ഐപിഎൽ അനിശ്ചിതത്വം തുടരുന്നു
ന്യൂഡൽഹി: രാജ്യത്ത് ലോക്ക്‌ഡൗൺ മെയ് മൂന്നുവരെ നീട്ടിയതോടെ ഐപിഎൽ ക്രിക്കറ്റ് അനിശ്‌ചിതകാലത്തേക്ക് ബിസിസിഐ മാറ്റിവച്ചു. മാർച്ച് 29 മുതൽ മെയ് 24വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. കോവിഡ് –-19 ആശങ്കയെ തുടർന്ന് ഏപ്രിൽ 15ലേക്കാണ് മാറ്റിവച്ചത്. ലോക്ക്‌ഡൗൺ നീണ്ടതോടെ ബിസിസിഐ ടൂർണമെന്റ് വീണ്ടും മാറ്റിവയ്‌ക്കാൻ നിർബന്ധിതരാവുകയായിരുന്നു.
കഴിഞ്ഞദിവസം ബിസിസിഐ തലവൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ, ട്രഷറർ അരുൺ ധുമൽ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. നിലവിലെ സാഹചര്യത്തിൽ മേയിൽ കളി നടത്താനാകില്ലെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ. സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് ടൂർണമെന്റ് ഉപേക്ഷിക്കാനും ബോർഡ് ഒരുക്കമല്ല.
ഐപിഎൽ നടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബോർഡ്. ജൂൺ ആദ്യവാരം നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ. കാണികളെ ഒഴിവാക്കി നടത്താനാണ് നീക്കം. ടൂർണമെന്റ് നടത്താനായില്ലെങ്കിൽ ബിസിസിഐക്കും കളിക്കാർക്കും ഫ്രാഞ്ചൈസികൾക്കും സാമ്പത്തിക നഷ്ടമുണ്ടാകും.
യാത്രാവിലക്കുള്ളതിനാൽ വിദേശ കളിക്കാർക്ക് കളിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കഴിഞ്ഞ ഡിസംബറിലായിരുന്നു താരലേലം. എട്ട് ഫ്രാഞ്ചൈസികൾ 62 കളിക്കാരെ വാങ്ങി. ആകെ ചെലവാക്കിയത് 140.30 കോടി രൂപ. ടൂർണമെന്റ് നടക്കാതെ കളിക്കാർക്ക് പണം ലഭിക്കില്ല.
കോവിഡ് ആശങ്ക തുടർന്നാൽ ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പും അനിശ്‌ചിതത്വത്തിലാകും. ലോകകപ്പ് റദ്ദാക്കിയാൽ ആ സമയം ഐപിഎൽ നടത്താമെന്ന പ്രതീക്ഷയും ബിസിസിഐക്കുണ്ട്. എന്നാൽ, ലോകകപ്പ് റദ്ദാക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യില്ലെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS