ഡൽഹി കലാപം: സംഘ് പരിവാർ എന്തുകൊണ്ട് പരാജയപ്പെട്ടു.
എം എസ് ഷൈജു
ലോകത്തെ ഏറ്റവും മാനവികമായ ആത്മീയ ദർശനങ്ങളിലൊന്നാണ് ഹിന്ദു മതം. എന്നാൽ ലോകത്തെ ഏറ്റവും ഹിംസാലുക്കളായ വർഗ്ഗീയവാദികളിൽപ്പെട്ടവരാണ് സംഘപരിവാറുകാർ. സംഘ്പരിവാറിനെ യഥാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്നതും അസ്വസ്ഥരാക്കുന്നതും ഹിന്ദു മതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുമത വിശ്വാസികളാണ്.
സംഘ്പരിവാറിനെ എപ്പോഴും അലോസരപ്പെടുത്തുന്നത് രാജ്യത്ത് നിലനിൽക്കുന്ന ഹിന്ദു മുസ്ലിം സഹകരണവും പരസ്പരമുള്ള സഹിഷ്ണുതയുമാണ്. അതില്ലാതാക്കാനാണ് അവർ ആദ്യം മുതൽ ശ്രമിച്ച് വരുന്നത്. ശാഖ മുതൽ അവർ പഠിപ്പിച്ച് തുടങ്ങുന്നത് വെറുക്കാനും അക്രമിക്കാനുമാണ്. രാജ്യത്തെ മുസ്ലിംകളെ ഒറ്റപ്പെടുത്തണമെന്നതാണ് അവരുടെ അജണ്ട. അവർ ഒരു ഭാഗത്ത് നിന്ന് എത്രത്തോളം ആ സഹിഷ്ണുതയെയും സഹകരണത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും മറുഭാഗത്ത് നിന്ന് അത് പൂർവാധികം പൂത്ത് തളിർത്ത് വരും.
അതാണ് ഇപ്പോൾ ഡൽഹിയിൽ കണ്ടത്. സി എ എ വിരുദ്ധ സമരത്തിന്റെ മറവിൽ ഒരു ഗുജറാത്ത് മോഡൽ കലാപമാണ് സംഘപരിവാർ ആസൂത്രണം ചെയ്തത്. അതിനാണ് പോലീസിനെ നിഷ്ക്രിയരാക്കിയത്. ആക്രമാണോത്സുകരായ ജനങ്ങളെ തെരുവിലേക്ക് ഇറക്കി വിട്ടത്. മുകളിലിരുന്ന് കലാപാഹ്വാനം നടത്തിയത്. സഹായത്തിനായി വിളിച്ച ഏതാണ്ട് പതിനായിരം ഫോണ് കോളുകൾക്ക് നേരെ ഒരു പോലീസ് സംവിധാനം കാത് പൊത്തിയിരുന്നെങ്കിൽ അതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് മനസിലാക്കാൻ മനുഷ്യന്റെ സാമാന്യ ബുദ്ധി മാത്രം മതി.
ഇത്രയൊക്കെ ചെയ്തിട്ടും കലാപം നടത്തിയവർ വിജയിച്ചില്ലെന്ന് എന്ത് കൊണ്ട് പറയുന്നു;ഒന്ന്, ഡൽഹിയിൽ ഹിന്ദു മുസ്ലിം ചേരിതിരിവ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. രണ്ട്, ഹിന്ദു മത വിശ്വാസികൾ തന്നെ കലാപകാരികൾക്കെതിരിൽ നില കൊണ്ടു. അത് സംഘ്പരിവാറിന് വലിയ ക്ഷീണമുണ്ടാക്കി. അവർ ഇരകൾക്ക് സംരക്ഷണം തീർത്തു. വീടുകളിൽ മുസ്ലിംകൾക്ക് അഭയം നൽകി. തങ്ങൾ സംഘ്പരിവാറിനൊപ്പമല്ലെന്ന് പ്രഖ്യാപിച്ചു. മൂന്ന്, ലോകത്തെ മുൻ നിര മാധ്യമങ്ങളൊക്കെ വിഷയം സത്യസന്ധമായി റിപ്പോർട്ട് ചെയ്യുകയും ബിജെപിക്കും സംഘ്പരിവാറിനും കടുത്ത ക്ഷീണമുണ്ടാക്കുന്ന നിലയിൽ കലാപത്തിൽ ഇവർക്കുള്ള പങ്ക് വെളിപ്പെടുത്തുകയും ചെയ്തു. ഇന്നലത്തെ ഗാർഡിയൻ പത്രത്തിന്റെ എഡിറ്റോറിയൽ തന്നെ ഒരൊന്നൊന്നര സംഭവമായിരുന്നു. നാല്, ജുഡീഷ്യറിയെ തങ്ങൾ എങ്ങനെയാണ് ഹൈജാക്ക് ചെയ്യുന്നതെന്ന് ബിജെപി സർക്കാർ രാജ്യത്തിനും ലോകത്തിനും കാണിച്ച് കൊടുത്തു. ഇതിനെക്കാളൊക്കെ ഏറ്റവും ശ്രദ്ധേയമായത്, ഗുജറാത്ത് പോലെയോ മുസഫറാബാദ് പോലെയോ ഭയന്നോടാതെ പിടിച്ച് നിൽക്കാനും പ്രതിരോധിക്കാനും ഡൽഹിയിലെ ഇരകൾക്ക് സാധിച്ചുവെന്നതാണ്.
ഈ പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ ആത്മാഭിമാനത്തെ ഉയർത്തതിപ്പിടിക്കാൻ ഒരു ജനതക്ക് സാധിച്ചുവെന്നത് നിസ്സാരമല്ല. ഗുജറാത്തിലും മുസഫറാബാദിലും ചെയ്തത് പോലെ ഒരു ജനതയെ പൂർണമായും ഭയപ്പെടുത്തി, ആത്മവിശ്വാസം കെടുത്തി ഓടിക്കാൻ എപ്പോഴും സാധിക്കില്ലെന്ന് സംഘ്പരിവാറിന് ബോധ്യമുണ്ടായിക്കാണണം. സമര രംഗത്ത് വീണ്ടും ആ ജനത സജീവമാകുന്നത് ആ ആത്മവിശ്വാസം പൂർവാധികം ശക്തമായി ഉയർത്തിപ്പിടിക്കാൻ സാധിക്കുന്നത് കൊണ്ടാണ്.
അത് കൊണ്ട് തന്നെ എല്ലാം നഷ്ടപ്പെട്ട ഈ ഇരകൾക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സഹായവും പിന്തുണയും എത്തേണ്ടതുണ്ട്. അവർക്കൊപ്പം എല്ലാവരുമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ആ നിശ്ചയദാർഢ്യത്തിന് പിന്തുണ കൊടുക്കാനുള്ള ഒരു ബാധ്യത സംഘ്പരിവാറിനെ എതിർക്കുന്ന നമ്മിൽ ഓരോരുത്തരിലുമുണ്ട്. നമ്മളുയർത്തുന്ന പ്രക്ഷോഭങ്ങളും ത്യാഗങ്ങളുമാണ് നമ്മുടെ ഭാവിജനതയുടെ ഭാഗധേയം നിർണയിക്കുന്നതെന്ന് നാം മറക്കരുത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS