ഹാഷിം ആലപ്പുഴ; ജീവിതത്തെ ഖുർആൻ കൊണ്ട് പ്രകാശിതമാക്കിയ വ്യക്തിത്വം

ജിദ്ദ: നിസ്വാർത്ഥ കർമ്മവും സൗമ്യ സാമീപ്യവും കൊണ്ടും ജീവിതത്തെ ധന്യമാക്കിയ വ്യക്തിത്വമായിരുന്നു പരേതനായ ഹാഷിം ആലപ്പുഴ, സ്വജീവിതത്തെ ഖുർആൻ കൊണ്ട് പരിവർത്തിപ്പിക്കുകയും അത് ജീവിതത്തിൽ നില നിർത്തുകയും ചെയ്തു. ഖുർആനിക മൂല്യങ്ങളുടെ പ്രചരണത്തിനായി തന്റെ ജീവിത സമയത്തെ ക്രമപെടുത്തുകയായിരുന്നു അദ്ദേഹമെന്നും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതി അനുസ്മരിച്ചു. ഇസ്ലാഹി സെന്റർ ദേശീയ തല കോഡിനേഷൻ കമ്മിറ്റി രൂപീകരണത്തിൽ മുന്നിൽ നിൽക്കുകയും നാട്ടിലേക്ക് പോകുന്നത് വരെ നാഷണൽ കമ്മിറ്റിയെ നയിക്കുകയും ചെയ്തു. യുവജന സംഘടനയായ ഫോക്കസിന്റെ പ്രവർത്തനങ്ങൾ സൗദി തലത്തിൽ വ്യാപിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിലും അദ്ദേഹം പങ്കു വഹിച്ചു.
ദീർഘകാലം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സിക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഖുർആൻ പഠനത്തെ സാധാരണക്കാർക്ക് പ്രാപ്യമാക്കിയ ഖുർആൻ മുസാബക്ക പരിപാടിയുടെ മുൻ നിരയിൽ നിന്ന് നയിക്കുക വഴി സൗദി മലയാളികൾക്കിയിൽ ഏറെ പരിചിതനായിരുന്നുവെന്ന് പ്രസിഡന്റ് സലാഹ് കാരാടൻ അനുസ്മരിച്ചു. വ്യക്തി ബന്ധങ്ങൾ പവിത്രമായ് കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം മാതൃകയാണെന്നും അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് നല്ലത് മാത്രമെ പങ്കുവെക്കാനുണ്ടാവുകയുള്ളൂ എന്നും ജന.സെക്രട്ടറി യൂസുഫ് കൊടിഞ്ഞിയും കേരളത്തിൽ വെളിച്ചം അന്താരാഷ്ട്ര ക്വുർആൻ പദ്ധതിക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് ഖുർആനിനോടുള്ള ആദ്ദേഹത്തിന്റെ അഭിനിവേശമായിരുന്നുവെന്ന് സിക്രട്ടറി അസ്ക്കർ ഒതായിയും പ്രത്യേകം അനുസ്മരിച്ചു.


