KeralaOpinion

‘മതേതര’ രാഷ്ട്രീയക്കാരുടെ ചില തിരഞ്ഞെടുപ്പ് ബേജാറുകൾ

പ്രതികരണം/ ആബിദ് അടിവാരം

എല്ലാ വിഭാഗം മനുഷ്യർക്കും പ്രവർത്തിക്കാൻ പറ്റുന്ന പാർട്ടികൾ എത്രയെണ്ണമുണ്ട് കേരളത്തിൽ…? പ്രധാനമായും മൂന്ന്.
കോൺഗ്രസ്സ്, സിപിഎം, സിപിഐ, കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും പത്താളെക്കിട്ടുന്ന ഏതു ജാതിയിലും മതത്തിലും പെട്ട മനുഷ്യർക്ക് താൻ രണ്ടാം തരക്കരനാണ് എന്ന് തോന്നാതെ പ്രവർത്തിക്കാൻ പറ്റിയ പാർട്ടികളാണിത്. ഇത്തവണ തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ ബിജെപിയും മറ്റു ‘വർഗീയ’ കക്ഷികളും നേട്ടമുണ്ടാക്കുന്നു, ഇത് ആപൽക്കരമായ പ്രവണതയാണ് എന്നൊരു വിലാപം ഈ പാർട്ടിക്കാർ പലയിടങ്ങളിലും പറയുന്നുണ്ട്.

വേറെ ആരൊക്കെയോ നേട്ടമുണ്ടാക്കുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം, മേല്പറഞ്ഞ മൂന്ന് പാർട്ടികളുടെയും പെട്ടിയിൽ നിന്ന് വോട്ട് മറ്റുള്ളവർക്ക് പോകുന്നു എന്നാണ്. ഇടക്കിടെ വിലപിക്കുയും മതേതര കേരളത്തെക്കുറിച്ച് മുതലക്കണ്ണീര് ഒഴുകുകയും ചെയ്യുന്നതിന് പകരം ഈ പാർട്ടികൾ സ്വന്തം വോട്ടു ചോരുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ഗഹനമായി ചർച്ച ചെയ്തിട്ടുണ്ടോ…?

ഇത്തവണ തിരുവനന്തപുരത്തെ കോർപറേഷൻ തെരഞ്ഞെടുപ്പിലെ ചില വാർഡുകളിലെ റിസൾട്ട് നോക്കൂ..

നെടുങ്കാട്
NDA : 3626
LDF : 3442
UDF : 74

വലിയവിള
NDA : 1893
LDF : 1782
UDF : 229

ചാല
NDA : 2117
LDF : 1673
UDF: 347

ശ്രീകണ്ഠേശ്വരം
NDA : 1885
LDF : 1034
UDF : 220

പാങ്ങോട്
NDA : 1550
LDF :1323
UDF: 531

കരിക്കകം
NDA : 2488
LDF :2372
UDF :595

PTPനഗർ
NDA :1896
LDF: 1691
UDF: 659

പാപ്പനംകോട്
NDA : 3310
LDF: 2298
UDF : 594

തിരുമല
NDA : 2241
LDF: 1958
UDF : 594

പുന്നക്കാമുഗൾ
NDA : 2833
LDF : 2233
UDF :815

മേലാങ്കോട്
NDA : 3534
LDF : 2588
UDF :891

നെട്ടയം
NDA : 2789
LDF : 1755
UDF: 731

കാലങ്ങളായി യുഡിഎഫിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ കൂട്ടത്തോടെ ബിജെപിക്ക് പോയി, ഇത് പോലെ പല വാർഡുകളിലും എൽഡിഎഫ് വോട്ടുകളും ചോർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന കോൺഗ്രസ്സ് രാഷ്ട്രീയ കാര്യസമിതി പാർട്ടി വോട്ടുകൾ നഷ്ട്ടപെടുന്നതിനെക്കുറിച്ച് വല്ല ചർച്ചയും നടത്തിയോ…? വല്ല പരിഹാരവും നിർദ്ദേശിച്ചോ…? മാധ്യമങ്ങൾ വെറുതെ തിരിച്ചടി എന്ന് പ്രചരിപ്പിക്കുകയാണ്, ഇപ്പോൾ വിമർശിക്കുന്ന നിങ്ങളാരെങ്കിലും 19 സീറ്റ് നേടി യുഡിഎഫ് വിജയിച്ചപ്പോൾ എന്നെ അനുമോദിച്ചിരുന്നോ.? ഒരു നല്ല വാക്കെങ്കിലും പറഞ്ഞിരുന്നോ എന്നാണ് കെപിസിസി പ്രസിഡണ്ട് ചോദിച്ചത്…! ന്യായമല്ലേ ചോദ്യം.., അദ്ദേഹം കെപിസിസി പ്രസിഡണ്ടായത് കൊണ്ടല്ലേ യുഡിഎഫ് 19 സീറ്റിൽ വിജയിച്ചത്..! ഇത് പോലുള്ള കുറെ നേതാക്കൾ ചേർന്നതാണ് രാഷ്ട്രീയ കാര്യസമിതി, അവിടെ നടക്കുന്ന ചർച്ചകളുടെ നിലവാരം ഊഹിക്കാമല്ലോ.

എന്ത് കൊണ്ട് മേല്പറഞ്ഞ മൂന്ന് പാർട്ടികളിൽ നിന്നും വ്യാപകമായ വോട്ടു ചോർച്ചയുണ്ടാകുന്നു എന്ന ചോദ്യത്തതിന് ഉത്തരം വളരെ ലളിതമാണ്.
ഇവിടെയൊരു വർഗീയ രാഷ്ട്രീയ കക്ഷി പ്രവർത്തിക്കുന്നുണ്ട്, മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റുകാരും രണ്ടാം തരം പൗരന്മാരായി ജീവിക്കുന്ന ഹിന്ദു രാജ്യം എന്ന സ്വപ്നം കൃത്യമായി എഴുതിവെച്ച്, അത് നിരന്തരം പറഞ്ഞു കൊണ്ട് പ്രവർത്തിക്കുന്ന ഒരു സംഘടന. ഹിന്ദു രാജ്യം എന്ന സ്വപ്നത്തിന് വേണ്ടി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ഇന്ത്യാ വിഭജനത്തിന് ചരട് വലിക്കുകയും ചെയ്ത, കഴിഞ്ഞ നൂറു വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്ന സംഘപരിവാർ. മനുഷ്യർക്കിടയിൽ വിഭാഗീയതയും കലാപങ്ങളുമുണ്ടാക്കിയും നുണ പ്രചരിപ്പിച്ചുമാണ് അവരുടെ രാഷ്ട്രീയ മുഖമായ ബിജെപി അധികാരത്തിൽ വന്നിട്ടുള്ളത്.

സംഘപരിവാറിന്റെ ശത്രു ബഹുസ്വരതയാണ്, മതേതരത്വമാണ്. ഈ രണ്ടു വാക്കുകളെയും കടുത്ത വെറുപ്പോടെയാണ് അവർ സമീപിക്കുന്നത്. എന്നാൽ മുഖ്യധാരാ പാർട്ടികളുടെ നിലനിൽപ്പ് ബഹുസ്വരതയിലാണ്. ഹിന്ദു വർഗീയത ശക്തിപ്പെടുമ്പോൾ അവരുടെ ഇരകളായിക്കൊണ്ടിരിക്കുന്നവർക്ക് സ്വാഭാവികമായും ഭയം വരും, അവർക്ക് അഭയം പ്രാപിക്കാനുള്ളത് മതേതര കക്ഷികളിലാണ്, ആ മതേതര കക്ഷികൾ സംഘപരിവാറിന്റെ ഭാഷ സംസാരിക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുന്നു എന്ന് തോന്നിയാൽ ഇരയാക്കപ്പെടുന്ന മനുഷ്യർ എന്ത് ചെയ്യും..? മറ്റു മാർഗ്ഗങ്ങളില്ലാതെ സ്വയം സംഘടിക്കും. അതോടെ ‘മതേതര’ കക്ഷികൾ അവരും ഇവരും തീവ്രവാദികൾ എന്ന് വിലപിക്കും, അവർ മനസ്സിലാക്കേണ്ടത് ഇന്ത്യയിൽ ഹിന്ദു തീവ്രവാദമില്ലാത്ത മറ്റേത് തീവ്രവാദമുണ്ടെങ്കിലും അതിനുത്തവരാദികൾ കോൺഗ്രസ്സും മതേതര പ്രസ്ഥാനങ്ങളുമാണ്.

ചില ഉദാഹരണങ്ങൾ പറയാം.

കേരളത്തിൽ ഹിന്ദുക്കളിൽ ഏറ്റവുമധികം വർഗീയത കുത്തി വെച്ച രണ്ടു സംഭവങ്ങൾ. ഒന്ന്, ശരിമലയിൽ നിന്നുള്ള വരുമാനം പൊതു ഖജനാവിലേക്ക് എടുക്കുന്നു, മുസ്ലിംകൾക്ക് ഹജ്ജിന് സബ്സിഡിയായി കൊടുക്കുന്നു എന്ന ആരോപണം, രണ്ട് ഹിന്ദു പെൺകുട്ടികളെ വലവീശി പിടിക്കാൻ ലവ് ജിഹാദ് എന്നൊരു പരിപാടി നടക്കുന്നു എന്ന ആരോപണം. ഇത് രണ്ടും നുണയാണെന്ന് ഇവിടത്തെ രാഷ്‌ടീയക്കാർക്കെല്ലാം അറിയാം, ഏതാണ്ട് പതിനഞ്ച് കൊല്ലമാണ് ശബരിമല നുണ കേരളത്തിലുടനീളം കുമ്മനവും ശശികലയും പരസ്യമായി പ്രസംഗിച്ചത്, ശാഖകളിലും ഹിന്ദു കുടുംബങ്ങളിലും പ്രചരിപ്പിച്ചത്, വാട്സാപ്പും ഫേസ്ബുക്കും വഴി വാരി വിതറിയത്. ആൻറണിയും ഉമ്മൻചാണ്ടിയും സുധീരനും മുല്ലപ്പള്ളിയും കോടിയേരിയും പിണറായിയും അച്യുദാനന്ദനും ചെന്നിത്തലയുമൊക്കെ അധികാരത്തിലും പുറത്തും ഇരിയ്ക്കുമ്പോൾ നടന്ന ഈ വർഗീയ പ്രചരണത്തിനെതിരെ ഇവരാരെങ്കിലും ഒരക്ഷരം മിണ്ടിയതായി നിങ്ങൾ കേട്ടോ…? ഇവരാണ് ദേവസ്വം ബോർഡ് ഭരിച്ചു കൊണ്ടിരുന്നത്, ശബരിമലയിൽ നിന്ന് കാശ്‌ സർക്കാർ എടുക്കുകയല്ല, എല്ലാ മതവിഭാഗങ്ങളുടെയും നികുതിപ്പണത്തിൽ നിന്നെടുത്ത് കോടികൾ അങ്ങോട്ട് കൊടുക്കുകയാണ് എന്ന് ഇവർക്കെല്ലാം അറിയാം, എന്നിട്ടും നീണ്ട പതിനഞ്ചു കൊല്ലം ഈ നുണ പ്രചാരണത്തിനെതിരെ ഒരു പ്രതികരണമോ ഒരു പെറ്റി കേസോ ഈ നേതാക്കളിൽ നിന്നുണ്ടായോ…? ഒടുക്കം 2015 ൽ വിഡി സതീശനാണ് നിയമസഭയിൽ വിഷയം ഉന്നയിച്ചതും കൃത്യമായ കണക്കുകൾ സഭയിൽ വെച്ച് സത്യം ബോധ്യപ്പെടുത്തിയതും. അപ്പോഴേക്ക് ഭാരതപ്പുഴയിലൂടെ വെള്ളം കുറെ ഒഴുകിപ്പോയിരുന്നു ബിജെപിയുടെ വോട്ട് വിഹിതം 4 ശതമാനത്തിൽ നിന്ന് 13 ആയി ഉയർന്നിരുന്നു എന്ന് മനസ്സിലാക്കണം, 2015 ലും സിപിഎം ശബരിമല നുണക്കെതിരെ മിണ്ടിയിട്ടില്ല, ബിജെപി ആ ആരോപണം നിർത്തിയിട്ടുമില്ല, പിന്നീട് സ്ത്രീ പ്രവേശന വിവാദകാലത്താണ് പാർട്ടിക്ക് വിനയാകും എന്ന് കണ്ട് സിപിഎം സത്യം പറയാൻ തുടങ്ങിയത്.

ഇത് പോലെ കേരളത്തിൽ വിഭാഗീയതയും ഭയവും സൃഷ്ടിക്കുന്ന ആരോപണമാണ് ലവ് ജിഹാദ്. ഹിന്ദു തീവ്രവാദി സംഘടനകൾ കൃത്യമായ ലക്ഷ്യങ്ങളോടെ പടച്ചു വിട്ട നുണയാണ് ലവ് ജിഹാദ് എന്ന് പലവട്ടം തെളിഞ്ഞതാണ്. കേരളാ ഹൈക്കോടതിയും കർണാടക ഹൈക്കോടതിയും കേരളാ പോലീസും സിബിഐയും എൻഐഎ യും എന്തിന് സാക്ഷാൽ അമിത്ഷായുടെ ആഭ്യന്തരവകുപ്പ് വരെ അതൊരു നുണപ്രചാരണമാണ് എന്ന് പ്രഖ്യാപിച്ചിട്ടും ഇന്നും അതേ പ്രചാരണം ബിജെപി തുടരുന്നു, ലവ് ജിഹാദ് ഉണ്ടാക്കുന്ന വർഗീയ ചേരിതിരിവ് എത്രത്തോളമാണ് എന്ന് മനസ്സിലാക്കിയാണ് ബിജെപി അത് വിടാതെ കൊണ്ട് നടക്കുന്നത്, കാക്ക കൊത്താതിരിക്കാൻ സിന്ദൂരം തൊട്ട് നടക്കുന്ന സ്ത്രീകളെ കേരളത്തിൽ സൃഷ്ടിച്ചെടുത്തത് ലവ് ജിഹാദാണ്. കാൽ കാശ് കണ്ടാൽ കമഴ്ന്നു വീഴുന്ന മനോരമയും മംഗളവും ദീപികയും പോലുള്ള മാമ മാധ്യമങ്ങളെയും കള്ളപ്പണക്കാരായ പാതിരിമാരെയും വിലക്കെടുത്ത് കേരളത്തിൽ ഇന്നും ലവ് ജിഹാദ് പ്രചരണം നടത്തി കൊണ്ടിരിക്കുമ്പോൾ, കോൺഗ്രസ്സ് അതിനെതിരെ മിണ്ടുന്നതു നിങ്ങൾ കണ്ടോ..? സിപിഎമ്മോ സിപിഐയോ മിണ്ടുന്നതു കണ്ടോ…? പകരം അങ്ങനെയൊന്ന് ഉണ്ട് എന്ന് വരുത്തി തീർത്ത് അത് മുസ്ലിം സംഘടനകളുടെ തലയിലിട്ട് അപ്പുറത്തും ഇപ്പുറത്തും വർഗീയതയുണ്ട് എന്ന് പറയാനല്ലേ ഇവർ ശ്രമിക്കുന്നത്…! ഇവരുടെ യുവജന വിദ്യാർത്ഥി സംഘടനകൾ ഏതെങ്കിലും കാമ്പസ്സിൽ ലവ് ജിഹാദ് ദുഷ്പ്രചാരണത്തിനെതിരെ ഒരു പ്രകടനമെങ്കിലും നടത്തിയിട്ടുണ്ടോ…?

അഭിമന്യു കൊല്ലപ്പെട്ട സമയത്ത് വർഗീയത തുലയട്ടെ എന്ന് കേരളം മുഴുവനും മുദ്രാവാക്യം വിളിച്ചവരാണ് സിപിഎമ്മുകാർ, നല്ലത് തന്നെ. പക്ഷെ പള്ളിയിൽ ഉറങ്ങിക്കിടന്ന മൗലവിയെ കൊന്നപ്പോഴും മതം മാറിയ ഫൈസലിനെ കൊന്നപ്പോഴും ആ പാർട്ടി വർഗീയത തുലച്ചിട്ടുണ്ടോ…? ക്ഷേത്രത്തിന് തീവെച്ചും മലം വാരിയെറിഞ്ഞും പശുവിൻ്റെ തല ശ്രീകോവിലിട്ടും എത്ര തവണയാണ് വർഗീയ കലാപങ്ങളുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചത്…! എപ്പോഴെങ്കിലും വർഗീയ കലാപ ശ്രമങ്ങൾക്കെതിരെ കോൺഗ്രസോ സിപിഎമ്മോ ആർഎസ്എസിന്റെ പേര് പറഞ്ഞു കൊണ്ട് പ്രചരണം നടത്തിയിട്ടുണ്ടോ, വർഗീയവാദികളുടെ കെണികളിൽ വീണു പോകരുതെന്ന് ജനങ്ങളെ ആഹ്വാനം ചെയ്തിട്ടുണ്ടോ…?

