AgricultureViews

എന്താണ് പുതിയ കർഷക നിയമം? ‘ഒരു ഇന്ത്യ, ഒരു മാർക്കറ്റ്’ എന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ ചതിയാണ്

ഇന്ത്യൻ കാർഷികമേഖലയെ തകർക്കുന്ന മൂന്നു നിയമങ്ങൾ പാർലമെന്റിൽ ഏകപക്ഷീയമായി സർക്കാർ പാസാക്കിയെടുത്തു. ഒന്നാമത്തെ നിയമത്തിലൂടെ, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കി. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു.

താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നു. യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും.

രണ്ടാമത്തേത് ആവശ്യസാധനനിയന്ത്രണ നിയമം എടുത്തു കളയുന്നതാണ്. നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല. ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും. ഇത് കരിംചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.

മൂന്നാമത്തെ നിയമം കോൺട്രാക്ട്ഫാമിംഗ് അംഗീകരിക്കലാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം.

ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്. ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഹരിയാനയിൽ കേന്ദ്ര മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു. കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശവപ്പെട്ടിയിൽ നരേന്ദ്രമോദി സർക്കാർ അടിക്കുന്ന അവസാനത്തെ ആണി

ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും. താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും. FCI ഇല്ലാതാകും റേഷൻ സമ്പ്രദായം തകരും. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ.

സംഭവിക്കാൻ പോകുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശവപ്പെട്ടിയിൽ നരേന്ദ്രമോദി സർക്കാർ അടിക്കുന്ന അവസാനത്തെ ആണിയാണ് കർഷക ബിൽ, ഇനി ശവം കുഴിയിലേക്ക് എടുത്താൽ മതി.

മാധ്യമ പ്രവർത്തകരും രാഷ്ട്രീയക്കാരും ഉൾപ്പടെയുള്ള മധ്യവർഗ്ഗ-ഉപരിവർഗ്ഗ ജീവികൾ ഇതെന്തെന്ന് പോലും മനസ്സിലാകാതെ ഇരുട്ടിൽ തപ്പുകയും കർഷകർ തെരുവിലിറങ്ങി സമരം ചെയ്യുകയുമാണ്.

കോർപറേറ്റുകളുടെ ദല്ലാളായ മോദി

ഇന്ത്യയിലെ മഹാ ഭൂരിപക്ഷം മനുഷ്യരും ഇന്നും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്, വളരെ പരിമിതമായ സൗകര്യങ്ങളിൽ ജീവിക്കുന്ന ആ മനുഷ്യർ എല്ലുമുറിയെ പണിയെടുക്കുന്നത് കൊണ്ടാണ് എസി മുറിയിലിരുന്ന് പണിയെടുക്കുന്നവർ മൂന്ന് നേരം വെട്ടി വിഴുങ്ങുന്നത്. കടക്കെണിയിൽ പെട്ട് പതിനായിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിലാണ് കർഷകനെ മുച്ചൂടും മുടിച്ചുകളയുന്ന പുതിയ നിയമം, ഒരിന്ത്യ ഒരു മാർക്കറ്റ് എന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞു കോർപറേറ്റുകളുടെ ദല്ലാളായ മോദി അവതരിപ്പിക്കുന്നത്.

നോട്ടു നിരോധനത്തിനത്തോടെ ഖജനാവ് നിറഞ്ഞു കവിയും, ഇൻകം ടാക്സ് എടുത്തുകളയും എന്ന് പ്രചരിപ്പിച്ചിരുന്ന ഭക്തർ കർഷക ബില്ലിനെയും ന്യായീകരിക്കുന്നുണ്ട്.

അടിസ്ഥാന വില ഉറപ്പ് വരുത്തുന്ന APMC – അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ മരണം

ഇത്രയും കാലം വരെ നടന്നു വന്ന സംവിധാനം എന്താണ്ട് എന്ന് വെച്ചാൽ, കർഷർക്ക് കൃഷി ചെയ്യാനുള്ള പണം കടം കൊടുക്കുകയും പകരം അവരിൽ നിന്ന് കാർഷീക വിളകൾ തുച്ഛവിലക്ക് വാങ്ങിയെടുക്കുകയും, വിള നശിച്ചാൽ കൃഷിഭൂമി കയ്യേറുകയും ചെയ്യുന്ന ഏജന്റുമാരുടെയും കൊള്ളപ്പലിശക്കാരുടെയും പിടിയിൽ നിന്ന് കർഷകരെ മോചിപ്പിക്കാൻ വേണ്ടി തുടങ്ങിയതാണ് APMC – അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി. പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല നമ്മുടെ അയൽപക്കത്തെ ഗുണ്ടൽപേട്ടയിൽ വരെ ഇതുണ്ട്.

കാർഷീക ഉൽപന്നങ്ങളുമായി കർഷകർക്ക് മാർക്കറ്റിൽ വരാം, ഏതു ഉൽപന്നത്തിനും ഒരു അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ടാവും, വാങ്ങാൻ വരുന്ന കച്ചവടക്കാർക്ക് APMC യിൽ രജിസ്ട്രർ ചെയ്ത ശേഷം ലേലത്തിൽ പങ്കെടുത്ത് ഉൽപന്നങ്ങൾ വാങ്ങാം, ആരും വാങ്ങിയില്ലെങ്കിൽ ഗവണ്മെന്റ് കർഷകന് താങ്ങു വിലകൊടുത്ത് അവ സർക്കാർ ചാനലുകൾ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. കർഷകൻ ഒരു പരിധിവരെയെങ്കിലും സേഫാണ്.

മോദി സർക്കാർ മൂന്ന് ഓർഡിനൻസുകൾ കൊണ്ടുവന്നാണ് ഈ വ്യവസ്ഥയെ തകർക്കുന്നത്. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ഓർഡിനൻസ് 2020, ഫാർമേഴ്‌സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ഓർഡിനൻസ്, എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ഓർഡിനൻസ് എന്നിവ പാർലമെന്റിൽ ബില്ലായി അവതരിപ്പിക്കുകയും ശബ്ദ വോട്ടോടെ പാസ്സാക്കുകയും ചെയ്തു കഴിഞ്ഞു.

പുതിയ നിയമ പ്രകാരം, കർഷകർക്ക് ഇന്ത്യയിൽ എവിടെയും ഉൽപന്നങ്ങൾ വിറ്റ് ‘സമ്പന്നരാവാം’, APMC മാർക്കറ്റുകളുടെ നിയന്ത്രണം ഉണ്ടാവില്ല, ഒരിന്ത്യ ഒരു മാർക്കറ്റ് എന്നാണ് മോഹന വാഗ്ദാനം. അതായത് മസനഗുഡിയിൽ ക്യാരറ്റോ പച്ചമുളകോ കൃഷി ചെയ്യുന്ന കർഷകന് ഗുണ്ടൽപേട്ട മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ വിലക്ക് മുംബൈയിലോ ഡൽഹിയിലോ കൊണ്ട് പോയി വിൽക്കാം. ഹരിയാനയിലെ കൃഷിക്കാരന് ഉള്ളിയും കിഴങ്ങും കോഴിക്കോട്ടെ പാളയം മാർക്കറ്റിൽ വിൽക്കാം ആരും ചോദിക്കാനും പറയാനും വരില്ല, അടിപൊളിയല്ലേ ബുദ്ധി…?

സർക്കാർ നിയന്ത്രിത മാർക്കറ്റുകൾക്ക് പകരം അംബാനി മാർക്കറ്റ്

ഈ ബുദ്ധി പക്ഷെ അംബാനി-അദാനി ഉൾപ്പടെയുള്ള കോർപററ്റുകളുടേതാണ്. സർക്കാർ നിയന്ത്രിത മാർക്കറ്റുകളെ ആശ്രയിക്കാതെ നേരിട്ട് കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി ലഭിക്കുന്നതോടെ അവർ കർഷകർക്ക് ‘കൂടിയ’ വില നൽകി നേരിട്ട് സംഭരിക്കും, പണ്ട് ചൂഷകരായ ഇടനിലക്കാർ ചെയ്ത പോലെ കൃഷിചെയ്യാനുള്ള പണവും ആനുകൂല്യങ്ങളും നൽകും.

രണ്ടു മൂന്ന് സീസണുകളിൽ ഇത് തുടർന്നാൽ മാർക്കറ്റുകൾ പൂട്ടിപ്പോകും, മാർക്കറ്റുകളിൽ നിന്ന് കാർഷീക ഉല്പന്നങ്ങൾ വാങ്ങി നഗരങ്ങളിൽ കൊണ്ട് പോയി വിൽക്കുന്ന ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാർ വഴിയാധാരമാകും, നിലവിലുള്ള സംവിധാനം തകർന്ന് കഴിഞ്ഞാൽ കോർപറേറ്റുകൾ അവരുടെ തനി സ്വഭാവം പുറത്തെടുക്കും, കർഷകരെ ചൂഷണം ചെയ്യും, അവർ പറയുന്ന വിലക്ക് വിൽക്കുകയല്ലാതെ കർഷകന് മറ്റൊരു ചോയ്‌സ് ഉണ്ടാവില്ല. അവരുടെ ഭൂമികളിൽ അവരെ അടിമപ്പണിക്കാരാക്കും.

ജിഡിപിയും രാജ്യവും കുത്തനെ ഇടിയുമ്പഴും കോർപറേറ്റുകളുടെ സമ്പത്തിൻറെ ഗ്രാഫ് മാത്രം ഉയരും. ഭക്തർക്ക് ന്യായീകരിക്കാൻ വേണ്ടി, APMC പൂട്ടുമെന്ന് പ്രതിപക്ഷം കള്ളം പറയുകയാണ് APMC യെ നിലനിർത്തിക്കൊണ്ടാണ് പുതിയ സംവിധാനം ഒരുക്കുന്നത് എന്ന് മോദി പ്രത്യേകം പറഞ്ഞിട്ടുണ്ട്, പക്ഷെ പതിവ് പോലെ അതിലൊരു ചതി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. APMC യിൽ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ടാക്സുണ്ട്, മാർക്കറ്റിന് പുറത്ത് ടാക്സ് വേണ്ട. ആരെങ്കിലും ടാക്സുള്ള മാർക്കറ്റിലേക്ക് പോകുമോ…? കർഷകരെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നിയന്ത്രണ സംവിധാനങ്ങൾ അമേരിക്കയും ഫ്രാൻസും യുകെയും ഉൾപ്പടെ ലോകത്തെ വികസിത രാജ്യങ്ങളിൽ പോലുമുണ്ട്.

സമരങ്ങളെ അടിച്ചമർത്തി എതിർപ്പുകളെ ഇല്ലാതെയാക്കും

സാധാരണക്കാരായ കർഷകരെ കോർപറേറ്റുകൾക്ക് മുന്നിലേക്ക് ഇട്ടുകൊടുത്താൽ എന്താണ് സംഭവിക്കുക എന്ന് ലോകം പലതവണ പലയിടങ്ങളിലായി തിരിച്ചറിഞ്ഞതാണ്. പഞ്ചാബിലും ഹരിയാനയിലും ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട സമരങ്ങളുടെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ സംഘടനയുമില്ല, കോർപറേറ്റുകളിൽ നിന്ന് ഇലക്ഷൻ ഫണ്ട് വാങ്ങുന്ന അവരുടെ പരിമിതി മനസ്സിലാക്കാവുന്നതേയുള്ളൂ, കർഷക സമരം വിജയിക്കുമെന്നും മോദിസർക്കാർ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കാൻ ഒരു വകയുമില്ല, സമരത്തെ നേരിടാൻ മോദിക്കറിയാം, സമരം രൂക്ഷമായാൽ അൽഖൊയ്ദയിറങ്ങും, വാർക്കപ്പണിക്കാർക്കും പൊറോട്ടയടിക്കുന്നവർക്കും ഇന്ത്യയിൽ പഞ്ഞമില്ലല്ലോ…

ഇപ്പോൾ തന്നെ കർഷകസമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന മാധ്യമങ്ങൾ അൽ-പൊറോട്ടയെ പിടികൂടുന്നതോടെ ബാക്കിയെല്ലാം മൂടിവെക്കും. ദുരന്തമാണ് കർഷക ജനതയെ കാത്തിരിക്കുന്നത്, അംബാനിയുടെ അടിമകളായി ‘ജോലിക്ക് കൂലി ഭക്ഷണം’ കിട്ടിയിരുന്ന പഴയ ഫ്യുഡൽ പ്രഭുക്കളുടെ സുവർണ്ണ കാലത്തേക്കാണ് സംഘപരിവാർ ഇന്ത്യയെ കൊണ്ട് പോകുന്നത്.

1965 ലാണ് ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യക്ക് ജയ് ജവാൻ ജയ് കിസാൻ എന്ന് മുദ്രാവാക്യം വിളിച്ചു കൊടുത്തത്, അന്ന് അതിർത്തിയിൽ പാകിസ്താനുമായി സംഘർഷമുണ്ടായിരുന്നു, രാജ്യത്തുടനീളം ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു. ജവാനെയും കർഷകനെയും നെഞ്ചോട് ചേർത്തുപിടിച്ചാണ് രാജ്യം ആ പ്രതിസന്ധിയെ അതിജീവിച്ചത്. ഇന്ന് ഏതാണ്ട് അതേ സാഹചര്യമാണ്, അതിർത്തിയിൽ സംഘർഷം, ജിഡിപി തകർന്ന് ഉല്പാദന മേഖല കൂപ്പുകുത്തി നിൽക്കുമ്പോൾ നരേന്ദ്ര മോദി സൈനികരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയാണ്, കർഷകനെ കോർപറേറ്റുകൾക്ക് മറിച്ചു വിൽക്കുകയാണ്.

ഒരു തിരിച്ചു വരവ് സാധ്യമാവാത്ത വിധം ഇന്ത്യയെ തകർക്കുകയാണ്. നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും ശേഷം മോദിജിയുടെ മാസ്റ്റർ സ്ട്രൈക്കാണ് കർഷക ബിൽ.

പെപ്സികോയുടെ ഉടമസ്ഥതയിലുള്ള ‘Lays ‘ കർഷകർക്ക് എതിരെ നൽകിയ കേസ്

പെപ്സികോയുടെ ഉടമസ്ഥതയിലുള്ള ‘Lays ‘ എന്ന ചിപ്സ് അഹമ്മദാബാദ്, ബസൻകാന്ത, ആരവല്ലി, സബർകാന്ത തുടങ്ങിയ ജില്ലകളിലെ 9 കർഷകർക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുന്നു.

കാര്യം എന്താണെന്നാൽ ലെയ്സ് ഉത്പാദിപ്പിക്കുന്ന FL2027 എന്ന വിഭാഗത്തിലെ ഉരുളക്കിഴങ്ങ് കർഷകരുടെ പാടത്ത് കണ്ടു FL2027 എന്ന ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ തങ്ങൾക്കേ അവകാശമുള്ളൂ എന്ന ന്യായം ഉന്നയിച്ച് ഓരോ കർഷകരും 1.05 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യം മുൻപോട്ട് വെച്ച് കമ്പനി കോടതിയെ സമീപിച്ചു.

Protection of plant varieties and farmers right Act (PPV And FRA) പ്രകാരമാണ് കേസ് ഫയൽ ചെയതത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിക്ഷേധം ഉടലെടുത്തിരുന്നു,

ഒടുവിൽ കോടതിക്ക് പുറത്ത് വെച്ച് പെപ്സിക്കോ കർഷകരുമായി ഒത്തുതീർപ്പിന് തയ്യാറായി എന്നാണ് കേൾക്കുന്നത്, അതിന് അവർ മുൻപോട്ടു വെക്കുന്ന കാര്യം വിത്ത് തങ്ങളിൽ നിന്ന് വാങ്ങണമെന്നും അങ്ങനെ ഉത്പാദിപ്പിക്കുന്ന വിള തങ്ങൾക്ക് തന്നെ വിൽക്കണം എന്നുമാണ്.

ഗുജറാത്തിലെ 9 കർഷകരുടെയും പെപ്സിക്കോ എന്ന കോർപറേറ്റ് ഭീമൻ്റെയും മാത്രം വിഷയമല്ല ഇത്. രാജ്യത്താകമാനം കാർഷിക മേഖലയിൽ പടർന്നു കിടക്കുന്ന കോർപറേറ്റ് ശൃംഖലയുടെ ഒരു ചെറിയ വശം മാത്രമാണിത്.

രാജ്യത്തെ കർഷക ആത്മഹത്യ അനുദിനം വർദ്ധിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം കൊണ്ട് മാത്രമല്ല, ഭരണകൂട കർഷക ദ്രോഹ നയങ്ങളും കോർപറേറ്റ് വത്കരണവുമെല്ലാം വഹിക്കുന്ന പങ്ക് ചെറുതല്ല.

കോർപറേറ്റ് കമ്പനികൾ ഭരണകൂടത്തെ സ്വാധീനിച്ച് വൻതോതിൽ ലക്ഷക്കണക്കിന് ഹെക്ടർ കൃഷി ഭൂമി ഏറ്റെടുക്കുകയും, അവിടെ വിളവെടുക്കുന്ന ഉത്പന്നം ലോക്കൽ മാർക്കറ്റ് മുതൽ മെട്രോ സിറ്റികളിലുള്ള ആഡംബര മാളുകളിലും, ആഗോള വിപണിയിലും ഒരേസമയം വിറ്റഴിക്കുകയും.

ഫുഡ് പ്രോഡക്റ്റിൽ തുടങ്ങി കോസ്മറ്റിക്ക് പ്രോഡക്റ്റുകൾക്ക് വേണ്ടി വരെ കയറ്റുമതി ചെയ്യുകയും ചെയ്യുമ്പോൾ. മറുവശത്ത് അർദ്ധ പട്ടിണിയിൽ കഴിയുന്ന കർഷകൻ്റെ വിളകൾ വേണ്ടത്ര വില ലഭിക്കാതെ അഴുകി പോകുന്ന കാഴ്ചയുമാണ് നിലവിലുള്ളത്.

കർഷകർ തങ്ങളുടെ പച്ചക്കറി ഉത്പന്നങ്ങളും പാലുമൊക്കെ മെച്ചപ്പെട്ട വില ലഭിക്കാതെ റോഡില്‍ ഉപേക്ഷിച്ച് പ്രതിക്ഷേധിക്കുന്നത് രാജ്യത്ത് ഇപ്പോൾ നിത്യ കാഴ്ചയാണ്.

രാജ്യത്തെ കർഷക ആത്മഹത്യ/ അപകട മരണം സംബന്ധിച്ച് National Crime Records Beauro (NCRB) കണക്ക് പ്രകാരം 2018 ൽ 10375 ഉം 2019 ൽ 10281 പേർക്കുമാണ് ജീവിതം നഷ്ടപ്പെട്ടത്.

ഇതിനെല്ലാം പുറമെയാണ്, ഇങ്ങനെ ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന മനുഷ്യർക്ക് അതിനു പിന്നിൽ നിന്ന് ഒരു തള്ളുകൂടി എന്ന നിലയ്ക്ക് ഇന്ത്യൻ കാർഷിക വിപണിയുടെ കുത്തകാവകാശം കോർപറേറ്റ് കരങ്ങളിലേക്ക് പൂർണമായും തീറെഴുതാൻ ഭരണകൂടം തയ്യാറെടുപ്പ് നടത്തുന്നത്.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Source
Abid AdivaramVishnu Vijayan
Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x