Social

കേരളത്തിലെ ക്യാമ്പസിലടക്കം അദൃശ്യമായി നിലകൊള്ളുന്ന അരാജകത്വവാദം

ചിന്തകൾ/ സി എസ് സൂരജ്

വ്യക്തികളുടെ മുകളിൽ മറ്റൊരു നിയന്ത്രണവുമില്ലാത്ത ഒരു സ്വപ്ന ഭൂമിയിലേക്കാണ് അരാജകത്വവാദം വിരൽ ചൂണ്ടുന്നത്.

അരാജകത്വവാദികളെ സംബന്ധിച്ചിടത്തോളം മനുഷ്യർ എല്ലാം തന്നെ നല്ലവരായാണ് ജനിക്കുന്നത്. പിന്നീട് ഭരണകൂടവും, നിയമങ്ങളുമെല്ലാം ചേർന്ന് അവരെ മോശമാക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ, മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ നിയമവ്യവസ്ഥയോ, നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്ഥാപനങ്ങളോ, സംഘടിത ഭരണകൂടമോ, അങ്ങനെയൊന്നും തന്നെയില്ലാതെ, പരസ്പര ധാരണയോടെ, അവനവന്റെ ഉടമസ്ഥൻ അവനവൻ തന്നെയായി ജീവിക്കുന്ന ഒരു സങ്കല്പത്തിന്റെ രാഷ്ട്രീയ സിദ്ധാന്ത രൂപമാണ് അരാജകത്വവാദം (Anarchism) എന്ന് ഏറ്റവും ചുരുക്കി നമുക്ക് പറയാം.

18-ാം നൂറ്റാണ്ടിലും അതിന് മുന്നേയും അരാജകത്വവാദം പ്രകടമാണെങ്കിലും 19-ാം നൂറ്റാണ്ടിന്റെ പകുതിയിലൊക്കെ വെച്ചാണ് അരാജകത്വവാദം ഒരു സിദ്ധാന്തമെന്ന രൂപത്തിലേക്ക് എത്തുന്നതും, അതിന് ചില നിർവചനങ്ങൾ വരുന്നതും, കുറച്ചു ചിന്തകർ തങ്ങളെ സ്വയം അരാജകവാദികൾ എന്ന് വിശേഷിപ്പിക്കുന്നതും, ചില അനാർക്കിസ്റ്റ് മൂവ്മെന്റുകൾ നടക്കുന്നതും.

ഇറ്റലിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ അരാജകത്വവാദ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിച്ചിരുന്നതായും നമുക്ക് കാണാൻ കഴിയും. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, വിവിധ അനാർക്കിസ്റ്റ് കമ്മ്യൂണിറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്.

പൊളിറ്റിക്കൽ സ്‌പെക്ട്രത്തിൽ അരാജകവാദ സിദ്ധാന്തത്തിന്റെ സ്ഥാനമെവിടെയെന്ന് നോക്കിയാൽ അത് ഇടതുപക്ഷ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നതായി നമുക്ക് കാണാൻ കഴിയും. അതി-തീവ്ര ദേശീയത വച്ചു പുലർത്തുന്ന ചില അരാജകവാദ സിദ്ധാന്തങ്ങൾ ഇതിനൊരു അപവാദമാണ് (Exception).

അരാജകവാദികൾ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പോലും എതിർക്കുന്ന ചില രസകരമായ സംഭവങ്ങൾ കൂടി ചരിത്രത്തിൽ നിന്നും നമുക്ക് ലഭിക്കും.

റഷ്യൻ ചിന്തകനായിരുന്ന പീറ്റർ ക്രോപോട്കിൻ (Pyotr Alexeyevich Kropotkin) ആണ് ഇതിൽ പ്രമുഖൻ. 1902 ൽ പുറത്തിറങ്ങിയ “മ്യൂചൽ എയ്ഡ്‌: എ ഫാക്ടർ ഓഫ് എവല്യൂഷൻ (Mutual Aid: A Factor of Evolution)” എന്ന തന്റെ പുസ്തകത്തിലാണ് പീറ്റർ ഇക്കാര്യം പ്രതിപാദിക്കുന്നത്.

