KeralaOpinion

ഡോക്ടർ അനൂപ്, താങ്കളുടെ അത്ര ആത്മാർത്ഥത ഈ ലോകം അർഹിക്കുന്നില്ല!

പ്രതികരണം /ഡോ. സൗമ്യ സരിൻ

നിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞു മരണപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്! ഒന്നല്ല…എത്രയോ കുഞ്ഞുങ്ങൾ! പല കാരണങ്ങൾ കൊണ്ട്. എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താൻ സാധിക്കാതെ എത്രയോ കുഞ്ഞുങ്ങൾ ഇത്രയും കാലത്തെ വൈദ്യജീവിതത്തിൽ എന്റെ മുമ്പിൽ മരണപ്പെട്ടിട്ടുണ്ട്! പ്രത്യേകിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശിശുരോഗവിഭാഗത്തിൽ പി. ജി. ചെയ്യുന്ന സമയത്. പലപ്പോഴും അത്ര മോശം അവസ്ഥയിലാണ് അവിടെ കുഞ്ഞുങ്ങളെ അവരുടെ ഐ. സി. യു വിൽ അഡ്മിറ്റ് ചെയ്യാറ്. കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിട്ടും ചില കുരുന്നുകൾ നമ്മെ തോൽപ്പിക്കാറുണ്ട്.

നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് കാണുന്ന ഡോക്ടർക്ക് എന്താണ് തോന്നാറുള്ളതെന്ന്?! ഞങ്ങൾ മനസ്സിൽ സന്തോഷിക്കുകയാണെന്നു നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? അതോ ആ മരണങ്ങൾ ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?! എനിക്കിപ്പോഴും അറിയില്ല എന്താണ് നിങ്ങളുടെ മനസ്സിൽ തോന്നുന്നതെന്ത്!

എങ്കിൽ അറിഞ്ഞു കൊള്ളുക, ഒരു കുഞ്ഞിന്റെ മരണം ഒരു ഡോക്ടർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല! അറിഞ്ഞു കൊണ്ട് അതിന് കാരണക്കാരനാവാൻ ഒരു ഡോക്ടർക്കും കഴിയുകയില്ല. അവസാന നിമിഷം വരെ ആ കുഞ്ഞു ജീവനെ രക്ഷിക്കാനേ ഏതൊരു ഡോക്ടറും ശ്രമിക്കുകയുള്ളു.
എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്, എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താൻ കഴിഞ്ഞില്ല എന്ന കാരണത്താൽ തേങ്ങിക്കരഞ്ഞ എന്റെ ഗുരുനാഥരെ. ആശ കൈവിട്ടു പോകുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടിട്ടുണ്ട്.

എന്റെ പാപ്പുവിന് ഒമ്പത് മാസമാകുമ്പോഴാണ് ഞാൻ ബാംഗ്ലൂർ ഒരു ആശുപത്രിയിൽ ജോലിക്ക് പോയിത്തുടങ്ങുന്നത്. ആദ്യം തന്നെ കിട്ടിയ ഡ്യൂട്ടി കുട്ടികളുടെ ഐ. സി. യു ആയിരുന്നു. വലിയ ഐ. സി. യു ആണ്. മൂന്നോ നാലോ കുട്ടികൾ വെന്റില്ലെറ്ററിൽ. ഇരുപത്തിനാലു മണിക്കൂറും ഡോക്ടർ ഡ്യൂട്ടിയിലുണ്ട്. ചിലരുടെ അവസ്ഥ വളരെ മോശമാണ്. അങ്ങിനെ എന്റെ ആദ്യത്തെ നൈറ്റ് ഡ്യൂട്ടി വന്നു. ഒരു കുട്ടി വഷളായിക്കൊണ്ടിരിക്കുകയാണ്. സീനിയർ ഡോക്ടറുമുണ്ട്. എത്ര ശ്രമിച്ചിട്ടും ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. എനിക്ക് എന്തോ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. തേങ്ങി കരഞ്ഞുപോയി. എന്റെ പാപ്പുവിന്റെ മുഖമായിരുന്നു ഞാൻ ആ കുഞ്ഞിൽ കണ്ടത്. തിരിച്ചു വീട്ടിലെത്തിയ ശേഷം ഞാൻ സരിനോട് പറഞ്ഞു, ” എനിക്ക് സാധിക്കില്ല. എന്നെകൊണ്ട് പറ്റുന്നില്ല കുട്ടികൾ മരിക്കുന്നത് കാണാൻ. എനിക്കിനി ഈ ജോലി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല!” അന്ന് സരിൻ എന്നെ ആശ്വസിപ്പിച്ചു പറഞ്ഞു, ” നോക്ക്, നീ ഒരു ഡോക്ടർ ആണ്. ജനനവും മരണവും കാണേണ്ടവൾ.അതിനെ ഒരുപോലെ നേരിടേണ്ടവൾ. അവിടെ തളരരുത്. ചില മരണങ്ങൾ നമ്മുടെ കയ്യിലല്ല. പക്ഷെ ആ കുഞ്ഞിന് വേണ്ടി ചെയ്യാവുന്നത്ര ചെയ്യുക എന്നതാണ് നിന്‍റെ ജോലി. അത് മാത്രം ചെയ്താൽ എത്രയോ കുഞ്ഞുങ്ങളെ നിനക്ക് ജീവിതത്തിലേക്ക് കൊണ്ടു വരാൻ സാധിക്കും. തളരരുത്.”

ഇതെന്റെ മാത്രം കഥയല്ല. മനുഷ്യരായ എല്ലാ ഡോക്ടർമാരുടെയും അവസ്ഥയാണ്. അറിഞ്ഞു കൊണ്ട് ഒരു കുഞ്ഞിനേയും ഒരു ഡോക്ടർ മരണത്തിന് വിട്ടുകൊടുക്കില്ല.

പറഞ്ഞു വന്നത് ഡോക്ടർ അനൂപിന്റെ മരണമാണ്. വെറും 34 വയസ്സുള്ള മിടുക്കനായ എല്ലു ഡോക്ടർ. കാലിന് വളവ് ആയി ഒരു കുട്ടിയെ രക്ഷിതാക്കൾ കൊണ്ടു വരുന്നു.

വളവ് ശെരിയാക്കാനുള്ള ശസ്ത്രക്രിയയിൽ നിന്ന് പല ഡോക്ടർമാരും പിന്മാറിയിരുന്നു. കുഞ്ഞിന് ജന്മനാ ഹൃദയതകരാറുള്ളതായിരുന്നു കാരണമെന്ന് കേൾക്കുന്നു. അതുകൊണ്ട് തന്നെ അനസ്‌തേഷ്യ കൊടുക്കുമ്പോഴുള്ള അപകടം മുന്നിൽ കണ്ടത് കൊണ്ടാകാം അവർ അതിൽ നിന്ന് പിന്നോട്ട് പോയത്. എന്നാൽ ഡോക്ടർ അനൂപ് ആ വെല്ലുവിളി ഏറ്റെടുത്തു. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത് എന്നും കേട്ടു. എങ്ങിനെയെങ്കിലും ആ കുട്ടി കാല് നിവർത്തി നന്നായി നടന്നു തുടങ്ങണം എന്ന് മാത്രമായിരുന്നിരിക്കണം ഡോക്ടർ അനൂപിന്റെ മനസ്സിൽ! സ്വാഭാവികമായും മയക്കം കൊടുക്കുമ്പോഴുള്ള അപകട സാധ്യതയെ കുറിച്ച് കുടുംബത്തെ ബോധ്യപെടുത്തിയിട്ടുമുണ്ടാകണം. ധൗർഭാഗ്യവശാൽ കുട്ടിക്ക് ഭയപ്പെട്ടിരുന്ന ഹൃദയസ്തംഭനം സംഭവിക്കുന്നു. വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആ കുരുന്ന് മരണത്തിന് കീഴടങ്ങുന്നു.

അതിന് ശേഷം നടന്ന കോലാഹലങ്ങൾ നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം. മാധ്യമവിചാരണ! പിടിച്ചു നില്ക്കാൻ പറ്റിയിട്ടുണ്ടാവില്ല ഡോക്ടർ അനൂപിന്! എത്രയോ കാലത്തെ അധ്വാനം പലരും നിമിഷനേരം കൊണ്ട് തച്ചുടക്കുന്നത് കണ്ടുനിൽക്കാനായിട്ടുണ്ടാകില്ല! തന്നെ കൊലയാളി എന്ന് വിളിച്ചത് കേട്ടു നിൽക്കാനായിട്ടുണ്ടാകില്ല!

ആ നിമിഷം അദ്ദേഹത്തിന് തോന്നിയിരിക്കാം മരണമാണ് അതിലും ഭേദമെന്ന്!

ഡോക്ടർ അനൂപ്, താങ്കളുടെ അത്ര ആത്മാർത്ഥത ഈ ലോകം അർഹിക്കുന്നില്ല! വിട…

അയാളും ഞാനും തമ്മിൽ എന്ന സിനിമ നിങ്ങൾ ഓർക്കുന്നോ?! സമാനമായ സന്ദർഭം ചർച്ച ചെയ്ത ആ സിനിമയിൽ വന്ന പോലെ സാക്ഷി പറയാൻ എപ്പോഴും ദൈവദൂതരായി ആരും ഞങ്ങൾക്ക് വേണ്ടി വന്നെന്നു വരില്ല!

വന്നാൽ തന്നെ, അത് വരെ നാം ക്രൂശിച്ചവർ
കാത്തു നിന്നെന്നും വരില്ല!

ഡോക്ടർ അനൂപിനെ പോലെ!

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x