FeatureHealth

ആസ്ബസ്റ്റോസ് ഉപയോഗം ഇനിയും നിരോധിക്കാതെ ഇന്ത്യ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

വനാവരണം കൂടിയോ കുറഞ്ഞോ, ഹരിതഗൃഹവാതകം പുറന്തള്ളണോ വികസനം വേണോ എന്നൊക്കെയുള്ള ചർച്ചകൾക്കിടയിൽ നമ്മൾ കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആയ, ജനങ്ങളുടെ ആരോഗ്യത്തെ പ്രത്യക്ഷമായി ബാധിക്കുന്ന ഒരു ഗുരുതര വിഷയമാണ് ആസ്ബസ്റ്റോസ്.

രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്ന പാശ്ചാത്യരാജ്യങ്ങളിൽ വ്യവസായങ്ങളും കെട്ടിടങ്ങളും മറ്റു ഇൻഫ്രാസ്ട്രക്ച്ചർ സൗകര്യങ്ങളും ത്വരിതഗതിയിൽ ഉണ്ടാക്കേണ്ടി വന്നപ്പോൾ ഉണ്ടായ പരിഹാരമാണ് ആസ്ബസ്റ്റോസ്.

ഭാരക്കുറവ്, പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്നത്, ചുമരുകളും മേൽക്കൂരകളും ഇൻസുലേഷനും അങ്ങനെ എന്തിനും ഏതിനും ഉപയുക്തമായ ഒരു വസ്തു. കപ്പൽ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ആസ്ബസ്റ്റോസ് ആയിരുന്നു.

അതിന്റെ അപകടങ്ങളെപ്പറ്റി അറിവില്ലാതിരുന്ന ആ കാലത്ത് ജോലിക്കാർ പ്രത്യേക മുൻകരുതലുകളൊന്നും ഇല്ലാതെയാണ് ഈ വസ്തു മുറിക്കുകയും കൂട്ടിയോജിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലാണ് ആസ്ബസ്റ്റോസ് എന്ന ഭീകരനെപ്പറ്റി വൈദ്യശാസ്ത്രം മനസിലാക്കുന്നത്. ഈ വസ്തു കൈകാര്യം ചെയ്തിരുന്ന തൊഴിലാളികളിൽ ആസ്ബസ്റ്റോസിസ് (ശ്വാസകോശത്തിന്റെ ആവരണമായ പ്ലൂറ കട്ടിയാകൽ, ശ്വാസക്കുഴലുകൾക്ക് തകരാർ (pneumoconisois), ശ്വാസകോശത്തിന്റെ ബാധിക്കുന്ന മീസോതീലിയോമ എന്നൊരു കാൻസർ ഇത്രയും ചേർന്നതോ അല്ലെങ്കിൽ വെവ്വേറെയായിട്ടോ ഉണ്ടാകുന്ന അവസ്ഥ) കണ്ടുവരുന്നതായി ശക്തമായ തെളിവുകൾ കിട്ടി.

എക്സ്പോഷർ ഉണ്ടായിക്കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടാവും പലരിലും കാൻസർ ഉണ്ടാകുന്നത്.

ഇതേ തുടർന്ന് 70 രാജ്യങ്ങളിൽ ആസ്ബെസ്റ്റോസിന്റെ ഉപയോഗം നിരോധിക്കുകയും മറ്റു പല രാജ്യങ്ങളും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ആസ്ബസ്റ്റോസ് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളും മറ്റും പൊളിക്കുന്ന സമയത്ത് അതിനും ചുറ്റും ഒരു ആവരണം ഉണ്ടാക്കി, അതിൽ നിന്നുള്ള വായു പുറത്തേക്ക് പോകാതെ സൂക്ഷിച്ചു, തൊഴിലാളികൾ പ്രത്യേക സുരക്ഷാ ഉപകരണങ്ങളോടെ മാത്രം ചെയ്യുന്നു.

ആസ്ബസ്റ്റോസ് ഡിമോളിഷൻ ചെയ്യാൻ പ്രത്യേക പരിശീലനവും ലൈസൻസും ഉള്ള കമ്പനികൾ മാത്രമേ പാടുള്ളൂ എന്ന നിയമമുണ്ട്.

2004 ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം ഓരോ വർഷവും രണ്ടായിരം പേർ ബ്രിട്ടനിൽ ആസ്ബെസ്റ്റോസിസ് രോഗങ്ങൾ കാരണം മരണപ്പെടുന്നു (ആസ്ബസ്റ്റോസ് എക്സ്പോഷർ ഉണ്ടായി നിരവധി വർഷങ്ങൾ കഴിഞ്ഞാണ് പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്).

ജോലിയിൽ നിന്ന് റിട്ടയർ ആയി വർഷങ്ങൾ കഴിഞ്ഞാവും പലരും രോഗബാധിതരാകുന്നത്.

