
കോവിഡ്: ആരവമില്ലാത്ത കളിക്കളങ്ങൾ വരുന്നു
കോവിഡ് ആശങ്കയൊഴിഞ്ഞ് കായികലോകത്ത് മത്സരങ്ങൾ ആരംഭിച്ചാലും ആരവങ്ങളുണ്ടാകില്ല. കോവിഡിനുശേഷമുള്ള കായികലോകം ശ്യൂന്യമായിരിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. എല്ലാ മത്സരങ്ങളും ഒഴിഞ്ഞ സ്‌റ്റേഡിയത്തിൽവച്ചായിരിക്കും നടക്കുക. അമേരിക്കയിൽ കുറച്ചുകാലത്തേക്ക് കാണികൾക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
കോവിഡ് ഭീതി കാരണം കളിക്കളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം രോഗവ്യാപനം കുറയുന്നുമില്ല. അപൂർവം രാജ്യങ്ങളിൽ മാത്രമാണ് മത്സരങ്ങൾ നടക്കുന്നത്. കാണികളെ ഒഴിവാക്കിയാണ് ഇവിടങ്ങളിൽ ഫുട്‌ബോൾ ലീഗുകൾ നടക്കുന്നത്.
അമേരിക്കയിൽ പ്രൊഫഷണൽ ലീഗുകൾ ഒഴിഞ്ഞ സ്‌റ്റേഡിയത്തിൽ മാത്രമേ നടക്കുകയുള്ളൂ. യൂറോപ്പിലെ ഫുട്‌ബോൾ ലീഗുകളും ഈ സീസൺ കാണികളില്ലാതെ അവസാനിപ്പിക്കാനാണ് സാധ്യത. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ജർമനിയിൽ കളിക്കാർ പരിശീലനത്തിനിറങ്ങി. ഒഴിഞ്ഞ സ്‌റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനാണ് ജർമൻ ലീഗിലും ശ്രമം. ഇറ്റാലിയൻ, സ്‌പാനിഷ് ലീഗുകൾ ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ ഒഴിഞ്ഞ സ്‌റ്റേഡിയത്തിൽ നടത്തണമെന്ന നിർദേശമുയർന്നിരുന്നു. തെരഞ്ഞെടുത്ത ചില സ്‌റ്റേഡിയങ്ങളിൽ മാത്രം മത്സരങ്ങൾ നടത്തുകയാണ് ലക്ഷ്യം. രാജ്യത്ത് ലോക്ക്‌ഡൗൺ മെയ് മൂന്നുവരെ നീട്ടിയതിനാൽ ഐപിഎൽ ഇനി എപ്പോൾ നടത്തുമെന്നതിൽ ബിസിസിഐക്ക് ആശങ്കയുണ്ട്. തുടർന്ന് വരുന്ന ഏഷ്യാ കപ്പ്, ട്വന്റി–-20 ലോകകപ്പ് എന്നിവയിലും കാണികളെ ഒഴിവാക്കുമെന്നാണ് സൂചന.