
കേരളത്തിലെ കൊവിഡ് വ്യാപനം: പാഠമാണെന്ന് തെലങ്കാന ആരോഗ്യ മന്ത്രി
ഓണാഘോഷത്തിനു ശേഷമാണ് കേരളത്തിൽ രോഗം പടർന്നത്.
ഹൈദരാബാദ്: വരുന്ന ദസറ, ബതുകമ്മ ഉത്സവകാലത്ത് ജനങ്ങൾ കൊവിഡിനെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് തെലങ്കാന ആരോഗ്യ മന്ത്രി ഏതല രാജേന്ദർ. ഇക്കാര്യത്തിൽ കേരളം നൽകിയ പാഠം ഉൾക്കൊള്ളണം. കേരളത്തിൽ ഇപ്പോൾ രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓണാഘോഷത്തിനു ശേഷമാണ് കേരളത്തിൽ ഇതുപോലെ രോഗം പടർന്നത്. ജനങ്ങൾ ജാഗ്രത പാലിക്കുകയും കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുകയും ചെയ്താൽ കേരളത്തിന്‍റെ അവസ്ഥ നമുക്കുമുണ്ടാവും- ആരോഗ്യ മന്ത്രി മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
തെലങ്കാനയിലെ സ്ത്രീകൾ വലിയ തോതിൽ ആഘോഷിക്കുന്ന പുഷ്പോത്സവമാണ് ബതുകമ്മ. കൊവിഡിനെ നല്ല രീതിയിൽ നിയന്ത്രിച്ചുനിർത്തിയിട്ടുണ്ട് തെലങ്കാനയിൽ. സർക്കാരിന്‍റെ മാർഗനിർദേശങ്ങൾ ലംഘിച്ച് ഉത്സവം ആഘോഷിച്ചാൽ കാര്യങ്ങൾ വീണ്ടും കൈവിട്ടുപോകാമെന്നാണ് മന്ത്രി പറയുന്നത്. 2,00,611 പേർക്കാണ് ഇതുവരെ തെലങ്കാനയിൽ കൊവിഡ് ബാധിച്ചത്. 1,171 പേർ മരിച്ചു. ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് 1,335 പുതിയ കേസുകൾ.