Columnsinformation

ഇരട്ടകളുടെ ജനിതകം; ഒരേ ജീനാണെങ്കിൽ എങ്ങിനെയാണ് ഒരാൾ നല്ലവനാകുന്നതും, മറ്റൊരാൾ ചീത്തയാകുന്നതും?

ചെറുപ്പത്തിൽ വേർപിരിഞ്ഞു പോയ ഇരട്ടകൾ, പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും അതിൽ ഒരാൾ നല്ലവനായും, മറ്റൊരാൾ മോശം സ്വഭാവമുള്ളവനായും വളരുകയും, സിനിമയുടെ ക്ലൈമാക്സിൽ രണ്ടുപേരും ചില സാഹചര്യങ്ങളിൽ കണ്ടുമുട്ടുകയും പരസ്പരം തിരിച്ചറിയുകയും ചെയ്യുന്ന സിനിമകൾ മലയാളത്തിൽ അനേകം തവണ ഇറങ്ങിയിട്ടുണ്ട്.

പക്ഷെ ചോദ്യം ഇതാണ്, ഇരട്ടകൾക്ക് അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഒരേ ജീനുകൾ ആണ് ലഭിക്കുന്നതെങ്കിൽ, എങ്ങിനെയാണ് ഒരാൾ നല്ലവനാകുന്നതും, മറ്റൊരാൾ ചീത്തയാകുന്നതും?

ജനിതകത്തിന് ഇതിൽ എന്താണ് കാര്യം? ചെറുപ്പത്തിൽ വേർപിരിഞ്ഞുപോയി, വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന കുട്ടികൾ സിനിമാക്കാർക്ക് മാത്രമല്ല, ശാസ്ത്രജ്ഞർക്കും ഇഷ്ടപെട്ട വിഷയമാണ്, കാരണം മനുഷ്യന്റെ ഏതൊക്കെ ശാരീരിക സ്വഭാവ സവിശേഷതകൾ ജീനുകൾ നിയന്ത്രിക്കുന്നുണ്ട് എന്നറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഇരട്ടകളെ കുറിച്ചുള്ള പഠനമാണ്.

രണ്ടുതരം ഇരട്ടകളാണുള്ളത്. വ്യത്യസ്തത രണ്ട് അണ്ഡങ്ങൾ വ്യസ്ത്യസത പുംബീജവുമായി ചേർന്ന് ഉണ്ടാകുന്ന dizygotic ഇരട്ടകൾക്ക് വ്യത്യസ്തത ജീനുകൾ ആയതുകൊണ്ട്, അവർ കാണാനും, സ്വഭാവത്തിലും സഹോദരീ സഹോദരങ്ങളെ പോലെ വ്യത്യസ്തരായിരിക്കും.

ഇവർ രണ്ടാണോ രണ്ടു പെണ്ണോ, ഒരാണും ഒരു പെണ്ണോ ആയിരിക്കും.

എന്നാൽ ഒരു അണ്ഡവും ഒരു പുംബീജവും ഒന്ന് ചേർന്നുണ്ടാകുന്ന സിക്താണ്ഡം (zygot) ആദ്യത്തെ ചില ദിവസങ്ങളിൽ രണ്ടു ഭ്രൂണങ്ങളായി വിഭജിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന monozygotic ഇരട്ടകളിൽ ഒരേ ജീനുകൾ ആയതുകൊണ്ട്, അവർ കാണാൻ ഒരേ പോലെ ഇരിക്കും, മാത്രമല്ല ലിംഗം നിർണയിക്കുന്ന ജീനും ഒന്നുതന്നെയായത് കൊണ്ട്, രണ്ടാണുങ്ങളോ രണ്ടു പെണ്ണുങ്ങളോ ആയിരിക്കും ഇവർ, monozygotic ഇരട്ടകളിൽ ഒരാൾ ആണും വേറൊരാൾ പെണ്ണും ആകില്ല.

ജീനുകളാണ് മനുഷ്യന്റെ ആകൃതിയും പ്രകൃതിയും പൂർണമായും നിശ്ചയിക്കുന്നത് എങ്കിൽ ഇവർ രണ്ടുപേരും വളർന്നു വരുമ്പോൾ കാണാൻ ഒരു പോലെ ഇരിക്കും എന്ന് മാത്രമല്ല, ഒരേ സ്വഭാവവും ഉണ്ടായിരിക്കണം.

എന്നാൽ യാഥാർഥ്യം അതല്ല.

ഒരുമിച്ച് താമസിക്കുന്ന ഇരട്ടകളിൽ പോലും കാലം ചെല്ലുന്തോറും സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകും?

അതെങ്ങിനെ എന്നതിനെ കുറിച്ച് പഠിക്കാൻ ഏറ്റവും നല്ല മാർഗം ജനിച്ച് കുറച്ചുനാളുകൾക്ക് ഇടയിൽ പരസ്പരം പിരിഞ്ഞുപോയ ഇരട്ടകളെ കണ്ടുപിടിച്ച് അവരെ കുറിച്ച് പഠിക്കുന്നതാണ്.

കാരണം ജീനുകൾ ഒന്നാണെങ്കിലും അവർ വളർന്നുവന്ന സാഹചര്യങ്ങൾ വ്യത്യസ്തമാണ്. Nature vs Nurture എന്ന വിവാദത്തിൽ ശാസ്ത്രീയമായ ഒരു പഠനം നടത്താൻ ഇതിനേക്കാൾ നല്ല മെറ്റീരിയൽ വേറെയില്ല.

മേല്പറഞ്ഞ പഠനങ്ങൾ തെളിയിച്ചത് ഒരാൾ വളർന്നുവരുന്ന ജീവിത സാഹചര്യങ്ങളും, കഴിക്കുന്ന ഭക്ഷണവും, മദ്യപാനം, പുകവലി തുടങ്ങിയ കാര്യങ്ങളും, ചെറുപ്പത്തിൽ ഉണ്ടായ ചില സംഭവവികാസങ്ങളും ഈ വ്യക്തിയുടെ സ്വഭാവത്തെ ജനിതക തലത്തിൽ തന്നെ ബാധിക്കും എന്നാണ്.

Epigenetics എന്നാണ് ഇതിനെക്കുറിച്ചുള്ള പഠനത്തെ വിളിക്കുന്നത്. പക്ഷെ ഇതിനെകുറിച്ച് കൂടുതൽ അറിയാൻ ഇരട്ടകളുടെ പിറകെ പോകേണ്ട കാര്യമില്ല, നമ്മുടെ ശരീരത്തിൽ തന്നെ നോക്കിയാൽ മതി.

ഹൃദയവും, ശ്വാസകോശവും, രക്തക്കുഴലുകളും ഉള്ള, വളരെ സങ്കീർണമായ ഒരു മനുഷ്യശരീരം ഒരേ ഒരു സിക്താണ്ഡത്തിൽ നിന്നുണ്ടായതാണ്.

പക്ഷെ നമ്മുടെ എല്ലാ കോശങ്ങളിലും ഉള്ളത് ഒരേ ക്രോമസോമുകളും, ജീനുകളും ഒക്കെയാണ്. എന്നാൽ എങ്ങിനെയാണ് മനുഷ്യ ഭ്രൂണം വളർന്നു വരുമ്പോൾ കണ്ണിന്റെ സ്ഥാനത്ത് കണ്ണിനുള്ള കോശങ്ങളും, എല്ലിന്റെ സ്ഥാനത്ത് എല്ലിനുള്ള കോശങ്ങളും, തൊലിക്ക് വേണ്ടി വേറെ തരം കോശങ്ങളും ഉണ്ടാകുന്നത് എന്നാലോചിട്ടുണ്ടോ?

ഇതിന് കാരണം നമ്മുടെ കോശങ്ങളിലുള്ള 25,000 ഓളം ജീനുകളിൽ വളരെ കുറച്ചു മാത്രമാണ് ഓരോ കോശങ്ങളിലും ON ആകുന്നത് എന്നതുകൊണ്ടാണ് (ജീൻ എക്സ്പ്രെഷൻ എന്നാണ് ഇതിനെ പറയുക).

കണ്ണിനുള്ള കോശങ്ങളിൽ കണ്ണിനു വേണ്ടിയുള്ള ജീനും, എല്ലിനുള്ള കോശങ്ങളിൽ അതിനുള്ള ജീനുകളും ആണ് ON ആകുന്നത്. ബാക്കിയുള്ള ഏല്ലാ ജീനുകളും സ്വിച്ച് ഓഫ് ആയിരിക്കും. ഇത് നിയന്ത്രിക്കുന്നത് ചില പ്രോടീനുകളാണ് ( gene regulatory proteins). കോശം എവിടെയാണ് എന്നതിനനുസരിച്ചാണ് ഏതു ജീൻ ON ആകണം , ഓഫ് ആകണമെന്ന് തീരുമാനിക്കപ്പെടുന്നത്.

ചെറുപ്പത്തിൽ പിരിഞ്ഞുപോയ ഇരട്ടകളെ കുറിച്ചുള്ള പഠനത്തിൽ പ്രധാനമായും കണ്ടെത്തിയത്, ഉയരം തൊലിയുടെയും കണ്ണിന്റെയും നിറം തുടങ്ങിയ, ജീനുകൾക്ക് വലിയ സ്വാധീനമുള്ള ശാരീരിക സവിശേഷതകൾ ഏതാണ്ട് തുല്യമായിരുന്നു എന്നതാണ്.

പക്ഷെ സ്വഭാവസവിശേഷതകളിൽ ഇവർ വളർന്നുവന്ന ജീവിതസാഹചര്യങ്ങൾ കൊണ്ട് വലിയ വ്യത്യസങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ കാരണം Epigenetics ആണ്.

ഒരു കോശത്തിലെ ഏത് ജീൻ ഓൺ ആകണം , ഓഫ് ആകണം എന്നത് തീരുമാനിക്കുന്ന Epigenome എന്ന ചില രാസവസ്തുക്കളാണ്. ഇരട്ടകളുടെ കാര്യത്തിൽ കോശങ്ങളിൽ ഒരേ ജീനുകൾ ആണെങ്കിലും, ജീവിതത്തിൽ വ്യത്യസ്തത അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്തത Epigenome ആണ് ഇവരുടെ ശരീരത്തിൽ ഉണ്ടാവുക.

ഈ എപ്പിജീനോമുകൾ ഈ കോശങ്ങളിലെ ഏതു ജീൻ ഓൺ ആകണം ഓഫ് ആകണം എന്ന് തീരുമാനിക്കുന്നത് വഴി വ്യത്യസ്തത പ്രോട്ടീനുകൾ കോശങ്ങൾ ഉല്പാദിപ്പിക്കാൻ കാരണം ആയിത്തീരും. എൻസൈമുകൾ, ഹോർമോണുകൾ തുടങ്ങിയ പ്രോട്ടീനുകളുടെ ഉല്പാദനത്തിൽ ഉള്ള വ്യത്യാസം നമ്മളെ വ്യത്യസ്ത വ്യക്തികളാക്കി മാറ്റും, പ്രത്യകിച്ച് കൂടുതൽ കാലം ചെല്ലുന്തോറും.

ഒരേ വീട്ടിൽ ജീവിക്കുന്ന ഇരട്ടകളുടെ കാര്യത്തിൽ അവർ കടന്നുപോകുന്ന അനുഭവങ്ങൾ ഏതാണ്ട് ഒരേപോലെ ആയത് കൊണ്ട് അവരുടെ സ്വഭാവങ്ങൾ ചെറുപ്പകാലത്ത് ഏതാണ്ട് ഒരേ പോലെ ആയിരിക്കും.

പക്ഷെ ഒരു വീഴ്ച പോലെയോ, പ്രണയ പരാജയം പോലെയോ പ്രവചിക്കാൻ ആവാത്ത ചില സംഭവങ്ങൾ, അവരുടെ സ്വഭാവത്തെ മാറ്റിമറിക്കുകയും, കൂടുതൽ വയസാകുന്തോറും, സ്വഭാവം മാറിവരികയും ചെയ്യും. ചെറുപ്പത്തിൽ പിരിഞ്ഞുപോയ ഇരട്ടകളുടെ കാര്യത്തിൽ, അവർ തമ്മിൽ, വലിയ സ്വാഭാവ വ്യത്യാസങ്ങൾ ഉണ്ടാകും.

അച്ഛന്റെയും അമ്മയുടെയും ക്രോമസോമുകൾ കൂടിചേർന്നാണ് കുട്ടികളിലേക്ക് പകരുന്നത് എങ്കിൽ, ഇതുപോലുള്ള സ്വഭാവങ്ങൾ അവരുടെ കുട്ടികളിലേക്ക് കൂടി പകരേണ്ടതല്ലേ എന്നൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും.

പക്ഷെ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് DNA മാത്രമാണ് പാസ് ചെയ്യപ്പെടുക, Epigenome, അണ്ഡവും പുംബീജവും ഉണ്ടാകുമ്പോഴുണ്, ഭ്രൂണാവസ്ഥയിലും മായ്ക്കപ്പെടുന്നതുമൂലം, ഒരാളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവങ്ങൾ അയാളുടെ ജീവിതകാലത്ത് തന്നെ അവസാനിക്കുന്നു.

എന്നാൽ ഈയടുത്ത് Dutch Hunger Winter നെകുറിച്ചുള്ള പഠനങ്ങൾ ചില മോശം ജനിതക മാറ്റങ്ങൾ ഉൾക്കൊള്ളുന്ന Epigenome അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്, പഠനങ്ങൾ ഏറെ നടക്കുന്ന ഒരു മേഖലയാണിത്.

Dutch Hunger Winter പഠനത്തിൽ കണ്ടെത്തിയ പോലെ, ഒരു പക്ഷെ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിൽ ഉണ്ടായ ഭക്ഷണ ക്ഷാമം മൂലമുണ്ടായ ജനിതക മാറ്റങ്ങൾ ഇതുപോലെ തലമുറ കൈമാറ്റം ചെയ്യപ്പെട്ടത് കൊണ്ടായിരിക്കാം, കേരളത്തിൽ ഇപ്പോൾ കൂടുതൽ പ്രമേഹം കാണപ്പെടുന്നത്. ഗവേഷണം നടക്കേണ്ട ഒരു വിഷയമാണിത്.

നോട്ട് : ഇരട്ട സിനിമ കണ്ടപ്പോൾ ഇത്രയൊന്നും എഴുതണമെന്ന് കരുതിയതല്ല, പിന്നെ സിദ്ധാർത്ഥ മുഖർജിയുടെ The Gene എന്ന പുസ്തകം വായിച്ച ഒരാവേശത്തിൽ എഴുതിയതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർ വായിച്ചിരിക്കേണ്ട പുസ്തകമാണ്. ജീനിനെ കുറിച്ചുള്ള ചരിത്രമാണ് പ്രധാനമായും എങ്കിലും, Epigenome , മീതൈൽ ഗ്രൂപ്പുകൾ വഴി എങ്ങിനെ പ്രവർത്തിക്കുന്നു എന്നൊക്കെ വിശദമായി ഈ പുസ്തകത്തിൽ ചർച്ച ചെയ്തിട്ടുണ്ട്.

Nazeer Hussain Kizhakkedathu 

2 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x