ലക്ഷദ്വീപിൽ സംഘപരിവാർ അധിനിവേശം; നേതൃത്വം നൽകുന്നത് മോദിയുടെ വിശ്വസ്തൻ
പ്രതികരണം/രാജേഷ് കല്ലേരി
ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്യന്തം സ്തോഭജനകമായ കാര്യങ്ങളാണ്.
ഈ രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതും പൗരന് ഈ രാജ്യം വാഴുന്നവർ ഇട്ടിരിക്കുന്ന വില എന്താണ് എന്നതും ഇനിയും ബോധ്യപ്പെട്ടിട്ടില്ലാത്തവർക്കുള്ള മറ്റൊരു ദൃഷ്ടാന്തം കൂടി ആവുകയാണ് ലക്ഷദ്വീപ്.
തൂക്കിവിൽക്കുകയാണ് മോദിയും അയാളുടെ വേതാളങ്ങളും കൂടി ഈ രാജ്യത്തെ. അതിന് തടസ്സം നിന്നാൽ നിങ്ങൾ കുടിയിറക്കപ്പെടാം, ജയിലിലടയ്ക്കപ്പെടാം, വധിക്കപ്പെടാം, നിങ്ങളുടെ കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം ഉന്മൂലനം ചെയ്യപ്പെടാം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മയുടെ അവിചാരിത മരണത്തെ തുടർന്നാണ് പ്രഫുൽ ഘോട പട്ടേൽ അഡ്മിനിസ്ട്രേറ്ററായി നിയുക്തനാവുന്നത്.
ശരിക്ക് പറഞ്ഞാൽ ദദ്രാ നഗർ ഹവേലി – ദമൻ ദിയു അഡ്മിനിസ്ട്രേറ്ററായിരുന്ന ഇയാളിൽ ദുരൂഹമായ തിടുക്കത്തിൽ ലക്ഷദ്വീപിന്റെ അധികച്ചുമതല കൂടി ഏൽപ്പിക്കുകയായിരുന്നു.
പ്രഫുൽ ഘോട പട്ടേൽ ലക്ഷദ്വീപിൽ എന്ത് വിനാശമാണ് വിതച്ചുകൊണ്ടിരിക്കുന്നത് എന്ന് വിവരിക്കുന്നതിന് മുമ്പ് ആരാണിയാൾ, എന്താണിയാളുടെ പശ്ചാത്തലം എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.
2007ൽ ഗുജറാത്തിലെ ഹിമ്മത് നഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചുകൊണ്ടാണ് പ്രഫുൽ ഘോട പട്ടേലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇയാളുടെ അച്ഛൻ ഗുജറാത്തിലെ പ്രമുഖനായ, സാക്ഷാൽ നരേന്ദ്ര മോദി പോലും ഉപദേശങ്ങൾക്ക് സമീപിച്ചിരുന്ന, ആർ.എസ്.എസ് നേതാവായിരുന്നു. ഈ ബന്ധമാണ് സീറ്റ് തരപ്പെടാനും നിയമസഭയിൽ എത്താനും വഴി വച്ചത്.
2010ൽ സൊഹ്റാബുദ്ധീൻ ഷേക്ക് കൊലപാതകത്തിലുള്ള പങ്കിനെത്തുടർന്ന് മോദിയുടെ വലംകൈ ആയ അമിത് ഷായ്ക്ക് ഗുജറാത്ത് മന്ത്രിസഭയിലെ സ്ഥാനം നഷ്ടപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തപ്പോൾ ഷാ ഒഴിഞ്ഞ സ്ഥാനം നികത്താൻ നരേന്ദ്ര മോദി പകരം തെരഞ്ഞെടുത്തത് പ്രഫുൽ ഘോട പട്ടേലിനെ ആണ് എന്നതിൽ തന്നെയുണ്ട് ഇയാളുടെ രാഷ്ട്രീയ ജനുസ്സിന്റെ സാക്ഷ്യപത്രം…
2016 ആഗസ്റ്റിൽ ദമൻ- ദിയുവിന്റേയും ഡിസംബറിൽ അതിനൊപ്പം ദദ്രാ നഗർ ഹവേലിയുടേയും അഡ്മിനിസ്ട്രേറ്ററായി ഇയാളെ മോദി നിയമിച്ചു. 2020ൽ ലക്ഷദ്വീപിന്റെ അധികച്ചുമതല കൂടി ഇയാൾക്ക് നൽകി.
