KeralaSocial

കാസ (CASA); സംഘപരിവാറിൻ്റെ വ്യാജ ക്രിസ്ത്യൻ സംഘടന

പ്രതികരണം/പി ജെ ബേബി പുത്തൻപുരക്കൽ

നിങ്ങൾ കാസ (CASA) എന്ന സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കേട്ടാലും ഇല്ലെങ്കിലും നിരവധിയായ ക്രിസ്ത്യൻ ഫാമിലി വാട് സാപ് ഗ്രൂപ്പുകളിലേക്കും പ്രൊഫൈലുകളിലേക്കും ക്രിസ്ത്യാനികൾക്കായി അവരെടുത്ത തീരുമാനം അവർ അറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്.

എറണാകുളത്ത് വച്ച് 28-02-2021- ൽ കൂടിയ അവരുടെ യോഗം എല്ലാ NDA സ്ഥാനാർത്ഥികൾക്കും പിന്തുണ നൽകാൻ തീരുമാനിച്ചു.

ഒരൊറ്റ മലയാള വാചകം പോലും തെറ്റുകുടാതെ എഴുതാനറിയില്ലെങ്കിലും എന്തുകൊണ്ട് NDA സ്ഥാനാസ്ഥികൾക്ക് വോട്ടു ചെയ്യണമെന്നതിന് കാരണമായി ഒരു നീണ്ട വിശദീകരണം അവർ ‘ക്രിസ്തിയാനി’ കൾക്കായി നല്കിയിട്ടുണ്ട്.

(അതെന്ത് ആനി എന്ന് ചോദിക്കരുത്)

യേശുവിൽ പ്രിയ സഹോദരരെ എന്നാണ് സംബോധന തുടങ്ങുന്നത്..

അതിൽ നിന്ന് കാളമൂത്രം പോലെ പോകുന്ന രണ്ടു വാചക ഭാഗം മാത്രം ഉദ്ധരിക്കാം..

‘തീവ്ര മുസ്ലിം മതമൗലിക ആശയക്കാരുടെ മുന്നണിയും നേതൃത്വവുമായി കോൺഗ്രസ് നേതൃത്വം മാറിയിരിക്കുന്നു….’ ‘മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുന്നതിനായി അവർ മൂലം ക്രിസ്ത്യൻ സമുദായം നേരിടുന്ന 80:20 സംവരണം /ഉദ്യോഗസ്ഥ നിയമനങ്ങളിലെ പക്ഷപാതിത്വം…… അതുപോലെ തന്നെ love Jihad, വിധവകളിൽ പോലും മതം തിരിച്ചുള്ള വിധവ ഭവന സഹായ വായ്‌പകൾ, ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ മുസ്ലിം സമുദായത്തിന് അനുകൂലമായി തികച്ചും എക പക്ഷീയമായ നിലപാടാണ് ഇരു മുന്നണികളും സ്വീകരിച്ചത്…..’

FB യിൽ കയറി നോക്കിയപ്പോൾ ഇംഗ്ലീഷിൽ പേര് ക്രിസ്ത്യൻ അസോസിയേഷൻ ആൻറ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ. മലയാളം പേര് ‘വിവിധ ക്രിസ്ത്യൻ സംഘടനകളുടെ ഏകീകൃത സംഘടന’.

ആ തർജമ തന്നെ നിലവാരം വ്യക്തമാക്കും.

രണ്ട് വാൾ കുറുകെ വച്ചതും സിംഹവുമുള്ള ഒരു എംബ്ളം നടുക്ക്. ഇരു വശത്തായി ‘എന്റെ രാജ്യം എന്റെ വിശ്വാസം’ എന്നും ‘ദേശീയതയും വിശ്വാസ സംരക്ഷണവും’ എന്നീ ആപ്തവാക്യങ്ങൾ.

വട്ടായി അച്ചന്റെ ഉഗ്രൻ പ്രസംഗത്തിന്റെ വീഡിയോയാണ് ആദ്യമേ പുറത്തേക്ക് വരിക. കുറെ കമൻ്റോളികളെ നോക്കി. മിക്കവരും പ്രൊഫൈൽ ലോക്ക് ചെയ്തവർ അഥവാ സംഘി ഫേക്ക് ഐ ഡി കൾ.

ക്രിസ്ത്യൻ യുവാക്കൾ ഹിന്ദു യുവതികളെ ലവ് ജിഹാദിൽപ്പെടുത്തിയാൽ യുപിയിലെ മോഡലിൽ ഇവിടെയും ജയിലിലിടും എന്ന വാഗ്ദാനം കണ്ടില്ല.

കുട്ടികൾക്ക് ഓണസന്ദേശം നല്കാൻ ധൈര്യപ്പെട്ടാൽ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ സി: ദിവ്യ മാതുവിനെ മാപ്പു പറയിച്ച പോലെ ഇവിടെയും മാപ്പു പറയിച്ചു കൊള്ളാം എന്ന വാഗ്ദാനവും കണ്ടില്ല.

ഇത്തരം ക്രിസ്തീയ രക്ഷക പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഒരു ആലഞ്ചേരി പിതാവിനെയോ താഴത്ത് പിതാവിനെയോ കാണിച്ചിരുന്നെങ്കിൽ സംഗതി പ്രൊഫഷണൽ ആയി ചെയ്യാമായിരുന്നു.

ഇതിപ്പോൾ വായിക്കുമ്പോൾ തന്നെ ചാണകം ചവിട്ടിയ ഒരു ഫീൽ. ഉദ്യോഗ നിയമനം, സംവരണം എന്നിവ 80 ശതമാനം സവർണ ക്രിസ്ത്യാനിക്കും 20 ശതമാനം മാത്രം പരിവർത്തിത ക്രിസ്ത്യാനികൾക്കും ലത്തീൻ മത്സ്യത്തൊഴിലാളിക്കും എന്നാണെങ്കിൽ സംഗതി ശരിയാണ്.

അതല്ല കേരളത്തിൽ സംവരണം മുഴുവൻ ക്രിസ്ത്യാനിയും മുസ്ലീമും വീതിച്ചെടുക്കുന്നു, OBC, SC,ST ഹിന്ദുക്കൾക്ക് കിട്ടുന്നില്ല എന്നാണെങ്കിൽ അവർ ക്രിസ്ത്യാനിക്കെതിരെ ഉടനെ ഒരു hate jihad (ഹേറ്റ് ജിഹാദ്) തുടങ്ങുകയല്ലേ വേണ്ടത്? സംശയമാണ്.

കേരളത്തിൽ, തിരുവിതാംകൂറിൽ, 1935ൽ ഒരു വമ്പിച്ച പ്രക്ഷോഭം നടന്നിരുന്നു. അതിന്റെ പേര് നിവർത്തന പ്രക്ഷോഭം.

നായരും, ബ്രാഹ്മണനും, അമ്പലവാസികളും സർക്കാർ നിയമനങ്ങൾ കുത്തകയാക്കിയതിനെതിരെ, സർ സിപി യുടെയും രാജാവിന്റെയും വിഭാഗീയതക്കെതിരെ, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈഴവരും ഒന്നിച്ചു നിന്നു പൊരുതി.

ആ ചരിത്രമൊന്നും ഇന്നത്തെ തിരുമേനിമാരോടും അവരുടെ വട്ടായി മോഡൽ മുട്ടനാടുകളോടും പറഞ്ഞിട്ട് കാര്യമില്ല..

എന്നാലും ഇതിച്ചിരി കടുപ്പമായിപ്പോയി.. ‘ഫാദർ സ്റ്റാൻസാമിയെയും കന്ധമാലിനെയും ചുട്ടു കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസിനെയും പിഞ്ചു കുട്ടികളെയും മറക്കാൻ ഓരോ ലവ് ജിഹാദ് ഗുളിക കഴിക്കൂ… ഞങ്ങളുടെ ആലയിലേക്ക് വന്ന് കഴുത്തു നീട്ടിത്തരൂ’ എന്ന് ഇത്ര നാണം കെട്ട രീതിയിൽ ക്രിസ്തീയ വേഷത്തിൽ ആഹ്വാനം ചെയ്യൽ …

സംഘികളേ!! നിങ്ങളാദ്യം കുറച്ചു കൂടി നന്നായി ചെന്നായ രൂപം മറയ്ക്കുന്ന വേഷം കെട്ടാൻ പഠിക്ക് !! എന്നിട്ടാകാം ഉദ്ബോധനങ്ങൾ!!

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x