Opinion

പ്രവാസികളോട് മാത്രം അകത്തിരിക്കാൻ പറയുമ്പോൾ‌ | ഇ കെ ദിനേശൻ ‌‌

ഇ കെ ദിനേശൻ

മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി, മക്കളെ ചുംബിച്ച്, പ്രിയപ്പെട്ടവളെ ചേർത്ത് പിടിച്ച് യാത്ര പറഞ്ഞ് ഇറങ്ങിയ നൂറ് കണക്കിന് പ്രവാസികൾ. അവരെ കാത്തിരിക്കുന്നുണ്ട് പല പ്രവാസി കുടുംബങ്ങൾ ഇപ്പോഴും. കോവിഡ് ബാധിച്ച് മരണപ്പെട്ടവർ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നറിഞ്ഞിട്ടും കാത്തിരിക്കുന്നവരാണ് പ്രവാസി കുടുംബങ്ങൾ.

അത്തരം ജീവിതാനുഭവങ്ങൾ പരസ്പരം പങ്ക് വെച്ച് പ്രവാസികൾ വേദനകളുടെ തുരുത്തായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും അവരുടെ പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കണ്ണിൽ മുഖ്യവിഷയമായി മാറാത്തതു എന്തുകൊണ്ടാണ്? ഇത്തരം വിഷയങ്ങൾ പലവട്ടം ചർച്ച ചെയ്തതാണെങ്കിലും വീണ്ടും അത് ചർച്ച ചെയ്യാൻ കാരണമായത് പുതിയ കോവിഡ് പ്രോട്ടോകോളിൻ്റെ പശ്ചാത്തലത്തിലാണ്.

രണ്ട് ഡോസ് വാക്സിനും ചിലർ നാല് ഡോസും. കൂടാതെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ് പ്രവാസികൾ. ഇത്തരക്കാരായ പ്രവാസികൾ നാട്ടിൽ എത്തിയാൽ ഏഴ് ദിവസത്തെ ഗാർഹിക സമ്പർക്ക വിലക്കും പിന്നെ ഏഴ് ദിവസത്തെ നിരീക്ഷണവും വേണമെന്ന സർക്കാർ ഉത്തരവ് തികച്ചും വിവേചനപരമാണ്. ഈ തീരുമാനത്തിൻ്റെ മാനദണ്ഡം എന്താണ്?

നാട്ടിൽ ചിലർ താടിക്ക് താഴെ മാസ്ക്ക് വെച്ചും ചിലർ മാസ്ക്ക് ധരിക്കാതെയും ആഘോഷങ്ങളിൽ പങ്കെടുക്കുന്ന കാലമാണിത്. ഈ സമത്താണ് പ്രവാസികൾക്ക് വേണ്ടി മാത്രം ഈ സമ്പർക്ക വിലക്ക് വരുന്നത് എന്നോർക്കണം.

മെഡിക്കൽ സയൻസ് പ്രകാരം ഹൈ റിസ്ക്ക് രാജ്യങ്ങളിൽ നിന്നും ലോറിസ്ക്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരാണ് ഒമിക്രോൺ വ്യാപനം ഉണ്ടാക്കുന്നത് എന്നതായിരിക്കാം ഇതിനെ സാധൂകരിക്കുന്നത്.

എന്നാൽ യു കെ അടക്കം ഒമിക്രോൺ അപകടകാരിയല്ല എന്ന് മനസ്സിലാക്കി സമ്പർക്ക വിലക്ക് മാറ്റിയിട്ടുണ്ട്. എന്നു മാത്രമല്ല ഏറ്റവും പുതിയ മാർഗനിർദ്ദേശപ്രകാരം വൈറസ് ബാധിതരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും പരിശോധിക്കണമെന്നാണ് ചട്ടം.

ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നത് ഗുരുതര രോഗമുള്ളവർ, 60 വയസ് കഴിഞ്ഞവർ എന്നിവരാണ് അതിജാഗ്രത ആവശ്യമുള്ളവർ. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര നടത്തുന്നവർക്കും കോവിഡ് പരിശോധന ആവശ്യമില്ല.

എന്നാൽ അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തിൽ നിലവിലെ നിർദ്ദേശങ്ങൾ തുടരും എന്നാണ് പറയുന്നത്. അതായത് പത്ത് ദിവസത്തെ എമർജൻസി അവധിക്ക് എത്തുന്ന പ്രവാസികളെ വീട്ടിൽ അടച്ചിട്ട് പരിഹാരം കാണണമെന്ന്!

കോവിഡിൻ്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഇത്രമാത്രം അപകടാവസ്ഥ ഉണ്ടാക്കിയത് തിരഞ്ഞെടുപ്പ് റാലികളും സമ്മേളനങ്ങളുമാണ് എന്നത് ആരും മറന്നു കാണില്ല. തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ താത്പര്യത്തിന് പുറത്താണ് പ്രവാസികൾ. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.?

അതിനെക്കുറിച്ച് ഇനിയെങ്കിലും പ്രവാസികൾ ചിന്തിക്കണം. അത് കോവിഡ് വിഷയത്തോടുള്ള പ്രതികരണം എന്ന രീതിയിൽ മാത്രമല്ല. മറിച്ച് ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാഹചര്യവും പ്രവാസികൾ തൊഴിൽ നഷ്ടം കാരണം നാട്ടിൽ തിരിച്ചെത്തുന്നതിൻ്റെ കൂടി പശ്ചാത്തലത്തിലാണ്.

ഒന്നും രണ്ടും കോവിഡ് തരംഗങ്ങളിൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത് ആറ് ലക്ഷത്തിൽ കൂടുതൽ പ്രവാസികളാണ്. അവർ പലരും സ്വന്തമായി തുടങ്ങിയ പല സംരംഭങ്ങളും നഷ്ടമായതിൻ്റെ അനുഭവമാണ് പറയാനുള്ളത്. സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും പല കാരണത്താൽ പ്രയോജനപ്പെടുത്താൻ കഴിയാത്തവർ ധാരളമാണ്.

എന്നാൽ അടുത്ത കാലത്തായി നോർക്ക പ്രഖ്യാപിച്ച പല പദ്ധതികളും പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. അത് എത്രമാത്രം പ്രയോജനപ്പെടുത്താൻ കഴിയും എന്നത് മറ്റൊരു വിഷയമാണ്.

അതിനൊക്കെ ആവശ്യമായ ഇടപെടൽ നടത്താൻ ഇപ്പോഴും പ്രവാസികൾക്ക് പൊതു സമൂഹവുമായി രൂപപ്പെടാൻ കഴിഞ്ഞിട്ടില്ല. അതിൻ്റെ കാരണങ്ങൾ പരിശോധിക്കുമ്പോഴാണ് പ്രവാസികളോടുള്ള അവഗണനയുടെ രാഷ്ട്രീയ തലങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാകുക.

രാഷ്ട്രീയ വിധേയത്വം

ഗൾഫ് രാജ്യങ്ങളിലെ വലിയ വിഭാഗം പ്രവാസികളും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്. അതിനെ ഒരിക്കലും മാറ്റിയെടുക്കാൻ കഴിയില്ല.

അതേ സമയം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൊണ്ട് തങ്ങളുടെ ആവശ്യങ്ങളെ എത്ര മാത്രം നേടിയെടുക്കാൻ കഴിഞ്ഞു എന്നത് ചിന്തിക്കേണ്ടതുണ്ട്. ഏത് പാർട്ടി ഭരിക്കുമ്പോഴും ആ സർക്കാറിൻ്റെ പ്രവാസി വിരുദ്ധ നിലപാടുകളെ തിരുത്താൻ പ്രവാസി സംഘടനകൾക്ക് കഴിയുന്നില്ല.

ഇതാണ് പ്രവാസികളോടുള്ള പല രീതിയിലുള്ള അവഗണനകൾക്ക് തുടർച്ച ഉണ്ടാക്കുന്നത്. അതിനെ തിരുത്താൻ പ്രവാസികൾക്ക് അവരുടെ രാഷ്ട്രീയത്തിൽ വിശ്വാസിച്ചു കൊണ്ട് തന്നെ തങ്ങളെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ ഒന്നിക്കാൻ കഴിയണം.

ഇന്നത്തെ പോലെ പ്രവാസികൾ ഓരോ ഗൾഫ് രാജ്യങ്ങളിലും വലിയ ജനസമൂഹമായി ജീവിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടുണ്ടായിരിക്കും. എന്നിട്ടും പ്രവാസികൾക്ക് തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ ഒരു കൂട്ടമായി സംഘടിക്കാൻ കഴിയാത്തതിൻ്റെ പ്രധാന കാരണം, ഈ രാഷ്ട്രീയ വിധേയത്വമാണ്

എത്രയോ കാലങ്ങളായി പ്രവാസികൾ ഉന്നയിക്കുന്ന വിഷയമാണ് വിമാന യാത്രയിലെ ചൂഷണം.

അത് ഈ കോവിഡ് കാലത്തും തുടരുകയാണ്- ദുബായിൽ നിന്ന് കേരളത്തിലെ വിവിധ വിമാന താവളങ്ങളിൽ 6500-നും 12500 ഇടയിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ തിരിച്ച്‌ ദുബൈയിൽ എത്താൻ വിവിധ വിമാന കമ്പനികൾ ഈടക്കുന്നത് 22100 രൂപ മുതൽ 30650 രൂപ വരെയാണ്.

ഈ ചൂഷണത്തെ ഒറ്റക്കെട്ടായി എതിർക്കാനോ പരിഹാരം കാണാനോ പ്രവാസി സംഘടനകൾക്ക് കഴിഞ്ഞിട്ടില്ല. ഓരോ വർഷവും സീസൺ കാലത്ത് ഇത് 70000 രൂപ വരെ എത്താറുണ്ട്. ആ സമയത്ത് ചില എം പിമാർ പാർലമെൻ്റിൽ വിഷയം അവതരിപ്പിച്ച് അവരുടെ ചടങ്ങ് അവസാനിപ്പിക്കും. അതിന് അപ്പുറം വിഷയത്തെ ഒരു സമരത്തിൻ്റെ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഇക്കാലമത്രയായിട്ടും കഴിഞ്ഞിട്ടില്ല.

കേരളത്തിൽ നിന്നുള്ള രാജ്യസഭയിലെയും ലോകസഭയിലെയും അംഗങ്ങൾക്ക് ഒറ്റക്കെട്ടായി ഈ ചൂഷണം അവസാനിപ്പിക്കാൻ വേണ്ടി ഒന്നിച്ച് ശബ്ദിക്കാൻ ഇന്നു വരെ കഴിഞ്ഞിട്ടില്ല. അതിൻ്റെ പ്രധാന കാരണം, പ്രവാസികൾക്ക് ഒരു രാഷ്ട്രീയ ശക്തിയായി മാറാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. അപ്പോൾ സ്വഭാവികമായും ഉയരുന്ന ചോദ്യമാണ് എന്താണ് പ്രവാസികളുടെ രാഷ്ട്രീയം എന്നത്.

സത്യത്തിൽ പ്രവാസികൾക്ക് മാത്രമായി രാഷ്ട്രീയം ഉണ്ടോ? ഒറ്റ വാക്കിൽ ഇല്ല എന്നതാണ് ഉത്തരം. എന്നാൽ തങ്ങൾ ജീവിക്കുന്ന പരിസരങ്ങൾ വെറും തൊഴിൽ ഇടമാണ് എന്ന യഥാർത്ഥ്യത്തിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയിൽ പ്രവാസികൾക്ക് ഇടപെടാൻ കഴിയണം. അതിനു വേണ്ടി പ്രവാസികൾ ശബ്ദിക്കുമ്പോഴും നാട് അതിനെ അത്ര ഗൗരവത്തിൽ കാണുന്നില്ല. ഇത്രയും കാലത്തെ അനുഭവം അതാണ്. പ്രത്യേകിച്ചും പ്രവാസി വോട്ടിൻ്റെ കാര്യത്തിൽ. അതായത് ജനാധിപത്യ പ്രക്രിയക്ക് പുറത്താണ് പ്രവാസികൾ ഇപ്പോഴും.

വോട്ടില്ലാത്തവരുടെ പ്രതിഷേധം

പ്രവാസി വോട്ടിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ കാലത്താണ് അതിൻ്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോയത്. എന്നാൽ അന്നും ഇന്നും ഇന്ത്യൻ ബുറോക്രസിക്ക് പ്രവാസികളുടെ വോട്ടിംഗ് അധികാരം അലർജിയാണ്. സുപ്രിം കോടതി വിധി ഉണ്ടായിട്ടും അതിനെ പ്രായോഗികമായി നടപ്പാക്കാൻ ആർക്കും താത്പര്യമില്ല.

ഏറ്റവും ഒടുവിൽ 2019- ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള കോടതി വിധി ഉണ്ടായത് പ്രവാസിയായ ഡോ. ശംസിർ വയലിൻ്റെ ഇടപെടൽ വഴിയായിരുന്നു. എന്നാൽ അതിനെ പാർലിമെൻ്റിൽ അവതരിപ്പിച്ച് നടപ്പാക്കാൻ ഭരണകൂടം തയാറായില്ല. മറ്റ് രണ്ട് ബില്ല് പാസാക്കിയപ്പോഴും പ്രവാസി വോട്ടിൻ്റെ കാര്യത്തിൽ ബോധപൂർവ്വമായ അവഗണനയാണ് ഉണ്ടായത്. ഇത്തരം സമീപനങ്ങൾക്ക് കാരണമെന്താണ്.?