പുതുതായി രോഗബാധിതരാകുന്ന ഒരാൾക്ക് ചികിത്സയ്ക്കായി NHS ഏകദേശം 60,000 പൗണ്ട് ചെലവാക്കുന്നു. വർഷത്തിൽ 5000 പേരോളം രോഗത്തിനടിമപ്പെടുന്നു എന്നാണ് കണക്ക്. ഇതിൻ പ്രകാരം ചികിത്സയ്ക്ക് വാർഷിക ചെലവ് 300 മില്യൺ പൗണ്ട് (മുപ്പതിനായിരം കോടി രൂപ).

മെഡിക്കൽ ട്രീട്മെന്റിൽ ഉള്ള പുരോഗതികൾ കാരണം കൂടുതൽ രോഗികൾ കൂടുതൽ നാൾ ജീവിക്കുന്നു, അത് കൊണ്ട് തന്നെ ഈ ചെലവ് ഭാവിയിൽ ഉയരാൻ സാധ്യത. ചികിത്സ, രോഗികളുടെ കെയർ, സിക്ക്നെസ് ആബ്സൻസ്, ബെനിഫിറ്റ് പേയ്‌മെന്റുകൾ തുടങ്ങിയവ മൊത്തം കണക്കിലെടുത്താൽ 970 മില്യൺ പൗണ്ടാണ് യുകെ ഇക്കോണമിക്ക് ഓരോ വർഷവും ഇത് മൂലമുള്ള ചെലവ്.

ബ്രിട്ടനിൽ ആസ്ബെസ്റ്റോസിസ് ഉണ്ടായ ആൾക്കാർക്ക് സർക്കാരും എംപ്ലോയറുടെ ഇൻഷുറൻസ് കമ്പനികളും നഷ്ടപരിഹാരം നൽകുന്നുണ്ട്. ഒരാൾക്ക് ആവറേജ് 134,000 പൗണ്ട് (ഏകദേശം ഒരു കോടി 35 ലക്ഷം രൂപ) ആണ് നഷ്ടപരിഹാരം. ഇത് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലഭിക്കും. 2024 വരെ ഏകദേശം 600 മില്യൺ പൗണ്ട് (ഏകദേശം അറുപതിനായിരം കോടി രൂപ) ഇത്തരത്തിൽ ചെലവാക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയിൽ ഇപ്പോഴും ആസ്ബസ്റ്റോസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്‌കൂളുകളും പണിശാലകളും ഫാക്ടറികളും ഫ്ലാറ്റുകൾ പോലുള്ള നിർമ്മിതികളിലും (ഫ്‌ളാറ്റുകളുടെ ഉള്ളിലെ സ്റ്റഡ് ഭിത്തികൾ ഉണ്ടാക്കാൻ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാറുണ്ട്) തുടങ്ങി നമ്മുടെ നിത്യജീവിതത്തിൽ ഇടപെടുന്ന ഒരു വിധമെല്ലാ നിർമ്മാണങ്ങളിലും ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നുണ്ട്.

ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടിക്കുമ്പോഴും മുറിക്കുമ്പോഴുമെല്ലാം അതിന്റെ ഫൈബറുകൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നുണ്ട്.

ഈ പണികൾ ചെയ്യുന്ന തൊഴിലാളികളും അതിന്റെ സമീപങ്ങളിലുള്ളവരും ആരും യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്.

ഇതിനു പുറമെ ആസ്ബസ്റ്റോസ് ഉപയോഗിച്ചിട്ടുള്ള പഴയ നിർമ്മാണങ്ങൾ പൊളിക്കുമ്പോഴും യാതൊരു മുൻകരുതലുകളും എടുക്കാറില്ല.

മരടിൽ പൊളിച്ചുകളഞ്ഞ ഫ്ലാറ്റുകളിൽ ആസ്ബസ്റ്റോസ് ഉണ്ടായിരുന്നോയെന്നു പോലും നമുക്കറിയില്ല. ഉണ്ടായിരുന്നുവെങ്കിൽ അവ തകർന്നപ്പോഴുണ്ടായ പൊടിപടലങ്ങളിൽ എത്ര കിലോമീറ്റർ ദൂരത്തേക്ക് ഇവ വ്യാപിച്ചിട്ടുണ്ടാകാം എന്നോർക്കുക. വഴിവക്കിലും മറ്റും പൊട്ടിച്ചിട്ടേക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ നാട്ടിലെമ്പാടും കാണാം.

ഇന്ത്യ ഒരു വർഷം മൂന്ന് ലക്ഷത്തി അറുപതിനായിരം ടൺ ആസ്ബസ്റ്റോസ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഏകദേശം ആയിരം ടണ്ണോളം കയറ്റുമതിയും ചെയ്യുന്നു. ഇന്ത്യയിൽ ആസ്ബസ്റ്റോസ് നിരോധിക്കാൻ ഉള്ള ശ്രമങ്ങൾ വിജയിക്കാതിരിക്കാനുള്ള കാരണങ്ങളിൽ പ്രധാനം ബിൽഡേഴ്‌സ് അടക്കമുള്ള ആസ്ബസ്റ്റോസ് ലോബിയുടെ സ്വാധീനമാണെന്ന് പറയപ്പെടുന്നു.

Kunjaali Kutty

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x