IndiaOpinion

മോദിയിൽ നിന്ന് യോഗിയിലേക്ക്; എന്റെ ഇന്ത്യ മുഴുവനും നാളെ യു.പിയാവുമോ ??

പ്രതികരണം/അബ്ദുസമദ് ചളവറ

ചെസ്സടക്കമുള്ള ശ്രദ്ധേയമായ ഗെയിമുകൾ പിറവികൊണ്ടിട്ടുള്ള ഭാരതത്തിന്റെ ഒരു സംസ്ഥാനത്തിപ്പോൾ ഒരു കായിക ഇനം കൂടെ പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടമായി വളർന്നു ജനകീയമായി മാറുന്ന പ്രസ്തുത ഇനത്തിന്റെ വളർച്ചയും പുരോഗമനവും സർക്കാരും പോലീസും പുതിയൊരു അജണ്ടയായി തങ്ങളുടെ ഭരണ കാലത്തെ ലക്ഷ്യങ്ങളിലേക്ക് ചേർത്തുമ്പോൾ പക്ഷെ മാധ്യമങ്ങളിൽ അതിനൊരു വിലയും ഇല്ലാതെ പോവുകയാണ് .

ബോറടിച്ചിരിക്കുന്ന സവർണ്ണ പുരുഷർക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണീ ഗെയിം. ഒരു തവണ മാത്രം ഉപയോഗിക്കാനായി ഉള്ള ഏക കായിക ഉപകരണമായി വേണ്ടത് ഒരു പെൺകുട്ടിയാണ്. 25 ൽ കൂടാത്ത പ്രായം, ദളിത് വിഭാഗത്തിൽ പെട്ടതാണെങ്കിൽ ഉത്തമം. അല്ലെങ്കിൽ പിന്നെ  ജാതി അല്പം താഴുകയോ, മതം ന്യൂനപക്ഷ പട്ടികയിൽ പെടുകയോ വേണം. അവസാനമായി ഹഥ്’രസിലും ബാൽറാംപൂരിലും ആണ് ഈ വിനോദം റിപ്പോർട്ട് ചെയ്തത്.

റേപ്പ് കാപ്പിറ്റലായ യു .പി

കേവലം പരിഹാസ്യമായോ തമാശ ചേർത്തോ ഉന്നയിക്കേണ്ട ഒരു വിഷയമല്ലെന്ന ധാരണയോടെ തന്നെയാണ് ഈ ഒരു ഉപമ ഇന്ത്യയുടെ റേപ്പ് കാപ്പിറ്റലായ യു .പിയിലെ സവർണ്ണ കാമ വെറിയെയും വംശീയതയെയും പ്രതിപാദിക്കാൻ ഉപയോഗിച്ചത്.  സ്വാഭാവികമായും മുങ്ങിപ്പോയെങ്കിലും പോലീസിന്റെ സാധാരണയിൽ കവിഞ്ഞ നീതി നിഷേധവും ക്രൂരതയും കാരണം ഹഥ്’രസിലെ പെൺകുട്ടിയുടെ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങളിൽ ചിലർ അറിഞ്ഞിട്ടുണ്ടാവണം.

എന്നാൽ ബാൽറാംപൂരിലെ പെൺകുട്ടിയുടെ ദുരനുഭവത്തിനെ പറ്റി കൂടുതലറിയാൻ പ്രാഥമികമായി പത്രം പരതിയപ്പോൾ വളരെ വിഷമം തോന്നി. അത്ര പ്രാധാന്യമില്ലാത്ത വാർത്തകൾ നൽകിയ പേജിന്റെ രണ്ടു വശങ്ങളിലായി നൽകിയ വാക്കുകൾ പരിമിതപ്പെട്ട വാർത്തകളിലൊന്ന്. അതായിരുന്നു ഒരു പ്രമുഖ പാത്രത്തിൽ മനസ്സാക്ഷിയുള്ള ഏതവന്റെയും ഹൃദയം നടുക്കുന്ന ആ വാർത്തയുടെ സ്ഥാനം.

ആളുകൾ തേടുന്ന, ആരോപണങ്ങളും വസ്തുതകളും അടങ്ങുന്ന രസകരമായ വാർത്തകൾ നിറഞ്ഞാടുമ്പോൾ മനുഷ്യ ജീവന് എന്തു വില. പിന്നെ സ്വാഭാവികത വാർത്തകളുടെ ആകര്ഷണവും പ്രാധാന്യവും കുറക്കുമെന്നതൊരു യാഥാർഥ്യമാണല്ലോ.

ഞാനിന്നലെ “കുളത്തിലൊരു മത്സ്യത്തെ കണ്ടു” എന്ന പ്രസ്താവന പോലെയാണിന്ന് “യു പി യിൽ വീണ്ടും ദളിദ് യുവതി ബലാൽസംഘത്തിനിരയായി” എന്ന വാർത്ത. അത്രമേൽ സ്വാഭാവികതയുടെ അറയിൽ നിദ്രയിലാണ്ടു പോയിരിക്കുന്നു അത്. ഞെട്ടുകയോ ആശ്ചര്യപ്പെടുകയോ ആണെങ്കിൽ അതിനെ നേരം കാണൂ, എന്നും ഞെട്ടേണ്ടി വരും.

തങ്ങളെങ്ങാൻ കൊറോണ ബാധിച്ച മരിച്ചു പോവുമോ എന്ന ഭയമായിരിക്കാം, കൊറോണയുടെ ആധ്യപത്യ നാളുകളുടെ തുടക്കത്തിൽ ഇത്തരം വാർത്തകൾ യു പി യിൽ നിന്നും വിരളമായിരുന്നു. അതോ ഇനി നടന്ന സംഭവങ്ങൾ വാർത്തയാവാത്തതാണോ എന്നും സംശയിക്കാൻ വകയുണ്ട്. പക്ഷെ കൊറോണയുടെ കെട്ടടങ്ങുന്നതിനു മുന്നേ തന്നെ വീണ്ടും ആ വാർത്തകൾ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കാതെ വായുവിൽ അലഞ്ഞു തിരിയാൻ തുടങ്ങിയിരുന്നു. മാസങ്ങൾക്ക് മുന്നേ തന്നെ.

ദളിത് ന്യൂനപക്ഷങ്ങൾ ആയിരിക്കും ഇരകൾ

പ്രസ്തുത സംഭവങ്ങളടക്കം ഉയർന്നു കേൾക്കുന്ന കേസുകൾക്കെല്ലാം ചില പൊതു സ്വഭാവം കൂടെയുണ്ട്. ദളിത് വിഭാഗത്തിൽ പെട്ടതോ മറ്റേതെങ്കിലും ന്യൂനപക്ഷത്തിൽ പെട്ടതോ ആയിരിക്കും ഇര എന്നതിന് പുറമെ, ആക്രമത്തിന് എപ്പോഴും ഒരു  സംഘമാവും നേതൃത്വം നൽകുക. അതായത് ഒരു നിമിഷത്തിൽ യാദൃശ്ചികമായി അണപൊട്ടി ഒലിക്കുന്ന കാമ വികാരത്തിന്റെ പരിണിതഫലമായി ഏതെങ്കിലും പുരുഷർ സ്വബോധത്തോടെയല്ലാതെ കാട്ടിക്കൂട്ടുന്നവയല്ലിത്. വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തുന്ന “വിനോദമാണിത് “.

നിർഭയത്വം ഈ കൃത്യങ്ങൾക്ക് നൽകുന്ന പ്രേരണ ചെറുതൊന്നുമല്ല. തനിക്കൊരു ചുക്കും സംഭവിക്കാൻ പോവുന്നില്ലെന്ന വ്യക്തമായ ബോധ്യത്തിൽ നിന്ന് ഉടലെടുക്കുന്ന ആത്മവിശ്വാസം തന്നെയാണ് തുടരെ തുടരെ റിപ്പോര്ടചെയ്യുന്ന സംഭവങ്ങൾ തെളിയിക്കുന്നത് .

പിന്നെ ഇവയ്ക്കുള്ള പൊതുസ്വാഭാവം എന്ന് പറയുന്നത് കേവലം വികാര ശമനത്തിനപ്പുറം അതിരുവിട്ട അക്രമം എന്നതാണ്. ഏകദേശം “പുറത്തറിഞ്ഞ ” എല്ലാ യു പി ബലാൽസംഘ കേസുകളിലും നമുക്കിത് കാണാം. പ്രതികൾ തങ്ങളുടെ ഉപയോഗത്തിന് ശേഷം ഇരയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് ആസ്വാദനം കണ്ടെത്തിയ സംഭവം ഏതാനും മാസങ്ങൾക്ക് പിന്നിൽ  നിന്ന് നമ്മെ എത്തിനോക്കുന്നുണ്ടെങ്കിൽ അത് പ്രതിപാദിക്കാൻ നമുക്കിവിടെ നേരമില്ല. കാരണം ഇക്കഴിഞ്ഞ വാരമാണല്ലോ നേരത്തെ സൂചിപ്പിച്ച ഹഥ്’രസിലെ പെൺകുട്ടിയുടെ അനുഭവം.

ഹഥ്’രസിലെ പെൺകുട്ടി

മാതാവിന്റെ കൂടെ പുല്ലരിയാൻ പോയ പ്രസ്തുത പെൺകുട്ടിയെ ഒരു കൂട്ടം യുവാക്കൾ ദുപ്പട്ട കഴുത്തിൽ മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി. അവളൊരു ദളിദായിരുന്നു. ദളിതാവുമ്പോൾ വികാരം കൂടുമായിരിക്കും. അതുകൊണ്ടാണല്ലോ മാറി മാറി ഉപയോഗിച്ച് തങ്ങളുടെ കാമദാഹം തീർത്ത ശേഷവും വെറുതെ വിടാതെ അവളുടെ നാവരിഞ്ഞു മാറ്റിയത്. ആദ്യം വന്ന വാർത്ത നാവ് കടിച്ചു മുറിപ്പെടുത്തിയെന്നായിരുന്നു. ഇപ്പോഴും പൂർണ്ണമായും തള്ളിക്കളയുന്നില്ല ആ സാധ്യതയെ. അത്തരമൊരു നിമിഷത്തിൽ ആ “മാന്യന്മാർ ” അങ്ങനെ ചെയ്തേക്കാം. കാരണം തങ്ങൾക്കെതിരെ തെളിവ് പറയരുതേ എന്ന് ഈ ‘നാവറുക്കൽ’ കൃത്യത്തിന് കാരണമായി പറയുന്നവർ ആ 19 കാരിയുടെ നട്ടെല്ലും ചവിട്ടിയൊടിച്ചിരുന്നത്രെ.

നാല് തടിമാടന്മാരുടെ ഇടയിൽ കിടന്ന് നുറുങ്ങി പോയ ഒരു കൗമാരക്കാരി. അവളും ഇന്ന് നീതിയുടെ വാതിലിൽ നിന്നും ഏറെയകലെയാണ്. നേരത്തെ സൂചിപ്പിച്ച സർക്കാരും പോലീസും കൂടെ മേൽനോട്ടം വഹിക്കുന്ന ഈ വിനോദത്തിൽ കളിക്കാരെന്നും സുരക്ഷിതരാവും. നാവ് മുറിപ്പെട്ടതിനാൽ സംസാരിക്കാനാവാത്ത പെൺ കുട്ടിയുടെ മൊഴി എടുക്കാൻ പറ്റിയില്ല എന്ന കാരണത്തിൽ പോലീസ് ആദ്യം കേസ് പോലും കേവല വധശ്രമമെന്ന ശീർഷകത്തിൽ ഒതുക്കിയിരുന്നു.

അക്രമത്തിന് ഒരാഴ്ചക്ക് ശേഷം പണിപ്പെട്ട് പെൺകുട്ടി മൊഴി നൽകിയ ശേഷമാണ് പ്രസ്തുത സംഭവം ഒരു ബലാൽസംഘ കേസായി രേഖപ്പെട്ടത്. എന്നാൽ ഇപ്പോഴും ബലാസംഘത്തിന് തെളിവില്ല എന്ന മെഡിക്കൽ റിപ്പോർട്ടുമായി പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കിംവദന്തി ഉയരുന്നുണ്ട്.

പ്രസ്തുത പെൺകുട്ടി മരണപ്പെട്ടതിനു ശേഷവും പോലീസിന്റെ കർമങ്ങൾ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു . ബന്ധുക്കളടക്കം തടഞ്ഞിട്ടും രാത്രിക്ക് രായ്മാനം കൊണ്ടുപോയി പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. അങ്ങനെ അങ്ങനെ……..

അടക്കം ചെയ്യാൻ പോലും സമ്മതിക്കാത്ത പോലീസ്

മതാചാര പ്രകാരം അടക്കം ചെയ്യണമെന്നുള്ള മാതാപിതാക്കളുടെ വൈകാരികമായ സ്വാഭാവിക ആവശ്യം പോലും കാറ്റിൽ പാറുന്ന വെറും കരിയിലകളായിരുന്നു. ഒന്നിലധികം സ്ഥലത്താണ് അവർ വണ്ടി തടഞ്ഞത്. കുറച്ചു നാൾ മുന്നേ വരെ തന്റെ കൂടെ കളി ചിരികളിലേർപ്പെട്ട മകളുടെ വികൃതമുഖമാണെങ്കിലും അവസാനമൊന്ന് കാണാനും,  ബാധ്യത നിർവഹിച്ച് ആത്മസംതൃപ്തി അടയാനുമായിരിക്കണം ആ കണ്ണീരുകൾ കിടന്നലറിയിരുന്നത് .

മാധ്യമ പ്രവർത്തകരെയും പ്രദേശവാസികളെയും മനുഷ്യച്ചങ്ങലയിൽ പ്രതിരോധിച്ച്, ആർക്കു വേണ്ടിയാണ് ഡൽഹിയിലെ സഫ്ദർജങ് ആശിപത്രിയിൽ നിന്നും രാത്രി 10 മണിക്ക് ആ മൃതദേഹം 200 കിലോമീറ്റർ അകലെ  കൊണ്ട് പോയി ഇരുട്ടിൽ തന്നെ അഗ്നിക്കിരയാക്കിയത്….?? എന്ത് നേട്ടമാണതിൽ നിയമപാലകർക്കുള്ളത്..??

വൈകാരികമെങ്കിലും ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി രാഹുൽ ഗാന്ധിയുടെ പ്രസ്തുത സംഭവത്തെ തുടർന്നുള്ള പ്രതികരണം ഇവിടെ കുറിക്കുന്നു ” ദളിതരെ അടിച്ചമർത്താനും സമൂഹത്തിൽ അവരുടെ സ്ഥാനം എവിടെയായിരിക്കണമെന്ന് കാണിക്കാനുമുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ ശ്രമം ലജ്‌ജാകരം”. അതെ, അത് തന്നെയാവണം ഈ ക്രൂര ചെയ്തികളുടെ ലക്‌ഷ്യം. അല്ലാതെന്തിനീ മൗലികാവകാശങ്ങളുടെ ധ്വംസനം.

ഈ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുന്നതിന് നിന്നും യോഗി സർക്കാരിന്റെ പോലീസ് തടഞ്ഞിരിക്കുന്നു. അസാംഗത്യം  ഒന്നും ഇല്ലെങ്കിലും വെറുതെ സൂചിപ്പിച്ചെന്ന് മാത്രം. വധിക്കപ്പെട്ട തീവ്രവാദിയുടെ രക്ഷിതാക്കൾക്ക് ഊർജ്ജം പകരാനല്ല,  മറിച്ച് കൂട്ട ബലാല്സംഘത്തിനിരയായി നഷ്ടപ്പെട്ട മകളെ ഓർത്ത് തകർന്നു പോയ രക്ഷിതാക്കൾക്ക് ഒരു താങ്ങ് നൽകാനാണ് അദ്ദേഹമടങ്ങുന്ന സാമൂഹിക പ്രവർത്തകർ ശ്രമിച്ചതെന്ന യാഥാർഥ്യം വർത്തമാന ഇന്ത്യയിൽ എത്രകാലം അതെ വ്യഖ്യാനത്തിന്റെ കുടക്കീഴിൽ നിൽക്കുമെന്ന ആശങ്കയാണ് പ്രസ്താവനാ ലക്‌ഷ്യം. സി പി എം പോളിറ്റ് ബ്യൂറോയും പ്രസ്തുത സംഭവത്തിലെ പോലീസ് ഇടപെടലിനെ ശക്തമായി വിമര്ശിച്ചിരുന്നു.

അതിക്രൂരമായ ആക്രമങ്ങൾ

ബാൽറാംപൂരിൽ നടന്ന സംഭവത്തിലും പ്രതികൾ പൊതു ആചാരങ്ങളൊന്നും തെറ്റിച്ചിട്ടില്ല. 22 വയസ്സുകാരിയായ ദളിദ് വിദ്യാർത്ഥിനിയായിരുന്നു ഇര. ഹഥ്’രസിലെ പെൺകുട്ടിയുടെ നാവരിഞ് നട്ടെല്ലൊടിച്ചെങ്കിൽ ബാൽറാംപൂരിൽ കോളേജ് പ്രവേശനം നേടി തിരികെ പോരുന്ന പെൺകുട്ടിയെ ഒരു സംഘം തടഞ്ഞു നിർത്തി മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങൾ.

ആ സ്ത്രീ ശരീരം പരമാവധി ആസ്വദിച്ച ശേഷവും അവർ അടങ്ങിയിരുന്നില്ല. തങ്ങൾക്ക് മുന്നേയുള്ള നീണ്ട നിരയെ തന്നെ മാതൃകയാക്കി അവരെ രക്ഷിച്ചവർ തങ്ങൾക്കും കൂട്ടുണ്ടാവുമെന്ന ഉറച്ച ബോധ്യത്തിൽ തന്നെ അവർ ആ പെൺകുട്ടിയെ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി പറഞ്ഞയച്ചു. 

പിന്നോക്ക സമുദായത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി ഉയരങ്ങളിലെത്താൻ കൊതിച്ച് പാഠശാലയിൽ നിന്നും മടങ്ങുന്ന ആ വിദ്യാര്തഥിനിയെ മണിക്കൂറുകൾക്കുള്ളിൽ ക്രൂരമായി വധിച്ച കാപാലികർ മരണ വെപ്രാളത്തിനു മുന്നേ ആ രണ്ട് കാലും തല്ലിയൊടിക്കാൻ ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ കാമശമനത്തിനിടക്ക് നൽകിയ മയക്കുമരുന്നിന്റെ കെട്ടടങ്ങി അവളെങ്ങാൻ ഓടിപ്പോവുമോ എന്ന ആദിയാലായിരിക്കണമത്. ഈ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് . ആ അറസ്റ്റിന് ഒരു സംരക്ഷണ ചുവയുണ്ടോയെന്ന് സംശയിച്ചാൽ തെറ്റ് പറയാനാകില്ല. 

ഇങ്ങനെ ഒന്നോ രണ്ടോ പത്തോ നൂറോ അല്ല, നമ്മുടെ ധാരണകൾക്കുമപ്പുറം എണ്ണം ദളിദ് സ്ത്രീകളും മറ്റു പിന്നോക്ക സമുദായ സ്ത്രീകളും ഇന്ന് യു പി യിൽ വേട്ടയാടപ്പെടുന്നുണ്ട്. ഇന്നീ ലേഖനം എഴുതുന്നതിനിടയിൽ ടി വി അവതാരകന്റെ വായിൽ നിന്നും ഒരു വാർത്ത കേട്ടു. “യു പിയിൽ 8 വയസുകാരി പീഡനത്തിനിരയായി 20 കാരൻ അറസ്റ്റിൽ , കുട്ടിയുടെ നില ഗുരുതരം ” ഇല്ല നിലക്കുന്നില്ലിത് . ഇതെഴുതി തീരുമ്പോൾ, നാളെ നേരം പുലരുമ്പോൾ………അങ്ങനെ സമയത്തിന്റെ സഞ്ചാര വഴിയിൽ മുഴുവനുമുണ്ടാവാം ഓരോ സ്ത്രീയുടെയും അവസാന നിലവിളിയും കണ്ണീരും .

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണവിടം ഭരിക്കുന്നതെന്ന ഹാസ്യ വാക്കുകൾ ചിരിയേക്കാളേറെ ഇന്ന് പേടിയാണുണ്ടാക്കുന്നത് . എന്റെ ഇന്ത്യ മുഴുവനും നാളെ യൂ പി യാവുമോ………….??

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x