PoliticalWorld

ഫലസ്തീൻ; സമാധാനത്തിലേക്ക് ഇനിയെത്ര ദൂരം?

കുറിപ്പ്/എം എസ് ഷൈജു

ഫലസ്തീനിൽ വെടി നിർത്തൽ പ്രഖ്യാപിച്ചു. ഇസ്രായേൽ ഫലസ്തീൻ സംഘർഷങ്ങൾ താത്കാലികമായി അവസാനിച്ചു.

സമാധാനം ആഗ്രഹിക്കുന്ന ലോകത്തെ എല്ലാ മനുഷ്യരും എത്രയും വേഗം ഇത് നടക്കാൻ ആഗ്രഹിച്ചിരുന്നു.

ഈജിപ്തിന്റെയും മറ്റും സമയോചിതമായ നയതന്ത്ര നീക്കങ്ങളും ലോക രാജ്യങ്ങളുടെ ശക്തമായ സമ്മർദ്ധങ്ങളുമാണ് ഇപ്പോഴത്തെ വെടി നിർത്തലുകൾക്ക് കാരണമായിരിക്കുന്നത്.

എന്നാൽ ഈ വെടി നിർത്തലോ ഇപ്പോഴത്തെ ധാരണകളോ സ്ഥായിയായതല്ല. എപ്പോൾ വേണമെങ്കിലും അവിടെ പുതിയൊരു സംഘർഷം രൂപപ്പെടാം. വെടിയൊച്ചകളും റോക്കറ്റുകളുടെ മുഴക്കങ്ങളും അവിടെ ഏത് നിമിഷവും ഇനിയുമുയരാം.

കാരണം ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘർഷങ്ങളുടെ യഥാർത്ഥ കാരണങ്ങൾ ഒട്ടും പരിഹരിക്കപ്പെടാതെ അവിടെത്തന്നെ നിൽക്കുന്നുണ്ട്.

ചരിത്രത്തിലേക്ക് മാത്രമല്ല ചരിത്രാതീത കാലത്തിലേക്ക് കൂടി വേരുകൾ നീണ്ട് കിടക്കുന്ന ഒരു ജനതയാണ് ജൂതന്മാർ. നരവംശ സിദ്ധാന്തങ്ങൾ പ്രകാരം അതൊരു വംശം കൂടിയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്ന ജൂതന്മാർക്ക് അവരുടെ പൂർവികരുടെ പൗരാണിക പാരമ്പര്യം ഉൾക്കൊള്ളുന്നതെന്ന് കരുതപ്പെടുന്ന ഒരു ദേശത്തേക്ക് മടങ്ങിപ്പോകാണാമെന്ന ഒരാഗ്രഹമുണ്ടായിരുന്നു.

അവിടെ സ്വന്തമായി ഒരു രാഷ്ട്രം തീർക്കണമെന്ന ‘നടക്കാത്ത’ ആഗ്രഹത്തെ ബ്രിട്ടനും സഖ്യ കക്ഷികളും ചേർന്ന് മറ്റ് പല താത്പര്യങ്ങളും മുൻ നിർത്തി ഏകപക്ഷീയമായി നടത്തിക്കൊടുത്തിന്റെ സംഘർഷങ്ങളാണ് ഇന്ന് പശ്ചിമേഷ്യയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും ലളിതമായി നമുക്ക് നിരീക്ഷിക്കാം.

അനേകം നൂറ്റാണ്ടുകളായി ഒരു ജനത അവരുടെ സ്വന്തം പരമ്പര്യങ്ങളിൽ ജീവിച്ച് കൊണ്ടിരുന്ന ഒരു ഭൂമിയിലേക്ക് അവിടെ ഒരിക്കൽ പോലും വന്നിട്ട് കൂടിയില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ വർഷങ്ങൾ കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ട് വന്ന് താമസിപ്പിക്കുകയായിരുന്നു.

ആദ്യമാദ്യം തദ്‌ദേശീയരായ അറബികളുടെ ഭൂമി വിലകൊടുത്ത് വാങ്ങുകയും പിന്നീട് അത് ബലമായി പിടിച്ചടുത്തുമാണ് ഒരു ജൂത ജനത ഫലസ്തീൻ എന്ന ദേശത്ത് വാസമുറപ്പിക്കുന്നത്.

ഒരു ജനതയുടെ പൂർവികരായി പരിഗണിക്കുന്നവർ അധിവസിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഓരോ ദേശത്തേക്കും മടങ്ങിപ്പോകാൻ അവരുടെ ഇന്നത്തെ തലമുറയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന തത്വം ഇന്ന് നടപ്പിലാക്കാൻ തുനിഞ്ഞാൽ എന്താകും ഫലം?

ഏറ്റവും കുറഞ്ഞ പക്ഷം ബ്രിട്ടൻ അമേരിക്കക്ക് തീറെഴുതി കൊടുക്കേണ്ടി വരും. കാരണം ബ്രിട്ടന്റെ പീഢനങ്ങൾ സഹിക്കാനാകാതെ അവിടം വിട്ട് പോയവരുടെ പിന്മുറക്കാരാണ് ഇന്നത്തെ അമേരിക്കയെ നിർമിച്ചത്.

ഇസ്രായേലിനെ ന്യായീകരിക്കുന്നവർ ഉയർത്തുന്ന ‘മടങ്ങിപ്പോക്ക് വാദ’ങ്ങളുടെ മൗഢ്യത ബോധ്യപ്പെടുത്താനാണ് ഇത് പരാമർശിച്ചത്.

ഇസ്‌ലാമിക ഖിലാഫത്തിന് കീഴിലായിരുന്ന ഫലസ്തീൻ പ്രദേശം ഒന്നാം ലോക മഹായുദ്ധത്തോടെ ബ്രിട്ടന്റെ അധീനതയിൽ വന്നു. ബ്രിട്ടൻ അതിനെ തങ്ങളുടെ കോളനിയാക്കി.

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് കിഴക്കൻ യൂറോപ്പിൽ നിന്ന് പ്രാണരക്ഷാർത്ഥം പാലായനം ചെയ്ത ജൂതന്മാരിൽ വലിയ ഒരളവ് എത്തിച്ചർന്നത് ഫലസ്തീൻ പ്രദേശത്താണ്.

ഒടുവിൽ ആഗോള സയണിസ്റ്റ് ലോബിയുമായുള്ള ധാരണയിൽ ഫലസ്തീൻ നിവാസികളുടെ എതിർപ്പിനെ മറികടന്ന് ഏകപക്ഷീയമായി ജൂതർക്ക് അവിടെ ഒരു രാഷ്ട്രവും നിർമിച്ച് കൊടുത്താണ് ബ്രിട്ടൻ മടങ്ങിപ്പോയത്.

എന്നാൽ ഫലസ്തീനികളുടെ പ്രതിഷേധത്തെ മറയാക്കി ബ്രിട്ടൻ അവരോട് ചെയ്തത് ഒരു മഹാപാതകമായിരുന്നു. യഥാർത്ഥ ഫലസ്തീനികൾക്ക് ഒരു രാഷ്ട്രമോ ഭരണകൂടാമോ രൂപീകരിച്ച് നൽകാതെ അവരെ രാജ്യരഹിതരായി തെരുവിൽ നിർത്തിയിട്ടാണ് ബ്രിട്ടൻ മടങ്ങിയത്.

അവർ ഇന്നും നിൽക്കുന്നത് അതേ തെരുവിൽ തന്നെയാണ്. തങ്ങളും തങ്ങളുടെ പൂർവികരും ജീവിച്ച് പോന്ന തങ്ങളുടെ രാജ്യമെവിടെ എന്നതാണ് അവർ ലോകത്തിന് മുമ്പിൽ ഉയർത്തുന്ന ചോദ്യം.

1980കളോടെ, അതുവരെ പ്രവർത്തിച്ച് വന്ന സെക്കുലർ പാതയിലുള്ള ഫലസ്തീൻ വിമോചന പ്രസ്ഥാനമായ പി എൽ ഒയെ തള്ളിക്കളഞ്ഞ് കൊണ്ടും, സായുധ വിപ്ലവത്തെ മാർഗമായി സ്വീകരിച്ച് കൊണ്ടും ഹമാസ് എന്ന മുസ്ലിം സംഘടന പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ എത്തിയതോടെ ഫലസ്തീൻ പ്രക്ഷോഭങ്ങൾക്ക് ഒരു ഗതിമാറ്റം സംഭവിച്ചിട്ടുണ്ട്.

ആ മാറ്റം ഫലസ്തീൻ വിമോചന ലക്ഷ്യങ്ങളിൽ എത്രമാത്രം ഗുണകരമായിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഹമാസ് ഒരു ഭീകര സംഘടനയാണെന്ന ആരോപണങ്ങൾ യഥാർത്ഥത്തിൽ സയണിസത്തിന്റേതാണ്. അവരുടെ പേരിൽ മുസ്ലിം രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന ഭിന്നതകൾ വെറും സുന്നി ഷിയാ വൈരങ്ങളുടെയും രാഷ്ട്രീയ ശത്രുതകളുടെയും ഭാഗമായി നില നിൽക്കുന്നതാണ്.

ഫലസ്തീനികൾ നടത്തുന്ന സായുധ പോരാട്ടങ്ങളോട് ഒരാൾക്ക് വേണമെങ്കിൽ വിയോജിക്കാം. ഹിംസാത്മകമല്ലാത്ത ഒരു പ്രക്ഷോഭം അവർക്ക് എന്ത് കൊണ്ട് നടത്തിക്കൂടാ എന്ന് ചോദിക്കുകയും ചെയ്യാം.

പക്ഷെ സർവവും നഷ്ടപ്പെട്ട്, തങ്ങളുടെ ഭൂതകാലത്തെ മാത്രമല്ല വർത്തമാന കാലത്തെയും ഇനിയുള്ള ജനതയുടെ ഭാവി കാലത്തെയും കൂടി ആയുധങ്ങളും അധിനിവേശങ്ങളും കൊണ്ട് കവർന്ന് കൊണ്ടിരിക്കുന്ന ഇസ്രായേലിനോട് ഒരു ജനത സമാധാനപരമായിത്തന്നെ എപ്പോഴും പ്രതികരിക്കേണ്ടതുണ്ട് എന്ന് നമുക്ക് തോന്നുന്നത് നാം അനുഭവിച്ച് കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷ കൊണ്ടാണ്. അത് നൽകുന്ന ബോധങ്ങളുടെ സ്വസ്ഥതയിൽ സമാധാനത്തോടെ ജീവിക്കുന്നത് കൊണ്ടാണ്.

ഒരു ജനതയുടെ നില നിൽപിനായുള്ള പോരാട്ടങ്ങൾ അത്രമേൽ വൈകാരികമാകുമെന്ന് നാം അംഗീകരിക്കുമ്പോഴും, അവർക്ക് നേതൃത്വം കൊടുക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ട് എന്ന് കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. അവർ കൂടുതൽ യാഥാർഥ്യബോധങ്ങൾ പ്രകടിപ്പിക്കേണ്ടതുമുണ്ട്.

രണ്ടാം ലോക മഹായുദ്ധതിന് ശേഷം ലോകത്ത് രൂപപ്പെട്ടിട്ടുള്ള അന്തർദേശീയ ബന്ധങ്ങളും നേഷൻ സ്റ്റേറ്റുകളുടെ കെട്ടുറപ്പുകളുമൊക്കെ പുതിയൊരു ലോക ക്രമത്തിനാണ് വിത്ത് പാകിയിട്ടുള്ളത്.

ഐക്യരാഷ്ട്ര സഭ, രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ, പരമാധികാര രാഷ്ട്രങ്ങളുടെ ഉഭയകക്ഷി കരാറുകൾ, സുരക്ഷാ കരാറുകൾ ഇവയൊക്കെ ഒരു പരാമിധികാര രാഷ്ട്രത്തിനെതിരെ ഒരു ബാഹ്യ ശക്തിക്ക് സായുധ കലാപം നടത്തി അവരെ അതിജയിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്.

അത് കൊണ്ട് തന്നെ രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകത്ത് സംഭവിച്ചിട്ടുള്ള ഒരു സായുധ കലാപവും വിജയിച്ചിട്ടില്ല. ഇനി ഏതെങ്കിലും അല്പമെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിൽ അത് അന്താരാഷ്ട്രാ സമൂഹത്തിന്റ നായപരമായ പിന്തുണകൾ കൊണ്ട് മാത്രമാണ്.

ഇസ്രായേലിനെപ്പോലുള്ള ഒരു വൻ ശക്തിക്ക് എതിരെ സായുധ കലാപത്തിന് മുതിരുന്ന ഒരു വിമോചന സംഘടനയുടെ ആലോചനകളിൽ തീർച്ചയായും ഉൾപ്പെടേണ്ട ചില ബോധങ്ങളാണിവയൊക്കെ. ഫലസ്തീനികൾക്ക് പൂർണമായ പിന്തുണ നൽകുമ്പോഴും ഫലസ്തീൻ സായുധ പോരാട്ടങ്ങളോട് വിയോജിക്കേണ്ട ഒരു ഘടകം ഇത് മാത്രമാണ്.

യാഥാർഥ്യ ബോധവും നയതന്ത്ര ശേഷിയുമുൾക്കൊള്ളുന്ന ഒരു പ്രക്ഷോഭ നേതൃത്വം ഫലസ്തീന് ഉണ്ടാകേണ്ടതുണ്ട്‌. മിസൈലുകൾക്കും ബോംബുകൾക്കും അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും നൽകാൻ കഴിയില്ല എന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്.

ഇരുപക്ഷത്തുമുള്ള അനേകം നിരപരാധികളുടെ ജീവനെടുക്കാമെന്നല്ലാതെയും കുടുംബങ്ങളുടെ വിലാപങ്ങൾ വീണ്ടും വീണ്ടും ഉയർത്താമെന്നല്ലാതെയും അവ കൊണ്ട് ഒരു പരിഹാരവുമുണ്ടാകില്ല. പരിഹാരം അന്താരാഷ്ട്രാ തലത്തിലാണ്. അത് രാഷ്ട്രീയമായതാണ്. നയതന്ത്രപരമായതാണ്. അതല്ലാതെ നിലവിൽ മറ്റൊരു പരിഹാരവുമില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x