ഡാർവിന്റെ എവല്യൂഷനറി തിയറിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന “Survival of the fittest” പോലുള്ള വാചകങ്ങൾ ആവശ്യമുള്ളിടത്തും, ഇല്ലാത്തിടത്തും, സാമൂഹ്യ വിഷങ്ങളിൽ പോലും കൊണ്ടിട്ടിരുകയും ചെയ്തിരുന്നൊരു കാലഘട്ടമായിരുന്നു അതെന്നും നമ്മളൊന്ന് ഓർക്കേണ്ടതുണ്ട്.

എന്തായാലും പീറ്ററിന്റെ ഈ പുസ്തകമാണ് പിന്നീട് അനാർക്കിസ്റ്റ് കമ്മ്യൂണിസത്തിന്റെ (Anarchist communism) അടിസ്ഥാന ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെട്ടത്.

20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടിയൊക്കെ തന്നെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ അരാജകവാദത്തിന്റെ പ്രാധാന്യം കുറഞ്ഞു വരുന്നുണ്ട്.

ഇനി നമുക്കിടയിലേക്ക് വന്നാൽ, ഇവിടെയുണ്ടോ അരാജകത്വവാദം? ഇവിടെയുണ്ടോ അരാജകത്വവാദികൾ?

അരാജകത്വവാദത്തിന് ഒരു സംഘടിത രൂപമില്ലെങ്കിലും, തങ്ങൾ സ്വയം അരാജകത്വവാദികളാണെന്ന് വിശേഷിപ്പിക്കുന്നവരില്ലെങ്കിലും, നമ്മുക്കിടയിലും ഇത്തരം അനാർക്കിസ്റ്റുകളെ നമുക്ക് കാണാൻ കഴിയുമെന്നതാണ് യാഥാർഥ്യം.

അരാജകത്വവാദം എന്നൊന്ന് ലോകത്ത് നിലവിലുള്ള ഒരു സിദ്ധാന്തമാണെന്ന് പോലുമറിയാതെ, അനാർക്കിസം ജീവിതത്തിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നുള്ളതാണ് മറ്റൊരു രസകരമായ സംഭവം!

ഇവരെ നമുക്ക് എവിടെയൊക്കെ കാണാൻ കഴിയും?

കോളേജുകളിൽ, കലകളരങ്ങേറുന്ന ഇടങ്ങളിൽ, സാഹിത്യ വേദികളിൽ, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിൽ, യുക്തിവാദ വേദികളിൽ.. തുടങ്ങി നിരവധി സ്ഥലത്ത് ഇത്തരം ആളുകളെ നമുക്ക് കാണാൻ കഴിയും.

മേൽപ്പറഞ്ഞ ഇടങ്ങളിലെല്ലാം നമ്മുക്കിവരെ കാണാൻ കഴിയുമെങ്കിലും, മുകളിൽ പറഞ്ഞ ഒരു കോളങ്ങളിലും ഇവർ ഉൾപ്പെടുന്നില്ലെന്നതാണ് മറ്റൊരു വിരോധാഭാസം!

കമ്മ്യൂണിസം മുന്നോട്ടു വെക്കുന്ന സാമ്പത്തിക നിലപാടുകളുൾപ്പടെയുള്ള നിരവധി കാര്യങ്ങളിൽ ഇവർക്ക് കമ്മ്യൂണിസത്തോട് വളരെയധികം യോജിപ്പുണ്ട്. എന്നാലിവർ, കമ്മ്യൂണിസ്റ്റുകാരല്ല!

യുക്തിവാദം മുന്നോട്ടു വെക്കുന്ന മതരാഹിത്യമുൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ യുക്തിവാദത്തോട് ഇവർക്ക് യോജിപ്പുണ്ട്. എന്നാലിവർ യുക്തിവാദികളുമല്ല!

പലപ്പോഴും, മതത്തെ കൃത്യമായി മനസ്സിലാക്കി കൊണ്ടാവില്ല ഇക്കൂട്ടർ മതത്തെ എതിർക്കുന്നുണ്ടാവുക. മറിച്ച്, മതം തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഉയർത്തുന്ന വെല്ലുവിളികളെ കണ്ടു കൊണ്ടാവും ഇവർ മതത്തെ തള്ളി പറയുന്നുണ്ടാവുക.

