
ജീവിതത്തിന്റെ സർവ്വ മേഖലകളിലും വിധിയും വിലക്കുകളും മാനിച്ച് ജീവിക്കുന്ന ഒരു വിശ്വാസി സമൂഹം ഒരു സിനിമയെടുത്താൽ എങ്ങിനെയിരിക്കും എന്നത് സരസമായ ഭാഷയിൽ പറയുകയാണ് സകരിയ മുഹമ്മദും മുഹ്സിന്‍ പരാരിയും ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയിലൂടെ.
സിനിമ എന്ന ജനപ്രിയ മാധ്യമത്തെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുകയും എന്നാല്‍ തങ്ങളുടെ സംഘടനാ മൂല്യബോധ്യങ്ങള്‍ സിനിമയെന്ന മാധ്യമത്തിന്‍റെ ചിട്ട വട്ടങ്ങളോട് പൊരുത്തപ്പെടാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ യുവജന സംഘടനാ പ്രവര്‍ത്തകര്‍ നേരിടുന്ന ആത്മ സംഘര്‍ഷങ്ങളാണ് ഈ സിനിമയുടെ പ്രമേയം. മലയാളി മുസ്ലിം സമൂഹത്തിലെ ബുദ്ധിജീവികളാണ് എന്ന് സ്വയം നടിക്കുന്ന സംഘടനയുടെ യുവാക്കളും നേതാക്കളും തമ്മിലുള്ള ആശയ വിത്യാസം തുറന്നു കാട്ടുന്നതോടോപ്പം സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപനങ്ങളിൽ മാത്രമെ ഉള്ളൂ എന്നും കാണിക്കുകയാണ് ഒരു മീറ്റിംഗ് നടക്കുന്ന സീനിലൂടെ. പേരിനെങ്കിലും സ്ത്രീ പ്രാധിനിധ്യം ഉണ്ട് എന്ന് പറയുന്ന ഇസ്ലാമിക സംഘടനകളുടെ ജാഡയെ തുറന്ന് കാട്ടുകയാണ് ഇവിടെ.
മുസ്ലിംകളുടെ ജീവിതം പ്രമേയമാകുന്ന ഒട്ടനവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇവിടെ സിനിമ എന്ന മാധ്യമം എങ്ങിനെ ഇസ്ലാമിക കാഴ്ചപ്പാടിലൂടെ അല്ലെങ്കില്‍ ഇസ്ലാമിക മൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന ഒരു ചിന്തയാണ് ഹലാല്‍ ലവ് സ്റ്റോറി മുന്നോട്ടു വെക്കുന്നത്.
ഇവിടെ മതവും കലയും രണ്ടായി തന്നെയാണ് പോകുന്നത്. ദീനീ ബോധവും മൂല്യങ്ങളുമുള്ള യുവാക്കള്‍ വളര്‍ന്നു വരണമെന്ന്‍ ഒരു കഥാപാത്രം (ഷരീഫ്, ഇന്ദ്രജിത്ത് സുകുമാരൻ) പറയുന്നുണ്ട്. കലയും ഇസ്ലാമും തമ്മിലുള്ള ഒരു കൂടിച്ചേരല്‍ അധികമൊന്നും ലോക ചരിത്രത്തില്‍ കാണാന്‍ കഴിയില്ല അതെ സമയം ഏറെക്കുറെ മൂല്യങ്ങളെപാടെ അവഗണിക്കാതെയുള്ള സിനിമകള്‍ ഇറാനിയന്‍ സിനിമകളില്‍ കാണാന്‍ കഴിയും.
ഒരു മതത്തിന്‍റെ പുരോഗമന പ്രസ്ഥാനം ഒരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നു. അതിനുള്ള അനുമതി മേൽ ഘടകത്തിൽ നിന്നും ലഭിക്കുന്നു. പക്ഷെ ഇന്ന് സിനിമയില്‍ കണ്ടു വരുന്ന പലതും ഈ സിനിമയില്‍ കാണിക്കാന്‍ കഴിയില്ല കാരണം ഏതൊക്കെയാണ് കാണിക്കാന്‍ പാടുള്ളത് ഏതൊക്കെയാണ് പാടില്ലാത്തത് എന്ന് നോക്കണം. ആണും പെണ്ണും പരസ്പരം തൊട്ട് അഭിനയിക്കാന്‍ കഴിയില്ല, സിനിമയിലാണെങ്കില്‍ സ്ത്രീ കഥാപാത്രങ്ങളുണ്ട് താനും. അങ്ങിനെയാണ് ജീവിതത്തില്‍ യഥാര്‍ത്ഥ ദമ്പതിമാര്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചാല്‍ കുഴപ്പമില്ലല്ലോ എന്ന ചിന്തയില്‍ എത്തുന്നത്. പക്ഷെ അവിടെയും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. യഥാര്‍ത്ഥ ഭാര്യാ ഭര്‍ത്താക്കന്മാരാണെങ്കിലും അവര്‍ പരസ്യമായി കെട്ടിപ്പിടിക്കുന്ന ഒരു സീന്‍ ചെയ്യേണ്ടതുണ്ട് അത്തരം ദൃശ്യങ്ങൾ വിശ്വാസി സമൂഹം അംഗീകരിക്കില്ല.
ഇത് പോലെ സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന അനവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ് ഹലാൽ ലവ് സ്റ്റോറി.
സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സക്കരിയ, മുഹ്സിൻ പരാരി, ആഷിഫ് കാക്കോടി എന്നിവർ ചേർന്നാണ് . ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്ന് പപ്പായ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളായി സകരിയയും മുഹ്സിൻ പരാരിയും ഛായാഗ്രാഹകൻ അജയ് മേനോനും ചിത്രസംയോജകൻ സൈജു ശ്രീധരനും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്ത്രീ ശാക്തീകരണം കൂടി പ്രമേയമാകുന്നുണ്ട് ഈ സിനിമയിൽ . ചിത്രത്തിലെ അഭിനേതാക്കളെ സെലക്ട് ചെയ്യാനായി പത്ത് മുപ്പത് പേര്‍ പങ്കെടുത്ത ഒരു ട്രെയിനിംഗ് സെഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ആറു പേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. വസ്ത്രം അലക്കുന്ന ശബ്ദം ശല്ല്യമാകുന്നു എന്ന് പരാതിപ്പെടുന്ന സൌണ്ട് എഞ്ചിനീയറോട് തിരുമ്പുന്ന ഒച്ച നാടിന്‍റെ ശംബ്ദമല്ലേ അത് സിനിമയില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന വീട്ടമ്മ സിനിമയുടെ മൊത്തത്തിലുള്ള ജാടയെ കളിയാക്കുകയാണ്. സുഹറ എന്ന ശക്തമായ കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഗ്രേസ് ആന്റണിയാണ്. കുറഞ്ഞ സമയത്തേക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന ട്രൈനര്‍ പാര്‍വതി തിരുവോത്ത് തന്റെ റോൾ മികവുറ്റതാക്കി.
സിനിമക്കകത്ത് സിനിമ പറയുന്ന പടങ്ങള്‍ മുന്‍പും ഇറങ്ങിയിട്ടുണ്ടെങ്കിലും മുഷിപ്പില്ലാതെ ഒടുക്കം വരെ കണ്ടിരിക്കാവുന്ന ഒരു നല്ല ഹാസ്യ സിനിമ എന്നതിലുപരി പല തലങ്ങളിലേക്കും സഞ്ചരിക്കുന്നുണ്ട് ഈ സിനിമ .