“മുസ്ലിം ജനസംഖ്യയുടെ വർദ്ധനവ് നോക്കൂ… 2031-ൽ അവർ കേരളത്തിൽ ഭൂരിപക്ഷമാകും? ഇല്ലെങ്കിൽ പത്തുകൊല്ലം കൂടി.
കേരളത്തിൽ മാത്രമോ? ഇന്ത്യ 2051-ഓടെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും. അതാണ് അവരുടെ പരിപാടി.”
ഈ ക്രിസംഘി-സംഘി സാഹിത്യം ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ വായിക്കാത്തവരോ സുഹൃദ സദസ്സുകളിലോ ക്ളബുകളിലോ ക്ലബ് ഹൌസിലോ പറഞ്ഞു കേൾക്കാത്തവരും വളരെ കുറവായിരിക്കും.
“ഇതൊക്കെ കണക്കുകളാണ്; ഞാനായിട്ടൊന്നും പറയുന്നില്ല,” എന്നായിരിക്കും അവതാരകന്റെ സ്‌ഥിരം ഡയലോഗ്.
താനായിട്ടൊന്നും പറയണ്ട, ഒക്കേത്തിനും കണക്കുണ്ട് എന്ന് പറയാനുള്ള സമയമായി; കാരണം കണക്കുകൾ വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സർവ്വേ (2019-20) പ്രകാരം എല്ലാ മത വിഭാഗങ്ങളിലും പെട്ടവരുടെ പ്രത്യുത്പാദന നിരക്കുകൾ കുറയുന്നുണ്ട്. എന്നാൽ ഏറ്റവുമധികം കുറയുന്നത് മുസ്ലിങ്ങളുടെയാണ്.
ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് അഥവാ, ചില നിബന്ധനകൾ അനുസരിച്ച്, ഒരു സ്ത്രീ ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഈ കണക്ക്.
കണക്കിലേക്ക്.
1992-93 ലെ ഒന്നാം കുടുംബാരോഗ്യ സർവേയിൽ ഹിന്ദുക്കളുടെ ടി എഫ് ആർ 3.3 ആയിരുന്നു. ഇപ്പോൾ അത് 1.94 ആയിട്ടുണ്ട്. 41.2 ശതമാനം കുറവ്.
ഒന്നാം കുടുംബാരോഗ്യ സർവേയിൽ ടി എഫ് ആർ 4.41 ആയിരുന്ന മുസ്ലിങ്ങളുടെ ടി എഫ് ആർ ഇപ്പോൾ 2.36 ആയി; 46.5 ശതമാനം കുറവ്.
ക്രിസ്ത്യാനികളുടെ ടി എഫ് ആർ 2.87 ൽ നിന്നു 1.88 ആയി; 34.5 ശതമാനം കുറവ്.
എന്നുവച്ചാൽ പുതുതായി ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവുമധികം കുറയുന്നത് മുസ്ലിങ്ങളുടെ ഇടയിലാണ്.
ഇപ്പോഴും ഏറ്റവും കൂടിയ ടി എഫ് ആർ മുസ്ലിങ്ങളുടേതാണ്. അതുകൊണ്ടാണ് കുറവിന്റെ തോത് കൂടിയിരിക്കുന്നത് എന്നല്ലേ?
ആണ്. ഇപ്പോഴും ഏറ്റവും കൂടിയ ടി എഫ് ആർ മുസ്ലിങ്ങളുടേതാണ്. റേറ്റ് കൂടുതലായതുകൊണ്ടാണ് കുറയുന്നതിന്റെ റേറ്റ് കൂടുന്നത് എന്നതും ശരിയാണ്.
പക്ഷെ അതല്ലല്ലോ നമ്മുടെ വിഷയം.
ഇന്ത്യ മുസ്ലിം ഭൂരിപക്ഷ രാജ്യമാകുമെന്നല്ലേ വാദം?
ഈ കണക്കനുസരിച്ചു ടി എഫ് ആർ 1.94 ഉള്ള ഹിന്ദുക്കൾ ഇവിടെ 80 ശതമാനത്തോളമുണ്ട്. 2.36 ടി എഫ് ആറുള്ള മുസ്ലിങ്ങൾ പതിനാലു ശതമാനമാണ്.
എന്നുവച്ചാൽ,
ഈ ട്രെൻഡ് വെച്ചു നോക്കിയാൽ ഒരു കാലത്തും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യ മറികടക്കുന്നത് പോയിട്ട് അടുത്തെങ്ങും എത്തില്ല. (എത്തിയാലെന്ത്; ഒന്നുമില്ല. അതല്ല വിഷയം)
ഈ ‘മുസ്ലിം ഭൂരിപക്ഷ രാജ്യ’ തിയറി ഇറക്കുന്നവരോട് നമുക്കൊന്നും പറയാനില്ല. അവർക്കു സത്യം നേരത്തേയറിയാം; പറയുന്നത് നുണയാണ് എന്നുമവർക്കറിയാം. നമ്മൾ ഇത് പറഞ്ഞാൽ അവർ ഞെട്ടുകയൊന്നുമില്ല.
എന്നാൽ ഈ തിയറി കണ്ണുമടച്ചു വിശ്വസിക്കുന്ന മനുഷ്യരുണ്ട്. അവരുടെ ഇടയിൽ ഈ വിഷം രണ്ടു വിധത്തിൽ പ്രവർത്തിക്കും.
ഒന്ന് അവർ സ്വയം ഇതിനു ഇരയാകും;
രണ്ട്: മറ്റുളവരെ അതിനു ഇരയാക്കും.
അതിനൊക്കെ കണക്കുണ്ട് എന്നവർ പറയാറുണ്ട്. ആ കണക്ക് വെക്കൂ എന്ന് നമ്മൾ അവരോടു പറയേണ്ടതുണ്ട്; നമ്മുടെ കണക്കുകൾ വെക്കേണ്ടതുമുണ്ട്.
മൂന്നാമത്തെ കൂട്ടർ ഈ തിയറിയിൽ സംശയമുള്ളവരാണ്. ഇനി എങ്ങാനും ശരിയാകുമോ എന്ന് വിചാരിക്കുന്നവർ. മറ്റു തരത്തിൽ കിട്ടുന്ന പ്രൊപ്പഗാണ്ടയും കൂടിയാകുമ്പോൾ അവരും വീഴും.
അവരോടും കണക്കു പറയേണ്ടതുണ്ട്.
ചുരുക്കത്തിൽ,
ഈ വിഷക്കച്ചവടം നിൽക്കേണ്ടതുണ്ട്.
കണക്കുകൾ വച്ച് നിർത്തിക്കേണ്ടതുണ്ട്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS