Social

കിരൺ തോമസ് മോഡൽ ‘നിരീക്ഷകർ’ ; സംഘികൾ വിലക്കെടുത്ത ക്രിസ്തൃൻ അവതാരങ്ങൾ

പ്രതികരണം/പ്രമോദ് പുഴങ്കര

എങ്ങനെയാണ് മതവർഗീയതയുടെ കൃസ്ത്യൻ രൂപാന്തരം അതിന്റെ ഉപരി/മധ്യവർഗ കൈക്കാരന്മാരിലൂടെ കേരളത്തിൽ പ്രകടമാകുന്നത്?

അതിൻ്റെ ഭീഷണമായ സ്വരമായിരുന്നു വലതുപക്ഷ നിരീക്ഷകനെന്നു സ്വയം വിളിക്കുന്ന കിരൺ തോമസിന്റെ ഹിംസാത്മകവും വർഗീയവിഷം തുപ്പുന്നതുമായ കുറിപ്പുകളിലൂടെയും സംവാദ മറുപടികളിലൂടെയും നമ്മൾ കണ്ടത്.

അത്തരമൊരു ചർച്ച തുടങ്ങിയ സ്ഥിതിക്ക് അതിന്റെ യുക്തിസഹമായ ചട്ടക്കൂടിൽ അതുയർത്തുന്ന മൂന്നു പ്രശ്നങ്ങൾക്കൂടി മുന്നോട്ടുവെക്കേണ്ടതുണ്ട്.

 1. ഞങ്ങൾ-നിങ്ങൾ എന്ന ദ്വന്തത്തിൽ നിന്നുകൊണ്ട് മുസ്ലീങ്ങളോട് സംസാരിക്കുന്ന (ഞങ്ങളുടെ -കൃസ്ത്യാനികളുടെ- നെഞ്ചത്ത് കയറാൻ വരണ്ട തുടങ്ങി നിരവധി….മുൻ കുറിപ്പുകളിലുള്ളത് ആവർത്തിക്കുന്നില്ല).

  കിരൺ തോമസിനെപ്പോലെ, പ്രകടമായി കൃസ്ത്യൻ മതവർഗീയതയും മുസ്‌ലിം മതവിദ്വേഷവും പ്രകടിപ്പിക്കുന്ന ഒരാളെ എങ്ങനെയാണ് മതേതര, പുരോഗമന രാഷ്ട്രീയവും സാമൂഹ്യബോധവുമുള്ളവർക്കും, ഇടതുപക്ഷ രാഷ്ട്രീയമുള്ളവർക്കും തങ്ങൾക്കു സ്വീകാര്യനായ, തങ്ങളുടെ സൗഹൃദ വലയത്തിനുള്ളിലെ ഒരാളായി കാണാൻ കഴിയുന്നത്?

  അയാളുടെ സാമൂഹ്യ മാധ്യമ ഇടപെടലുകളെ തങ്ങളുടെ അഭിപ്രായങ്ങളാലും വേദികളാലും സംപുഷ്ടമാക്കുന്നവർ, ഇത്തരത്തിൽ ജീർണ്ണവും പിന്തിരിപ്പനുമായ വർഗീയ നിലപാടുള്ളവരെ പൊതുവിടങ്ങളിൽ സാധൂകരിക്കുകയാണ്.

അതായത്, മുസ്ലീങ്ങളുടെ കഴുത്തിൽ ടയർ കെട്ടി കത്തിക്കണമെന്നു പറഞ്ഞ ഹിന്ദുത്വ ഭീകരവാദി വാര്യരെ എനിക്ക് ഒരു കാരണവശാലും സുഹൃത്തായി കാണാൻ കഴിയില്ല. അത്തരത്തിലൊരാളെ ഒരു പൊതുവിടത്തിൽ ഏതെങ്കിലും തരത്തിൽ endorse ചെയ്യുന്നത് അത്തരം അഭിപ്രായ പ്രകടനങ്ങൾക്കുള്ള അയാളുടെ സാമൂഹ്യാധികാരത്തെ സ്ഥാപിച്ചുകൊടുക്കുന്നതിനു തുല്യമാണ്.

എത്ര പ്രകോപിപ്പിച്ചാലും മതേതര സാമൂഹ്യബോധമുള്ള ഒരാൾ മറ്റൊരാളെ അയാളുടെ മതത്തിന്റെ പേരിൽ ആക്രമിക്കുകയോ തന്റെ മതത്തിന്റെ പ്രതീകമായി മാറുകയോ ചെയ്യുന്നില്ല.

അങ്ങനെയൊരു സാധ്യത മാത്രമല്ല, അത് പരസ്യമായി ചെയ്യുക കൂടി ചെയ്തൊരാളോട് അത്തരത്തിലൊരു കാര്യമേ നടന്നിട്ടില്ല എന്ന മട്ടിൽ തുടർന്നും ഇടപഴകുന്ന, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ സാമാന്യമായ ധാരണയും സാന്നിധ്യവുമുള്ള മനുഷ്യർ അവരുടെ രാഷ്ട്രീയബോധത്തോടോ അല്ലെങ്കിൽ തങ്ങൾ പറയുന്ന രാഷ്ട്രീയത്തോടോ നീതി പുലർത്തുന്നില്ല എന്നുതന്നെ പറയേണ്ടി വരും.

ഒരു കിരൺ തോമസ് കുറിപ്പിലെ ഉദാഹരണം കൂടി തരാം;

” പഠിക്കാനായി കോളേജിലേക്ക് അയക്കുന്ന നിങ്ങളുടെ കുട്ടികളെ മതപരിവർത്തനം ചെയ്യാനും, വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയി ട്രാഫിക് ചെയ്യാനും, അവരുടെ വിവാഹം ഓൺലൈൻ പോർട്ടൽ വഴി നടത്തിക്കൊടുക്കാനും, അതിനു നേരെ നിങ്ങൾ ഉന്നയിക്കുന്ന ചെറിയ പരാതി പോലും വ്യാജ സത്യവാങ്ങുകൾ കൊടുപ്പിച്ച് നിയമപരമായി നേരിടാനുമൊക്കെ തീവ്രവാദസ്വഭാവമുള്ള സംഘടനകൾ സജ്ജമായി ഇരിപ്പുണ്ട്.

” 18 വയസു കഴിഞ്ഞ നിങ്ങളുടെ മക്കൾ ഈ ട്രാപ്പിൽ വീണാൽ അവർ തീവ്ര മതവാദികൾ ആകുകയും തീവ്രവാദി സ്വഭാവമുള്ള ആളെക്കൊണ്ട് തീവ്രസ്വഭാവമുള്ള സംഘടനയുടെ നേതാക്കൾ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നത് കാണേണ്ടി വരികയും ചെയ്യും…”

എത്ര വിവാഹങ്ങൾ ഇത്തരത്തിൽ കേരളത്തിൽ നടന്നിട്ടുണ്ട്? ഇത്തരത്തിലൊരു സംവിധാനം കേരളത്തിൽ നിലവിലുണ്ടോ? ഒന്നുമില്ല. എന്നിട്ടും data ഇല്ലാതെ ശ്വാസം വിടാത്ത ടിയാനൊക്കെ ഇത് പറയുന്നത് സ്വാഭാവികമായി കേട്ടിരിക്കുന്നത് നിങ്ങളൊരു മതേതര രാഷ്ട്രീയത്തിനും സമൂഹത്തിനും വേണ്ടി നിലകൊള്ളുന്നയാളാണെങ്കിൽ സംശയം വേണ്ട, തെറ്റാണ്.

തീർന്നില്ല, ഇക്കാര്യത്തിൽ ഭരണഘടന ഉപയോഗിച്ച് എങ്ങനെ ഇതിനെ നേരിടാം എന്നതിന് കിരൺ തോമസ് കൊടുക്കുന്ന ഉപദേശങ്ങളിലൊന്ന് നോക്കൂ:

“…ചെറുപ്പത്തിലേ നിങ്ങളുടെ മതം മാത്രമാണ് നല്ലതെന്നും ബാക്കി ഒക്കെ മോശമാണെന്നും പഠിപ്പിക്കുന്നതിൽ നിന്ന് ഭരണഘടന നിങ്ങളെ തടയുന്നില്ല. മറ്റു മതങ്ങളിലെ മാത്രം മണ്ടത്തരങ്ങളും ലോജിക് ഇല്ലായ്മയും മക്കളെ പഠി(പ്പി)ക്കുന്നതിൽ നിന്നും ഭരണഘടന നിങ്ങളെ തടയുന്നില്ല…”

ഒരു മതവർഗീയവാദിയുടെ ആക്രോശങ്ങൾക്ക് ഇതിലും കൃത്യമായ മാതൃകകളില്ല. സംഘപരിവാറുമായി കൈകോർക്കുന്ന കൃസ്ത്യൻ വർഗീയതയുടെ ഭാഷ എത്ര കൃത്യമായാണ് ആ അച്ചുകൂടത്തിൽ നിന്നും പുറത്തുവരുന്നത് എന്ന് നോക്കൂ.

മുസ്ലീങ്ങളെ അപരിഷ്‌കൃതരെന്നും സ്വന്തം കയ്യിലിരിപ്പുകൊണ്ട് പിന്നാക്കാവസ്ഥയിലായവരെന്നും ഒക്കെ ആക്ഷേപിക്കുന്ന ഒരു വർഗീയ വാദിയുടെ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ ഇനിയും നിങ്ങൾ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം കളിചിരികളുമായി കയറിപ്പൊലിപ്പിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അന്യമതസ്ഥരെ കൊന്നാൽ സ്വർഗം കിട്ടുമെന്ന് പറയുന്ന, മുസ്‌ലിം സ്ത്രീകൾ കുട്ടികളെ ഉണ്ടാക്കുന്ന പണി മാത്രമെടുക്കുന്ന പേറ്റുയന്ത്രങ്ങളാണ് എന്നാക്ഷേപിക്കുന്ന, ഗോധ്രയുടെ തിരിച്ചടിയാണ് ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം എന്ന് പറയുന്ന, വിവിധ തരം മതവർഗീയവാദികളുമായി അഭിപ്രായ ഭിന്നതകളോടെ സൗഹൃദം സാധ്യമാകുന്ന ഒരാളാണ് നിങ്ങളെന്നാണ്.

അങ്ങനെ സാധ്യമാക്കാൻ പാടില്ലാത്ത ഒന്നാണ് മതേതര സാമൂഹ്യ ബോധം എന്ന് ഞാൻ കരുതുന്നു. അങ്ങനെ കരുതുന്ന രാഷ്ട്രീയ മൂല്യ ബോധമുള്ളവർ നിങ്ങളെ വിധിക്കുക തന്നെ ചെയ്യും. അതൊരു രാഷ്ട്രീയ പ്രവർത്തനമാണ്.

 1. Political islam വരച്ച വരയിലൂടെ ഇടതുപക്ഷം നടക്കില്ല എന്ന മട്ടിൽ ഇപ്പറഞ്ഞ വലതുപക്ഷ നിരീക്ഷകന് പിന്തുണയുമായെത്തിയ ചിലരുണ്ട്. അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന മട്ടിലൊരു പറച്ചിലാണത്. Political islam -നോട് ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റുകാർക്കും വർഗരാഷ്ട്രീയത്തിന്റെ സാമൂഹ്യവീക്ഷണം ഉള്ളവർക്കും കടുത്ത വിയോജിപ്പും എതിർപ്പുമാണുള്ളത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഞാനും അത് നിരന്തരം എഴുതുകയും പറയുകയും ചെയ്യുന്ന ആളാണ്.

  എന്നാൽ മുസ്ലീമും Political Islam -ഉം ഒന്നല്ല. ഇസ്‌ലാമിക മതവിശ്വാസം പുലർത്തുകയും തന്റെ ജീവിതത്തിൽ അത് കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു മുസ്ലീമിനോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരെതിർപ്പുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി മതവിശ്വാസത്തെ വ്യക്തിപരമായ പിഴവോ കുറവോ ആയല്ല കാണുന്നത്. മതവിശ്വാസവുമായി ബന്ധപ്പെട്ട കേവല യുക്തിവാദത്തിൽ നിന്നും മാർക്സിസ്റ്റ് വിശകലനം വ്യത്യസ്തമാകുന്നതും അങ്ങനെയാണ്.

Political-economy യുടെ ഭാഗമായാണ് മതത്തെ കാണേണ്ടത്. മനുഷ്യസമൂഹത്തിന്റെ നൂറ്റാണ്ടുകളായുള്ള യാത്രയിലെ ഒരു പ്രബല ഘടകമായാണ് മതങ്ങളെ കാണേണ്ടത്. അധികാരവും മതവും തമ്മിലുള്ള ബന്ധമാണ് പരിശോധിക്കേണ്ടത്. അപ്പോഴൊക്കെയും വ്യക്തിപരമായി ആളുകൾ ദൈവ/മത വിശ്വാസികളായി ജീവിക്കുന്നതൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് നേരിട്ട് എതിർത്തു തോൽപ്പിക്കേണ്ട ഒരു സംഗതിയേയല്ല.

അതുകൊണ്ട് മുസ്‌ലിം വിരുദ്ധ വർഗീയ വാദങ്ങളെ political islam -നോടുള്ള എതിർപ്പാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അപഹാസ്യമാണ്. ജമാഅത്ത് ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും ഒക്കെയടങ്ങുന്ന കേരളത്തിലെ Political Islam ധാരയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുമ്പോഴും ഒരാൾക്ക് മുസ്ലീമായി ജീവിക്കാനും വിവേചനവും ഭീതിയും കൂടാതെ തന്റെ മതവിശ്വാസത്തെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കമ്മ്യൂണിസ്റ്റുകാർ ഏതറ്റം വരെയും പോരാടും.

അതുകൊണ്ട് കിരൺ തോമസിനെപ്പോലൊരു കൃസ്ത്യൻ വർഗീയവാദിയെ തൈലം പൂശി വിശുദ്ധനാക്കാൻ ഇടതുപക്ഷമാണ് തങ്ങളെന്ന് കരുതുന്ന ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിലേറെ കമ്മ്യൂണിസ്റ്റ് പാർട്ടി വിരുദ്ധമായ ഒരു നിലപാടില്ല.

 1. എന്തുകൊണ്ടാണ് വലതുപക്ഷ നിരീക്ഷകന് വേണ്ടി ഇടതുപക്ഷത്തെന്നു കരുതുന്ന പലരും ഇത്ര വേവലാതിപ്പെടുന്നത്? വലതുപക്ഷമാണ് നിൽക്കാൻ സുഖമുള്ള പക്ഷം എന്നതുകൊണ്ടാണത്.

  ഒരു മുതലാളിത്ത സമൂഹത്തിന്റെ രീതികൾക്കനുസരിച്ച് അഭിപ്രായം പറയുകയും മുന്നോട്ടുപോവുകയും ചെയ്‌താൽ മതി. അതായത് ഒരു കമ്പനിയുടെ മാനേജ്‌മന്റ് പോലെയുള്ള വെല്ലുവിളികളെ നേരിടേണ്ടി വരുന്നുള്ളു.

  ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞാൽ-അഥവാ വലതു നിരീക്ഷകന്റെ പുച്ഛം നിറഞ്ഞ വിശേഷണം കടമെടുത്താൽ, ‘യഥാർത്ഥ ഇടതായാൽ’- നിങ്ങൾക്ക് ഈ വ്യവസ്ഥയെ കേവലമായ ലാഭനഷ്ടക്കണക്കുകൾക്കപ്പുറത്ത് കാണേണ്ടി വരും. രാഷ്ട്രീയ ബോധത്തെ നിരന്തരം നവീകരിക്കേണ്ടിവരും. പ്രബലമായ ചിന്താപദ്ധതികളുമായി ഏറ്റുമുട്ടേണ്ടി വരും. നിങ്ങൾ വ്യവസ്ഥയെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.

  സംവാദങ്ങളിൽ ജനാധിപത്യ ബോധം പുലർത്തേണ്ടി വരും. വർഗീയവാദികളുടെ സൗഹൃദങ്ങളുടെ അത്താഴവിരുന്നുകൾ നിരസിക്കേണ്ടിവരും. മഹാഭൂരിപക്ഷം വരുന്ന അടിച്ചമർത്തപ്പെട്ട ജനതയെക്കുറിച്ച് സംസാരിക്കേണ്ടി വരും, അതൊക്കെ ഏതോ വിദൂര ഭൂതകാലത്തിൽ ഉപേക്ഷിച്ച കളിപ്പാട്ടങ്ങളാണെന്ന അപഹാസത്തെ നേരിടേണ്ടിവരും.

  അപ്പോൾ സുഖം വലതുപക്ഷ നിരീക്ഷകന്റെ ഇടതുപക്ഷ ചങ്ങാതികളായി കാറ്റാടിയന്ത്രങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്.

കേരളീയ സമൂഹത്തിന്റെ മതേതര ഘടനയെ ദുർബ്ബലപ്പെടുത്താനും തകർക്കാനും ശബരിമല സമരക്കാലത്തടക്കം നടന്ന നിരവധി ശ്രമങ്ങളെ നാം പരിക്കുകളോടെയാണെങ്കിലും അതിജീവിച്ചിട്ടുണ്ട്. കേരളം ഉണ്ടായ കാലത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിമോചന സമരത്തേയും അതിജീവിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലടക്കം പൊതുമേഖലാ സംവിധാനങ്ങളുടെ പ്രസക്തി കേരളം വീണ്ടും ഉയർത്തുകയാണ്. അത്തരമൊരു രാഷ്ട്രീയത്തിന്റെ നേരെ എതിർപക്ഷത്തുള്ള രാഷ്ട്രീയാക്രമണങ്ങളെ ചെറുക്കുകയാണ് വേണ്ടത്.

അതുകൊണ്ട് കടുത്ത തെരഞ്ഞെടുപ്പുകളും കർക്കശമായ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകളും വേണ്ടിടത്ത് നിങ്ങളെന്തു ചെയ്യുന്നു എന്നത് പ്രധാനം തന്നെയാണ്.

കെട്ട കാലത്ത് നിങ്ങളെന്തു ചെയ്യുന്നു എന്നത് നിങ്ങളെ നിശ്ചയിക്കും. അതിനപ്പുറം ഒരു വ്യക്തിത്വം നിങ്ങൾക്കുണ്ടാകണം എന്നത് അതിമോഹമാണ്.

Brief: Sangh Parivar instigated Clubhouse debate strains Muslim-Christian ties further in Kerala

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x