Social

ആർക്കും ഉപകാരമില്ലാത്ത കുറെ കമ്മീഷനുകൾ

ലേഖനം/ആഷിക്ക്. കെ. പി

ഇതെഴുതുന്നത് വനിതാ കമ്മീഷനെക്കുറിച്ചോ അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തെ കുറിച്ചോ അല്ല. ഇപ്പൊളിതെഴുതാൻ അതൊരു നിമിത്തമായി എന്നു മാത്രം.

എത്രയോ കമ്മീഷനുകൾ നമുക്കുണ്ട്. ഭരണഘടന പദവിയുള്ളതും ഇല്ലാത്തതും, ദീർഘ കാലവധിയുള്ളതും ഹ്രസ്വവുമായതും അന്വേഷണാത്മകവും പഠനാത്മകവുമായതുമൊക്കെ.

ഓരോ സർക്കാരുകളും വരുമ്പോൾ സ്ഥാനത്തും അസ്ഥാനത്തും ആളുകളെ പ്രതിഷ്ഠിക്കാനുള്ളവയായി ഇവ പലപ്പോഴും മാറുകയും, ചിലപ്പോൾ എന്തിനായിരുന്നു എന്നു പോലും ചിന്തിക്കാതെ ക്രിയാത്മകമായ യാതൊരു നിർദ്ദേശങ്ങളോ നീക്കങ്ങളോ നടത്താതെ ഇവയുടെ പ്രവർത്തനം എങ്ങോട്ടോ മറയുകയും ചെയ്യുന്നു.

അപ്പോഴേക്കും സർക്കാർ ഗജനാവിൽനിന്നു കോടിക്കണക്കിനു ചിലവ് വന്നിട്ടുണ്ടാവും ഇവരുടെ ശമ്പളം, കാർ, ഓഫീസ്, യാത്ര ഒക്കെയായി. ചില കമ്മീഷനുകൾ കൊടുക്കുന്ന റിപ്പോർട്ടുകൾ തുറക്കുക പോലും ചെയ്യാറുമില്ല.

ദുരന്തങ്ങൾ, അപകടങ്ങൾ ഇവയ്ക്കൊക്കെ അന്വേഷണ കമ്മീഷനുകൾ വയ്ക്കാറുണ്ട് അതാതു സർക്കാറുകൾ. എന്നാൽ ഇത്തരം കമ്മീഷനുകൾ പോലും മറ്റൊരു ദുരന്തമായി മാറിപ്പോവുകയാണ് പതിവ്.

ഓരോ കമ്മീഷനുകളും തുടങ്ങുമ്പോൾ അതിന്‌ കൃത്യമായ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളുമുണ്ടാകും. ഒരു വിഭാഗത്തിലെ ജനങ്ങളുടെ ക്ഷേമമോ, അവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനോ, നേരിട്ടു പരിഹരിക്കാനോ സർക്കാരിന്റെ ഇടപെടൽ പെട്ടെന്നാക്കാനോ വേണ്ടിയായിരിക്കും.

എന്നാൽ ഇതൊക്കെ എത്ര മാത്രം പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ട്, അതിന്റെ പ്രവർത്തന ചിലവും അതിൽനിന്നു ലഭിക്കുന്ന ഫലവും പരിശോധിച്ചാൽ വലിയ അന്തരമാണുണ്ടാവുക.

എന്നിട്ടും വീണ്ടും വീണ്ടും കമ്മീഷനുകൾ വേണ്ടി വരുന്നു.

