Political

ഹിജാബും യൂണിഫോമും; പ്രകടമായ മുസ്ലിം വെറുപ്പിൻ്റെ കർണാടക മോഡലും

അനുപമ ആനമങ്ങാട്

മതേതര വിദ്യാഭ്യാസം എന്നാൽ മതത്തിൽ നിന്ന് ഇതരമായ വിദ്യാഭ്യാസം എന്നാണ്. മതമില്ലായ്മയും മതേതരത്വവും ഒന്നല്ല.

അത് വിദ്യാഭ്യാസ രീതിയെ കുറിച്ചുള്ളതാണ്, വിദ്യാർഥികളെ കുറിച്ചുള്ളതല്ല.

വിദ്യാഭ്യാസം നേടാൻ എത്തുന്നവരുടെ ശരീരത്തിലും വേഷഭൂഷാദികളിലുമല്ല മതവും മതേതരത്വവും തിരയേണ്ടത്. വിദ്യ അഭ്യസിപ്പിക്കുന്ന രീതികളിലാണ്. അതിനാകട്ടെ ഒരുപാട് ഉദാഹരണങ്ങളുമുണ്ട്.

1) ഈശ്വരപ്രാർത്ഥനയോടെ ആരംഭിക്കുന്ന സ്‌കൂൾ അസംബ്ലികൾ. മിക്കപ്പോഴും സ്‌കൂൾ മാനേജ്‌മെന്റ് പ്രിഫർ ചെയ്യുന്ന മതത്തിന്റെതുമായിരിക്കും പ്രാർത്ഥന. ഒരുപാട് സ്‌കൂളുകൾ തുടങ്ങുന്നത് സരസ്വതീസ്തുതിയോടെയാണ്.

2) അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും ക്ലാസുകളിലും കുട്ടികളോടുള്ള പ്രഭാഷണങ്ങളിലും ദൈവത്തെയും വിശ്വാസത്തെയും മറ്റും എപ്പോഴും പരാമർശിക്കുന്നതും അത് കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കുന്നതും. ഇത് പലപ്പോഴും നേരിട്ടോ അല്ലാതെയോ മാനേജ്‌മെന്റ് ഉദ്ദേശിക്കുന്ന മതത്തിന്റേതും ആകും.

3) സരസ്വതീപൂജ, വിദ്യാരംഭം, ധ്യാനം എന്നിങ്ങനെ സ്‌കൂളുകൾ നേരിട്ടു നടത്തുന്ന പരിപാടികൾ ഒരുപാടുണ്ട്. ഇവയിൽ താൽപര്യമില്ലാത്ത കുട്ടികൾക്കും പലപ്പോഴും മാറിനിൽക്കാൻ കഴിയാറില്ല. ഇനി പറ്റുമെങ്കിൽ തന്നെ ഇതെല്ലാം ഒരു മതത്തിന്റേത് ആകുമ്പോൾ മറ്റു കുട്ടികൾക്ക് ഒരു മാറ്റിനിർത്തൽ തീർച്ചയായും അനുഭവപ്പെടും.

4) യൂണിഫോമിന്റെ ഭാഗമായി നിർബന്ധിതമാക്കപ്പെടുന്ന മതപരവും ലിംഗപരവുമായ ഡ്രസ്‌കോഡുകൾ. ഇതിൽ ഹിജാബ്‌ നിർബന്ധിത ഡ്രസ്‌കോഡാകുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും പെടും. (പെണ്കുട്ടികൾക്ക് നിർബന്ധിത ദുപ്പട്ട, ജെൻഡർ ന്യൂട്രൽ അല്ലാത്തതും സ്പോർട്ട്സ് ആക്ടിവിറ്റീസ് മുതലായവയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുളവാക്കുന്നതുമായ വസ്ത്രശൈലികൾ മുതലായവയും പ്രശ്നമാണ്, മതമല്ല ജെൻഡർ കണ്ടീഷനിങ് ആണവിടെ പ്രതിയെന്ന് മാത്രം)

5) സ്‌കൂൾ ഭക്ഷണത്തിൽ കുട്ടികളിൽ അടിച്ചേല്പിക്കപ്പെടുന്ന വെജിറ്റേറിയനിസം. ഹിന്ദു മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളിൽ പലപ്പോഴും കുട്ടികൾ വീട്ടിൽ നിന്ന് ലഞ്ച് കൊണ്ടുവരുന്നത് പോലും നിയന്ത്രിക്കപ്പെടാറുണ്ട്. ചോറ്റുപാത്രത്തിൽ വരെ എത്തിനോട്ടം!

6) പാഠപുസ്തകങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന മതാത്മകചിന്തകൾ, പലപ്പോഴും ‘മതേതര’ ആത്മീയത എന്നോ ‘സാംസ്കാരിക’ പൈതൃകം എന്നോ സ്വാഭാവികമെന്നവിധം അവതരിപ്പിക്കപ്പെടുന്നവ പൊതുവെ ഭൂരിപക്ഷമതത്തിന്റേതാവും.

ഇവയെല്ലാം സ്ഥാപനങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്ന മതാത്മകരീതികളാണ്. ഇവയെ ആണ് ഒരു ജനാധിപത്യസമൂഹവും സർക്കാരുകളും ഓഡിറ്റ് ചെയ്യാനും റെഗുലേറ്റ് ചെയ്യാനും ശ്രമിക്കേണ്ടത്. മറിച്ച്, വിദ്യാർഥികൾ എന്ന വ്യക്തികൾക്ക് അവരവരുടെ മതമോ വിശ്വാസമോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പിന്തുടരാൻ കഴിയുക എന്നത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്.

വ്യക്തികളിലല്ല, വ്യവസ്ഥാപിതമായ സംഗതികളിലാണ് മതേതരത്വം പുലരേണ്ടത്.

മതാധികാരത്തെയും സ്വാധീനത്തെയുമാണ്, വിശ്വാസി എന്ന വ്യക്തിയെ അല്ല, ടാർഗറ്റ് ആക്കേണ്ടത് എന്നുസാരം.

ഒന്നുകൂടെ വ്യക്തമാക്കിപ്പറഞ്ഞാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്, വിദ്യാർഥികൾ അല്ല മതാചാരങ്ങളുടെ പേരിൽ ചോദ്യം ചെയ്യപ്പെടേണ്ടത്.

നിങ്ങളുടെ കുഞ്ഞിന്റെ ക്ലാസ്മേറ്റിന്റെ തലയിൽ ഇരിക്കുന്ന ഹിജാബ് അല്ല, അവരുടെ സ്‌കൂളിൽ മാനേജ്‌മെന്റ് മുൻകൈ എടുത്ത് ഒരു സ്ഥാപനമെന്ന നിലയിൽ കുട്ടികളെ ഉൾക്കൊള്ളിച്ചു നടത്തുന്ന പ്രാർത്ഥനയോ സരസ്വതീപൂജയോ ധ്യാനമോ ഒക്കെയാണ് സത്യത്തിൽ വിദ്യാഭ്യാസത്തിൽ ഇടകലരപ്പെടുന്ന മതം!

വ്യക്തികളെ മതവും ചിഹ്നങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നതല്ല, അവരിൽ സ്ഥാപനങ്ങൾ അത് അടിച്ചേൽപിക്കുന്നത് തടയുന്നതാണ് ജനാധിപത്യപരമായ പരിഷ്കരണബോധം.

അവയുടെ പേരിൽ തുല്യാവസരങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരിയ്ക്കലും നീതിയല്ല!

ഹിജാബ് ആയാലും തട്ടമായാലും പഴനിയിലോ തിരുപ്പതിയിലോ പോയി മൊട്ടയടിച്ചതായാലും പൊട്ടും ചന്ദനവും കുങ്കുമവും ആയാലും കുരിശുമാലയോ രുദ്രാക്ഷമോ വീട്ടുകാർ ജപിച്ചുകെട്ടിക്കൊടുക്കുന്ന ചരടുകളോ ആയാലും യൂണിഫോം നിയമങ്ങളിൽ അവയെ കഴിയും വിധം അക്കോമഡേറ്റ് ചെയ്യാൻ സത്യത്തിൽ ഒരു ബുദ്ധിമുട്ടുമില്ല.

ഞാൻ പഠിച്ചിരുന്ന കാലത്തൊക്കെ അങ്ങനെയായിരുന്നു, ഇന്നും പല സ്‌കൂളുകളിലും അങ്ങനെതന്നെയാണ്. യൂണിഫോമിന്റെ ഉദ്ദേശ്യം എല്ലാവരും ഒരച്ചിൽ വാർത്തത് പോലെ ഇരിക്കുക എന്നല്ല,

സാമ്പത്തിക സാമൂഹ്യ അസമത്വങ്ങൾ കുട്ടികളെ വേദനിപ്പിക്കും വിധം പ്രകടമാകാതിരിക്കുക എന്നതാണ്. അസമത്വമാണ് ഇവിടെ അഡ്രസ് ചെയ്യേണ്ട പ്രശ്നം, വൈവിധ്യമല്ല ശത്രു! എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് ആത്യന്തികലക്ഷ്യം, ഒരുപാട് ഫിൽറ്ററുകൾ വെച്ചാൽ അത് സാധ്യമാവില്ല.

