ്റിനെ അനശ്വരമാക്കി; അയാൾക്ക് മാത്രം സാദ്ധ്യമാകുന്ന തരത്തിൽ. ചെറിയ നടനല്ല താനെന്ന് മുൻപും പലവട്ടം തെളിയിച്ചതാണ് ഇന്ദ്രൻസ്.

ഷാങ്ഹായ് ഉൾപ്പെടെയുള്ള എത്രയോ ചലച്ചിത്രമേളകളിൽ, ചുവപ്പു പരവതാനിയിലൂടെ നടന്നു പോയിട്ടുണ്ട് ‘വെയിൽമരങ്ങ’ളിലെ ഈ നായകൻ..! ‘കുടക്കമ്പി’ എന്ന ഇരട്ടപ്പേരോട് കൂടിയ ഒരു കഥപ്രാത്രവും ഇനി ഇന്ദ്രൻസിനെത്തേടി വരില്ല. കാരണം, മലയാള സിനിമയിലെ മഹാനടന്മാരുടെ നിരയിലാണ് ഇപ്പോൾ ഇന്ദ്രൻസിന്റെ സ്ഥാനം.

ചെറിയ നടനല്ല എന്നതുപോലെ ഇന്ദ്രൻസ് ചെറിയ മനുഷ്യനുമല്ല. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ പുരുഷതാരങ്ങളിൽ പലരും, ഭാര്യമാർ മുടിവെട്ടിക്കൊടുക്കുന്നതിന്റേയും മറ്റും ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പങ്കു വെച്ചപ്പോൾ ഇന്ദ്രൻസിനെ നാം കണ്ടത് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. തടവുപുള്ളികൾക്ക്, മാസ്ക് തയ്ക്കാനുളള പരിശീലനം നൽകാനാണ് അയാളവിടെ പോയത്.

ഓരോ സമയത്തും വേണ്ടതെന്താണ് എന്ന് വലിയ മനുഷ്യരെ ആരും പഠിപ്പിക്കേണ്ടതില്ല. അതൊരു ജന്മവാസനയാണ്. മനുഷ്യൻ എന്ന നിലയിലും നടനെന്ന നിലയിലും ആ ജന്മവാസനയാണ് ഇന്ദ്രൻസിനെ വേറിട്ടു നിർത്തുന്നത്.

ബാലു മഹേന്ദ്ര സൂചിപ്പിച്ചതു പോലെ, പുലികൾ ചത്തുപോയാലും അവയുടെ പുള്ളികൾ മാഞ്ഞു പോകുന്നില്ല. പ്രിയപ്പെട്ട ഇന്ദ്രൻസേട്ടാ, നിങ്ങളെ ഒരുവട്ടം കൂടി എനിക്കൊന്നു തൊടണം…

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x