Sports

എയ്ഞ്ചൽ ഡി മരിയ; അർജന്റീനയെ കനക കിരീടത്തിൽ മുത്തമിടിപ്പിച്ച മാലാഖ!

കരിയിൽ,
മഞ്ഞിൽ.,
മഴയിൽ….

ഞങ്ങളുടെ വീടിന്റെ ചുവരുകൾക്ക് വെള്ള നിറമായിരുന്നു. പതിയെ പതിയെ അവയ്ക്ക് ചാര നിറമായി. പിന്നീടത് കറുപ്പായി. കരിയുണ്ടാക്കുന്ന ജോലിയായിരുന്നു അച്ഛന്. വീടിന് പിറകിലായിരുന്നു കരിപ്പുര. വീടിന് മുന്നിൽ കരി കയറ്റാൻ വണ്ടി വന്നുനിൽക്കും. കരിയുമായി അച്ഛനും ഞാനും അനിയത്തിയും മുറിയിലൂടെ മുറ്റത്തേക്കിറങ്ങി വണ്ടിയിൽ കയറ്റും. കരികൾ കയറിയിറങ്ങിയാണ് വീടിന്റെ ചുവരുകളുടെ നിറം വെള്ള മങ്ങിമങ്ങി കറുപ്പായത്.

എയ്ഞ്ചൽ ഡി മരിയ ജീവിതം പറയുകയാണ്..
അർജന്റീനയെ കനകകിരീടത്തിൽ മുത്തമിടിപ്പിച്ച മാലാഖ.

അച്ഛന് കരിയുണ്ടാക്കുന്ന ജോലിയായിരുന്നില്ല. വീടിനോട് ചേർന്നുള്ള ഒരു മുറിയിൽ പലതരം സാധനങ്ങളുടെ കച്ചവടമായിരുന്നു ഞങ്ങൾക്ക്. സോപ്പ്, ബ്ലീച്ചിഗ് പൗഡർ, ക്ലോറിംഗ് അങ്ങിനെയുള്ളവയുടെ വലിയ ഡ്രമുകൾ വാങ്ങി ചെറിയ കുപ്പികളിലാക്കി ആവശ്യക്കാർക്ക് വിൽക്കും. നഗരത്തിൽ ഇതു വാങ്ങാനായി പോകുന്നത് ഗ്രാമവാസികൾക്ക് ചെലവേറിയതായിരുന്നു.

ഹൈപ്പർ ആക്ടീവായിരുന്നു ഞാൻ. ഒരു ദിവസം അമ്മ കടയിൽ സാധനം വിറ്റുകൊണ്ടിരിക്കെ, വാക്കറിൽ ഞാൻ പുറത്തേക്ക് നടന്നു. ആളുകൾക്ക് കടയിലേക്ക് വരാൻ വാതിൽ തുറന്നിട്ടിരുന്നു. നടന്നുനടന്ന് ഞാൻ തെരുവിലെത്തി. ഒരു കാറിൽ വന്നു മുട്ടുന്നത് വരെ നടന്നുകൊണ്ടിരുന്നു. അമ്മ അലറിക്കറിഞ്ഞ് ഓടിവന്നു. അതോടെ ആ കച്ചവടം നിർത്തി. അങ്ങിനെയാണ് അച്ഛൻ കരി വിൽക്കാൻ തുടങ്ങിയത്. സ്‌കൂളിൽ പോകുന്നത് വരെ ഞാൻ അച്ഛനെ സഹായിക്കും. അച്ഛൻ കരിയുടെ പണി തുടർന്നുകൊണ്ടേയിരിക്കും. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഭക്ഷണത്തിന് ഒന്നുമുണ്ടാകില്ല.

ഞാൻ നിർത്താതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പിറകിലോടി അമ്മ തളർന്നു. അമ്മ എന്നെയുമായി ഡോക്ടറെ കണ്ടു.
ഇവൻ നിർത്താതെ ഓടിക്കൊണ്ടിരിക്കുന്നു-അമ്മ പരിഭവം പറഞ്ഞു.

അവന് ഫുട്‌ബോൾ കൊടുക്കൂ. ഡോക്ടറുടെ മറുപടി.

