Political

REPOST: രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് 7 വയസ്; ജാതീയ വിവേചനത്തിന്റെ അനശ്വര പ്രതീകം

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ഓര്‍മയായിട്ട് ഇന്നേക്ക് 7 വര്‍ഷം. 2016 ജനുവരി 17 നാണ് എച്ച്‌സി യുവിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. മരണത്തിലൂടെ രാജ്യത്തെ ജാതീയ വിവേചനത്തിന്റെ മരിക്കാത്ത പ്രതീകമായി വളര്‍ന്നുവെന്നതാണ് രോഹിത് വെമുല എന്ന വ്യക്തിയുടെ ചരിത്രപ്രസക്തി.

കാള്‍സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്ര എഴുത്തുകാരനാവാനായിരുന്നു രോഹിത് വെമുലയുടെ മോഹം. എന്നാല്‍ പാതിവഴിയില്‍, ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു രോഹിത് വെമുല. ആത്മഹത്യാക്കുറിപ്പില്‍ രോഹിത് അടിവരയിട്ട പോലെ, ദളിതനായുള്ള ജന്മം തന്നെയാണ് അവന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അപകടം.

വീട്ടിനകത്തെ ജാതീയ അവഗണനയില്‍ തുടങ്ങി പ്രതിബന്ധങ്ങളെ നിരന്തരം അതിജീവിച്ചാണ് റോഹിത് വെമുല വളര്‍ന്നത്. കടതിണ്ണയില്‍ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ടുകൊണ്ടുപോയുമാണ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പിഎച്ച്ഡി വരെ അവന്‍ എത്തിയത്. മുന്നോട്ട് വഴികളില്ലാതായെന്ന് തോന്നിയപ്പോള്‍ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി രോഹിത് വെമുല ചക്രവര്‍ത്തി രക്തസാക്ഷിയായി.

എത്രയെത്ര ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ മനുഷ്യരാണ് ഇവിടെ നിരന്തരം അക്രമിക്കപ്പെടുന്നത്, റേപ്പ് ചെയ്യപ്പെടുന്നത്, കൊല്ലപ്പെടുന്നത്. പ്രതി സ്ഥാനത് ബ്രാഹ്മണർ വരുമ്പോൾ, ഹിന്ദുത്വ വാദികൾ വരുമ്പോൾ നമുക്ക് നീതി കിട്ടാറുണ്ടോ? സംവരണീയ വിഭാഗങ്ങൾക്ക് അവരുടെ പകുതി പ്രാതിനിത്യം എങ്കിലും ഈ നാട്ടിൽ ലഭിച്ചിട്ടുണ്ടോ? തുല്ല്യ അധികാര പങ്കാളിത്വം കിട്ടിയിട്ടുണ്ടോ?

ഇന്നും നമ്മുടെ നാട്ടിലെ ഭൂരിപക്ഷ മനുഷ്യർക്കും ഇവിടെയുള്ള ജാതിയെ പറ്റി അറിയില്ല, പിന്നോക്ക മനുഷ്യർ അനുഭവിക്കുന്ന ജാതി വിവേജനങ്ങളെ പറ്റി അറിയില്ല, അല്ലെങ്കിൽ അവർ അങ്ങിനെ നടിക്കുന്നു. മധ്യവർഗ്ഗ ജീവിതം നയിക്കുന്നവർ ഈ ജാതി വിവേജനങ്ങൾ കണ്ട് ശീലിച്ചതാണ്. അതുകൊണ്ട് തന്നെ ഇവിടെ അവർക്ക് ഒരു അസ്വഭാവികതയും തോന്നുന്നില്ല.

ഈ ലോകത്തെ സൗന്ദര്യപ്പെടുത്താൻ ശ്രമിച്ചവൻ ആയിരുന്നു രോഹിത് വെമുല. എന്നാൽ ഈ ലോകത്തെ മനസ്സിലാക്കുന്നതിൽ തനിക്ക് തെറ്റ് പറ്റി എന്ന് രോഹിത് അവന്റെ കത്തിൽ പറയുന്നുണ്ട്. പ്രതീക്ഷയുടെ അവസാന പ്രകാശവും അവന്റെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കിയ ജാതീയ വ്യവസ്ഥിതി ഇപ്പോഴും ഒരു പോറൽ പോലും ഏൽക്കാതെ ഈ സമൂഹത്തിൽ പ്രവർത്തിക്കുകയാണ്. അത് അതിന്റെ അടുത്ത ഇരക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്.

രാജ്യം ഇനിയും ശത്രുവിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ, ജനാതിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ നയിച്ചില്ലെങ്കിൽ ഇനിയും ഈ മണ്ണിൽ രോഹിത് വെമുലയും, പായൽ തദ്വിയും, ഫാത്തിമ ലത്തീഫുമൊക്കെ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കും. നമ്മുടെ വരും തലമുറകൾക്ക് ഈ മണ്ണിൽ ജീവിച്ചിരിക്കാൻ പോലും അവകാശമില്ലത്തവരായി മാറും.

രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും നാളെറെ പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി. ദളിത് രാഷ്ട്രീയത്തിന് മുന്‍പില്ലാത്ത വിധം സ്വീകാര്യതയാണ് ആ പ്രക്ഷോഭങ്ങള്‍ രാജ്യത്താകെ ഉണ്ടാക്കികൊടുത്തത്. വെമുലയ്ക്ക് ശേഷവും ഉന, ഹത്രാസ്, എന്ന് തുടങ്ങി ദളിത് നിസഹായതയുടെ നേര്‍ചിത്രങ്ങള്‍ ഏറെയുണ്ടായെങ്കിലും രോഹിത് വെമുല ഇന്നൊരു പ്രതീകമാണ്. രാജ്യത്തെ ജാതീയ വിവേചനത്തിന്റെ അനശ്വര പ്രതീകം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x