‘മഹിതം – മാനവീയം’; സ്വാതന്ത്ര ദിനത്തിൽ ബഹുജന കൂട്ടായ്മകളുമായി ഐ എസ് എം കേരള
മലപ്പുറം: സുസ്ഥിരതയ്ക്കു വേണ്ടി മനുഷ്യരിലെ വ്യത്യസ്തതകളെ ഉൾകൊണ്ടുള്ള ഐക്യവും സമന്വയവുമാണ് ആധുനിക ലോകം ആവശ്യപ്പെടുന്നത്. മനുഷ്യരെ പരസ്പരം വ്യത്യസ്തരാക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
ലിംഗം, മതം, ജാതി, ഭാഷ, സംസ്കാരം തുടങ്ങിയ ഈ വ്യത്യസ്ത ഘടകങ്ങളെ ഉൾകൊള്ളാൻ മനുഷ്യന് സാധിക്കണം. ഈ വ്യത്യസ്ത ഘടകങ്ങളിൽ ഊന്നിനിന്നുകൊണ്ട് രൂപപെട്ടതാണ് ഇന്ത്യയുടെ ദേശീയതയും.
വൈദേശിക ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന് ഈ എല്ലാ വ്യത്യസ്തകളും ഒന്നായി തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചത് കാണാൻ സാധിക്കും.
രാജ്യത്തിന്റെ സംസ്കാരമായി വികസിച്ചുവന്ന സമന്വയമെന്ന ആശയത്തെ രാഷ്ട്രശിൽപികൾ ഭരണഘടനയിലൂടെ നിയതമാക്കിതീർത്തു. വ്യത്യസ്തതകളുടെ ദേശീയതയെ ഓരോ ഭാരതീയനും അഭിമാനപൂർവം സ്വീകരിച്ചാണ് മുന്നോട്ടുവന്നിട്ടുള്ളത്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലൂടെ നാനാ തത്വങ്ങളെയും ആസാദിയെന്ന ഏക തത്വത്തിലേക്ക് പരിവർത്തിപ്പിക്കാൻ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനായി.
എന്നാൽ അന്നുമുതൽ തന്നെ നാനാത്വമെന്ന രാജ്യത്തിന്റെ മനോഹാരിത ഉൾകൊള്ളാൻ കഴിയാത്തവരുണ്ടായിരുന്നു. രാജ്യത്തെ വർഗീയമായി വിഭജിച്ച് മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ നെഹ്റുവിന്റെ ശക്തമായ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ അതിനെ മറികടക്കാൻ സാധിച്ചു.
വിഭാഗീയതയുടെ ചേരി രാജ്യത്ത് ഇന്ന് സജീവമാണ്. മണിപ്പൂരിൽ മതത്തിന്റെ പേരിൽ നടുക്കുന്ന അക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും സോഹനിലും ഈ വിധ്വംസക പ്രവർത്തകർ തകർത്താടുകയാണ്.
എഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ദുർബലമാക്കുന്ന ഈ വിഭജനത്തിന്റെ ശക്തികളെ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകണം.
രാജ്യത്ത് സമാധാന അന്തരീക്ഷവും ജനാധിപത്യ വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനായി സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 50 കേന്ദ്രങ്ങളിൽ മഹിതം – മാനവീയം എന്ന പേരിൽ ഐ എസ് എം ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.
ന്യൂനപക്ഷ വേട്ടയും സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളും ബഹുജന കൂട്ടായ്മയിൽ ചർച്ചയാകും. വിശ്വമാനവികതയ്ക്ക് വേദവെളിച്ചമെന്ന പ്രമേയത്തിൽ 2024 ജനുവരി അവസാനവാരത്തിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് ഈ ബഹുജന കൂട്ടായ്മ.
മഹിതം – മാനവീയം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ ആഗസ്ത് 13ന് വൈകുന്നേരം നാല് മണിക്ക് നടക്കും.
കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം എൽ എ മുഖ്യാതിഥിയാവും. ഡോ. കെ ടി ജലീൽ എം എൽ എ, അഡ്വ. കെ എൻ എ ഖാദർ, നിഷാദ് റാവുത്തർ, ഫാദർ സെബാസ്റ്റ്യൻ സി എ, റിജിൽ ചന്ദ്രൻ മാക്കുറ്റി, സഹൽ മുട്ടിൽ, ഡോ. അൻവർ സാദത്ത്, റിഹാസ് പുലാമന്തോൾ എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, സെക്രട്ടറിമാരായ റഫീഖ് നല്ലളം, ഷാനവാസ് ചാലിയം, ലത്തീഫ് മംഗലശേരി എന്നിവർ പങ്കെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS