
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ പുതിയ നീക്കം നടക്കുന്നതായി വിദേശകാര്യമന്ത്രി; ഇക്കുറി ഫലം കാണുമെന്ന് പ്രതീക്ഷ
ദോഹ: മൂന്ന് വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് പുതിയ നീക്കത്തിന് തുടക്കമിട്ടതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനി. ഈ നീക്കം ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയ്ക്കു മറുവശത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് വച്ചാല്‍ ഖത്തര്‍ 10 ചുവട് മുന്നോട്ട് വയ്ക്കുമെന്ന് ശെയ്ഖ് മുഹ്‌മദ് അല്‍ജസീറ ചാനലിന് അഭിമുഖത്തില്‍ പറഞ്ഞു. ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് അഭിമുഖം നല്‍കിയത്.
2017 ജൂണ്‍ അഞ്ചിനാണ് അയല്‍ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ ഈജിപ്തുമായി ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍ജസീറ അടച്ചുപൂട്ടുക, ഖത്തറിലുള്ള തുര്‍ക്കി സൈനിക താവളം പൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങി 13 നിബന്ധനകളാണ് ഉപരോധം അവസാനിപ്പിക്കാന്‍ സൗദി സഖ്യം മുന്നോട്ടു വച്ചത്.
നേരത്തേയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യയ്തമാണ് പുതിയ നീക്കം. ഇത് ഗൗരവമായാണ് എടുത്തിട്ടുള്ളത്- ശെയ്ഖ് മുഹമ്മദ് പറഞ്ഞു. 2019ല്‍ സൗദിയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, അത് പിന്നീട് അവസാനിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നുവര്‍ഷത്തെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചുവട് എന്ന നിലയില്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് ഗള്‍ഫ് വ്യോമ മേഖല തുറന്നു കൊടുക്കുന്നതിന് അമേരിക്ക സമ്മര്‍ദ്ദം ആരംഭിച്ചതായി യുഎസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.