Sports

ലൂഷ്‌കിനിയിലെ ക്രൂരമായ പുഞ്ചിരി

ഫുട്ബോൾ / അസറുമാസ്സ് പാലോട്

2008 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ. മോസ്കോവിലെ ലൂഷ്‌കിനി സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും, ചെൽസിയും തമ്മിലാണ് മത്സരം. വാശിയേറിയ പോരാട്ടം ഒടുവിൽ ഷൂട്ട്‌ ഔട്ടിനു വഴിമാറി.

അവസാന കിക്കെടുക്കാൻ വരുന്നത് ചെൽസിയുടെ ഫ്രഞ്ച് താരം നിക്കോളാസ് അനെൽക്ക. മാഞ്ചസ്റ്ററിന്റെ നെടുംതൂണായ ഗോൾകീപ്പർ എഡ്വിൻ വാൻഡർ സർ അയാൾക്ക് മുമ്പിൽ വന്മതിൽ പോലെ ഉയർന്നു നിന്നു.

പൊടുന്നനെ അനൽക്കക്ക് ഒരു തോന്നൽ. താൻ കിക്കെടുക്കുന്നത് എങ്ങോട്ടാണെന്ന് വാൻഡർ സാറിന് അറിയാമോ? അയാളുടെ ശരീരം തളർന്നു തുടങ്ങി. ശ്വാസഗതി വേഗത്തിലായി. അനൽക്കയുടെ ഉള്ളo പുകയുന്നത് വാൻഡർ സാറും തിരിച്ചറിഞ്ഞു. കിക്കിന്റെ ദിശ മാറ്റണമോ? എന്ന വേവലാതി അനൽക്കയെ സംഘർഷഭരിതനാക്കി.

പരസ്പരം ഭയന്നു നിൽക്കുന്ന സമ്മർദ്ദ നിമിഷങ്ങൾക്കൊപ്പം , ഗാലറിയിലെ നീലക്കടലിരമ്പം കൂടിയായപ്പോൾ അനൽക്കയുടെ കിക്ക് ദുർബലമായിപ്പോയി. അത് വാൻഡർ സാർ നിഷ്പ്രയാസം തടുത്തിട്ടു. ചെൽസിക്ക് 170 മില്യൺ ഡോളർ നഷ്ടപ്പെട്ടുവെന്ന് അബ്രാമോവിച്ച് പിന്നീടൊരിക്കൽ വിലപിച്ചത് ഈ കിക്കിനെ കുറിച്ചാണ്. ടീമിനെ ഫൈനലിലെത്തിച്ചിട്ടും അവ്റാം ഗ്രാന്റ് എന്ന കോച്ചിന് കളി തീർന്നയുടനെ പണിയും നഷ്ടപ്പെട്ടു.

പെനാൽറ്റികളിൽ ഗവേഷണം നടത്തുന്ന ഇഗ്‌നാസ്യോ ഹൂർത്ത എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ കളിക്ക് മുമ്പ് ചെൽസി കോച്ചിന് ഒരു കുറിപ്പ് നൽകിയിരുന്നു. കളി പെനാൽറ്റിയിലേക്ക് നീങ്ങുകയാണെങ്കിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ അതിൽ അക്കമിട്ടു പറഞ്ഞിരുന്നു.

ഒന്നാമത് മാഞ്ചസ്റ്റർ ഗോൾ കീപ്പർ വാൻഡർ സാർ അതീവ തന്ത്രശാലിയാണ്. അയാൾ എപ്പോഴും ഡൈവ് ചെയ്യുന്നത് കിക്കറുടെ സ്വാഭാവിക വശത്തേക്കാണ്. അതായത്, കിക്കർ വലതു കാലനാണെങ്കിൽ ഇടത്തോട്ടുo, ഇടതു കാലനാണെങ്കിൽ വലത്തോട്ടും. അതു കൊണ്ട് ചെൽസി കളിക്കാർ ഒരിക്കലും അവരുടെ സ്വാഭാവിക സൈഡിലേക്ക് പന്ത് അടിക്കരുത്.

രണ്ടാമത് വാൻഡർ സാർ തടുക്കുന്ന പെനാൽറ്റികളധികവും മിഡ്- ഹൈ ബോളുകളാണ്. ഏകദേശം ഒന്ന് -ഒന്നര മീറ്റർ ഉയരത്തിൽ വരുന്നവ. അതിനാൽ നമ്മുടെ കളിക്കാർ താഴ്ത്തിയോ, വളരെ ഉയർത്തിയോ അടിക്കുക.

മൂന്നമത് ക്രിസ്റ്റിയാനോ റൊണാൾഡോ (അന്ന് മാഞ്ചസ്റ്ററിൽ ആയിരുന്നല്ലോ ) ക്ക് റണ്ണപ്പിനിടെ പെട്ടെന്ന് നിൽക്കുന്ന ഒരു ശീലമുണ്ട്. അങ്ങിനെ നിൽക്കുകയാണെങ്കിൽ പിന്നെ വലത്തോട്ടെ അടിക്കൂ. അതു കൊണ്ട് റൊണാൾഡോ അടിക്കും വരെ കീപ്പർ അനങ്ങരുത്. ഗോളി നേരത്തെ അനങ്ങിയ സന്ദർഭങ്ങളിലെല്ലാം ക്രിസ്റ്റിയാനോ സ്കോർ ചെയ്തിട്ടുണ്ട്.

നാലാമത് ടോസ് കിട്ടിയാൽ ആദ്യ ഷോട്ട് എടുക്കാനുള്ള അവസരം എതിർ ടീമിന് കൈമാറരുത്. ഇങ്ങനെ ആദ്യ ഷോട്ട് എടുത്തിട്ടുള്ള ടീം 60% സന്ദർഭങ്ങളിലും ജയിച്ചിട്ടുണ്ട്.

ഈ നിർദേശങ്ങൾ പിന്തുടരണമെന്ന് ഷൂട്ട്‌ ഔട്ടിന് മുമ്പ് ടീം അംഗങ്ങളോട് കോച്ച് ആവശ്യപ്പെട്ടിരുന്നു. ആഷ്‌ലി കോളും, അനൽക്കയുമൊഴിച്ചു ബാക്കിയുള്ളവരെല്ലാം ഇത് കൃത്യമായി പാലിക്കുകയും ചെയ്തുവെന്ന് പറയാം. ടോസ് പിടിച്ചു വാങ്ങാൻ ജോൺ ടെറി ഫെർഡിനന്റിനെ പ്രലോഭിച്ചെങ്കിലും അതു നടന്നില്ല.

ചെൽസിക്ക് വേണ്ടി ആദ്യം വന്ന ബല്ലാക്ക് പന്ത് വളരെ ഉയർത്തിയും, പിന്നെ വന്ന ബെലേറ്റി പറ്റെ നിലം പറ്റിയും അടിച്ചു ഗോളുകളാക്കി. ടെവസും, മൈക്കൽ കാരിക്കും മാഞ്ചെസ്റ്ററിനു
വേണ്ടിയും സ്കോർ ചെയ്തു. പിന്നെ വന്നത് ക്രിസ്റ്റിയാനോ. പതിവുപോലെ റണ്ണപ്പിനിടെ അദ്ദേഹം പെട്ടെന്ന് നിന്നു. എന്നാൽ ചെൽസി ഗോൾ കീപ്പർ പീറ്റർ ചെക്ക് ഇളകിയില്ല. കിക്കെടുത്തതും ചാടി വീണ് അത് രക്ഷിച്ചു.

പിന്നീട് വന്ന ചെൽസി താരങ്ങളും (ലാംപാർഡ്, ടെറി, സലോമൻ കലു ) എന്നിവരെല്ലാം കിട്ടിയ നിർദേശം അനുസരിച്ചു അവരുടെ സ്വാഭാവിക വശം ഒഴിവാക്കി സ്കോർ ചെയ്തു. ഇടങ്കാലുകാരനായ ആഷ്‌ലി കോൾ മാത്രമാണ് ഇത് മറന്ന് അടിച്ചത്. വാൻഡർ സാർ കൃത്യമായി ചാടിയെങ്കിലും കോളിന്റെ അടിയുടെ കനം കൊണ്ട് അത് വലയിൽ കയറി.

ആറു കിക്കുകളിൽ നാലു തവണയും ഇഗ്‌നാസിയോ പ്രവചിച്ച രീതിയിൽ തന്നെയാണ് മാഞ്ചസ്റ്റർ ഗോളി ഡൈവ് ചെയ്തത്. ഒറ്റ കിക്ക് പോലും അയാൾക്ക് രക്ഷിക്കാനുമായില്ല. ടെറിയുടെ കിക്കാവട്ടെ കാൽ വഴുതി പുറത്തു പോയതാണ്. ആ സമയത്താകട്ടെ വാൻഡർ സാർ എതിർദിശയിലായിരുന്നു നിന്നിരുന്നത് താനും.

കളി ഏഴാം കിക്കിലേക്ക് കടന്നു. കിക്കെടുക്കാൻ വന്നത് നിക്കോളാസ് അനെൽക്ക. അത് വരെ ഗോളായ പന്തെല്ലാം ഇടത്തോട്ടാണ് പോയതെന്ന കാര്യം ആരോ വാൻഡർ സാറിനെ ഓർമിപ്പിച്ചു. ചെൽസി ഏതോ ഒരു ‘സ്ട്രാറ്റജി’ ഫോളോ ചെയ്യുന്നുണ്ട് എന്ന് അദ്ദേഹത്തിനും മനസ്സിലായി. അതോടെ ആൾ കൂടുതൽ ജാഗരൂകനായി. അനൽക്ക പന്തുമായി മുന്നിൽ നിൽക്കേ മുന്നിൽ കൈകൾ വിരിച്ചും, വിറപ്പിച്ചും നിന്ന സാർ ഇടക്ക് അനൽക്കെയെ നോക്കി ഇടത്തേ ചൂണ്ടു വിരൽ കൊണ്ട് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ചൂണ്ടി. ഈ ഭാഗത്തേക്കല്ലേ ഇത് വരെ എല്ലാം അടിച്ചത് എന്നാണ് ഉദ്ദേശിച്ചത്. അതോടെ അനല്ക്കെ ആകെ പരിഭ്രാന്തനായി.

മുഖം വലിഞ്ഞു മുറുകി. ഭയവിഹ്വലനായ അദ്ദേഹത്തെ നോക്കി വാൻഡർ സാർ ഒന്നു പുഞ്ചിരിച്ചു. ‘ക്രൂരമായ പുഞ്ചിരി ‘. സ്വാഭാവിക സൈഡിന്റെ മറുവശത്തേക്ക് അടിയ്ക്കണമെന്ന നിർദ്ദേശം ഈ അവസാന നിമിഷം വാൻഡർ സാറിന് മനസ്സിലായിക്കാണുമോ എന്ന ഭയം അയാളെ വലിഞ്ഞു മുറുകി.

പെട്ടെന്ന് വിസിൽ മുഴങ്ങി. അയാൾ വലതുഭാഗത്തേക്ക്‌ പകുതി ഉയരത്തിൽ ആ പന്തിനെ ദുർബലമായി അടിച്ചു നോക്കി. ഉയർത്തിയോ താഴ്ത്തിയോ അടിയ്ക്കണമെന്ന നിർദ്ദേശവും അയാൾ മറന്നു കഴിഞ്ഞിരുന്നു. പന്ത് വാൻഡർ സാർ കൃത്യമായി രക്ഷപ്പെടുത്തി.

ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും, 170 മില്യൺ ഡോളറും, കോച്ചിന്റെ പണിയും ഒറ്റയടിക്ക് നഷ്ടപ്പെടുത്തിയത് വാൻഡർ സാറെന്ന അതികായന്റെ ഒരു ചൂണ്ടുവിരലും, പുഞ്ചിരിയുമായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ പുഞ്ചിരികളിലൊന്നായിരുന്നു അന്ന് ലൂഷ്‌കിനി സ്റ്റേഡിയത്തിൽ വിരിഞ്ഞത്.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close