CareerEducation

വെല്ലുവിളികൾ അവസരങ്ങൾക്ക് വഴിമാറട്ടെ

പി.ടി ഫിറോസ്

കോവിഡാനാന്തര ലോകത്ത് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങൾക്കായി സമൂലമായി ഒരുങ്ങേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ-കരിയർ രംഗത്ത് സംഭവിക്കാൻ സാധ്യതയുള്ള വലിയ മാറ്റങ്ങളെ ഉൾക്കൊണ്ട് കോഴ്‌സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുക്കുന്നതിൽ ജാഗ്രത പുലർത്തിയാൽ പുതു കാലത്തെ വെല്ലുവിളികൾ അവസരങ്ങളാക്കി മാറ്റാനാവും. കേവലം യോഗ്യതകൾ നേടുന്നതിനപ്പുറം ജോലി മേഖലകളിൽ മത്സരത്തെ അതിജീവിക്കുവാൻ സാധിക്കണമെങ്കിൽ നൈപുണ്യ വികസനം അനിവാര്യമായും ഉണ്ടാവേണ്ടതുണ്ട്. അർഹതയുള്ളവരുടെ അതിജീവനം എന്ന പ്രകൃതി നിയമം അനുസരിച്ച് കഴിവുകളെയും നൈപുണ്യങ്ങളെയും കാഴ്‌ചപ്പാടുകളെയും നിരന്തരം പുതുക്കി മാറ്റങ്ങളുടെ മുന്നിൽ നടക്കുക എന്നതാവും കരണീയം.

ഏതെങ്കിലും കോഴ്സ് എടുത്ത് അതിൽ മാത്രം പൂർണ്ണമായും ശ്രദ്ധപതിപ്പിച്ച് മുന്നോട്ട് പോകുക എന്നതിനപ്പുറം കരിയറിനെ സമഗ്രമായി കണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. ഏതെങ്കിലും ഒരു കോഴ്സ് തിരഞ്ഞെടുക്കുകയും ജീവിതാവസാനം വരെ അതിൽ തുടരുകയും ചെയ്യുന്ന സാമ്പ്രദായിക രീതികൾക്ക് വിരാമമാവുകയാണ്. വിവിധ വിഷയങ്ങളിലെ സംയോജിത കരിയറിന്റെ കാലമാണ് വരാനിരിക്കുന്നത് .പല വിഷയങ്ങളിൽ അവഗാഹം നേടുന്നത് വഴി പുതിയൊരു തൊഴിൽ രീതി ശാസ്ത്രം വളർത്തിക്കൊണ്ട് വരികയും ചെയ്യാനാവുന്നതിന്റെ സാധ്യതകളാണ് ഉയർന്നു വരുന്നത്.

സാമ്പത്തിക ചിലവ് കുറക്കുന്നതിന്റെ ഭാഗമായി വിവിധ തൊഴിലുകൾ കുറഞ്ഞ സമയം കൊണ്ട് ചെയ്ത തീർക്കുന്ന ആളുകളെ കമ്പനികൾ തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നൂതനമായ അറിവുകളും ശേഷികളും കൊണ്ട് ശാക്തീകരിക്കപ്പെടുന്ന പ്രൊഫഷണലുകളെ ആയിരിക്കും പുതിയ കാലത്ത് ആവശ്യമായി വരുന്നത്. വിവിധ വിഷയങ്ങൾ സമന്വയിപ്പിക്കാനും വ്യത്യസ്ത പരിതഃസ്ഥിതികളോട് എളുപ്പത്തിൽ ഇണങ്ങിച്ചേരാനുമുള്ള സാഹചര്യത്തെ സൃഷ്ടിക്കുക എന്നതും വളരെ പ്രധാനമാണ്.

കോവിഡാനന്തരം കരിയർ സമവാക്യങ്ങളിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാവുമെന്നത് തീർച്ചയാണ്. വലിയ സാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ട്രാവൽ ആൻഡ് ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ മേഖലകളിൽ ജോലി സാധ്യതകൾക് കുറവ് താൽക്കാലികമായി അനുഭവപ്പെടുമെന്നും മറ്റു പല മേഖലകളിൽ കാര്യമായ സാധ്യതകൾ ഉയർന്നു വരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാധ്യതക്കുറവ് സ്ഥിരമായ ഒരു പ്രതിഭാസമാകില്ല എന്നും കുറഞ്ഞ കാലത്തിനുള്ളിൽ ഈ മേഖലകൾ ശക്തമായി തിരിച്ചു വരുമെന്നും നമുക്കുറപ്പിക്കാം. അതുകൊണ്ട് തന്നെ ദീർഘകാല ആസൂത്രണം വളരെ പ്രധാനമാവുന്നത്.

പുതിയ കാലത്ത് കരിയർ മേഖല തിരഞ്ഞെടുക്കുമ്പോൾ താഴെകൊടുത്ത വിവരങ്ങൾ പരിഗണിക്കുന്നത് കരണീയമായിരിക്കും.

1) കൊറോണയെന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖല പുതിയ കരിയർ സാധ്യതകൾ സൃഷ്ടിക്കും എന്നുറപ്പാണ്. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും വൈദ്യ ചികിത്സാ ശുശ്രൂഷാ രംഗത്തും നഴ്‌സിങ് പാരാമെഡിക്കൽ മേഖലയിലും മികച്ച സാധ്യതകളെ ഉയർന്ന് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം മേഖലകളിൽ മികച്ച കരിയർ തേടുന്നതും, നിലവിലുള്ള കരിയർ മേഖലകളിൽ ഇത്തരം സ്പെഷ്യലൈസേഷന്റെ സാധ്യതകളെ ആരായുന്നതും അഭികാമ്യമായിരിക്കും. കൂടാതെ പുതിയ ആശുപത്രികളും ഹെൽത്ത് കെയർ സംവിധാനങ്ങളും സൃഷ്ടിക്കപ്പെടുന്നത് നിർമ്മാണ മേഖലയിൽ നല്ല അവസരങ്ങൾക്ക് കാരണമാവുമെന്ന വിലയിരുത്തലുണ്ട്.

2) വീട് തന്നെ ഓഫീസാകുന്ന സാഹചര്യം കൊറോണക്ക് ശേഷം വ്യാപകമായി സൃഷ്ടിക്കപ്പെടുമെന്നു കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ ഓൺലൈൻ മീറ്റിംഗുകൾ, വെബിനാറുകൾ, ഓൺലൈൻ കൺസൾട്ടേഷൻ, കൗൺസിലിംഗ്, ക്ളാസ്സ്‌റൂം, ട്രെയ്നിങ് തുടങ്ങിയ മേഖലകൾ സജീവമാകാനാണിട. ഡാറ്റ എന്നത് ഏറെ വിലപിടിപ്പുള്ള ഒരു മികച്ച ‘ചരക്കാ’ണെന്ന അറിവ് കൂടി കൂട്ടി വായിക്കുമ്പോൾ ഇത് പുതിയ ഒരുപാട് സാധ്യതകൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല. പുതിയ പ്ലാറ്‌ഫോമുകൾ സൃഷ്ടിക്കൽ, സോഫ്ട്‍വെയർ ടെസ്റ്റിംഗ്, ഡാറ്റയുടെ സുരക്ഷിത ശേഖരണം, കൈമാറ്റം, ഡിജിറ്റൽ മാർക്കറ്റിംഗ്, ബിഗ് ഡാറ്റ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന തൊഴിൽ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പുതിയ നൈപുണ്യങ്ങളും യോഗ്യതകളും കൈമുതലാക്കി തയ്യാറാവുക എന്നതാണ് പ്രാധാനം

3) മനുഷ്യന്റെ ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലയായത് കൊണ്ട് തന്നെ കൃഷിയെ ആളുകൾ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി കൃഷി മേഖലയിൽ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ടതും നൂതനരീതിശാസ്ത്രങ്ങളിലൂടെ കൃഷിയെ കൂടുതൽ ജനകീയവും ലാഭകരവുമായ്ക്കാനുള്ള സാധ്യതകൾ ഉയർന്നു വരുമ്പോൾ അതുമായി ബന്ധപ്പെട്ട കരിയറുകൾക്ക് പ്രാധാന്യപൂർവ്വം പരിഗണന കൊടുത്ത് അവസരങ്ങൾ ഉപയോഗപ്പെടുത്തതാണ് ശ്രമിക്കണം

ഇതിനർത്ഥം എല്ലാവരും ഇത്തരം മേഖലകളിൽ കരിയർ കേന്ദ്രീകരിക്കുക എന്നതല്ല. മറിച്ച്, ആഗോളതലത്തിൽ തൊഴിലിടങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാനും ഉചിതമായ രീതിയിൽ കരിയർ പ്ലാനിങ് നടത്താനും വേണ്ട ഇടപെടൽ ഉണ്ടാവുക എന്നതാണ്.

സ്ഥാപങ്ങളിൽ ചേർന്ന് കോഴ്‌സുള്ള പഠിച്ച് യോഗ്യത നേടുക എന്നതിനപ്പുറം തൊഴിലിടങ്ങളിലെ വെല്ലുവിളികൾ സമഗ്രമായി ഉൾക്കൊള്ളാനും ചുരുങ്ങിയ സമയമെടുത്ത് ചിലവ് കുറച്ച് പ്രശ്നപരിഹാരം തേടാനും സാധിക്കുന്ന രീതിയിലേക്ക് തൊഴിലാളികൾ ഉയരുക എന്നതാണ് പ്രധാനം. ഇതിനായി ഷോർട് ടെം കോഴ്‌സുകൾ, ആഡ് ഓൺ കോഴ്‌സുകൾ, ഓൺലൈൻ പഠനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി നൈപുണ്യവും അറിവും വർദ്ധിപ്പിക്കുക എന്നതിന്നാണ് പുതുകാലത്ത് പ്രാധാന്യം കൊടുക്കേണ്ടത്
വിവേകപൂർവം കരിയർ പ്ലാനിങ്ങ് നടത്തുന്നത് വഴി വരാനിരിക്കുന്ന വെല്ലുവിളികൾ മനോഹരമായ അവസരങ്ങൾ ആക്കി മാറ്റാനാവും എന്നതുറപ്പാണ്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x