മറ്റൊന്നാണ് മുസ്ലിം പ്രീണനം.
മുസ്ലിംകൾക്ക് സർക്കാർ വാരിക്കോരി കൊടുക്കുന്നു എന്ന പ്രചരണം വർഷങ്ങളായി കേരളത്തിൽ നടക്കുന്നു, യാഥാർഥ്യം നേരേ തിരിച്ചാണ്. സർക്കാർ ജോലികളിൽ അർഹമായതിന്റെ പകുതിയിൽ പോലും മുസ്ലികൾ ഇല്ല, എംഎൽഎമാരെയോ എംപിമാരെയോ പഞ്ചായത്ത് മെമ്പർമാരെയോ എണ്ണമെടുത്താൽ ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലിംകൾക്ക് അർഹിക്കുന്ന പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല എന്ന് മനസ്സിലാവും, മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ആവശ്യമായ സ്‌കൂളുകളോ ആശുപത്രികളോ ഇല്ല. കേരളത്തിൽ അഞ്ചു മെഡിക്കൽ കോളേജുകൾ മാത്രം ഉണ്ടായിരുന്ന കാലത്ത് മലബാറിലെ 7 ജില്ലകൾക്കും കൂടി ഒരു മെഡിക്കൽ കോളേജുമ് ബാക്കി തെക്കോട്ടുള്ള 7 ജില്ലകൾക്കും കൂടി നാലെണ്ണവും ആയിരുന്നു എന്നോർക്കുക.


ഈ കടുത്ത അനീതി നടക്കുമ്പോൾ തന്നെയാണ് മുസ്ലിംകൾക്ക് വാരിക്കൊടുക്കുന്നു പ്രീണനം നടത്തുന്നു എന്ന് ബിജെപി നുണ പറയുന്നത്, ആ നുണ ശരിവെച്ചു കൊണ്ട് യുഡിഎഫാണ് മുസ്ലിം ലീഗ് വഴി മുസ്ലിംകൾക്ക് വാരി കൊടുക്കുന്നത് എന്ന് സിപിഎം പ്രചരിപ്പിക്കുന്നത്, ഞങ്ങളല്ല അവരാണ് മുസ്‌ലിം പ്രീണനക്കാർ എന്ന് കോൺഗ്രസുകാർ വിളിച്ചു പറയുന്നത്…!

ഇനി മതേതര രാഷ്ട്രീയക്കാർ പറയൂ…
ബിജെപി പ്രചരിപ്പിക്കുന്ന നുണകൾ വിശ്വസിച്ച് മതേതരനായ ഒരു ഹിന്ദു ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിക്കുമ്പോൾ നിങ്ങളുടെ പെട്ടിയിൽ നിന്ന് നഷ്ട്ടപ്പെടുന്ന വോട്ടിന് ആരാണ് ഉത്തരവാദി…? രാഷ്ട്രീയ താൽപര്യങ്ങൾക്കായി ബിജെപിയുടെ നുണകൾക്കെതിരെ നിങ്ങൾ മിണ്ടാതിരിക്കുമ്പോൾ സ്വന്തം വഴി നോക്കാൻ ആഹ്വാനം ചെയ്യുന്ന പാർട്ടികൾക്ക് വോട്ടു ചെയ്യുന്നതാണ് നല്ലത് എന്ന് ഒരു മുസ്ലിമിന് തോന്നിയാൽ ആരാണ് ഉത്തരവാദി…?

എന്ത് കൊണ്ടാണ് കോൺഗ്രസ്സും സിപിഎമ്മും സംഘ്പരിവാറിനെതിരെ മൗനം പാലിക്കുന്നത് എന്നൊരു ചോദ്യം ബാക്കിയുണ്ട്.