അങ്ങനെയൊക്കെ സാധ്യമാകുമ്പോഴാണ് ലോകം വൈവിധ്യം നിറഞ്ഞത് ആണെന്നും തന്റെയും തന്റെ കുടുംബത്തിന്റെയും വിശ്വാസങ്ങളും രീതികളും മാത്രമല്ല ലോകത്തുള്ളതെന്നും കുട്ടികൾ മനസ്സിലാക്കുന്നത്.

അവിടെവെച്ചാണ് സാഹോദര്യവും മതേതരബോധവും അവരുടെ മനസ്സിലുറയ്ക്കുന്നത്. ലോകത്തിന്റെ രീതികളിൽ നിന്നു മറച്ചുപിടിച്ചു വളർത്തിയാലല്ല, ചുറ്റുമുള്ള വൈവിധ്യങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ചു പെരുമാറാനും അവസരം കൊടുക്കുമ്പോഴാണ് അവർ ഉത്തരവാദിത്വബോധമുള്ള പൗരത്വത്തിലേക്ക് ചുവടുകൾ വെയ്ക്കുന്നത്.

ഇനി, ‘ഇവിടെയിത് പറ്റില്ല, പറ്റുന്ന സ്കൂളുകളിലേക്ക് പൊയ്‌ക്കൂടെ?’ എന്ന ചോദ്യമുന്നയിക്കുന്നവർ ചെയ്യുന്നതോ? Religious Segregation അഥവാ സമൂഹത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഭജനം സാധ്യമാക്കുകയാണ്.

കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നിയേക്കാവുന്ന ഈ ചോദ്യം സത്യത്തിൽ അപകടം പിടിച്ച ഒന്നാണ്. ഓരോരോ മതം പിന്തുടരുന്നവർ അതാതു മാനേജ്‌മെന്റുകളുടെ സ്‌കൂളുകളിൽ മാത്രം പഠിക്കുക, അവരുമായി മാത്രം ഇടപെട്ടുശീലിക്കുക, മറ്റുള്ളവരുടെ ജീവിതശൈലികളുമായി യാതൊരു പരിചയവും ഇല്ലാതിരിക്കുക എല്ലാം വഴി കൂടുതൽ ‘കിണറ്റിലെ തവള’കളെയും മതമൗലികവാദികളെയും സൃഷ്ടിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം ആണവർ മുന്നോട്ടുവെക്കുന്നത്.

കർണാടക സ്‌കൂൾ പ്രശ്നത്തിൽ മുന്നിട്ടുനിൽക്കുന്നത് മുസ്ലിംവിദ്വേഷമാണ് എന്നു മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ‘നീയല്ലെങ്കിൽ നിന്റെയപ്പൂപ്പൻ കുളം കലക്കിയിട്ടുണ്ട്’ എന്ന ലോജിക്കുമായി അവരിനിയും തുടരും.

ഏറ്റവും വിഷമം തോന്നിയത് കാവിഷാൾ ഇട്ടിറങ്ങിയ ആ പെണ്കുട്ടികളെ കണ്ടപ്പോഴാണ്. അവരിൽ പൊട്ടുതൊട്ടുന്നവരുണ്ടാകാം, കുറിതൊടുന്നവരുണ്ടാകാം, കയ്യിൽ ചരടും കഴുത്തിൽ ഏലസ്സും കെട്ടുന്നവർ ഉണ്ടാകാം. വിവാഹം കഴിഞ്ഞ് ഉപരിപഠനത്തിന് പോകുമ്പോഴവർ താലിയും സിന്ദൂരവും ഇട്ടേക്കും. അതെല്ലാം അവർ നോർമലൈസ് ചെയ്തതും ഹിജാബ് അവർക്ക് അങ്ങനെ അല്ലാത്തതും അവരിൽ നേരത്തെ പറഞ്ഞ ആ സാഹോദര്യമോ വൈവിധ്യബോധമോ ഉറച്ചിട്ടില്ലാത്തത് കൊണ്ടാണ്. അതിനുത്തരവാദി വൈവിധ്യങ്ങളിലേക്ക് അവരുടെ കണ്ണുകൾ തുറക്കാൻ ഇടനല്കാത്ത കുടുംബ-സാമൂഹ്യവ്യവസ്ഥകൾ മുഴുവനുമാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x