Law

റൊട്ടി മോഷ്ടിച്ച സ്ത്രീയുടെ വിചാരണ; കോടതിയിൽ നടന്ന നാടകീയ സംഭവങ്ങൾ

നിയമം/അനൂപ് ഏലിയാസ്

The trial of a bread thief in New York in 1935 എന്നത് നിയമ വ്യവസ്ഥയുടെ ചരിത്ര സഞ്ചാരത്തിൽ ഓർത്തു വെക്കപ്പെടേണ്ട ഒരു സംഭവമാണ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ ഗർത്തത്തിൽ വീണു കിടന്ന കാലഘട്ടമായിരുന്നു 1930 കൾ.

ദാരിദ്ര്യത്തിന്റെ ഇരുണ്ട അന്തരീക്ഷം ന്യൂയോർക്ക് നഗരം മുഴുവൻ മൂടിക്കെട്ടി നിൽക്കുന്നു. ഭവനരഹിതരായ ജനങ്ങൾ തങ്ങളുടെ പിഞ്ചുകുഞ്ഞുകൾ അടങ്ങുന്ന കുടുംബവുമായി ഭക്ഷണമില്ലാതെ തെരുവുകളിൽ അലയുന്ന കാലം. 1935 ജനുവരി പകുതിയിലെ ഒരു തണുത്ത രാത്രിയിൽ, ന്യൂയോർക്കിലെ കോടതിയിൽ ഒരു വിചാരണ നടന്നു.

മേയർ ഫർലോ ലാഗാർഡിയ ആയിരുന്നു ന്യായാധിപന്റെ ഇരിപ്പിടത്തിൽ. ചുവടെയുള്ള ബെഞ്ചുകളിലൊന്നിൽ അറുപത് വയസ് പ്രായമുള്ള, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ജീവിത പരാജയത്തിന്റെ മുഴുവൻ ഭാവവും നിറഞ്ഞ ദുഖിതയായ ഒരു സ്ത്രീ ഇരുന്നിരുന്നു. ഒരു റൊട്ടി മോഷ്ടിച്ചെന്ന കുറ്റത്തിന് വിചാരണ നേരിടുകയായിരുന്നു അവർ.

ജഡ്ജിയായി പ്രവർത്തിച്ച മേയർ ലാഗാർഡിയ പ്രതിയെ അഭിസംബോധന ചെയ്തു:

“നിങ്ങൾ റൊട്ടി മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു; നിങ്ങൾ എന്തു പറയുന്നു? ”

വൃദ്ധ ഇടറിയ ശബ്ദത്തിൽ പറഞ്ഞു: “ന്യായാധിപൻ, ഞാൻ കുറ്റം സമ്മതിക്കുന്നു. ഞാൻ അത് മോഷ്ടിച്ചു. ”

“എന്തുകൊണ്ട്?” ലാഗാർഡിയ ചോദിച്ചു, “നിങ്ങൾ എന്തിനാണ് അത് മോഷ്ടിച്ചത്? നിങ്ങൾക്ക് വിശന്നതുകൊണ്ടാണോ? ”

വൃദ്ധ മറുപടി പറഞ്ഞു: “ന്യായാധിപൻ, എനിക്ക് വിശക്കുന്നു എന്നതു കൊണ്ട് ഞാൻ മോഷ്ടിക്കുമായിരുന്നില്ല, ” അവർ വിശദീകരിച്ചു. “എന്റെ മരുമകൻ ഞങ്ങളെ വിട്ടുപോയി, എന്റെ മകൾ കിടപ്പിലാണ്. പട്ടിണി കിടക്കുന്ന എന്റെ രണ്ട് പേരക്കുട്ടികളുടെ വിശപ്പകറ്റാൻ എനിക്ക് ഈ റൊട്ടി ആവശ്യമായിരുന്നു. അവർക്കാണ് ശരിക്കും വിശന്നത് ”

കൊച്ചുമക്കളെക്കുറിച്ച് പറയുമ്പോൾ ആ സ്ത്രീ പൊട്ടിക്കരഞ്ഞു. വൃദ്ധ സംസാരിച്ചുകഴിഞ്ഞപ്പോൾ കോടതിമുറിയിലെ ജനക്കൂട്ടം മന്ത്രിച്ചു. മേയർ നെടുവീർപ്പിട്ടു. അദ്ദേഹം കോടതിമുറിക്ക് ചുറ്റും അഭിഭാഷകരെ നോക്കി ജനക്കൂട്ടത്തെ നോക്കി, വൃദ്ധയുടെ നേരെ തിരിഞ്ഞു പറഞ്ഞു: “ഞാൻ നിങ്ങളെ ശിക്ഷിക്കേണ്ടിവരും, നിയമം എല്ലായ്പ്പോഴും ന്യായത്തെ മുൻ നിർത്തിയുള്ളതാണ്, മാത്രമല്ല അത് ഒരു വ്യക്തിക്കും പ്രത്യേകാവകാശമോ ഒഴിവാക്കലോ നൽകുന്നില്ല. നിങ്ങൾക്ക് പത്ത് ഡോളർ പിഴ നൽകാനോ പത്ത് ദിവസം തടവിലാക്കാനോ ഉത്തരവിട്ടിട്ടുണ്ട്.

ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്? ” വൃദ്ധ മറുപടി പറഞ്ഞു: “ന്യായാധിപൻ, എന്റെ ശിക്ഷ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് പത്ത് ഡോളർ ഉണ്ടായിരുന്നെങ്കിൽ, ഞാൻ റൊട്ടി മോഷ്ടിക്കുമായിരുന്നില്ല. അതിനാൽ പത്തു ദിവസം തടങ്കലിൽ കഴിയാൻ ഞാൻ സന്നദ്ധയാണ്. എന്നാൽ എന്റെ മകളുടെയും അവളുടെ രണ്ട് മക്കളുടെയും കാര്യമോ? ആരാണ് അവരെ പരിപാലിക്കുക? ” മേയർ തല കുനിച്ച് പുഞ്ചിരിച്ചു.

അയാൾ സ്വന്തം പോക്കറ്റിൽ നിന്ന് പത്ത് ഡോളർ എടുത്ത് തന്റെ വിശാലമായ തൊപ്പിയിൽ ഇട്ടു പ്രതിയുടെ അടുത്തേക്ക് നീട്ടി. “ഇതാണ് നിങ്ങളുടെ പത്ത് ഡോളർ പിഴ, സ്വയം മോചിതയായി കരുതുക!” കോടതിയിലെ ജനക്കൂട്ടം അസ്വസ്ഥരായി. ബേക്കറി ഉടമ ആ ആനുകൂല്യത്തെ എതിർത്തു. തെറ്റ് ന്യായീകരിക്കപ്പെടുന്ന നടപടിയാണെന്നും ആ സ്ത്രീയെ ശിക്ഷിച്ചു കൊണ്ട് മാതൃക കാട്ടണമെന്നുമായിരുന്നു പൊതുവേയുണ്ടായ വികാരം.

അപ്പോൾ അസ്വസ്ഥരായ ജനക്കൂട്ടത്തിലേക്ക് തിരിഞ്ഞ് ലോഗാർഡിയ തുടർന്നു: “ഇപ്പോൾ, കോടതിമുറിയിൽ ഉള്ള നിങ്ങൾ ഓരോരുത്തരും അൻപത് സെന്റ് വീതം പിഴ നൽകണം! നിസ്സംഗതയ്ക്കുള്ള പിഴയാണിത്, പട്ടിണി കിടക്കുന്ന കുട്ടികൾക്കായി ഒരു നിരാലംബയായ സ്ത്രീ അപ്പം മോഷ്ടിക്കാൻ നിർബന്ധിതയായത് നാം എല്ലാവരും ഉൾക്കൊള്ളുന്ന സമൂഹത്തിൽ അസമത്വം തീർത്ത അനാരോഗ്യം കൊണ്ട് മാത്രമാണ്. പിഴ ശേഖരിച്ച് പ്രതിക്ക് മൊത്തം തുക നൽകുക” കോടതിയിൽ ഹാജരായ ഓരോ വ്യക്തിയും പൊടുന്നനെ നിശബ്ദതയിൽ ആണ്ട് പോയി.

ഓരോരുത്തരായി നിശബ്ദമായി എഴുന്നേറ്റ് അമ്പത് സെൻറ് പുറത്തെടുത്ത് നാണയങ്ങൾ മേയറുടെ തൊപ്പിയിലേക്ക് ഇട്ടു. അടുത്ത ദിവസം, ന്യൂയോർക്ക് സിറ്റി പത്രങ്ങൾ മുഴുവൻ ആ വിചാരണയുടെ വാർത്ത പ്രചരിപ്പിച്ചു: “പട്ടിണി കിടക്കുന്ന കൊച്ചുമക്കളെ പോറ്റാൻ റൊട്ടി മോഷ്ടിക്കാൻ നിർബന്ധിതനയായ നിരാശയായ ഒരു സ്ത്രീക്ക് നാല്പത്തിയേഴര ഡോളർ നൽകപ്പെട്ടു. ബേക്കറിയുടെ ഉടമയും ന്യൂയോർക്ക് നഗരത്തിലെ പൊലീസും പോലും അൻപത് സെൻറ് വീതം പിഴ നൽകാൻ തയ്യാറായിരുന്നു.”

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x