EntertainmentOpinionSocialWomenWorld

Capernaum: അരികുവത്കരിക്കപ്പെട്ടവരുടെ കഥ

ജിഹാദ് ബിൻ ബഷീർ, ഡൽഹി

ജഡ്‌ജി: നീ എന്തിന് ആണ് നിന്റെ മാതാപിതാക്കൾക്ക് എതിരെ കേസ് കൊടുത്തത് ? സൈൻ: ഞാൻ ജനിച്ചത് കൊണ്ട് ! (എന്നെ ജനിപ്പിച്ചത് കൊണ്ട് ) ജഡ്ജി: എന്താണ് നിനക്ക് വേണ്ടത് ? സൈൻ: എന്റെ മാതാപിതാക്കൾക്ക് ഇനി കുട്ടികൾ ഉണ്ടാവരുത്. അവരും എന്നെ പോലെയാവും.

ലബനീസ് ചലച്ചിത്രകാരി നാദിൻ ലബാക്കിയുടെ Capernaum അരികുവൽക്കരിക്കപ്പെട്ടവരുടെ വിലാപമാണ്. ലബനീസ് പട്ടണമായ ബൈറൂത്തിലെ തെരുവിൽ നിന്നും ലോകത്തോളം വ്യാപിച്ച വംശീയതയും ദേശീയതയും, വർണ/ലിംഗ വിവേചനവും തീക്ഷ്ണതയോടെ അവതരിപ്പിക്കുകയാണ് സിനിമ. അവരുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ജീവിത ഘട്ടങ്ങളിലും മുഴച്ചുനിൽക്കുന്ന പരാധീനതകളെ കൃത്യമായി അടയാളപ്പെടുത്തിയിടത്താണ് സിനിമ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീകളുടെ ജീവിതം

അഭയാർഥി സമൂഹത്തിൽ വ്യത്യസ്ത ഘട്ടങ്ങളിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ജീവിതയാതനകൾ സിറിയൻ അഭയാർഥിയായ പന്ത്രണ്ടുവയസ്സുകാരൻ ബാലന്റെ സങ്കീർണമായ യാത്രകളിലൂടെ വരച്ചു കാണിക്കുന്നതോടൊപ്പം വ്യത്യസ്ത വേഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുമായി ചുറ്റിപ്പിണഞ്ഞു നിൽക്കുന്ന അബല ജീവിതങ്ങളുടെ ദയനീയതയെക്കുറിച്ചും Capernaum വാചാലമാവുന്നു.

പാർശ്വവൽക്കരിക്കപ്പെട്ടവന്റെ സ്വപ്നങ്ങളിൽ തൊഴിൽ, വിദ്യാഭ്യാസ മേഖലകൾക്ക് വിദൂര സ്ഥാനമാണുള്ളത്. അതിജീവനത്തിനു വേണ്ടിയുള്ള അവരുടെ പ്രയാണങ്ങൾ അവസാനിക്കുന്നത് പലായനമെന്ന പ്രത്യാക്ഷയിലാണ്. ലളിതമായി പറഞ്ഞാൽ ഒളിഞ്ഞുനോട്ടവും കുത്തുവാക്കുകളുമില്ലാത്ത അടിമത്തം തന്നെയാണ് അവരാഗ്രഹിക്കുന്ന സ്വപ്നവും സ്വാതന്ത്ര്യവും.

സിനിമ സമർത്ഥമായി അവതരിപ്പിക്കുന്ന രാഷ്ട്രീയം, ലിംഗ വിവേചനത്തിന്റെയും, വർണ്ണ വെറിയുടെയും അധീശ ശക്തികളുടെയും വ്യവസ്ഥകളുടെയും നേർക്കുള്ള വിരലുയർത്തലുകളാണ്. അവിടെ സ്വജനപക്ഷവാദവും തീവ്ര ദേശീയ വാദവും അധിനിവേശ ശക്തികളും ചോദ്യം ചെയ്യപ്പെടുന്നു. വ്യവസ്ഥകൾക്ക് അതീതമായി മാനുഷികതയെ സിനിമ പ്രോത്സാഹിപ്പിക്കുന്നു.

പന്ത്രണ്ട്കാരൻ ബാലനായവതരിക്കുന്ന സൈനാണ് (സൈൻ അൽ റഫാഈ) സിനിമയുടെ നട്ടെല്ല്. മികച്ച അഭിനയപ്രതിഭയെ ആ ബാലനിൽ നമുക്ക് കാണാം. കഥപറയുന്ന ചുറ്റുപാടിൽ നിന്നും തിരഞ്ഞെടുത്ത യഥാർത്ഥ സിറിയൻ അഭയാർഥി തന്നെയാണ് സൈൻ. അതുകൊണ്ടായിരിക്കാം അവനിലാ പൊള്ളുന്ന ജീവിതം ഒട്ടും അതിശയോക്തിയില്ലാതെ പ്രതിഫലിച്ചുകണ്ടത്. സിനിമയുടെ സംവിധായികയും നടിയും കൂടിയായ നാദിനിന്റെ വേഷവും ശ്രദ്ധേയം തന്നെ. സന്ദർഭത്തിന് അനുയോജ്യമായ ബാക്ഗ്രൗണ്ട് മ്യൂസിക്കും ക്യാമറയും സിനിമയെ കൂടുതൽ ആകൃഷ്ടവും നല്ല ചലച്ചിത്രാവിഷ്ക്കാരവുമാക്കി മാറ്റുന്നു.

എന്താണ് Capernaum ?

Capernaum എന്നത് ഹിബ്രു,  അറബി ഭാഷകളിലും ബൈബിളിലുമൊക്കെ പരാമർശിക്കപ്പെട്ട വാക്കാണ്. ചരിത്രത്തിൽ പുരാതന പലസ്തീനിലെ ഒരു മത്സ്യഗ്രാമമായിരുന്നെന്നും യേശുവിന്റെ മതോപദേശം നടന്ന സ്ഥലമെന്നുമൊക്കെ കാണാം. അതിന്റെ അർത്ഥം ആശയക്കുഴപ്പം എന്നും  അലങ്കോലമായ ഒരുപറ്റം വിഷയങ്ങളാൽ രേഖപ്പെടുത്തപ്പെട്ട സ്ഥലമെന്നുമാണ്. ഈ കൺഫ്യൂഷൻസ് തന്നെയാണ് സിനിമ പറയുന്ന രാഷ്ട്രീയവും. സിനിമ അവസാനിക്കുമ്പോഴാണ് നമ്മൾ ശരിക്കും കഫർനൗമിൽ എത്തുന്നത്. അവിടെ ഏത് വ്യവസ്ഥയെക്കൊണ്ടാണ് കാലമാവശ്യപ്പെടുന്ന ഒരുരേഖകളും മണ്ണുമില്ലാതെ പിറന്ന, വ്യവസ്ഥകളില്ലാത്ത അഭയാർത്ഥിസമൂഹത്തിനെ, സംരക്ഷിക്കുവാൻ കഴിയുക??. ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങളുയർത്തുന്ന നിസ്സഹായതയിലാകും പ്രേക്ഷകൻ. 

കഴിഞ്ഞ വർഷം നടത്തിയ ഒരു റിസർച്ചിന്റെ ഭാഗമായാണ് ഈ സിനിമ ആദ്യം കാണുന്നത്. ഇന്നത് ഒരിക്കൽക്കൂടി കണ്ടപ്പോൾ ഇത്രയെങ്കിലും നിങ്ങളോട് പങ്കുവെക്കണമെന്ന് തോന്നി.

2019ലെ അക്കാദമി അവാർഡിലേക്ക് മികച്ച വിദേശ ഭാഷാ ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സര രംഗത്തുണ്ടായിരുന്ന സിനിമയാണിത്. ഏഷ്യ പെസഫിക്ക്, കാൻ തുടങ്ങിയ രാജ്യാന്തര ചലച്ചിത്ര മേളകളിലെ ശ്രേധേയവും അവാർഡുകൾക്ക് അർഹവുമായ സിനിമയാണ് Capernaum. നാദിൻ ലാബാക്കിയുടെ കഥയ്ക്ക് നാദിനേ കൂടാതെ ജിഹാദ് ഹുജൈലി, മൈക്കിൾ കാസർവാനി എന്നിവർ ചേർന്നാണ് തിരക്കഥ ചിട്ടപ്പെടുത്തിയത്. ഖാലിദ്‌ മൗസനാറാണ് സിനിമ നിർമിച്ചത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x