മതം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നാണെന്നുള്ളത് ശരി തന്നെ. എന്നാൽ, അത് മാത്രം മുൻനിർത്തി മതത്തെ എതിർക്കുമ്പോൾ, കുറച്ചും കൂടി സ്വാതന്ത്ര്യം ലഭിക്കുന്ന എന്തിലേക്കും ചേക്കാറാനും, അവിടെ നിന്നും, അതിരില്ലാത്ത സ്വാതന്ത്രമനുഭവിച്ചു ജീവിക്കുന്ന ഒരു ലോകം സ്വപ്നം കാണാനും, അതിന് വേണ്ടി എന്തും ചെയ്യാനും തുനിയുന്നവരായി മാറാൻ ഇക്കൂട്ടർക്ക് യാതൊരു മടിയുമുണ്ടാവില്ല.

ഇവർ മുന്നോട്ടു വെക്കുന്ന സ്വതന്ത്ര്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് സെക്സും, ലഹരിയും. സെക്സിലും, ലഹരിയിലുമുള്ള പരിപൂർണ സ്വാതന്ത്ര്യം ഇവരാഗ്രഹിക്കുന്നുമുണ്ട്.

മതം വിട്ട് പുറത്ത് വരുന്നവരും, ഒരു പുത്തൻ ലോകം പ്രതീക്ഷിച്ചു കൊണ്ട് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കും മറ്റും തിരിയുന്നവരും, ഇന്നിവരുടെ പ്രാധാന ഇരകളാണെന്ന് പറയാതെ വയ്യ!

എപ്പോൾ വേണമെങ്കിലും ലൈംഗീക ബന്ധത്തിന് തയ്യാറാവാത്തവരും, ലഹരി പാദർത്ഥങ്ങൾ ഉപയോഗിക്കാത്തവരും, പുരോഗമന വാദികളല്ലെന്ന പോലുള്ള വങ്കത്ത സിദ്ധാന്തങ്ങളുടെ പ്രധാന ഉറവിടങ്ങളും ഇവർ തന്നെ!

രാഷ്ട്രീയ പാർട്ടികൾക്ക് ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുള്ളത് കൊണ്ട് തന്നെ, വ്യക്തി സ്വാതന്ത്ര്യമെന്നതിനെ കേവലം, ലൈംഗീക-ലഹരി സ്വാതന്ത്ര്യമായി മാത്രം മനസ്സിലാക്കുന്ന ഇവർ, നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് പലപ്പോഴുമൊരു മുതൽകൂട്ടാണ്.

മതനിരാസം പോലുള്ള നിലപാടുകൾ സ്വീകരിച്ച്, സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയവർക്കും, മറ്റു ദുർബലരായി കാണപ്പെടുന്ന ജനങ്ങൾക്കും, അനുകമ്പയും മറ്റു സഹായ സഹകരണങ്ങളും വച്ചു നീട്ടാൻ കഴിവുള്ള, ഇവയുടെയെല്ലാമൊരു ഹോൾസെയിൽ മാർക്കറ്റ് കൂടിയാണിക്കൂട്ടർ!

ഇത്തരം സഹായഹസ്തങ്ങൾ നൽകിയിരുന്നത്, അവരുടെ ആവശ്യങ്ങൾക്കായി, തങ്ങളെ അവരിലേക്ക് ബന്ധിപ്പിച്ചു നിർത്തുന്നതിനായിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴേക്കും, അവരുടെ ജീവിതം തന്നെ തിരിച്ചു പിടിക്കാൻ കഴിയാത്തത്ര വിദൂരതയിലേക്ക് വലിച്ചെറിയപ്പെട്ടു കാണും.

പുരോഗമന ആശയങ്ങളുടെ മുഖം മൂടിയണിഞ്ഞു കൊണ്ട്, അദൃശ്യമായി നിലകൊള്ളുന്ന ഇത്തരം അരാജകവാദികളുടെ കപട മുഖങ്ങൾ വലിച്ചു കീറേണ്ടതുണ്ട്.

അല്ലാത്തപക്ഷം, ഇവരാൽ ദ്രോഹിക്കപ്പെട്ട കുട്ടികളുൾപ്പടെയുള്ളവരുടെ നിലക്കാത്ത കരച്ചിലുകൾ നമ്മളിനിയും കേൾക്കേണ്ടി വരും!

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x