ആർഎസ്എസുകാർ പ്രവർത്തിക്കുന്നത് ബിജെപിയിൽ മാത്രമല്ല,മൊത്തമായും ചില്ലറയായും അവരുടെ ആശയം പേറുന്നവർ എല്ലാ പാർട്ടികളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വരേണ്യ ഹിന്ദു താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കും. കേരളത്തിലെ ആകെ ജനസംഖ്യയുടെ 30 ശതമാനമാണ് സവർണ്ണ ഹിന്ദു-സവർണ്ണ കൃസ്ത്യൻ വിഭാഗങ്ങളുടെ എണ്ണം, എല്ലാ രാഷ്ട്രീയ പാർട്ടിളിലെയും താക്കോൽ സ്ഥാനത്തുള്ളവരെ എടുത്ത് നോക്കൂ , എംഎൽഎ മാരെയും എംപിമാരെയും നോക്കൂ ഈ 30 ശതമാനമായിരിക്കും എണ്ണത്തിൽ കൂടുതൽ അവരായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കഴിഞ്ഞ 70 കൊല്ലത്തെ കണക്കെടുത്താൽ ഇതാണ് സ്ഥിതി. സവർണ്ണ സംവരണമായാലും രാമക്ഷേത്രമായാലും ആർഎസ്എസ് അജണ്ടകളെ സപ്പോർട്ട് ചെയ്യാൻ മതേതര പാർട്ടികളിലും ആളുണ്ടാകും, വരേണ്യതയുടെ ഒരു സ്ലീപ്പിങ് സെൽ പ്രവർത്തിക്കുന്നുണ്ട്, മതേതരപാർട്ടികളെ പതുക്കെ നേർപ്പിച്ച് ബിജെപിയിൽ ലയിപ്പിച്ചു കൊണ്ടിരിക്കുകയാണ്, ഉത്തരേന്ത്യയിൽ അത് വിജയിച്ചു കഴിഞ്ഞു, കോൺഗ്രസ്സും സിപിഎമ്മുമൊക്കെ ഇങ്ങനെ ബിജെപിയിലേക്ക് ലയിച്ചു ചേർന്നിട്ടുണ്ട്. കേരളത്തിലും അത് തന്നെ സംഭവിക്കാതിരിക്കാൻ ഇത് വരെ കാരണങ്ങൾ ഒന്നുമില്ല.

എൽഡിഎഫിലെയും യുഡിഎഫിലെയും അറുപത് കഴിഞ്ഞ നേതാക്കളോട് ഒന്നും പറയാനില്ല, പക്ഷെ നാളെ മന്ത്രിയോ എംഎൽഎയോ ഒക്കെ ആവാം നാടുനന്നാക്കിക്കളയാം എന്ന് സ്വപ്നം കണ്ടിരിക്കുന്ന യുവാക്കളുണ്ടല്ലോ അവർ ബഹുസ്വരതയുടെ കുളം സംരക്ഷിച്ചിട്ടില്ലെങ്കിൽ അതിൽ അടിഞ്ഞു കൂടുന്ന ചെളിയിൽ താമര വളരും, അപ്പുറത്ത് താമര വളർന്നാൽ ഇപ്പുറത്ത് വേറെ കൂട്ടർ വളരും. നിങ്ങൾ ചിത്രത്തിൽ ഉണ്ടാവില്ല. പേടിപ്പിക്കാതെ പോടെ ഇത് കേരളമാണ്, ഇവിടെ ചുവന്ന കൊടിയും മൂവർണ്ണ കൊടിയും പറക്കുക തന്നെ ചെയ്യും എന്ന് വീരവാദം മുഴക്കുന്നവർ ബംഗാളിലെ സിപിഎമ്മുകാരോട് ചോദിച്ചാൽ മതി, ബംഗാളിൽ സിപിഎം ന് ഒരു എംപി പോലും ഇല്ലാത്ത കാലം വരും എന്ന് പതിനഞ്ചു വര്ഷം മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നെകിൽ അവനെ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമായിരുന്നു, ഇന്നത്തെ സ്ഥിതിയോ…? എംപിമാർ ഇല്ലെന്നു മാത്രമല്ല വെറും പതിനേഴ് എംഎൽഎ മാരുള്ളതിൽ നിന്ന് ഒരു കനൽ തരി ഇന്നലെ ബിജെപിയിൽ ചേർന്നിട്ടുണ്ട്.
കാലിനടിയിലെ മണ്ണ് ഒലിച്ചു പോവാൻ കൂടുതൽ സമയമൊന്നും വേണ്ട കൂട്ടരേ…

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x