EnvironmentOpinion

നമ്മളെ പോലെ ദാഹം ഉള്ളവരാണോ പക്ഷികൾ?

പക്ഷികൾക്ക് ദാഹമകറ്റാൻ പാത്രത്തിൽ വെള്ളം വെക്കൽ ഫേഷനായ കാലത്ത്, ശരിക്കും ഇത് ആവശ്യമുള്ളതാണോ? അത് പക്ഷികൾക്ക് ഗുണമാണോ ദോഷമാണോ ചെയ്യുക? അക്കാഡമിക്ക് സംശയമാണ്.

എന്നെ കൊത്തിപ്പറിക്കാൻ ഇളകി വരാൻ പോകുന്ന പൈങ്കിളി പ്രകൃതി സ്നേഹികൾ (ഞാനും അങ്ങിനെ തന്നെ ആയിരുന്നു) ഒന്ന് ക്ഷമിച്ച് – ഞാൻ എഴുതിയ സംശയങ്ങൾ തീർത്ത് തന്നാൽ ഉപകാരം.

കുറച്ചിനം പക്ഷികളെ തൊട്ടടുത്ത് കാണാനും, നിരീക്ഷിക്കാനും, ഫോട്ടോ എടുക്കാനും പുണ്യ പ്രവർത്തി ചെയ്തതായി സ്വയം കരുതിയും മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിച്ചും പ്രകൃതി സ്നേഹിയായി കോൾമയിർ കൊള്ളാനും പക്ഷികൾക്ക് കുടി ജലം പരിപാടി ഗുണം ചെയ്യും എന്നത് ശരിയാണ്.

എന്നാൽ കെട്ടിയിട്ട വളർത്ത് മൃഗങ്ങളെ പോലെ അല്ലാതെ, സ്വതന്ത്രമായി പറക്കാൻ ചിറകുള്ള, വെള്ളമുള്ള ഇടം കണ്ടെത്താനുള്ള പ്രത്യേക കഴിവുള്ള, ദശലക്ഷക്കണക്കിന് വർഷം മുമ്പേ, ജുറാസിക് കാലത്തേ പരിണമിച്ചുണ്ടായ ഇവർ എത്രയോ കൊടും വരൾച്ചകൾ അതിജീവിക്കാനുള്ള കഴിവ് ആർജിച്ച് പരിണമിച്ചവരാണല്ലോ.

ആകാശദൂരം അഞ്ചോ പത്തോ കിലോമീറ്ററുകൾ പോലും ഇവർക്ക് ഒരു ദൂരമല്ല. അതിനപ്പുറം ചാടിക്കടക്കാൻ ഈ K K ജോസഫുമാർക്ക് അറിയാം. ടെറിട്ടോറിയൽ ആയവ സ്ഥലം മാറും അത്ര തന്നെ.

അതിനിടയിലൊരിടത്തും തുറന്ന ജല സ്രോതസ് ഇല്ലാത്ത വിധം വരണ്ടുണങ്ങിയ മരുഭൂമി ആണോ നിലവിൽ കേരളം? അടുത്ത പഞ്ചായത്തിലോ, ജില്ലയിലോ പോവാൻ ഇവർക്ക് ബസ് ചാർജ്ജ് ഒന്നും വേണ്ട.

പക്ഷികൾ സീസണുകൾക്ക് അനുസരിച്ച് ജല ലഭ്യത ഉറപ്പാക്കാൻ അവയുടെ ഭക്ഷണത്തിൽ മാറ്റം വരുത്തുന്ന ശീലമുള്ളവരാണ്. ഇൻസെക്റ്റുകളെ കൂടുതൽ തിന്നുന്നവ, പഴങ്ങൾ തിന്നുന്നവ ഒക്കെ അത് ക്രമീകരിച്ച് ജല ആവശ്യം അതിജീവിക്കും.

അതിനുമപ്പുറം പോയാലേ അവ തൊണ്ട വരണ്ട് വീണു ചാവാറുള്ളു. കേരളത്തിൽ എവിടെ എങ്കിലും പക്ഷികൾ ദാഹിച്ച് ചത്ത് വീണത് ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

നമ്മൾ ചൂടിനോട് കാണിക്കുന്ന അതേ അളവിലാകുമോ പക്ഷികളുടെയും പ്രതികരണം? നമ്മെ പോലെ വിയർക്കലും ചൂട് പ്രശ്നവും ഒക്കെ സമാനമായുള്ള ഒരു വേറെ ജീവി അല്ലല്ലോ പക്ഷി – അത് സസ്തനി അല്ല – ശരീരത്തിൻ്റെ ജലാംശം നമ്മെ പോലെ വിയർപ്പിച്ച് നഷ്ടപ്പെടുത്തുന്നവരല്ല – നമ്മളെ പോലെ രക്തം അരിച്ച് മൂത്രമാക്കലിന് ഇത്ര മാത്രം വെള്ളവും വേണ്ട – അവർ മൂത്രമൊഴിക്കുന്നുമില്ല – കാഷ്ടത്തിലൂടെ യൂറിക് അംശങ്ങൾ പുറത്ത് കളയുകയാണ് ചെയ്യുന്നത്.

അപ്പോൾ നമ്മളെ പോലെ ദാഹം ഉള്ളവരല്ലല്ലോ പക്ഷികൾ ?

മനുഷ്യരുമായി സംസർഗപ്പെട്ട്, പരിചിതരായ കാക്ക , പ്രാവ്, ബുൾബുൾ, വണ്ണാത്തിക്കിളി തുടങ്ങിയ കുറച്ചിനം പക്ഷികൾ മാത്രമല്ലെ നമ്മൾ വെച്ച വെള്ളപ്പാത്രത്തിൽ വന്ന് വെള്ളം കുടിക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുള്ളു – അല്ലാതെ ഉള്ള പക്ഷികൾ ഇവയിൽ വന്ന് വെള്ളം കുടിക്കുന്നത് അപൂർവമല്ലെ?.

ഇത്തരം വെള്ള പാത്രങ്ങൾ അവർക്ക് ഒരു കെണിയായി പ്രവർത്തിക്കില്ലെ – വളർത്ത് പൂച്ച, നായ എന്നിവ പക്ഷികളെ പിടികൂടാൻ സാദ്ധ്യത വർദ്ധിപ്പിക്കുകയല്ലെ ചെയ്യുക? ദാഹിച്ച് തൊണ്ട വറ്റി ഒരു പക്ഷിയും ചത്തില്ലെങ്കിലും – ഈ പക്ഷി സ്നേഹം മൂലമാകില്ലെ നൂറു കണക്കിന് പക്ഷികൾ ചാവുക?

സ്വാഭാവികമായ തുറന്ന ജല സ്രോതസുകളിൽ നിന്ന് വെള്ളം കുടിക്കുന്നതിൽ കൂടുതൽ രോഗ സാദ്ധ്യത പക്ഷികൾക്ക് ഇത്തരം പാത്രങ്ങളിൽ നിന്ന് വെള്ളം കുടിക്കുന്നത് കൊണ്ടാവില്ലെ? കണ്ടാമിനേഷൻ നമ്മൾ വെക്കുന്ന ചെറിയ അളവിലുള്ള പാത്രത്തിലെ വെള്ളത്തിലാകില്ലെ?

ഇത്തരം പാത്രങ്ങളിലെ വെള്ളം കൊതുകു വളർത്തലിന് കാരണമാകില്ലെ ?

ചില സംശയങ്ങളാണ്.

അവനവൻ്റെ ഉള്ളിലെ കാല്പനികവർണക്കിളിക്ക് ഈ ചോദ്യങ്ങളൊന്നും ആദ്യം ഇഷ്ടമാവില്ല എന്നറിയാം. എന്തായാലും ഒരു ഉപകാരമല്ലെ , ദാഹജലം കൊടുക്കലല്ലെ എന്നൊക്കെ പറഞ്ഞ് എന്നോട് ദേഷ്യം തോന്നും.

അതിനാൽ ഇതിനെ ഇത്ര മാത്രം ഗ്ലോറിഫൈ ചെയ്യണോ എന്നാണ് എൻ്റെ സംശയം.

നമ്മുടെ കുട്ടികളും അരിക്കൊമ്പൻ ഫാൻസ് പോലെ കിളിക്കൂട്ട ഫാൻസ് ആവരുത്. പ്രകൃതി സ്നേഹത്തിന്, പ്രകൃതി സംരക്ഷണത്തിന് കാല്പനികതയുടെ അതി വൈകാരികത അനാവശ്യമാണ്.

വിജയകുമാർ ബ്ലാത്തൂർ

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x