’80:20 ശതമാനം ഹൈക്കോടതി റദ്ദാക്കി. ഭീകരമായ ഒരനീതി തിരുത്തി‘.
ഇന്നത്തെ കോടതി വിധി ഇത്തരമൊരു പ്രാഥമിക ധാരണയാണുണ്ടാക്കുന്നത്.
രാജ്യത്തെ മുസ്ലീങ്ങൾ നേരിടുന്ന അതിദയനീയമായ വിധത്തിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിച്ച ജ: സച്ചാർ കമ്മിറ്റി അത് പരിഹരിക്കാൻ ചില ശുപാർശകൾ സമർപ്പിക്കുന്നു. അതു പ്രകാരം കേരളത്തിലെ സർക്കാർ തുച്ഛമായ ഒരു തുക എൻട്രൻസ് പരിശീലനവുമായി ബന്ധപ്പെട്ട് നീക്കി വക്കുന്നു.
അതിൽ അച്ചുതാനന്ദൻ സർക്കാരിലെ പാലൊളി മുഹമ്മദ് കുട്ടി ലത്തീൻകാരും ദളിത് ക്രിസ്ത്യാനികളും പിന്നോക്കം എന്നു കണ്ട് അവർക്കായി തുകയുടെ 20 ശതമാനം മാറ്റി വക്കുന്നു.
അന്നൊരു വിമർശനവും ഉന്നയിക്കാതിരുന്ന സഭയും ക്രിസംഘികളും ഏറ്റവും വലിയ മുസ്ലീം പ്രീണനവും ക്രിസ്ത്യാനികളുടെ അവകാശം മുസ്ലീങ്ങൾ തട്ടിയെടുക്കലുമായി ആ വിഷയത്തെ പർവതീകരിച്ചവതരിപ്പിക്കുന്നു.
അഞ്ചുവർഷവും അത് നടപ്പാക്കിയ LDF സർക്കാർ ആ വർഗീയ കള്ള പ്രചരണത്തിനു നേരെ കണ്ണടക്കുന്നു.
ഈ വർഷമാദ്യം പാംപ്ലാനി പിതാവ് ഉദ്ഘാടനം ചെയ്ത ക്രിസ്ത്യൻ അവകാശ സംരക്ഷണ യാത്രയിൽ ഈ വിഷയം മുസ്ലീങ്ങളുടെ ക്രിസ്ത്യാനികൾക്കെതിരായ കൊടിയ പീഡനമായി അവതരിപ്പിക്കപ്പെട്ടു.
അതിനൊപ്പം പലേടത്തും സർക്കാർ മാപ്പിള സ്കൂൾ നടത്തുന്നതും വലിയ മുസ്ലിം വർഗീയ പ്രീണനമായി വാട്സാപ് ഗ്രൂപ്പുകളിൽ വർഗീയതയുടെ വിളവെടുക്കുന്നു.
ക്ഷേത്രങ്ങളിലെ 3000 കോടി വരുമാനം സർക്കാർ തട്ടിക്കൊണ്ടുപോയി ഇതരമതക്കാർക്ക് കൊടുക്കുന്നുവെന്ന് വിഷകല നടത്തിയ കള്ള പ്രചരണം മുളയിലെ നുള്ളാതെ UDF ഉം LDF ഉം പതിറ്റാണ്ടുകളോളം കണ്ടില്ലെന്നു നടിച്ചു.
അതിനെക്കാൾ വർഗീയതക്ക് വളവും വെള്ളവുമായി ഈ 80:20 ശതമാനം
പ്രചരണം.
മുസ്ലിം ലീഗ് എങ്കിലും ഇതിലെ വസ്തുത തുറന്നു കാട്ടുമോ?
സർക്കാർ ഖജനാവിൽ നിന്ന് വിദ്യാഭ്യാസത്തിനടക്കം നല്കുന്ന സാമ്പത്തിക സഹായം ഏതേത് സമുദായങ്ങൾക്ക് എത്ര കോടി വീതം കിട്ടുന്നു, അവരുടെ ജനസംഖ്യാപരമായ ശതമാനമെത്ര എന്നു പഠിക്കാൻ ലീഗ് എങ്കിലും ഒരു വിദഗ്ദകമ്മറ്റിയെ നിയോഗിക്കണം. ഉന്നതരായ സാമ്പത്തിക വിദഗ്ദരെയടക്കം ഉൾപ്പെടുത്തണം.
ഖജനാവിൽ നിന്ന് പോകുന്ന പണം എത്ര ശതമാനം വീതം നായരും സവർണ ക്രിസ്ത്യാനിയും ഈഴവനും ദളിതരും നേടിയെടുക്കുന്നു എന്നൊരു കണക്കവർ കൊണ്ടു വരട്ടെ. പറ്റിയാൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് മൊത്തത്തിൽ കിട്ടുന്ന ധനസഹായം എങ്ങനെയാണ് സവർണ ക്രിസ്ത്യാനിക്കും ദളിത്- മൽസ്യത്തൊഴിലാളി ക്രിസ്ത്യാനിക്കുമിടയിൽ വീതം വക്കുന്നതെന്നും അവർ പറയട്ടെ.
പാംപ്ളാനിമാരുടെ കള്ള പ്രചരണത്തെ വോട്ടു പോകും എന്ന പേടി കൊണ്ട് തുറന്നു കാട്ടാതിരിക്കുന്ന നടപടി വർഗീയവാദികൾക്കു വലിയ ഗുണം ചെയ്തു. ഇനിയും അവർക്കത് ഗുണമാകും.
അതിന്റെ ഗുണഭോക്താക്കളായവർ അതിലെ കുബുദ്ധി തുറന്നു കാട്ടില്ല. ഇതു കൊണ്ടു വന്ന പാലൊളി മുഹമ്മദ് കുട്ടി പോലും വേണ്ട രീതിയിൽ സത്യത്തിനു വേണ്ടി പൊരുതുമെന്ന വിശ്വാസം എനിക്കില്ല.
കള്ളത്തെ സത്യം കൊണ്ടേ പ്രതിരോധിക്കാൻ പറ്റൂ.
ക്രൈസ്‌തവരും സംവരണവും മുന്നാക്ക വികസന കോര്‍പ്പറേഷനും
ക്രിസ്ത്യന്‍ സമൂഹത്തിന്റെ 68 ശതമാനവും സാമൂഹിക സാമ്പത്തിക അധികാരമുള്ള മുന്നാക്കവിഭാഗത്തില്‍ ഉൾപ്പെടുന്നു. സംസ്ഥാന മുന്നാക്ക വികസന കോര്‍പ്പറേഷന്റെ (സമുന്നതി) പദ്ധതികളില്‍ നായര്‍-ബ്രാഹ്മണ വിഭാഗങ്ങൾക്കൊപ്പം ക്രിസ്ത്യന്‍ മുന്നാക്കവിഭാഗങ്ങളും എല്ലാ ക്ഷേമപദ്ധതികള്‍ക്കും അര്‍ഹരാകുന്നുണ്ട്.
സമുന്നതിയിലൂടെ ക്രിസ്ത്യന്‍ മുന്നാക്കവിഭാഗങ്ങള്‍ക്കും വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ബിസിനസ് സംരംഭകത്വ വായ്‌പകള്‍, വിദ്യാഭ്യാസ വായ്‌പകള്‍ നൽകിവരുന്നുണ്ട്.
അതോടൊപ്പം തന്നെ മുന്നാക്ക ക്രൈസ്‌തവര്‍ 10 ശതമാനം സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങളും നേടുന്നു. മുന്നാക്കക്കാര്‍ മൊത്തം സംവരണത്തിന്റെ പത്തു ശതമാനം നേടുന്നത് മുസ്‌ലിംകൾ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് വന്‍ അവസര നഷ്‌ടമാണ് സംഭവിക്കുന്നത്.
മെഡിക്കല്‍, നിയമ പഠനം, എഞ്ചിനീയറിങ്, പോളിടെക്‌നിക്ക് എന്നീ പ്രൊഫഷണല്‍ വിദ്യഭ്യാസ മേഖലകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രത്യേകിച്ചും.
ഇവിടെ മുന്നാക്ക സമുദായത്തിനായി സംവരണം ചെയ്‌ത സീറ്റുകള്‍ പിന്നാക്ക സമുദായങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇരട്ടിയോ, രണ്ടിരട്ടിയോ ആണ്. മെഡിക്കല്‍ പി.ജി പ്രവേശനത്തിന് ജനസംഖ്യയില്‍ 23 ശതമാനമുള്ള ഈഴവര്‍ക്ക് ലഭിക്കുന്നത് വെറും 13 സീറ്റ്. 27 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് നീക്കിവെച്ചിട്ടുള്ളത് 9 സീറ്റ്. എന്നാല്‍ 20 ശതമാനം വരുന്ന മുന്നാക്ക സമുദായങ്ങള്‍ക്കാവട്ടെ 30 സീറ്റുകലാണ് ലഭിക്കുന്നത്.
ജനസംഖ്യയുടെ 7 ശതമാനം വരുന്ന സീറോ മലബാര്‍, 1.4 ശതമാനം വരുന്ന സീറോ മലങ്കര, 1.5 ശതമാനം വരുന്ന ഓര്‍ത്തഡോക്‌സ്, 1.4 ശതമാനം വരുന്ന യാക്കോബൈറ്റ്, 1.2 ശതമാനം വരുന്ന മാര്‍ത്തോമാ സിറിയന്‍ വിഭാഗത്തിലുള്ളവരും എല്ലാ മുന്നാക്ക ക്ഷേമപദ്ധതികളുടെയും ഉപയോക്താക്കളാണ്.
എന്നാല്‍ മുന്നാക്ക വികസന കോര്‍പ്പറേഷനിലെ സ്വയംതൊഴില്‍, വിവാഹം, വീട് നിര്‍മാണമടക്കമുള്ള ഒരു സഹായപദ്ധതിക്കും മുസ്‍ലിംകളോ പിന്നാക്ക ക്രൈസ്‌തവരോ അര്‍ഹരല്ല എന്നുള്ളതാണ് വസ്‌തുത.
ന്യൂനപക്ഷമെന്ന നിലയില്‍ വകുപ്പിന്റെ ഒന്നൊഴികെയുള്ള ആറ് സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാമെന്ന ഇരട്ട നേട്ടവും മുന്നാക്ക ക്രൈസ്‌തവര്‍ക്കുണ്ട്. ന്യൂനപക്ഷം വരുന്ന പിന്നാക്ക ക്രെസ്‌തവരും ന്യൂനപക്ഷ വകുപ്പിലൂടെ സര്‍ക്കാറിന്റെ സാമൂഹ്യ ക്ഷേപദ്ധതികള്‍ക്ക് അര്‍ഹരാവുമ്പോള്‍ മൊത്തം ക്രൈസ്‌തവരിലേക്കാണ് ക്ഷേമപദ്ധതികളെത്തുന്നത്.
അവലംബം: PJ Baby Puthanpurakkal, സ്വതന്ത്ര സോഴ്സുകൾ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS