ബി.ജെ.പിയുടെ മുസ്ലീം വിരുദ്ധ പ്രചരണങ്ങൾക്ക് വേണ്ടി ഫേസ്ബുക്ക് അവരുടെ വിദ്വേഷ വിരുദ്ധ നയം അവഗണിച്ചതായി റിപ്പോർട്ട്
ഒരു ബിജെപി എംഎൽഎയുടെ വിദ്വേഷ സംഭാഷണ പോസ്റ്റുകൾ ഒഴിവാക്കുന്നതിനെ ഫേസ്ബുക്ക് ഇന്ത്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ എതിർത്തുവെന്ന് വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച് ഒരു റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കുമെന്ന് പറഞ്ഞായിരുന്നു അത്. ഈ വ്യക്തികളോ ഗ്രൂപ്പുകളോ പോസ്റ്റു ചെയ്‌ത ഉള്ളടക്കം “അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ” എന്ന് വസ്തുത ഉണ്ടായിരുന്നിട്ടും അത് ഒഴിവാക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും അവർ ആരോപിക്കുന്നു.
ഭരണകക്ഷിയുമായുള്ള കമ്പനിയുടെ ബന്ധം നശിപ്പിക്കുമെന്ന ഭയത്താൽ ബിജെപിയുടെ ടി. രാജ സിങ്ങിന്റെ അടക്കമുള്ള പോസ്റ്റുകൾക്ക് എതിരെ വിദ്വേഷ വിരുദ്ധ നയം പ്രയോഗിക്കുന്നതിനെ ഫേസ്ബുക്ക് ഇന്ത്യയുടെ മുതിർന്ന പബ്ലിക് പോളിസി എക്സിക്യൂട്ടീവ് ആയ അങ്കി ദാസ് എതിർത്തതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
തെലങ്കാന നിയമസഭയിലെ ബി.ജെപിയുടെ ഏക എംഎൽഎയാണ് സിംഗ്, സാമുദായികമായി പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ്.
മോദിയുടെ പാർട്ടിയിൽ നിന്നുള്ള രാഷ്ട്രീയക്കാരുടെ നിയമലംഘനങ്ങൾക്ക് എതിരെ നടപടിയെടുത്താൽ അത് രാജ്യത്തെ കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെ തകർക്കും എന്ന് അങ്കിദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായി പേര് വെളിപ്പെടുത്താത്ത കമ്പനി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
തിരെഞ്ഞെടുപ്പിൽ ബി.ജെ.പിയെ സാഹായിച്ചോ?
മോദിയുടെ ഭാരതീയ ജനതാ പാർട്ടിയോടും ഹിന്ദുത്വ വാദികളോടും ഫേസ്ബുക്ക് നടത്തുന്ന വിശാലമായ പക്ഷപാതിത്വത്തിന്റെ ഭാഗമായാണ് സിങ്ങിന്റെ പോസ്റ്റുകളോട് അങ്കി ദാസിന്റെ ഇടപെടൽ എന്ന് ഫേസ്ബുക്ക് ജീവനക്കാർ പറഞ്ഞതായും റിപ്പോർട്ട് ചെയ്യുന്നു.
സിങ്ങിനെ “അപകടകാരിയായ വ്യക്തി” എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ വീഴ്ചയെക്കുറിച്ച് ദാസ് ആശങ്ക ഉന്നയിച്ചിരുന്നുവെങ്കിലും ബിജെപി നേതാവ് ഫേസ്ബൂക്കിൽ തുടരണമോ എന്ന് നിർണ്ണയിക്കുന്ന ഒരേയൊരു ഘടകം അത് മാത്രമല്ല എന്നും സിംഗിനെ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഇപ്പോഴും ആലോചിക്കുന്നുണ്ടെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു.
മുസ്ലീങ്ങൾ മനപൂർവ്വം കൊറോണ വൈറസ് പ്രചരിപ്പിച്ചുവെന്നും രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തിയെന്നും ലവ് ജിഹാദിനെക്കുറിച്ചും മറ്റും ആരോപിച്ച് ബിജെപി നേതാക്കളുടെ പ്രകോപനപരമായ ഉള്ളടക്കം അടങ്ങിയ പോസ്റ്റുകൾക്ക് എതിരെ യാതൊരു നടപടിയും ദാസിന്റെ നേതൃത്വത്തിലുള്ള സംഘം എടുത്തില്ല എന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
ഇതിനുപുറമെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബി ജെ പിക്ക് അനുകൂലമായി പ്രവർത്തിക്കാനും സഹായ സഹകരണങ്ങളും ഫേസ്ബുക്കിലൂടെ ദാസ് നൽകിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത മുൻ ജീവനക്കാരെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ, ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, പാകിസ്ഥാന്റെ മിലിട്ടറിയുമായും ബിജെപിയുടെ പ്രധാന എതിരാളി പാർട്ടിയായ കോൺഗ്രസ് പാർട്ടിയുമായും ബന്ധിപ്പിച്ചിട്ടുള്ള സ്ഥിതീകരിക്കാത്ത പേജുകൾ എന്ന് അവകാശപ്പെട്ട് കുറെ പേജുകൾ എടുത്തൊഴിവാക്കിയതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു. എന്നാൽ അങ്കി ദാസ് ഇടപെട്ടതിനെതുടർന്ന് ബിജെപിയുമായി ബന്ധമുള്ള ഫേക്ക് ന്യൂസ് വ്യാപകമായി പ്രചരിപ്പിക്കുന്ന പേജുകളും ഒന്നും നീക്കംചെയ്തിട്ടില്ല എന്നും ഫേസ്ബുക്ക് ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
മുസ്ലീം വിരുദ്ധ പ്രചരണങ്ങൾ നിറഞ്ഞ സിങ്ങിന്റെയും ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെയുടെയും നിരവധി പോസ്റ്റുകൾ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതുവരെ ഫേസ്ബുക്ക് ഒഴിവാക്കിയിരുന്നില്ലെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
മിസ്റ്റർ സിങ്ങിന്റെ ചില പോസ്റ്റുകളെക്കുറിച്ച് വാൾസ്ട്രീറ്റ് ജേണൽ ചോദിച്ചതിന് ശേഷം മാത്രമാണ് ഫേസ്ബുക്ക് ഇല്ലാതാക്കിയത്. നീല മാർക്ക് ബാഡ്ജ് ഉപയോഗിക്കുന്ന ഔദ്യോഗിക അകൌണ്ട് ഉപയോഗിക്കാൻ സിങ്ങിന് അനുവാദമില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS