Opinion

സംഘ് പരിവാറിന്റെ മനശാസ്ത്ര യുദ്ധ തന്ത്രങ്ങൾ

സംഘപരിവാരം ഇപ്പോൾ രാജ്യത്ത്‌ നടപ്പാക്കുന്നത്‌ കൃത്യമായ ആസൂത്രണത്തോടെയുള്ള മനശാസ്ത്ര യുദ്ധമാണ്. യുദ്ധങ്ങളുടെയും വംശീയവാദത്തിന്റെയും ചരിത്രത്തിൽ ഇതപര്യന്തം ഉപയോഗിക്കപ്പെട്ട ഏറ്റവും പ്രഹരശേഷിയുള്ള മുറ സൈവാർ (psywar) തന്നെ ആയിരുന്നു. ഒരു ജനതയുടെ ആത്മവിശ്വാസം തരിപ്പണമാക്കുക എന്നതാണ്  മാരകമായ ഈ യുദ്ധമുറ. ആത്മ വിശ്വാസം ചോർത്തി കഴിഞ്ഞാൽ ഏതൊരു ജനസമൂഹവും ജീവച്ഛവങ്ങളായി മാറുന്നു. 
മനശാസ്ത്രപരമായി രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളിൽ വൻതോതിൽ ഭയം പടർത്തുകയാണ് സംഘികൾ വിവിധ രൂപത്തിൽ ചെയ്തു വരുന്നത്‌. ഭയം പടർത്താനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ക്രൂരമായ ഹിംസകളാണ്. സമീപ കാല സംഭവങ്ങൾ നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാകും. കൊലയിലൂടെ ഒരാളെ ഇല്ലായ്മ ചെയ്യുക എന്നതിലപ്പുറം അതിക്രൂരമായി ആക്രമിച്ച്‌ കൊല്ലുക, പരമാവധി സമയം കൊല ആസ്വദിക്കുക, അതിന്റെ ദൃശ്യങ്ങൾ ഞൊടിയിടയിൽ പ്രസരിപ്പിക്കുക എന്നിവ സംഘി വയലൻസിന്റെ പൊതു സവിശേഷതയാണ്. സോഷ്യൽ മീഡിയയാണ് ഭയ പ്രചാരണത്തിന്റെ മാധ്യങ്ങളായി അവർ ഉപയോഗിക്കുന്നത്‌. 


അസഹനീയമായ പ്രകോപനമുണ്ടാക്കുകയാണ് മനശാസ്ത്ര യുദ്ധത്തിന്റെ മറ്റൊരു രീതി. കൂടെ കൂടെ ‘പാകിസ്ഥാനിൽ പോ’ എന്ന ആക്രോശം, ഈ രാജ്യത്തേക്ക്‌ കയറിക്കൂടിയവനാണെന്ന ആക്ഷേപത്തെ ആവർത്തിച്ചുറപ്പിക്കാൻ വേണ്ടി ബോധപൂർവ്വം നടത്തുന്നതാണ്. മുസ്ലിംകളിൽ അധമ ബോധം അടിച്ചേൽപ്പിക്കുകയാണതിന്റെ ലക്ഷ്യം. വിഭജനത്തിന്റെ ഭാരം അവരുടെ തലയിൽ കയറ്റി വെച്ച്‌ പ്രതിരോധത്തിൽ നിർത്തുകയും അതിന്റെ മറ്റൊരു ലക്ഷ്യമാണ്. മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ഹീനമായി ഭർൽസിക്കുകയും ചെയ്യുമ്പോൾ ഒരുവിധം സാധാരണ വിശ്വസികളെല്ലാം വൈകാരികമായി പിടിവിടുമെന്ന് സംഘികൾ കണക്ക്‌ കൂട്ടുന്നു. പാവപ്പെട്ട മുസ്ലിംകളെ കൊണ്ട്‌ ബലമായി ജയ്ശ്രീരാം വിളിപ്പിക്കുന്നത്‌ അതിന്റെഭാഗമാണ്. വർഗീയ കലാപമുണ്ടാക്കുമ്പോൾ പൊടുന്നനവേ പള്ളിയിൽ ഓടിക്കയറി കാവിക്കൊടി ഉയർത്തുന്നതും പള്ളിക്കകം മലിനമാക്കുന്നതും വിശുദ്ധ ഖുർആൻ കത്തിക്കുന്നതുമൊക്കെ വിശ്വാസത്തെ വ്രണപ്പെടുത്തി അപമാനിക്കാൻ തന്നെയാണ്. 

വളരെ സൂക്ഷിക്കേണ്ടതാണ്, മുസ്ലിംകളിൽ തങ്ങൾ ഒറ്റക്കാണെന്ന ബോധം പതുക്കെ ഉണ്ടാക്കിയെടുക്കാനുള്ള സംഘികളുടെ സൈക്കോളജിക്കൽ മൂവ്‌‌. മുസ്ലിംകളിൽ വ്യവസ്ഥയിലുള്ള അവിശ്വസം ജനിപ്പിക്കാനുള്ള ഗൂഡതന്ത്രങ്ങൾ സംഘപരിവാരം പണ്ടുമുതലേ തുടങ്ങിയിട്ടുണ്ട്‌. വിവിധ സേനകളിലും സുരക്ഷാ- അന്വേഷണ സംവിധാനങ്ങളിലും കയറിപ്പറ്റി, അതിനെ കാവിവൽകരിക്കുന്ന പണി ബി ജെ പി അധികാരത്തിൽ വരുന്നതിന് എത്രയോ മുമ്പ്‌ പൂർത്തിയായിട്ടുണ്ടന്ന് എല്ലാവർക്കുമറിയാം. ബി ജെ പി അധികാരത്തിൽ വന്നതോടെ നിയമ നിർമ്മാണസഭകളും ഭരണ ഘടന സ്ഥാപനങ്ങളും സ്ഥാനങ്ങളും ജുഡീഷ്യറി പോലും ഉപയോഗപ്പെടുത്തി, മുസ്ലിംകളിൽ അവയിലുള്ള വിശ്വാസം കെടുത്തി കൊണ്ടിരിക്കുന്ന കാഴ്ചയാണ് പൗരത്വ നിഷേധ നിയമത്തിലും ബാബരി മസ്‌ജിദ്‌ വിധിയിലും അതിനു ശേഷമുള്ള കോടതി വിധികളിലുമെല്ലാം നാം കാണുന്നത്‌.
ഈ ഘട്ടത്തിൽ, അധികാര മോഹികളായ രാഷ്ട്രീയക്കാരും അഭിപ്രായ രൂപീകരണത്തിൽ വലിയ റോളുള്ള മധ്യവർഗവും അവരുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളും കാഴ്ചക്കാരായി, മൗനികളായി മാറുക മാത്രമല്ല പലപ്പോഴും സംഘികളുടെ പക്ഷം പിടിക്കുക കൂടി ചെയ്യുന്നു എന്നത്‌ ഒരു വാസ്തവമാണ്. എന്നാൽ ആ മൗനം സംഘികളുടെ സൈവാറിന്റെ പ്രധാനപ്പെട്ട ഒരു ആയുധമാകുന്നു. ആ മൗനത്തെ ചൂണ്ടി കാട്ടി നിങ്ങൾക്ക്‌ ഇനി രക്ഷയില്ല, നിങ്ങൾക്ക്‌ വേണ്ടി ശബ്ദിക്കാൻ ഇനി ആരുമില്ല എന്ന് പറയാതെ പറയുന്നുണ്ട്‌ സംഘികൾ. സംഘികൾ നടത്തുന്ന ഈ മനശാസ്ത്ര യുദ്ധത്തെ എങ്ങനെ ആണ് നേരിടേണ്ടത്‌?. ഈ മനശാസ്ത്ര യുദ്ധത്തെ മനശാസ്ത്രപരമായി തന്നെ, അവധാനതയോടെ മാത്രമേ നേരിടാനാവൂ. 


1. ഇന്ന് കാണുന്ന പോലെ ആബാല വൃദ്ധം ജനങ്ങൾ തെരുവുകളിൽ സജീവമായി തന്നെ നിലയുറപ്പിച്ച്‌ ചെറുക്കുക തന്നെയാണ് ഒന്നാമത്തെ മാർഗം. ഭയന്ന് പിന്മാറില്ലെന്ന് അങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്‌. 
2. സംഘികളെ സംബന്ധിച്ച്‌ എല്ലാ മുസ്ലിംകളും ശത്രുക്കളാണ്. അവർ വെറുക്കുന്നത്‌ എല്ലാ മുസ്ലിംകളെയുമാണ്. എന്നാൽ മുസ്ലിംകൾക്ക്‌ സംഘികൾ ഒഴികെ രാജ്യത്തെ എല്ലാ ഹിന്ദുക്കളും സുഹൃത്തുക്കളാണ്. അതുകൊണ്ട്‌ സംഘികൾ എത്ര പ്രകോപിപ്പിച്ചാലൂം മുസ്ലിംകളിൽ നിന്ന് മതവിരോധമോ വംശീയ വൈരമോ ഉണ്ടാകാതെ ഭൂരിപക്ഷം ഹിന്ദുക്കളൂമായി കൈകോർത്ത്‌ ഹിന്ദുത്വ വാദികളെ അകറ്റണം. 
3. ഭീതി പടർത്തുന്ന ദൃശ്യങ്ങളും വാർത്തകളും വ്യാപകമായി ഷെയർ ചെയ്യാൻ സംഘികൾ ശ്രമിക്കുമ്പോൾ ആ പണി എളുപ്പമാക്കി കൊടുക്കുന്നതിനു പകരം,കലാപ ഭൂമികളിൽ ഉയരുന്ന അന്യാദൃശമായ മനുഷ്യ സ്നേഹത്തിന്റെയും ഹിന്ദു-മുസ്ലിം മൈത്രിയുടെയും മാതൃകകൾ പ്രചരിപ്പിക്കുക. അത്തരം സന്ദേശങ്ങൾ മുസ്ലിംകളിൽ ആശ്വാസം പകരുക മാത്രമല്ല, മനുഷ്യ പക്ഷത്ത്‌ നിൽക്കുന്നവർക്ക്‌ കരുത്തും പ്രചോദനവുമാകുകയും ചെയ്യും.
4. മതേതര പ്രസ്ഥാനങ്ങളെയും ജനാധിപത്യ രാഷ്ട്രീയ സംഘടനകളെയും ഇകഴ്ത്താനും മുസ്ലിംകളെ അനുകൂലിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് മുദ്രയടിക്കാനും സംഘികൾ ശ്രമിക്കുമ്പോൾ, അവയുടെ പോരായ്മകളുടെയോ പിഴവുകളുടേയോ പേരിൽ അതേ ഭാഷ ഏറ്റെടുത്ത്‌ മുസ്ലിംകളും അത്തരം പ്രസ്ഥാനങ്ങളെ ആക്രമിക്കുമ്പോൾ ഗൂഡമായി ചിരിക്കുന്നത്‌ സംഘികൾ ആയിരിക്കുമെന്ന് ഓർക്കുക. 
5. മുസ്‌ലിംകളുടെ മൊറേൽ തകർക്കാനും വ്യവസ്ഥയിലും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളിലുമുള്ള അവരുടെ വിശ്വാസം ഇല്ലായ്മ ചെയ്യാനും ഹിന്ദുത്വ വാദികൾ ശ്രമിക്കുമ്പോൾ, രാജ്യത്തെ വോട്ടർമാരിൽ ഭൂരിപക്ഷവും സംഘി പക്ഷത്ത്‌ അല്ലെന്നും ബിജെപി ഇതര സംസ്ഥാന സർക്കാറുകളും മതേതര പാർട്ടികളും ഇപ്പോഴും തങ്ങളുടെ കൂടെ ഉണ്ടെന്നും പ്രഖ്യാപിച്ച്‌ കൊണ്ടിരിക്കുക. എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടാൽ നിരാശയും അരാജകത്വവുമായിരിക്കും ഫലം. അതിലേക്ക്‌ തള്ളി വിടുക ആണല്ലൊ സംഘപരിവാരത്തിന്റെ ആവശ്യം. 
6. ഇത്‌ മുസ്ലിംകളെ മാത്രമേ ബാധിക്കൂ, അതിൽ മറ്റുള്ളവർക്ക്‌ എന്ത്‌ കാര്യമെന്ന് സംഘികൾ ചോദിക്കുമ്പോൾ, ഇത്‌ മുസ്ലിംകളുടെ മാത്രം പ്രശ്നമായി ചുരുക്കി വായിക്കുന്ന പ്രവണതയെ മുസ്ലികളും പിന്തുണക്കാതിരിക്കുക. പ്രാഥമികമായി ഇത്‌ മുസ്ലിംകളെ ആണു ബാധിക്കുന്നതെങ്കിലും സംഘികളുടെ ഹിന്ദുരാഷ്ട്ര നിർമ്മാണ ശ്രമം ഇന്ത്യ എന്ന ആശയത്തെ തന്നെ ഭൂമിയിൽ നിന്ന് എടുത്ത്‌ കളയുന്ന പദ്ധതി ആണെന്ന് പറഞ്ഞ്‌ കൊണ്ടേയിരിക്കുക.
7. രാജ്യത്തെ മധ്യവർഗത്തിൽ ഒരു വിഭാഗം മൗനത്തിന്റെ വാൽമീകത്തിനകത്ത്‌ ആണെന്നതിനർത്ഥം അവരെല്ലാം സംഘി പക്ഷത്താണെന്നല്ല. മധ്യവർഗത്തിന്റെ ജീവിത കാമനകളെ സ്പർശിക്കാത്ത രാഷ്ട്രീയ സമരങ്ങളിൽ ഒരിടത്തും അവരുണ്ടായിട്ടില്ല. അതുകൊണ്ട്‌ അവരുടെ മൗനം സംഘികളുടെ വിജയമായി കണ്ട്‌ നിരാശപ്പെടാൻ ന്യായമില്ല. 


നോക്കൂ, ചരിത്രത്തിൽ ഏറ്റവും ഭീകരമായ സൈവാർ നടത്തിയ സാക്ഷാൽ ഹിറ്റ്‌ലർ ഉണ്ടല്ലോ, ഒടുവിൽ എല്ലാ ആത്മവിശ്വാസവും തകർന്നാണല്ലൊ ആത്മഹത്യ ചെയ്തത്‌. മനക്കരുത്തു കൊണ്ടും വിചാര ധീരത കൊണ്ടും പൊരുതുക. നമ്മൾ, ഇന്ത്യക്കാർ അതിജീവിക്കും

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x