മണിപ്പൂർ വംശഹത്യ; രാജ്യം അപമാനിക്കപ്പെടുന്നു – ഐ എസ് എം – എം ജി എം പ്രതിഷേധ സംഗമം
കോഴിക്കോട്: മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ലൈംഗിക പീഢനങ്ങളും രാഷ്ട്രീയ ഭീകരതയുടെ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും അടിയന്തിരമായി സമാധാനം പുനസ്ഥാപിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
കോഴിക്കോട് ടൗണിൽ ഐ എസ് എം – എം ജി എം സംസ്ഥാന സമിതി സംയുക്തമായി പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.
മണിപ്പൂരിൽ നടക്കുന്ന വംശഹത്യയിൽ മൗനം നടിക്കുന്ന ഭരണകൂട നിലപാട് പ്രതിഷേധാർഹമാണ്. പൗരന്മാരുടെ ജീവനും അഭിമാനവും സംരക്ഷിക്കേണ്ട പ്രാഥമിക ബാധ്യത ഭരണകൂടത്തിനുണ്ട്. സ്ത്രീകൾക്ക് നെരെ നടക്കുന്ന നെറികേടുകൾ അത്യന്തം ഭീകരമാണ്.
അക്രമികളെ അഴിഞ്ഞാടാൻ അനുവദിക്കുന്നതും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതും ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണ്. സ്വാഭാവിക ജീവിതം തിരിച്ചുകൊണ്ടുവരാനും ഇരകളെ പുനരധിവസിപ്പിക്കാനും അടിയന്തിര പദ്ധതി ആവിഷ്കരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ ഐ പി അബ്ദുൽ സലാം ഉല്‍ഘാടനം നിര്‍വ്വഹിച്ച പ്രതിഷേധ സംഗമത്തില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.
കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ഭാരവാഹികളായ അഡ്വ മുഹമ്മദ് ഹനീഫ, ഡോ അനസ് കടലുണ്ടി, ബി പി എ ഗഫൂർ, എം ജി എം സംസ്ഥാന ഭാരവാഹികളായ മറിയക്കുട്ടി സുല്ലമിയ്യ, റുക്സാന വാഴക്കാട് , പാത്തെയ്ക്കുട്ടി ടീച്ചര്‍ , ഐ എസ് എം സംസ്ഥാന സെക്രട്ടറി റഫീഖ് നല്ലളം തുടങ്ങിയവർ സംസാരിച്ചു.
പാളയത്ത് നിന്നാരംഭിച്ചു കിഡ്സൺ കോർണറിൽ സമാപിച്ച പ്രതിഷേധ റാലിക്ക് റാഫി കുന്നുംപുറം, ഷാനവാസ് പേരാമ്പ്ര, ജിസാർ ഇട്ടോളി, ഷാനവാസ് ചാലിയം, ഫാദിൽ കോഴിക്കോട്, ലത്തീഫ് മംഗലശ്ശേരി, ഫാസിൽ ആലുക്കൽ, അദീബ് പൂനൂര്‍ തുടങ്ങിയവർ നേതൃത്വം നൽകി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS