Kerala

‘പത്തു ലക്ഷം മൂല്യമുള്ള പത്തു രൂപ’; വയനാട്ടിലേക്ക് സമാനതകൾ ഇല്ലാത്ത സഹായപ്രവാഹം

ജോലിയാവശ്യാർഥമുള്ള ഓട്ടത്തിനിടയിൽ ഇന്നലെ ജുമുഅക്ക് ആലൂരിലെ അൽമനാർ മസ്ജിദിലാണ് എത്തിയത്.

ഖുത്ബ തുടങ്ങിയിരുന്നു. അംഗശുദ്ധി വരുത്തി, രണ്ടു റകഅത്ത് തഹിയ്യത്ത് വേഗത്തിൽ നമസ്കരിച്ച്, ഖുത്ബ ശ്രദ്ധിച്ചിരുന്നു.

രണ്ടാം ഖുത്ബയിൽ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെട്ടവർക്കും, പരുക്കേറ്റവർക്കും വേണ്ടി ദുആ ചെയ്തു. ഉറ്റവരുമുടയവും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയവർക്ക് ധൈര്യവും ശാന്തിയും മാനസികാരോഗ്യവും നൽകണേ എന്ന് പ്രാർഥിച്ചപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി…

എല്ലാവരുമുണ്ടായിട്ടും ചിലസമയത്ത് ഒറ്റപ്പെട്ടു പോകുന്ന നിസ്സഹായാവസ്ഥകളും അതുവഴി മനസ്സിലുണ്ടാകുന്ന സംഘർഷങ്ങളും പലപ്പോഴും അഭിമുഖീകരിച്ചതു കൊണ്ടാകാം ആ കണ്ണുനീർ വന്നത്…

ശേഷം, ഇന്ന് പള്ളിയിൽ നമസ്കാരശേഷം വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ അവരുടെ പുനരുദ്ധാരണം ലക്ഷ്യം വെച്ച്, കേരള സക്കാത്ത് ഫൗണ്ടേഷനു വേണ്ടി കലക്ഷൻ നടക്കുന്നുണ്ട്, എല്ലാവരും അകമഴിഞ്ഞ് അതിനോട് സഹകരിക്കണം എന്ന് ഖതീബ് പറഞ്ഞു.

നമസ്കാരം കഴിഞ്ഞ് ദിക്റുകളും പ്രാർഥനകളും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കലക്ഷൻ ബക്കറ്റുമായി ഒരാൾ നിൽക്കുന്നു. എന്നെ കൊണ്ടാവുന്ന ചെറിയൊരു സംഖ്യ അതിലിട്ടു. ബക്കറ്റുമായി നിൽക്കുന്ന ആൾക്ക് എന്നെ അറിയാം, എനിക്ക് അങ്ങോട്ട് മനസ്സിലായില്ല. എങ്കിലും കൈക്കൊടുത്ത് ചിരിച്ചു.

അപ്പോൾ അദ്ദേഹം പറഞ്ഞു, “ആ ങ്ങളാ ല്ലേ.. ഈ ബക്കറ്റൊന്ന് പിടിച്ച് നിൽക്കിം, ഞാൻ സുന്നത്ത് നിസ്കരിക്കട്ടെ…”

ഓ.. അതിനെന്താ എന്ന് ഞാനും പറഞ്ഞ്, ബക്കറ്റ് എന്നെ ഏൽപ്പിച്ച് അദ്ദേഹം നിസ്കരിക്കാൻ പോയി.

കുറച്ച് ആളുകളേ ഉള്ളൂ. പലരും വന്ന് ചുരുട്ടിപ്പിടിച്ച നോട്ടുകൾ ഇടുന്നു. ചിലർ 500 ഇട്ട്, 400ഉം 200ഉം ഒക്കെ ബാക്കി എടുക്കുന്നു. ചിലർ 100 ഇടുന്നു 50 ഇടുന്നു 200 ഇടുന്നു…

പള്ളിയിൽ വന്ന ഹിന്ദിക്കാരായ മൂന്ന് തൊഴിലാളികൾ ഒരു മൂലയിൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ച് അതിലൊരാൾ എന്നോട് വന്ന് ചുമലിൽ കൈവെച്ച് എന്തോ സ്വകാര്യം പറയാനെന്നോണം മുഖത്തേക്ക് നോക്കി, ഭായ്… എന്ന് വിളിച്ചു. ഞാൻ ചെവി അങ്ങോട്ട് ചെരിച്ച്, ഭോലോ ഭയ്യാ… എന്ന് പറഞ്ഞു.

“ഭയ്യാ ദോ ദിൻസേ കാം നഹീ… ഹമാരെ പാസ് ദസ് റുപ്യാ ഹെ. യേ ഡാൽ സക്തെ?”

രണ്ടു ദിവസായി പണിയൊന്നും ഇല്ല ഞങ്ങടെ കയ്യിൽ ആകെ പത്തു രൂപയേ ഉള്ളൂ അത് ഇതിലിടാൻ പറ്റുമോ? എന്നാണ് ചോദ്യം.

മുശ്കിൽ നഹി ഭായ്, ആപ് ഡാൽ സക്‌തെ കോയി മുശ്കിൽ നഹീ…

ധൈര്യായി ഇട്ടോളൂ, ഒരു കുഴപ്പവും ഇല്ല എന്ന് ചിരിച്ചോണ്ട് പറഞ്ഞു. അയാളാ പത്തു രൂപ ചുരുട്ടിപ്പിടിച്ച് ബക്കറ്റിലേക്ക് കൈ താഴ്ത്തി അതിലിട്ടു. ഞാൻ അയാളുടെ പുറത്ത് തട്ടി ശുക്‌റിയ ഭായ് എന്നും പറഞ്ഞ് ചിരിച്ചു. അപ്പോഴോ കുറേ നേരത്തേക്കോ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

എല്ലാവരും പള്ളിയിൽ നിന്നിറങ്ങി, ബകറ്റിലെ കലക്ഷൻ എണ്ണി, ആരോ ഒരാൾ 5000 രൂപ ഗൂഗിൾപെ ചെയ്യാന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു. ആകെ 15000 രൂപ റൗണ്ട് ഫിഗർ ആക്കി നാളെ തന്നെ സക്കാത്ത് ഫൗണ്ടേഷന്റെ കോഴിക്കോട് ഓഫീസിൽ എത്തിക്കും. ഇൻശാ അല്ലാഹ്…

പിന്നീട് കുറേ കഴിഞ്ഞ് സ്കൂട്ടറിൽ പോയിക്കൊണ്ടിരിക്കെ, ആ ഭായിമാരുടെ പത്തുരൂപയും പിടിച്ച് മാറി നിന്നിരുന്ന രംഗം മനസ്സിലേക്ക് കടന്നു വന്നു. ഇവിടെ കൂലിപ്പണി ചെയ്ത് അവരുടെ നാട്ടിലുള്ള കുടുംബം പോറ്റാൻ വന്നവരാണവർ. അവർ എത്രമാത്രം മനസ്സലിവുള്ളവരാകുന്നു.

എല്ലാവരും അമ്പതും നൂറും ഇരുന്നൂറും അഞ്ഞൂറും ഒക്കെ ഇടുമ്പോൾ ഞങ്ങളുടെ ഈ പത്തുരൂപ കുറഞ്ഞു പോകുമോ എന്ന് ഭയന്ന് മാറി നിൽക്കുന്ന അവരുടെ മനസ്സ്… ഇന്ന് കിട്ടിയതിൽ ഏറ്റവും മൂല്യമേറിയ സംഖ്യ അവരുടെ ആ പത്തു രൂപയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു…

മലയാളി പെരിങ്ങോട്

Donate to Chief Minister’s Distress Relief Fund: https://donation.cmdrf.kerala.gov.in/

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x