അന്നു മുതൽ എനിക്ക് മുന്നിൽ ഫുട്‌ബോളുണ്ടായിരുന്നു. ഓരോ രണ്ടു മാസം കൂടുമ്പോഴും എന്റെ ബൂട്ടുകൾ പൊട്ടും. പുതിയത് വാങ്ങാൻ അമ്മയുടെ കയ്യിൽ കാശില്ല. ബൂട്ട് പശ ചേർത്ത് ഒട്ടിച്ചു തരും. അടുത്തുള്ള ഫുട്‌ബോൾ ടീമിന് വേണ്ടി ഞാൻ 64 ഗോളുകൾ അടിച്ചു കൂട്ടി. നാട്ടിലെ റേഡിയോ സ്‌റ്റേഷൻ എന്നെ അഭിമുഖം നടത്താൻ വന്നു. എനിക്ക് നാണത്താൽ ഒന്നും മിണ്ടാനായില്ല.

പിന്നീട് റൊസാരിയോ സെൻട്രലിലെ യൂത്ത് സെന്ററിൽ നിന്ന് കളിക്കാൻ ക്ഷണം വന്നു. അച്ഛൻ ന്യൂ വെൽസ് ഓൾഡ് പ്ലയേഴ്‌സിന്റെ ആരാധകനായിരുന്നു. അമ്മ സെൻട്രലിന്റെയും. രണ്ടും പാരമ്പര്യവൈരികളുടെ ടീമായിരുന്നു. ന്യൂവെൽസ് തോറ്റാൽ അമ്മ അച്ഛനെയും സെൻട്രൽ തോറ്റാൽ അച്ഛൻ അമ്മയെയും കളിയാക്കും.

സെൻട്രലിലേക്ക് കുറെ ദൂരമുണ്ട്. പോകാനാകില്ലെന്ന് അച്ഛൻ. സൈക്കിളുണ്ട്. ഞാൻ കൊണ്ടുപോകാമെന്ന് അമ്മ. ഒടുവിൽ അമ്മ ജയിച്ചു.

സൈക്കിളിൽ അമ്മയും ഞാനും അനിയത്തിയും കിലോമീറ്ററുകളോളം സഞ്ചരിച്ച് സെൻട്രലിലെത്തും. വളഞ്ഞു പുളഞ്ഞും ഇറക്കവും കയറ്റവുമുള്ള റോഡിലൂടെ അമ്മ സൈക്കിൾ ചവിട്ടി. കളി ജീവിതം ആരംഭിക്കുകയായിരുന്നു.

ഒരു ദിവസം ഗോൾ പോസ്റ്റിന് സമീപത്തു നിന്ന് ഹെഡ് ചെയ്യാനാകാത്തതിന് കോച്ച് വല്ലാതെ ശകാരിച്ചു. ഞാൻ വീട്ടിലെത്തി വാതിലടച്ചിട്ടു കരഞ്ഞു. എന്തിന് കരയുന്നുവെന്ന് അമ്മ ചോദിച്ചിട്ടും പറഞ്ഞില്ല. എന്നെ ആരെങ്കിലും വേദനിപ്പിച്ചാൽ അവന്റെ മുഖം അമ്മ ഇടിച്ചു പരത്തുമായിരുന്നു. എങ്കിലും അമ്മ അറിഞ്ഞു. കരയുന്ന എന്നെ തലോടി അമ്മ പറഞ്ഞു. നീ തിരിച്ചുപോകുന്നു എയ്ഞ്ചൽ. അവന്റെ മുന്നിൽ നീ ജയിക്കേണ്ടതുണ്ട്.

എയ്ഞ്ചൽ ഡി മരിയ ജയിച്ചു.
ബെൻഫിക്കയിലും റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുനൈറ്റഡിലും പി.എസ്.ജിയിലുമൊക്കെ എത്തി. 2008-ൽ അർജന്റീനക്ക് ഒളിംപിക്‌സിൽ ഫുട്‌ബോൾ വഴി മെഡൽ നേടിക്കൊടുത്തു.

മെസിക്കൊപ്പമായിരുന്നു ഒളിംപിക്‌സിന് പന്തു തട്ടിയത്.

എനിക്ക് വെറുതെ ഓടിയാൽ മതിയായിരുന്നു. മെസിയിൽ നിന്ന് പന്ത് എന്റെ കാലിലേക്ക് വന്നുകൊണ്ടേയിരിക്കും. അന്യഗ്രഹ ജീവിയായിരുന്നു മെസി..
അന്യഗ്രഹ ജീവിയായ മെസിയിൽനിന്ന് ഇക്കുറിയും എയ്ഞ്ചലിന് പന്തു കിട്ടി. അത് ഫ്രാൻസിന്റെ പോസ്റ്റിൽ പതിച്ചു.

എയ്ഞ്ചൽ ഡി മരിയയുടെ കഥ അങ്ങിനെ നീളുകളാണ്.

2014 ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ദിവസം കരഞ്ഞുകരഞ്ഞു കണ്ണുവീർത്ത കഥയിൽ അത് അവസാനിക്കുന്നു. ജർമനിക്കെതിരായ ഫൈനൽ ദിവസമാണ്. എനിക്ക് കളിക്കണമായിരുന്നു.

എന്നാൽ അന്ന് രാവിലെ റയൽ മഡ്രീഡിൽ നിന്ന് കത്തുവന്നു. എന്നെ കളിപ്പിക്കരുതെന്ന്. എന്നെ വിൽക്കാൻ തയ്യാറെടുത്തു നിൽക്കുകയായിരുന്നു ക്ലബ്. പക്ഷെ എനിക്ക് കളിക്കണമായിരുന്നു. ഞാൻ സെബെല്ലയുടെ അടുത്തേക്ക് വന്നു. നോക്കൂ, എന്നെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് പകരം എൽസോ പെരസിനെയാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്.

എങ്കിലും പിന്നീട് എന്നെ വിളിക്കുമെന്നോർത്ത് ഞാൻ സൈഡ് ബെഞ്ചിലിരുന്നു. പക്ഷെ വിളിച്ചില്ല. ആ കളിയിൽ അർജന്റീന തോറ്റു. അസാധ്യമായ ഒരു സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തൊട്ടടുത്തുവെച്ച് ഞങ്ങൾ ചിതറി വീണു.

ഡി മരിയയുടെ കഥ ഇനിയുമുണ്ട്.

ദോഹയിലെ ലൂസൈൽ സ്‌റ്റേഡിയത്തിൽ അർജന്റീനയുടെ കളിക്കിടെ എയ്ഞ്ചൽ ഡി മരിയയെ നോക്കുകയായിരുന്നു. രണ്ടുഗോളിന് മുന്നിലെത്തിയ ശേഷം മൈതാനത്തിന് പുറത്തേക്ക് പോകുന്ന എയ്ഞ്ചൽ. ഏതാനും മിനിറ്റുകൾക്കകം എംബപ്പെ ഗോൾ തിരിച്ചടിച്ചപ്പോൾ അയാളുടെ മുഖം കാണുക. സന്തോഷം മങ്ങിമങ്ങി സങ്കടം പെയ്ത മുഖം.

എക്‌സ്ട്രാ ടൈമിൽ ആദ്യ ഗോൾ മെസി ഗോളടിച്ചപ്പോൾ വീണ്ടും ആർത്തുല്ലാസം. ഫ്രാൻസിന് പെനാൽറ്റി ലഭിച്ചപ്പോൾ സൈഡ് ബെഞ്ചിലേക്ക് മറിഞ്ഞ് ജഴ്‌സി കൊണ്ട് മുഖം മറച്ചു കരഞ്ഞു.

കിരീടത്തിൽ മുത്തമിട്ട ശേഷമുള്ള മരിയയെയും നോക്കുക.. എല്ലാവരും ആഘോഷത്തിൽ ആറാടുന്ന സമയത്ത് ഗ്യാലറിയിലുള്ള ആയിരകണക്കിന് മനുഷ്യരുടെ മുഖത്തേക്ക് നോക്കി കണ്ണീരൊലിപ്പിച്ച എയ്ഞ്ചൽ ഡി മരിയയെ..

ഇത് അവസാനത്തെ ആഘോഷമാണെന്ന കണ്ണീർ…
അയാളുടെ ആ കണ്ണീരിൽ അമ്മയുടെ തലോടലുണ്ടായിരുന്നു.
അച്ഛന്റെ വിയർപ്പ് പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.

സബെല്ലക്ക് മുന്നിൽ അയാൾ അവസാന അവസരത്തിന് വേണ്ടി യാചിച്ചപ്പോഴുള്ള കണ്ണീർ എട്ടു വർഷത്തിനിപ്പുറം ദോഹയിൽ വീണ്ടും പൊടിഞ്ഞിരുന്നു.
അന്നത് സങ്കടത്തിന്റെത് ആയിരുന്നെങ്കിൽ ഇപ്പോഴത് ആഹ്ലാദത്തിന്റേത്.

കരിയിൽ…
മഞ്ഞിൽ..
മഴയിലൂടെ…നടന്നുവന്ന അത്ഭുതങ്ങളുടെ മാലാഖയായിരുന്നു ഡി മരിയ…

മിസ് യൂ…

വഹീദ് സമാൻ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x