PravasiViews

മാറി മറയുന്ന ചാർട്ടർ വിമാന നിബന്ധനകളും കോവിഡ് ടെസ്റ്റ് തിട്ടൂരവും

പ്രവാസലോകം / ഷക്കീബ് കൊളക്കാടൻ

വൻകിട വ്യവസായ പ്രമുഖർ വിമാനം ചാർട്ടർ ചെയ്യുന്ന പോലെ എളുപ്പമല്ല പ്രവാസലോകത്ത് ഈ കൊറോണ പ്രതിസന്ധിയിൽ അകപ്പെട്ടു പോയ നാട്ടുകാരെ രക്ഷിച്ചു ഉറ്റവരുടെ അടുത്തെത്തിക്കാനായി സംഘടനകളും കമ്പനികളും വിമാനം ചാർട്ടർ ചെയ്യുന്നത്. ഇതിനുള്ള കടമ്പകൾ നിരവധിയാണ്. ആദ്യമാദ്യം എളുപ്പമെന്ന് തോന്നുകയും ചിലർക്കെങ്കിലും സാധ്യമാവുകയും ചെയ്ത ഈ സർവ്വീസ് പിന്നീട് മറികടക്കാൻ പ്രയാസപ്പെടുന്ന ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളിൽ കെട്ടിപ്പിണഞ്ഞു കിടക്കുകയാണ്.

എല്ലാ അനുമതി പത്രങ്ങളും ലഭിച്ചിട്ടും വിമാനം പറത്താൻ ആകാത്ത വിധം ചില നിസ്സഹായതകളിലാണ് സംഘടനകളും കമ്പനികളും സഹായിക്കാൻ മുന്നോട്ടു വന്ന എയർലൈനുകളും. അതിനിടയിലാണ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കൂടി യാത്രക്കാർ കയ്യിൽ കരുതണമെന്ന കേരള സർക്കാർ തിട്ടൂരം.

ഒരു വിമാനം ചാർട്ടർ ചെയ്ത് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് തങ്ങളുടെ ആളുകളെ എത്തിക്കാൻ ആഗ്രഹിക്കുന്ന സംഘടനകളോ സ്വകാര്യ കമ്പനികളോ ആദ്യം ചെയ്യേണ്ടത് ഇന്ത്യൻ എംബസ്സിയിൽ ഈ വിവരം അറിയിക്കുകയാണ്. എംബസ്സി അനുകൂലമായി പ്രതികരിച്ചാൽ നമുക്ക് ചാർട്ടർ ചെയ്യാനുദ്ദേശിക്കുന്ന വിമാനകമ്പനിയുമായി ധാരണയിലെത്തി അവരുടെ ഫ്ലൈറ്റ് നമ്പറും കൃത്യമായ സീറ്റ് വിവരങ്ങളും വാങ്ങണം.

ഇവരുടെ വിമാനത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കൊണ്ട് പോകാൻ അനുമതിയുള്ള ആളുകളുടെ എണ്ണം കിട്ടിയാൽ നമുക്ക് ആ വിമാനത്തിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ എക്സൽ ഷീറ്റ് തയ്യാറാക്കാം. യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ റീപാട്രിയേഷൻ ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ എംബസ്സിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. നോർക്ക രജിസ്‌ട്രേഷനും അനിവാര്യമെന്ന് സംസ്ഥാന സർക്കാർ പറയുന്നു.

പ്രത്യേക ഫോര്മാറ്റിലുള്ള യാത്രക്കാരുടെ വിശദവിവരമടങ്ങിയ എക്സൽ ഷീറ്റും വിമാനകമ്പനിയുമായുള്ള കരാറിന്റെ കോപ്പിയും ഫ്ലൈറ്റിന്റെ നമ്പറും എല്ലാം സഹിതമാണ് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതിക്കായി ഇന്ത്യൻ മിഷനിൽ സമർപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ എല്ലാം ഓൺലൈൻ വഴി മാത്രം.

ഇന്ത്യൻ എംബസി അത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിക്കായി അയക്കും. സംസ്ഥാന സർക്കാർ യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് ഐസൊലേഷൻ/ ക്വാറന്റൈൻ സൗകര്യങ്ങളെല്ലാം സാധ്യമാകുമെന്ന് ഉറപ്പു വരുത്തിയാണത്രെ അനുമതി ഓരോ വിമാനങ്ങൾക്കും പ്രത്യേകമായി നൽകുന്നത്. സംസ്ഥാനം പച്ചക്കൊടി കാണിച്ചാൽ പിന്നീട് വിദേശകാര്യ മന്ത്രാലയം കൂടി അനുമതി നൽകണം. ഇത് രണ്ടും ലഭിച്ചതായി ഇന്ത്യൻ എംബസിയിൽ നിന്നും മറുപടി ലഭിക്കുമ്പോഴേക്കും ഏകദേശം ഏഴ് മുതൽ പത്ത് ദിവസം വരെയെടുക്കും.

ഈ രണ്ടു അനുമതിയും ലഭിച്ചതായി അറിയിച്ചു കൊണ്ട് ഇന്ത്യൻ എംബസ്സി നൽകുന്ന ഇമെയിൽ സന്ദേശത്തിന്റെ കോപ്പി വെച്ച് എയർലൈൻ കമ്പനി ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയേയും (ഡി. ജി. സി. എ) സൗദി ഏവിയേഷൻ വിഭാഗത്തെയും (GACA) ഈ പ്രത്യേക വിമാനത്തിന്റെ പറക്കാനുള്ള അനുമതികൾക്കായി സമീപിക്കണം. ഇവിടെയാണ് യഥാർത്ഥ വൈതരണികൾ വിലങ്ങുതടിയാകുന്നത്.

സംഘടനകൾക്കും കമ്പനികൾക്കും ഏതു വിമാന കമ്പനിയെയും ഉപയോഗപ്പെടുത്തി വിമാനം ചാർട്ടർ ചെയ്യാമെന്ന് ഇരു അതോറിറ്റികളും പറയുമ്പോഴും ഇന്ത്യൻ വിമാനകമ്പനികൾ പ്രോത്സാഹിപ്പിക്കണമെന്നു DGCA യും സൗദി വിമാന കമ്പനികൾക്ക് പരിഗണന നൽകണമെന്ന് GACA യും നിർദ്ദേശിക്കുന്നു. ഇതുകൊണ്ടു തന്നെ സ്ലോട്ട് അപ്പ്രൂവൽ ലഭിച്ചു കഴിഞ്ഞാലും ഷെഡ്യൂൾ അപ്പ്രൂവൽ ആകുന്നതിന് പ്രയാസം നേരിടുന്നു. മതിയായ സമയ പരിധി കൊടുത്തു കൊണ്ട് അപേക്ഷ സമർപ്പിച്ചിട്ടു പോലും എല്ലാ അനുമതിയും ലഭിച്ച വിമാനങ്ങൾ യാത്രക്കാരെയും കൊണ്ട് പറന്നുയരാൻ സാധിക്കാതെ വരുന്നത് ഇത്തരം സാങ്കേതിക തടസ്സങ്ങൾ വിലങ്ങു തടിയാകുന്നത് കൊണ്ടാണ്.

ദേശീയ വിമാനകമ്പനികൾ ഫ്ലൈറ്റ് നമ്പറുകൾ നൽകണമെങ്കിൽ ചാർട്ടർ ഫ്ലൈറ്റിന്റെ പകുതി പൈസയെങ്കിലും അഡ്വാൻസ് നല്കണമെന്ന നിബന്ധനയും ഈ പ്രയാസ കാലത്ത് ഒട്ടും പ്രായോഗികമല്ല. മിക്ക ദേശീയ വിമാനകമ്പനികളിലെയും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2200 റിയാലും അതിലധികവുമാണ് എന്നതും ഏറെ പ്രയാസപ്പെടുത്തുന്നു.

ഈ കടമ്പകളെല്ലാം എങ്ങിനെയെങ്കിലും ചാടിക്കടന്ന് വിമാനം പറത്താം എന്ന നിലയിലെത്തുമ്പോഴാണ് 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് ചെയ്ത റിപ്പോർട്ട് കയ്യിൽ കരുതണമെന്ന സംസ്ഥാന സർക്കാർ നിബന്ധന. മാസങ്ങളായി സൗദി അറേബ്യയിലെ കോവിഡ് പരിശോധന രീതിയെ അടുത്തറിയാവുന്നത് കൊണ്ട് തന്നെ ഈ നിർദ്ദേശം തീർത്തും അപ്രായോഗികമാണെന്ന് പറയാൻ കൂടുതൽ ആലോചിക്കേണ്ടതില്ല.

സൗജന്യമായി കോവിഡ് പരിശോധന നടത്തുന്ന സർക്കാർ സംവിധാനം വളരെ കാര്യക്ഷമായി ഇവിടെ പ്രവർത്തിക്കുന്നു. ഇതിനായി ഓൺലൈനിൽ ബുക്ക് ചെയ്യുന്നവരുടെ രോഗലക്ഷണങ്ങളുടെ തീവ്രതക്കനുസരിച്ചു പരിശോധന തീയ്യതി ലഭിക്കുന്നത് രണ്ടു ദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ടു പോയേക്കാം. രോഗം കലശലാണെങ്കിൽ നേരെ ആശുപത്രിയിലെത്തിച്ച് പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

എന്നാൽ ഇതിനൊന്നും രോഗലക്ഷണം കാണിക്കാത്ത ഒരാൾക്ക് സാധ്യമല്ല അല്ലെങ്കിൽ പ്രയാസമാണ് എന്നതാണ് സത്യം. അത് മാത്രവുമല്ല ഇതിന്റെ റിസൾട്ട് സർട്ടിഫിക്കറ്റ് ആയിട്ടല്ല മൊബൈൽ ഫോണിലേക്ക് എസ് എം എസ് ആയിട്ട് മാത്രമേ അയക്കൂ എന്നതും ഒരു യാഥാർഥ്യമാണ്.

റാപിഡ് ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ നിയമവിരുദ്ധമായ സൗദി അറേബ്യയിൽ ഇത് ആരെങ്കിലും നടത്തുന്നതായറിഞ്ഞാൽ ആ സ്ഥാപനത്തിന് വൻതുക പിഴ ഒടുക്കേണ്ടി വരും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ലഭ്യമായ പി സി ആർ ടെസ്റ്റിന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 1500 റിയാൽ ആണ്. ഇത്രയും വലിയ തുക നൽകി യാതൊരു രോഗലക്ഷണവും ഇല്ലാത്തവർ കൂടി ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ചാർട്ടർ വിമാനങ്ങളിൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ കഴിയൂ എന്നത് തീർത്തും അപ്രായോഗികവും പ്രവാസി സമൂഹത്തോട് ചെയ്യുന്ന നന്ദികേടുമാണ്.

വിമാന യാത്രകളിൽ തീർത്തും സുരക്ഷിതമായി യാത്രക്കാരനും സഹയാത്രികർക്കും സുരക്ഷ ഉറപ്പാക്കാവുന്ന പി പി ഇ കിറ്റുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. നാട്ടിലേക്ക് പോകുന്നവർക്ക് ഒട്ടേറെ സംഘടനകൾ ഇത്തരം കിറ്റുകൾ സൗജന്യമായി എയർപോർട്ടിൽ എത്തിച്ചു നൽകുന്നുമുണ്ട്. ഇത്തരം സുരക്ഷാ കിറ്റുകളും എൻ 95 മാസ്ക്കും കയ്യുറകളും ഉപയോഗിച്ചാൽ സുരക്ഷിതമായി ആർക്കും വിമാനയാത്ര ചെയ്യാം.

അങ്ങിനെ നാട്ടിൽ വന്നിറങ്ങുന്ന യാത്രക്കാരനെ വിമാനത്താവള ലോബിയിൽ ഇരുത്തി റാപിഡ് ടെസ്റ്റ് നടത്തി വൈറസ് ബാധ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം സ്വന്തം വീടുകളിലേക്കോ സർക്കാർ ക്വാറന്റൈൻ സംവിധാനത്തിലേക്കോ അയച്ചാൽ മതിയാകും.

ഈ ടെസ്റ്റിനുള്ള ചിലവ് സർക്കാരിന് വഹിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ യാത്രക്കാരൻ സ്വയം കൊടുക്കാനും തയ്യാറാണ്. അതല്ലാതെ അശാസ്ത്രീയമായ നിർദ്ദേശങ്ങളുമായി പ്രവാസി സമൂഹത്തെ മരണത്തിനു വിട്ടു കൊടുക്കാൻ ഈ മഹാമാരിയുടെ സമയത്ത് രക്ഷാകവചമാകേണ്ട സർക്കാർ മുന്നിട്ടിറങ്ങരുത്. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ സംസ്ഥാന സർക്കാരിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കും എന്ന ചിന്ത തീർത്തും അസ്ഥാനത്താണ് എന്ന് പറയാതെ വയ്യ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x