ഇലക്ഷൻ കമ്മീഷൻ, സർക്കാർ ഉദ്യോഗാർഥികളെ സുതാര്യമായി നിയമിക്കുവാനുള്ള പബ്ലിക് സർവീസ് കമ്മീഷൻ, വിവരാവകാശ നിയമം നടപ്പിലാക്കാനുള്ള വിവരാവകാശ കമ്മീഷൻ, മുന്നോക്ക കമ്മീഷൻ, പിന്നോക്ക കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, വികലാംഗ കമ്മീഷൻ, പൊലീസ് അതിക്രമങ്ങൾ തടയാനുള്ള കമ്മീഷൻ, വനിതാ കമ്മീഷൻ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ, ഭരണ പരിഷ്കാര കമ്മീഷൻ, കടാശ്വാസ കമ്മീഷൻ ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത കമ്മീഷനുകളും അവയുടെ പ്രവർത്തനങ്ങളും കൊണ്ട് വീർപ്പുമുട്ടുകയാണ് നമ്മുടെ ഈ കൊച്ചു സംസ്ഥാനം.

മിക്കതിലും ചെയർമാന് പുറമെ ഇഷ്ടം പോലെ അംഗങ്ങളും.

ചിലതൊക്കെ വേണ്ടത് തന്നെ. എന്നാൽ ഓരോന്നിന്റെയും ഉദേശങ്ങളും ലക്ഷ്യങ്ങളും എന്തെന്നും അത്‌ നിറവേറ്റാൻ കെൽപും യോഗ്യതയുമുള്ള ആളുകളാണോ ഇവിടെ നിയമിതരാകുന്നത് എന്നും ഇത്തരം നിയമനങ്ങൾ നടത്തുന്നതു സുതാര്യമാണോയെന്നും നിയമിച്ചു കഴിഞ്ഞാൽ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയോ ഓഡിറ്റിന് വിധേയമാക്കുയോ ചെയ്യുന്നുണ്ടോ എന്നും നിയമിക്കുന്നവരോ പൊതു സമൂഹമോ ശ്രദ്ധിക്കാറുണ്ടോ. ഇല്ലെന്നുതന്നെ പറയാം.

ഒരുപക്ഷേ ഇലക്ഷൻ കമ്മീഷനെ മാറ്റി നിർത്തിയാൽ മറ്റു കമ്മിഷനുകളൊക്കെ അതിന്റെ ലക്ഷ്യ പൂർത്തീകരണത്തിനോ സുഗമമായ പ്രവർത്തനത്തിനോ ഉതകുന്ന രീതിയിൽ അതിലെ അംഗങ്ങളെ നിയമിക്കാറില്ലെന്നതാണ് വാസ്തവം.

ഓരോ കമ്മീഷനുകളും സർക്കാർ സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുകയും തിരുത്തൽ ശക്തിയായി മാറുകയും ചെയ്യുവാനുള്ളതാണ്. അത്തരം ക്രിയാത്മകവും നിഷ്പക്ഷവും സുതാര്യവും ത്വരിത ഗതിയിലുള്ളതുമായ പ്രവർത്തനങ്ങൾ അവർ നടത്തിയാൽ നമ്മുടെ പൊതു ഭരണം ശക്തിപ്പെടുകയും ജനങ്ങൾക്ക് ഭരണത്തിലുള്ള വിശ്വാസം കൂടുകയും ചെയ്യും.

എന്നാൽ മനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി തോന്നിയ പോലെ ഇഷ്ടക്കാരെയും അയോഗ്യരെയും കളങ്കിതരേയും നിയമിക്കുമ്പോൾ എത്രമാത്രം നഷ്ടമാണ് നാട്ടിനുണ്ടാക്കുന്നത്.

തുടക്കത്തിൽ പലതിലും നിയമപ്രകാരം തന്നെ നിയമനങ്ങൾ നടക്കാറുണ്ടായിരുന്നു ഇവിടങ്ങളിൽ. എന്നാൽ കഴിഞ്ഞ കുറേ കാലങ്ങളായി പലതിലും അതുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെ കുത്തിക്കയറ്റുന്നു.

ഉദാഹരണത്തിന് വനിതാ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ ഇവയൊക്കെയെടുത്തു പരിശോധിച്ചാൽ മനസ്സിലാവും. കഴിവും യോഗ്യതയുമുള്ള, കേസുകൾ കൈകാര്യം ചെയ്തു പരിചയമുള്ള, ദീർഘകാലം പ്രവർത്തിച്ചു പേരുകേട്ട, അഴിമതിയുടെ കറപുരളാത്ത ജഡ്ജിമാരും, അദ്ധ്യാപകരും, ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ വരും, പൊതു മേഖലകളിൽ യോഗ്യരായവരും ഒക്കെയുള്ള നാട്ടിൽ അത്തരം ഒരു യോഗ്യതകളെയും മുഖവിലക്കെടുക്കാതെ രാഷ്ട്രീയമോ, സ്വജന പക്ഷപാതമോ മാത്രം പരിഗണിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണിത്.

ഇത്രയധികം കമ്മീഷനുകൾ നമുക്ക് വേണോ എന്നും ഓരോന്നിലും ഇത്രയധികം അംഗങ്ങൾ വേണോയെന്നും ഓരോ കമ്മീഷനുകളും ഓരോ മാസവും ചെയ്യുന്ന പ്രവർത്തങ്ങൾ ഏതൊക്കെയെന്നും അതിന്മേൽ എടുത്തിട്ടുള്ള നടപടികൾ എന്തെന്നും ഇനിയെങ്കിലും ചിന്തിക്കേണ്ടതും നടപടി ഉണ്ടാവേണ്ടതുമാണ്.

സദ്‌ഭരണമാണ് ഉദ്ധേശമെങ്കിൽ സാങ്കേതിക വിദ്യകൾ കൊണ്ട് നടപടികൾ സുതാര്യമാക്കി, സാമൂഹ്യ ഓഡിറ്റും, പരാതി പരിഹാര സെല്ലുകളും ഉണ്ടാക്കി അതാതിടങ്ങളിൽ നിന്നു തന്നെ അവ പരിഹരിക്കാവുന്നതാണ്.

ലജിസ്ലേറ്റർ, ഉദ്യോഗസ്ഥർ, കോടതികൾ എന്നിവയുടെ ശാസ്ത്രീയമായ പ്രവർത്തനത്തിലൂടെ എളുപ്പം പരിഹരിക്കാൻ കഴിയുന്നതാണ് മിക്ക കമ്മീഷനുകളിലൂടെയും പരിഹരിക്കാൻ ശ്രമിക്കുന്നത്.

ഇത് ഒരുഭാഗത്തു ചെയ്തു തീർക്കേണ്ടവരുടെയും ഉത്തരവാദപ്പെട്ടവരുടെയും ജോലി ഉദാസീനമാക്കുകയും മറുഭാഗത്തു സങ്കീർണതകൾ വര്ധിപ്പിക്കുകയും, പലതിനും എക്സിക്യൂഷൻ അധികാരമില്ലാത്തതുകൊണ്ടു നിർദേശ സമർപ്പണം മാത്രമാവുകയും പരിഹാരങ്ങൾ കടലാസിലാവുകയും ചെയ്യുന്നു.

ഓരോ കമ്മീഷനിലും കെട്ടിക്കിടക്കുന്ന പരാതികൾ, അവയുടെ പരിഹാരങ്ങൾ, നട പടികൾ ഇവ യൊക്കെ എടുത്തു പരിശോധിക്കുമ്പോൾ അറിയാം ഇവയോരോന്നിന്റെയും നിരർഥകത.

സ്വതന്ത്ര ഇന്ത്യയിലെ വിപ്ലവാത്മക കമ്മീഷൻ എന്ന്‌ വിശേഷിപ്പിച്ച സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തീർപ്പുകല്പിക്കാത്ത കേസുകളുടെ എണ്ണം മാത്രം നോക്കിയാൽ മതി.

അഴിമതികൾ കുറഞ്ഞ പല രാജ്യങ്ങളും ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ നാടെന്ന പേരുകേട്ട സ്വീഡൻ ഉൾപ്പടെ പല നാടുകളിലും ഇത്തരം ക്കമ്മീഷനുകൾക്കു പകരം കൃത്യമായ പൊതു സേവന വിതരണ സംവിധാനങ്ങൾ ഉറവിടങ്ങളിൽ തന്നെ ഉറപ്പാക്കുന്ന സംവിധാനമാണുള്ളത്.

സർക്കാർ ഖജനാവിലെ ഓരോ രൂപയും ആവശ്യത്തിനു മാത്രം ചിലവഴിക്കേണ്ടതാണ്. അപ്പോഴേ ഖജനാവിൽ പണമുണ്ടാകൂ. അപ്പോഴേ വികസനം നടക്കൂ. അപ്പോഴേ ക്ഷേമ രാഷ്ട്രമെന്ന സ്വപ്നം പൂവണിയൂ.

4.8 4 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

13 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
വിജോഷ്സെബാസ്റ്റ്യൻ
3 years ago

ശരിയായി പറഞ്ഞു. ജനാധിപത്യ സംവിധാനം ഫലപ്രദമാക്കാനുള്ള ഇത്തരം കമ്മീഷനുകൾ പക്ഷെ നിർഫലമാകുന്നു

Dr. Manoj Kumar T
3 years ago

Very good message for public discussion. Thank you dear Ashick KP

ഈല്യസ്‌ വളപ്പിൽ
3 years ago

അപ്പോ അനുഭവിക്കട്ടെ….

Habeeburahman K V
3 years ago

GOOD ONE, PUBLIC SHOULD BE AWARE OF THESE.

Muneer
3 years ago

100% correct

Abdul hameed
3 years ago

Good analysis…..

ബിജേഷ്
3 years ago

ശരിയായ നിരീക്ഷണം

ഹബീബ് റഹ്മാൻ
3 years ago

ജനാധിപത്യം എന്ന മഹത്തായ സംവിധാനത്തിൽ അതിന്റെ അന്തസത്ത ജനങ്ങളിൽ എത്തിച്ചേരുന്നതിനു വേണ്ടി ഇത്തരം പ്രവർത്തന മണ്ഡലങ്ങൾ അത്യാവശ്യമാണ്. അതിന്റെ ലക്ഷ്യപ്രാപ്തിക്കു തൂകുന്ന അംഗങ്ങളും ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഘടനയും ഇതിന്റെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഇത്തരം കാര്യങ്ങൾ ഇവിടെ രചയിതാവ് വരച്ചുകാട്ടുന്നുണ്ട്. വളരെ നന്നായി കാര്യങ്ങൾ പ്രതിപാദിക്കപ്പെട്ടു

Shafeeque Thalassery
3 years ago

Waist of public money and placement of theses bodes occupied by politicians for their vested interest.Articles throw some lights in this regard.

Faisal. P. K
3 years ago

തീർത്തും ചർച്ചചെയ്യപ്പെടേണ്ട വിഷയം, അതിന് ലേഖകന് ആദ്യമേ നന്ദി അറിയിക്കുന്നു.
“അധികാരമുള്ള മനുഷ്യരുടെ മുഖത്ത് നോക്കിയിട്ടിട്ടുണ്ടോ? ദൈവത്തിന്റെ ഒരു കണികപോലും അവിടെ ഉണ്ടാവില്ല, എന്ന് മാത്രമല്ല അടക്കിപിടിച്ച ചെകുത്താന്റെ ചിരി ചിലപ്പോൾ കാണുകയും ചെയ്യാം.- എന്ന് സുഭാഷ് ചന്ദ്രൻ ‘ മനുഷ്യന് ഒരു ആമുഖത്തിൽ ‘പറയുന്നുണ്ട്.
ഏത് ‘അധികാര ‘സ്ഥാനത്തു നിയമിക്കുമ്പോഴും മറ്റെല്ലാ യോഗ്യതക്കു ഉപരിയായി മിനിമം ‘ മനുഷ്യത്വം ‘ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അധികാര അഹന്ത ബാധിച്ച മേലാളന്മാർ നാട്ടിലെ വില്ലേജ് ഓഫീസ് മുതൽ ഇത്തരത്തിലുള്ള കമ്മീഷൻ സ്ഥാനങ്ങൾ വരെ കയ്യാളുന്നുണ്ട്. അവരുടെയൊക്കെ മുന്നിൽ ജനാധിപത്യത്തിലെ രാജാക്കന്മാർ എന്നറിയപ്പെടുന്ന സാധാരണ മനുഷ്യർ എത്രത്തോളം ചെറുതാകാറുണ്ട്?… ഇതിന് മാറ്റം വരണമെന്നുണ്ടെങ്കിൽ ജനാധിപത്യത്തിൽ സാധരക്കാരനായ എന്റെ അധികാരത്തെകുറിച്ച് ബോധ്യം വേണം. ആ ബോധ്യം ചൂണ്ടുവിരലായി ഉച്ചത്തിൽ ചോദ്യങ്ങൾ ചോദിക്കണം. അങ്ങനെ കൂട്ടായ ഉച്ചത്തിലുള്ള ചോദ്യങ്ങൾ ആണ് ലോകത്ത് മാറ്റങ്ങൾ കൊണ്ടുവന്നത്. ലേഖനത്തിൽ പ്രതിപാദിച്ച വിഷയം അത്തരത്തിൽ ചോദ്യങ്ങൾക്ക് വിഷയീഭവിക്കും എന്ന് പ്രത്യാശിക്കാം.

ഈ അടുത്തകാലത്തു വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്തിക്കിയതുമായ ബന്ധപ്പെട്ട വിഷയം പൊതുസമൂഹത്തിൽ ചർച്ചയപ്പോൾ അതുകൊണ്ടു ഉണ്ടായ നേട്ടം എന്തെന്നാൽ പലതരം കമ്മിഷന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ, ഏതൊക്കെ വിഷയങ്ങളിൽ എത്രവരെ കമ്മിഷന് ഇടപെടലുകൾ നടത്താം എന്നൊക്കെയുള്ള കാര്യങ്ങളിൽ സാമാന്യ ജനങ്ങൾക്ക് ഒരു അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു. എനി ഇത്തരത്തിലുള്ള കമ്മിഷൻ സ്ഥാനങ്ങളിൽ മാറി വരുന്ന ഭരണകൂടങ്ങൾ ആൾക്കാരെ കുടിയിരുത്തുമ്പോൾ രാഷ്ട്രീയ പാർട്ടി പ്രവത്തന മികവ് മാത്രമല്ല പരിഗണിക്കുക ആ മേഘാലയിലെ കഴിവും, മനുഷ്യത്വവും പരിഗണിക്കും എന്ന് പ്രത്യാശിക്കാം. കാരണം പുറത്ത് ഇതിനെ കൃത്യമായി ഓഡിറ്റ് ചെയ്യുന്ന സാമാന്തര കമ്മിഷൻ ഉണ്ട് എന്ന ബോധ്യം ഭരണകൂടങ്ങൾക്കു ഉണ്ടാകണം.

ആഷിക്ക്
Reply to  Faisal. P. K
3 years ago

Nice remarks. Thanks all ഫോർ expressing comments

Thomas P Thomas
3 years ago

You have brought out the reality. If we go to Panchayath or village office they think we have come to disturb them. If you could write an article on public servants and their duties towards citizens would be a social commitment.
The way they treat and respond really irritates common man. Government should book those who does not fulfill their duties towards the citizens.
Congratulations for your social commitment

ആഷിക്ക്
Reply to  Thomas P Thomas
3 years ago

Really, the governance is daily becomes worst and worst

Back to top button
13
0
Would love your thoughts, please comment.x
()
x