അറിയുന്തോറും അതിശയപ്പെടുത്തിയിട്ടുള്ള ജനനേതാവാണ് ഇ കെ ഇമ്പിച്ചിബാവ.
ചെറിയ പ്രായത്തിൽ പലവട്ടം അദ്ദേഹത്തെ നേരിൽ കാണാനായിട്ടുണ്ട്. വല്ല്യുപ്പയുടെ അടുത്ത സുഹൃത്ത് എന്നത് മാത്രമായിരുന്നു അന്നറിഞ്ഞ കാര്യം.
പിന്നീടങ്ങോട്ട് അറിഞ്ഞ ഓരോന്നും ആവേശവും ഊർജ്ജവും നൽകുന്നതായിരുന്നു.
ഒരു നേതാവ് ജനങ്ങൾക്ക് വേണ്ടി എങ്ങനെയാകണമെന്നത് പൂരിപ്പിക്കുന്നതായിരുന്നു ഇമ്പിച്ചിബാവയെ കുറിച്ചറിഞ്ഞ കാര്യങ്ങളൊക്കെയും. ഇങ്ങനെയൊരാളെ പുതിയ തലമുറ വായിക്കുകയും അറിയുകയും ചെയ്യേണ്ടതുണ്ടെന്നത് കാലത്തിൻ്റെ അനിവാര്യതയാണ്.
അകാരണമായി സഹപാഠിയെ ചൂരൽ കൊണ്ടടിച്ച അധ്യാപകനോട് “താങ്കളെന്താണ് ബ്രിട്ടീഷ് പോലീസിനെ പോലെ പെരുമാറുന്നതെന്ന്” ചോദിച്ച നാല് വയസ്സുകാരനിൽ നിന്ന്, നാടിൻ്റെ ചിരകാല സ്വപ്നമായ ഫിഷിംഗ് ഹാർബറിനു വേണ്ടി അനാരോഗ്യം വകവെക്കാതെ ഡൽഹിയിലെത്തി മരണം പുൽകിയതു വരെയുള്ള സംഭവബഹുലമായ ജീവതം പുതിയ തലമുറയിലെ പൊതുപ്രവർത്തന ബോധത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതാണ്.
ഓരോ ശ്വാസവും ജനങ്ങൾക്കുവേണ്ടി മാറ്റിവെച്ച ആ മഹാ മനുഷ്യൻ്റെ ജീവിതം കാണാൻ തിരയുന്നവർക്കു മുന്നിലേക്ക് തിരപോലൊരാളായി ഇമ്പിച്ചിബാവ എത്തിയിട്ടുണ്ട്.
ജീവിതം മുഴുവൻ പോരാട്ടമാക്കി മാറ്റിയ ആ വിപ്ലവകാരിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി പുറത്തിറങ്ങിയിരിക്കുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ചിത്രീകരണത്തിൽ ഇമ്പിച്ചിബാവയുടെ ഇടപെടലിൻ്റെ രാഷ്ട്രീയത്തെ സമഗ്രമായി അവതരിപ്പിക്കുന്നുണ്ട്.
ഒരു വിപ്ലവകാരിയെ പുതുതലമുക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ പുലർത്തേണ്ട അനിവാര്യതകളൊക്കെയും ഇതിലുണ്ട്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഇമ്പിച്ചിബാവയുടേതായുള്ളത്. ചലിക്കുന്ന ദൃശ്യങ്ങളാണെങ്കിൽ പേരിനു പോലുമില്ല.
ഇങ്ങനെയൊരു പരിമിതിയിൽ നിന്ന് ഏഴ് പതിറ്റാണ്ട് നീണ്ട ജനകീയ പോരാട്ടത്തെ ആവേശം തെല്ലും കുറക്കാതെ അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പ്, മലബാറിൽ പാർട്ടി വളർത്തൽ, ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധം, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനൊപ്പമുള്ള കാലം, കൃഷ്ണപ്പിള്ളയോടൊപ്പമുള്ള നാളുകൾ, സ്റ്റുഡൻ്റ് ഫെഡറേഷൻ്റെ നേതൃത്വം, ഇ എം എസുമായുള്ള ബന്ധം, ബീഡി തൊഴിലാളി സമരം, കോളറ പടർന്ന കാലത്തെ സന്നദ്ധ പ്രവർത്തനം, പത്തേമാരി കാലത്തെ തൊഴിൽ ചൂഷണത്തിനെതിരെ വഞ്ചിത്തൊഴിലാളി സമരത്തിലെ നായകത്വം, 1970ലെ മിച്ചഭൂമി സമരം, പ്രവാസികൾക്കായുള്ള അൽ സംഘം രൂപീകരണം, സംഭവബഹുലമായ ഒളിവുകാലം, പാർലിമെൻ്റംഗമായിരിക്കെ പോലീസിൻ്റെ കണ്ണുവെട്ടിച്ച് പാർലിമെൻ്റിലെത്തിയത്, വെല്ലൂരിലേയും കണ്ണൂരിലേയും ജയിൽ കാലം,അടിയന്തരാവസ്ഥയിലെ പോരാട്ടം, ശരീഅത്ത് വിവാദം, രാജ്യസഭയിലെ ഇടപെടൽ, പാർലിമെൻ്റിലെ മലയാള പ്രസംഗം, ഗതാഗത മന്ത്രിയായിരിക്കെയുള്ള ഇടപെടൽ എന്നിങ്ങനെ ഒരായുസ്സിൻ്റെ സംഭവബഹുലതയെ ക്രമം തെറ്റാതെ ആവിഷ്ക്കരിച്ചിട്ടുണ്ട്.
അടിമുടി രാഷ്ട്രീയക്കാരനും, സമ്പൂർണ്ണ വിപ്ലവകാരിയുമായ ഒരു മനുഷ്യനെ പൊതുജന സമക്ഷം അവതരിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട സകല അലങ്കാരങ്ങളും ചേർത്തുവെക്കുന്നതിൽ സംവിധായകൻ ശ്യാം കൃഷ്ണൻ കാണിച്ച കയ്യൊതുക്കം ശ്രദ്ധേയമാണ്.
ശബ്ദാലങ്കാരവും, സംഗീതവും, ദൃശ്യാവിഷ്ക്കാരവും ഒന്നിനൊന്ന് മികച്ചതായിരുന്നു. എഡിറ്റിംഗ് അതിഗംഭീരം. സ്ക്രിപ്റ്റ് ആ പോരാളിയുടെ ജീവിതത്തോട് സമ്പൂർണ്ണമായി നീതി പുലർത്തി. മരണത്തിൻ്റെ രണ്ടര പതിറ്റാണ്ടിനിപ്പുറമാണ് ഇങ്ങനെയൊന്ന് പുറത്തിറങ്ങുന്നത്.
ഇനിയും മറവിയിലേക്ക് മായാതെ പൊതുപ്രവർത്തനത്തിൻ്റെ കാമ്പും കാതലുമായി ജനം നെഞ്ചോടു ചേർത്ത ഈ നേതാവിനെ വരും തലമുറ ജനകീയ രാഷ്ട്രീയത്തിൻ്റെ കാറ്റ്ലോഗായി കൊണ്ടു നടക്കും. ഇമ്പിച്ചിബാവയെ കുറിച്ചറിയാൻ പര്യാപ്തമാണ് ഈ ഡോക്യുമെൻ്ററി. തീരത്തെ മണൽ തരികളിലേക്കെന്ന പോലെ മനുഷ്യൻ്റെ ജീവിത പരിസരത്തേക്ക് പടർന്നു കയറിയ തിരപോലൊരാളായിരുന്നു ഇ കെ ഇമ്പിച്ചിബാവ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS