PoliticalViews
Trending

ആ ബാന്ധവം ലീഗ് രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യും !

കാലികം / ബഷീർ വള്ളിക്കുന്ന്

ജമാഅത്തെ ഇസ്‌ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ മുസ്‌ലിം ലീഗ് ചങ്ങാത്തം കൂടിയേക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾ ഉയർത്തുന്നുണ്ട്. അങ്ങനെയൊരു ചങ്ങാത്തം ഉണ്ടാകാനിടയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇനി ഉണ്ടാവുകയാണെങ്കിൽ ഒറ്റവാക്കിൽ അതിനോട് പ്രതികരിക്കാനുണ്ടാവുക ദുരന്തം എന്ന് മാത്രമാണ്.

ജമാഅത്തെ ഇസ്‌ലാമി ആത്യന്തികമായി ഒരു മതരാഷ്ട്ര സങ്കല്പത്തിന്റെ പുറത്ത് ആശയാടിത്തറ പണിത ഒരു വിഭാഗമാണ്. ജനാധിപത്യ രീതിയോടും മതേതര വ്യവസ്ഥയോടും അവർക്ക് മൗലികമായ വിയോജിപ്പുകൾ ഉണ്ട്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ വോട്ട് ചെയ്യുന്നത് പോലും തെറ്റാണെന്ന് പറഞ്ഞു ആ പ്രക്രിയയിൽ നിന്ന് ഏറെക്കാലം വിട്ടു നിന്ന ഒരു ചരിത്രം അവർക്കുണ്ട്. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് കേരളത്തിലെ തെരുവുകളിൽ പോലും എഴുതി വെച്ച് ഒരു ബഹുസ്വര സമൂഹത്തിൽ വലിയ പിളർപ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ച സിമി പോലുള്ള രാഷ്ട്രീയ സംഘടനകളുടെ വേരുകളുമുള്ളത് ജമാഅത്തെ ഇസ്‌ലാമിയിലാണ്. തീവ്ര രാഷ്ട്രീയ ശൈലിയുമായി മഅദനി എൺപതുകളുടെ അവസാനത്തിൽ ഐ എസ് എസ് ഉണ്ടാക്കിയ കാലത്ത് അതിന് വലിയ പിന്തുണ കൊടുത്തത് മാധ്യമം പത്രമാണ്. അവരുടെയും തുടക്ക കാലമായിരുന്നു അത്.

പരിസ്ഥിതി, പ്ലാച്ചിമട, കൊക്കോകോള’ വഴികളിലൂടെ ഒരു ലിബറൽ മതേതര മുഖമുണ്ടാക്കാൻ അവർ ശ്രമിക്കാറുണ്ട് എങ്കിലും പല അവസരങ്ങളിലും ഒരു മതരാഷ്ട്ര സങ്കല്പത്തിന്റെ മുഖം അറിഞ്ഞോ അറിയാതെയോ പുറത്ത് വരാറുണ്ട്.

പൗരത്വ ബില്ലിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ സമയത്ത് പോലും അവർ ഉയർത്തിയ മുദ്രാവാക്യങ്ങളുടെ രീതിശാസ്ത്രം വ്യത്യസ്തമായിരുന്നു. അന്നെഴുതിയ ഒരു കുറിപ്പിൽ സൂചിപ്പിച്ച പോലെ ‘ഹിന്ദുത്വ രാഷ്ട്രമെന്ന ഐഡിയോളജിയുടെ ബദൽ ഇസ്ലാമിക രാഷ്ട്രമെന്ന ഐഡിയോളജിയല്ല, സംഘപരിവാര രാഷ്ട്രീയത്തിന്റെ ഒരേയൊരു ബദൽ മതേതര ബഹുസ്വര രാഷ്ട്രീയം മാത്രമാണ്’ എന്ന് തിരിച്ചറിവുള്ള ഒരു സമൂഹമാണ് കേരളത്തിലേത്. അത്തരമൊരു സാമൂഹ്യ പരിസരത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയത്തിന് സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്ന ഏതൊരു നീക്കവും ദുരന്ത’മാണ്.

കേരളത്തിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് ഒരു പ്രത്യേകതയുണ്ട്, നമ്മുടെ മതേതര പരിസരത്തിന് വലിയ മുറിവുകൾ ഏല്പിക്കാത്ത തരത്തിൽ ഒരു സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പുരോഗതിക്ക് വേണ്ടി ഒരു സമവായശൈലിയിൽ പ്രവർത്തിക്കുക എന്നതാണ് ലീഗ് രാഷ്ട്രീയത്തിന്റെ പ്രധാന രീതി. സാമുദായിക രാഷ്ട്രീയത്തോട് ആശയപരമായി വിയോജിക്കുന്നവർ പോലും മത തീവ്രവാദത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ലീഗ് നിക്ഷേപങ്ങൾ നടത്തിയിട്ടില്ല എന്ന് സമ്മതിക്കും. അതോടൊപ്പം തീവ്രവാദ ശൈലിയിലേക്ക് മുസ്‌ലിം ചെറുപ്പക്കാരെ കൊണ്ട് പോകാൻ ശ്രമിക്കുന്ന സംഘടനകളോട് എതിരിട്ടു കൊണ്ടാണ് ലീഗ് അവരുടെ വോട്ട്ബാങ്ക് നിലനിർത്തിയിട്ടുള്ളത്.

ബാബരി മസ്ജിദ് തകർച്ചയെത്തുടർന്ന് ലീഗിന്റെ മിതത്വ നിലപാടിൽ പ്രതിഷേധിച്ച് വലിയ വൈകാരിക നീക്കങ്ങൾ നടത്തുവാൻ തീവ്രരാഷ്ട്രീയത്തിന്റെ വക്താക്കൾ കേരളത്തിൽ ശ്രമിച്ചെങ്കിലും അവർക്കൊന്നും വിജയിക്കാൻ കഴിയാതെ പോയത് ആ രാഷ്ട്രീയ സമീപനങ്ങളോട് എതിരിട്ട് നിന്ന ലീഗിന്റെ കൂടി വിജയമാണ്. പറഞ്ഞു വരുന്നത് ഇത്രയുമാണ്, എസ്ഡിപിഐ, വെൽഫെയർ രാഷ്ട്രീയ ശൈലികൾ കേരളത്തിലെ മുസ്ലിംകളിൽ വേര് പിടിക്കാതിരിക്കാനുള്ള ഒരു കാരണം മുസ്ലിം ലീഗിന്റെ മിതവാദ സാമുദായിക രാഷ്ട്രീയമാണ്.

ആ കൂട്ടുകെട്ട് എന്ന് ലീഗിനോടൊപ്പം കൂടുന്നുവോ അന്ന് മുതൽ കേരളത്തിൽ മുസ്ലിം തീവ്രവാദ രാഷ്ട്രീയത്തിന്റെ ശാക്തീകരണം ആരംഭിക്കും.

content highlights:. The impact of up coming alliance between welfare party and Muslim league

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Basheer chirakkal
3 years ago

കൃത്യമായ വിലയിരുത്തൽ ,ആ ദുരന്തത്തിനുള്ള വഴി തുറക്കാതിരിക്കട്ടെ .

anvar vadakkangara
3 years ago

സംഘപരിവാര രാഷ്ട്രീയത്തിന്റെ ഒരേയൊരു ബദൽ മതേതര ബഹുസ്വര രാഷ്ട്രീയം മാത്രമാണ്’ …
Read More? https://openpress.news/impact-of-welfare-party-and-muslim-league-alliance/ OPEN PRESS | ഓപ്പണ്‍ പ്രസ്സ്
ഈ ഉപദേശം ജമാഅത്തുകാർക്കു മാത്രമുള്ളതാണോ .. ഹിന്ദു കൃസ്ത്യൻ സ്മുദായങ്ങളിലും ഇതേപോലുള്ള ഗ്രൂപ്പുകൾ ഇല്ലേ

Back to top button
2
0
Would love your thoughts, please comment.x
()
x