Feature

ആഗസ്റ്റ് 9; ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അത്യുജ്ജ്വല മുന്നേറ്റമായ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം

ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റില്‍ ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറില്‍ വാര്‍ധയില്‍ വെച്ചു നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉപാധികള്‍ക്ക് വിധേയമായി ഫാസിസത്തിന് എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി. പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ഇന്ത്യന്‍ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ ക്രിപ്‌സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങള്‍ കൈയൊഴിയും എന്ന് വ്യക്തമായി നിര്‍വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല.

കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിന് പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പു ലഭിക്കാനായി കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.

സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ “ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-“പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക”. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസം തന്നെ (ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ’ മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

ബ്രിട്ടിഷുകാർ ഭീകരമായി തന്നെ സമരത്തെ നേരിട്ടു. ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി കോൺഗ്രസിലെ പല പ്രമുഖ നേതാക്കളെയും രാത്രി തന്നെ അറസ്റ്റു ചെയ്തു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഗാന്ധിജിയും അറസ്റ്റിലായി. ഇതിനെ തുടർന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹർത്താലുകളും പ്രകടനവും നടന്നു. പോലിസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ്, റവന്യു ഓഫിസ് എന്നിങ്ങനെ ബ്രിട്ടിഷ് ഭരണത്തിന്റെ പ്രതീകങ്ങളെല്ലാം ജനം തകർത്തു.

പൊലീസ് വെടിവയ്പ്പിൽ ആയിരകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് ലാത്തി ചാർജിൽ പരിക്കേറ്റു. പ്രമുഖ നേതാക്കൾ പലരും അറസ്റ്റിലായെങ്കിലും ജയ് പ്രകാശ് നാരായണൻ, അരുണ ആസഫലി, എസ്.എം. ജോഷി, റാം മനോഹർ ലോഹിയ തുടങ്ങിയവർ സമരം തുടർന്നു. അരുണ ആസഫലി ആണ് “ക്വിറ്റ് ഇന്ത്യ സമര നായിക” എന്നറിയപ്പെടുന്നത്. 1944 വരെ ക്വിറ്റ് ഇന്ത്യ സമരം തുടർന്നു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്ക് നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിന് മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.

കീഴരിയൂർ ബോംബ് സ്ഫോടനം

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ അലയൊലി കേരളത്തിലും ഉണ്ടായി. അതിൽ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു കീഴരിയൂർ ബോംബ് സ്ഫോടനം. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഡോ. കെ.ബി. മേനോൻ ആയിരുന്നു ഈ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത്.

അമേരിക്കയിലെ ഹാർവഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ എത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപം കീഴലിയൂരിലെ ഒരു വീട്ടിൽ വച്ചാണ് കെ.ബി. മേനോനും കൂട്ടുകാരും ചേർന്ന് ബോംബുകൾ നിർമിച്ചത്.

വിവിധ ഇടങ്ങളിൽ ആളപായമില്ലാതെ സ്ഫോടനം നടത്തി ബ്രിട്ടിഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.1942 നവംബർ 17ന് പറഞ്ഞുറപ്പിച്ച പ്രകാരം കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം സ്ഫോടനം നടത്തി. ഇതിൽ പങ്കെടുത്ത 27 പേർ അറസ്റ്റിലായി. കീഴരിയൂരിൽ മാത്രമല്ല കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ചലനങ്ങളുണ്ടായി. 1000ത്തോളം പേരാണ് പല ഇടങ്ങളിലായി അറസ്റ്റിലായത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x