പ്രധാനമായും രണ്ട് കാരണങ്ങൾ നമുക്ക് ഇതിൽ കാണാം. ഒന്ന് പ്രവാസികൾക്ക് എന്തിനാണ് വോട്ട് എന്നതാണ്. തൊഴിൽ ചെയ്യാൻ നാടുവിട്ടവർ ജോലി ചെയ്യുക. അതിനപ്പുറം അവർ നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളിൽ എന്തിന് ഇടപെടണം. ഈ മനോഭാവം ശക്തമായി നിലനിൽക്കുന്നത് ഉദ്യോഗസ്ഥർക്ക് ഇടയിലാണ്. അന്യരാജ്യങ്ങളിൽ പോയ് ജോലി ചെയ്ത് കുടുംബത്തെ പുലർത്തുക എന്നതാണ് അവരുടെ കാഴ്ചപ്പാട്.

മറ്റൊന്ന് രാഷ്ട്രീയക്കാരുടെ സമീപനമാണ്. പ്രവാസികൾക്ക് ജനാധിപത്യത്തിൽ ഇടപെടാൻ കഴിഞ്ഞാൽ അത് വ്യവസ്ഥാപിത പാർട്ടികളുടെ ബി ടീമായി പ്രവർത്തിക്കുന്ന പ്രവാസ ലോകത്തെ പല സംഘടനകളും അവരുടെ നിയന്ത്രണത്തിൽ നിൽക്കില്ല. എന്നു മാത്രമല്ല, പ്രവാസികൾക്ക് അവർ തൊഴിൽ ജീവിതം നയിക്കുന്ന രാജ്യങ്ങളിൽ നിന്ന് വോട്ട് ചെയ്യാൻ കഴിയുന്നതോടെ അവർ ഒരു രാഷ്ട്രിയ സമൂഹമായി മാറുകയാണ്.

ഇത് തങ്ങളുടെ അവശ്യങ്ങളും അവകാശങ്ങളും ചോദിച്ചു വാങ്ങാനുള്ള രാഷ്ട്രീയ സംഘാടനത്തിലേക്ക് പ്രവാസി സമൂഹത്തെ ശക്തിപ്പെടുത്തും. അതോടു കൂടി ഇന്നലെ വരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും തങ്ങളുടെ ഉപകരണമാക്കി വെച്ച പ്രവാസി സംഘടനകൾ സ്വന്തം അവകാശബോധത്തിലേക്ക് ഉയരും. ഈ ചിന്താഗതിയെ പ്രവാസികൾ തന്നെ തള്ളിക്കളയാൻ സാധ്യതയുണ്ട്. അതു കൊണ്ട് ഈ വിഷയത്തിൽ വിശദീകരണം ആവശ്യമുണ്ട്.

ഒന്നാമതായി നാട്ടിലെ രാഷ്ട്രീയ പാർട്ടിയുടെ പോഷക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ പല പ്രിവിലേജുകളും അനുഭവിക്കുന്നുണ്ട്. അത് രാഷ്ട്രീയത്തിന് പുറത്ത് മറ്റ് സാമ്പത്തിക രംഗത്തും കൂടി നിലനിൽക്കുന്നതാണ്. അത്തരക്കാരെ സംബന്ധിച്ച് പ്രവാസി വോട്ട് എന്നത് അത്ര ഗൗരവത്തിൽ പരിഗണിക്കേണ്ട വിഷയമല്ല. അങ്ങനെ പരിഗണിക്കപ്പെടുമായിരുന്നെങ്കിൽ പ്രവാസികളുടെ വോട്ട് അവകാശം ഇത്രമാത്രം അനിശ്ചിതാവസ്ഥയിൽ ആകുമായിരുന്നില്ല.

എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രവാസി വോട്ടിൻ്റെ കാര്യത്തിൽ പൊതുവേദി ഉണ്ടാക്കി പ്രവർത്തിച്ചെങ്കിൽ എന്നേ നടപ്പിൽ വന്നേനെ. അത് നടക്കില്ല എന്നിടത്താണ് ഒരു പ്രവാസി തന്നെ നിയമപരമായ ഇടപെടലിലൂടെ അതിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടത്. ഇത്തരമൊരവസ്ഥയിൽ നിന്നു വേണം ഇപ്പോഴും തുടരുന്ന പ്രവാസി അവഗണനയുടെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടത്.

അത്തരമൊരവസ്ഥയിലാണ് നാട്ടിൽ ആഘോഷിങ്ങളിലും ഉദ്ഘാടന മാമാങ്കത്തിലും ജനങ്ങൾ ആടിത്തിമിർക്കുമ്പോൾ പ്രവാസികളോട് അകത്തിരിക്കാൻ പറയുന്നത്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x