അതുവരെ രാഷ്ട്രീയ നിയമനങ്ങൾ നടക്കാത്ത, സർവ്വീസിലുള്ളതോ വിരമിച്ചതോ ആയ മുതിര്‍ന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ മാത്രം നിയോഗിക്കപ്പെട്ടിരുന്ന ഈ പദവികളിലേക്ക് മോദി-ഷാ ദ്വയത്തിന്റെ പിണിയാളായ ഈ രാഷ്ട്രീയക്കാരനെ നിയോഗിച്ചതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുകയാണ് ഇപ്പോൾ.
ബിജെപിയും അതിന്റെ പ്രത്യയശാസ്ത്ര പ്രഭവകേന്ദ്രമായ ആർ. എസ്. എസ്സും സൂതികർമ്മം നടത്തി ജനിപ്പിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു മതരാഷ്ട്രമുണ്ട്. അവർ അധ:കൃതരായും തൊട്ടുകൂടാത്തവരായും കണക്കാക്കുന്ന “കീഴാള “, ആദിവാസി ജനജാതികളും, ന്യൂനപക്ഷ മതവിഭാഗങ്ങളും, വിയോജിപ്പിന്റെ ശബ്ദമുയർത്തുന്ന മതേതര-ജനാധിപത്യ വിശ്വാസികളും അടിച്ചമർത്തപ്പെടുന്ന, രണ്ടാംകിട പൗരന്മാരോ പൗരത്വം തന്നെ നിഷേധിക്കപ്പെടുന്നവരോ ആയ ഒരു സവർണ്ണ സമഗ്രാധിപത്യം.
ഇന്ത്യയെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊത്തിവലിക്കുകയാണ് ഈ കഴുകന്മാർ. ഈ ഹീനമായ ലക്ഷ്യം സ്ഥാപിച്ചെടുക്കാൻ നിയോഗിക്കപ്പെട്ട മുൻനിരപ്പടയണിയുടെ ഒരു പ്രധാനപ്പെട്ട പടത്തലവനാണ് പ്രഫുൽ ഘോട പട്ടേൽ.
മുകളിൽ ചേർത്തിട്ടുള്ള ലക്ഷദ്വീലെ (കവരത്തിയിലെ) ചിത്രങ്ങൾ വരാനിരിക്കുന്ന, ദ്വീപ് നിവാസികൾ നേരിടാൻ പോവുന്ന, വൻവിപത്തിന്റെ ദിശാസൂചി മാത്രമാണ്. 2019 ൽ പ്രഫുൽ ഘോട പട്ടേലിൽ നിന്ന് ദമനിലെ ആദിവാസി- മത്സ്യത്തൊഴിലാളി വർഗ്ഗങ്ങൾ നേരിട്ട ഭീകരമായ കുടിയൊഴിപ്പിക്കലിന്റെ, സ്ഥലം തട്ടിപ്പറിക്കലിന്റെ, നീതി നിഷേധത്തിന്റെ, വംശീയ വെറിയുടെ, വ്യവസ്ഥാപിതമായ ഉന്മൂലനത്തിന്റെ ദാരുണകഥകൾ നമുക്ക് പാഠമാകണം.
ദമനിൽ, മോട്ടാദമൻ ലൈറ്റ് ഹൗസ് മുതൽ ജംപോർ ബീച്ച് വരെ നീണ്ടുകിടക്കുന്ന, ആദിവാസി-മത്സ്യത്തൊഴിലാളി കുടുംബങ്ങൾ നൂറ്റാണ്ടുകളായി, തലമുറ തലമുറകളായി അധിവസിച്ചിരുന്ന, അവർ കരമൊടുക്കിക്കൊണ്ടിരുന്ന, അവരുടെ പരമ്പരാഗത ആവാസവ്യവസ്ഥയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ടു. പോകാൻ ഇടമില്ലാത്ത, കയറിക്കിടക്കാൻ സ്ഥലമില്ലാത്ത ആ ദരിദ്രനാരായണന്മാർ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരായി.
ദമനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കിയ ഒരുപറ്റം ദമൻകാർ അവരുടെ എം.പി ആയിരുന്ന കീത്ത് വാസ് എന്ന ബ്രിട്ടീഷ് ജനപ്രതിനിധിക്ക് മേൽ തങ്ങളുടെ ഇന്ത്യൻ സഹോദരങ്ങൾക്ക് വേണ്ടി ഇടപെടാൻ സമ്മർദ്ദം ചെലുത്തി. പ്രശ്നത്തിന്റെ മനുഷ്യാവകാശമുഖം ബോധ്യപ്പെട്ട കീത്ത് വാസ് ദമനിലെത്തി പ്രഫുൽ ഘോട പട്ടേലുമായി ചർച്ച നടത്തി.
സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന, വെളുത്തവന്റെ കാലുനക്കാൻ ജനിതകപരമായി പ്രാവീണ്യമുള്ളവരുടെ പ്രത്യയശാസ്ത്രം പിൻപറ്റുന്ന പ്രഫുൽ ഘോട പട്ടേൽ കീത്ത് സായിപ്പിനെ പ്രസാദിപ്പിച്ച് തിരിച്ചയച്ചു.
സായിപ്പ് തിരികേ ലണ്ടനിൽ വിമാനമിറങ്ങിയതോടെ പട്ടേൽ ഈ സ്ഥലമുൾപ്പെടുന്ന ജില്ല മുഴുവൻ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും രണ്ട് സ്കൂളുകൾ ഏറ്റെടുത്ത് താൽക്കാലിക ജയിലുകളായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട, കയറിക്കിടക്കാൻ ഇടമില്ലാത്ത നിസ്സഹായരായ ആദിവാസികളെ ജയിലിലടച്ച് അവരുടെ വീടുകൾ, തലമുറകളായി അവർ നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സകലസമ്പാദ്യങ്ങളുമടക്കം ഇടിച്ചുനിരത്തി സ്ഥലം കയ്യേറി പണ്ടാരവകയിൽ വകയിരുത്തി.
ഇന്നവിടെ പട്ടേലും അയാളേക്കാൾ മുഴുത്ത സ്രാവുകളുമടങ്ങുന്ന വമ്പന്മാരുടേയും അവരുടെ ബിനാമികളുടേയും സംരംഭങ്ങൾ മുളച്ചുപൊന്തുകയാണ്..
ലക്ഷദ്വീപിനെ കാത്തിരിക്കുന്നതും മറ്റൊന്നല്ല. ഷെഡ്യൂൾഡ് ട്രൈബ് (ആദിമനിവാസികൾ) ആയി
നിർണ്ണയിക്കപ്പെട്ടിട്ടുള്ള, പരമ്പരാഗത ഉപജീവനം മത്സ്യബന്ധനമായുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളാണ് ദ്വീപ് നിവാസികൾ.
അവർ തങ്ങളുടെ ഉപജീവനമാർഗ്ഗമായ മത്സ്യബന്ധനത്തിനുള്ള വള്ളങ്ങൾ തലമുറകളായി സൂക്ഷിക്കുന്ന ഷെഡുകളാണ് തകർത്തിട്ടിരിക്കുന്നത്. ഇതൊരു ടെസ്റ്റ് ഡോസാണ്, സൂക്ഷിച്ച് നോക്കിയാൽ ഇവിടെ നിങ്ങൾക്കൊരു ദമന്റെ സൂചന കാണാനാവും.
കോവിഡ് പൊട്ടിപ്പുറപ്പെട്ട് മാസങ്ങളോളം ഈ മഹാമാരിയെ വളരെ ഫലപ്രദമായി ദ്വീപിൽ നിന്ന് അകറ്റി നിർത്തി ദ്വീപ് നിവാസികളും അന്നത്തെ അഡ്മിനിസ്ട്രേറ്ററും. കൊച്ചിനഗരത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ മുൻകയ്യെടുത്ത് ആവശ്യത്തിന് ക്വാറന്റീൻ, ഐസൊലേഷൻ സൗകര്യങ്ങളൊരുക്കുകയും കർശനമായ നിരീക്ഷണങ്ങൾക്ക് ശേഷം മാത്രം ദ്വീപിലേക്കും ദ്വീപിൽ നിന്നുമുള്ള സഞ്ചാരം അനുവദിക്കുകയും ചെയ്തത് വഴിയാണ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും ലക്ഷദ്വീപ് ഭരണകൂടവും ദ്വീപ് ജനതയും ഇത് സാധിച്ചെടുത്തത്.
അത്യാവശ്യ ചികിത്സാസൗകര്യം പോലുമില്ലാത്ത, അല്പം ഉയര്‍ന്ന പനി വന്നാൽ പോലും വൻകരയെ ആശ്രയിക്കേണ്ടി വരുന്ന, അതിന് നല്ല നേരം നോക്കേണ്ട ഗതികേടുള്ള ദ്വീപ് നിവാസികൾക്ക് ഈ ജാഗ്രതയ്ക്ക് മറ്റെല്ലാ നാടുകളേക്കാളുമുപരി അവരുടെ ജീവന്റെ വിലയുണ്ടായിരുന്നു.
എന്നാൽ പ്രഫുൽ ഘോട പട്ടേൽ എന്ന വംശീയഭ്രാന്ത് മുറ്റിയ നരാധമൻ അഡ്മിനിസ്ട്രേറ്ററുടെ വേഷമിട്ട് ദ്വീപിൽ വന്നിറങ്ങിയ ശേഷം ആദ്യം ചോദിച്ച ചോദ്യം “എന്തുകൊണ്ട് ദ്വീപിൽ ഇതുവരെ കോവിഡ് എത്തിയില്ല” എന്നതാണ്. വംശീയ ഉന്മൂലത്തിന്റെ പ്രത്യയശാസ്ത്രം മുലയൂട്ടിവളർത്തിയ ഒരു കിരാതന് മാത്രമേ അത്തരമൊരു ചോദ്യം ചോദിക്കാനാവൂ.
അതിന് ശേഷം ഈ നികൃഷ്ടൻ ചെയ്തത് എറണാകുളത്ത് ദ്വീപ് നിവാസികൾക്കായുണ്ടായിരുന്ന ക്വാറന്റീൻ, ഐസൊലേഷൻ സൗകര്യങ്ങൾ അവസാനിപ്പിക്കുകയും യാത്രാനിയന്ത്രണങ്ങളും അനുബന്ധ പരിശോധനകളും നിർത്തലാക്കുകയുമാണ്. ഇതിന്റെ പരിണതി അതിന് ശേഷം ദ്വീപിലുണ്ടായിക്കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തിന്റെ വ്യാപ്തിയും തോതും പരിശോധിച്ചാൽ മനസ്സിലാകും.
ഗുജറാത്തിൽ ഇവർ വാളും തീയുമായാണ് വംശീയ ഉന്മൂലനത്തിന് കോപ്പിട്ടത് എങ്കിൽ അമിത് ഷാ യുടെ, നരേന്ദ്ര ദാമോദർദാസ് മോദിയുടെ, വിശ്വസ്ത വിറകുവെട്ടിയായ പ്രഫുൽ ഘോട പട്ടേൽ ലക്ഷദ്വീപിൽ അത് കൊറോണ വൈറസിന്റ സഹായത്തോടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ്.
ദ്വീപിലെ വിനോദസഞ്ചാരത്തിന്റെ ചുമതലയുള്ള SPORTS ( Society for Promotion of Nature Tourism and Sports) നെ നോക്കുകുത്തിയാക്കി, ദ്വീപിന്റെ സംസ്കാരത്തിനോ പരിസ്ഥിതിക്കോ അനുയോജ്യമല്ലാത്ത വൻകിട വിനോദസഞ്ചാര പദ്ധതികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ദമനിലേത് പോലെ തന്നെ രാജ്യത്തെ അതിപ്രമുഖനായ ഒരു വ്യക്തിയുടെ പുത്രനടക്കം നിക്ഷേപങ്ങളുള്ള ഭീമന്മാർക്കാണിത് സമ്മാനിക്കപ്പെട്ടിരിക്കുന്നത് എന്ന സംശയങ്ങൾ ശക്തമാണ്.
ദമനിലേത് പോലെ ദ്വീപിലും ഇവർക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമത്തേത് സാമ്പത്തിക ചൂഷണം തന്നെ, രണ്ടാമത്തേത് കൂടുതൽ പ്രത്യക്ഷവും സാർവത്രികവുമായ സാമൂഹിക സാംസ്കാരിക അധിനിവേശവും. ദളിതരെ, ആദിമനിവാസികളെ, മത-ഭാഷാ-സാംസ്കാരിക ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സവർണ്ണ ഗോത്രാധിപത്യ വ്യവസ്ഥിതി പുനഃസ്ഥാപിക്കുക എന്നതും.
ഇതാണ് സംഘപരിവാരം അടവച്ച് വിരിയിക്കാനൊരുങ്ങുന്ന വികൃതമായ ഇന്ത്യ. ഇവിടെ സ്കൂളുകൾ ജയിലുകളാവും, പൗരന്മാർ അന്യവത്കരിക്കപ്പെടും, കുടിയിറക്കപ്പെടും, നിശ്ശബ്ദരാക്കപ്പെടും, ഉന്മൂലനം ചെയ്യപ്പെടും. ഇവർ നിയന്ത്രിക്കപ്പെടാതിരുന്നാൽ വേരറുക്കപ്പെട്ട ഒരു ജനതയുടെ തേങ്ങലുകളും ദീർഘനിശ്വാസങ്ങളുമായിരിക്കും ഇനിയുള്ള ഇന്ത്യ.
പ്രഫുൽ ഘോട പട്ടേലിന്റെ സമഗ്രാധിപത്യത്തിനും, പരമത വിദ്വേഷത്തിനും മൂകസാക്ഷികളായി നിൽക്കാനാണ് ഇനിയും ദ്വീപ് നിവാസികളുടെ ഉദ്ദേശ്യമെങ്കിൽ കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കും.
ദ്വീപിൽ, ഇലക്ഷൻ കാലത്ത് കോൺഗ്രസ്സുകാരന്റെ വേലി പൊളിച്ച് വീറ് തെളിയിക്കുന്ന എൻസിപിക്കാരനും, എൻസിപിക്കാരന്റെ കൂര തകർത്ത് ആർജ്ജവം കാണിക്കുന്ന കോൺഗ്രസ്സുകാരനും, പറന്നുപോകുന്ന കാക്കയ്ക്ക് എതിരേ പോലും പ്രതികരിക്കുന്ന പുത്തൻകൂറ്റ് സഖാക്കളും പരസ്പര വൈര്യവും രാഷ്ട്രീയ വിദ്വേഷവും ഒരുമാത്ര മാറ്റിവച്ച് ഈ രാക്ഷസനെതിരെ ഒരുമിച്ച് നിൽക്കണം.
ഇത് നിങ്ങളുടെ നിലനിൽപ്പിന്റെ വിഷയമാണ്. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റേയും ചീഫ് കൗൺസിലറുടേയും അംഗീകാരമില്ലാതെ അഡ്മിസ്ട്രേറ്റർ ഏകപക്ഷീയമായി നടപ്പാക്കുന്ന ഒരു നയവും ദ്വീപിൽ അനുവദിക്കപ്പെടാൻ പാടില്ല.
ദ്വീപിലെ എംപി യുടെ പാർട്ടി പ്രാദേശികമായും (കേരളം) അഖിലേന്ത്യാതലത്തിലും ഭിന്ന രാഷ്ട്രീയ സഖ്യങ്ങളിലാണുള്ളത് എങ്കിലും അവ രണ്ടും സംഘപരിവാർ വിരുദ്ധ ചേരികളിൽ തന്നെയാണ്. അദ്ദേഹത്തിന് രണ്ട് ചേരികളിൽ നിന്നും പിന്തുണ സമാഹരിക്കാൻ കഴിയേണ്ടതാണ്. അത് ഉറപ്പ് വരുത്തി തീക്ഷ്ണമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയണം.
ദ്വീപ് നിവാസികൾ ഒറ്റക്കെട്ടായി, ജനാധിപത്യ ബോധത്തിലൂന്നി, സമാധാനത്തിൽ അടിയുറച്ച സമര-നിസ്സഹകരണ പ്രക്ഷോഭങ്ങളുമായി ഈ അധിനിവേശ ഉന്മൂലന ശ്രമങ്ങളെ നിഷ്കർഷയോടെ ചെറുക്കണം. ഒരിക്കലും ആവേശത്തിന് അടിമപ്പെടാനോ മനസ്സുകൊണ്ടുപോലും അക്രമം നടത്താനോ പാടില്ല. അതിന് ശ്രമിക്കാതിരിക്കാനുള്ള, അങ്ങനെ ആലോചിക്കുക പോലും ചെയ്യില്ല എന്ന ആർജ്ജവത്തോടെ വേണം ഈ ഉപദ്രവികളെ, ജനവിരുദ്ധ ശക്തികളെ നേരിടേണ്ടത്.
വൻകരയിൽ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള എല്ലാ ജനാധിപത്യ- മതേതരവാദികളും ദ്വീപ് നിവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും നേതാക്കളേയും കൊണ്ട് ഈ വിഷയം ഏറ്റെടുപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യണം.
ഭാരതത്തിന്റെ ഊർധ്വൻ വലിക്കുന്ന മതേതരത്വത്തിനോടും പടുതിരികത്തുന്ന ജനാധിപത്യത്തിനോടും നമുക്കുള്ള കടമയാണിത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS