Columns

ജോസഫ് മെംഗലെയും വെറുപ്പിൻ്റെ ചരിത്രവും

ആശയം/ഡോ. നെൽസൺ ജോസഫ്

വിദ്യാഭ്യാസത്തിൻ്റെ മേന്മയെക്കുറിച്ചാണ് ചെറുപ്പം തൊട്ട് കേട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമുള്ളത് ഒരു വലിയ നേട്ടമാണെന്നും പഠിച്ച് ഡോക്റ്ററായത് വലിയ എന്തോ കാര്യമാണെന്നുമൊക്കെ ധരിച്ചുവച്ചിരുന്നു ഒരിക്കൽ.

വിദ്യാഭ്യാസമുളളവർ ഇല്ലാത്തവരെക്കാൾ ഉയർന്നവരാണെന്നുള്ള ധാരണ. ഇപ്പൊഴും ആ ഫ്രോഡ് ഇടയ്ക്കിടെ അറിയാതെ പുറത്തുചാടാറുണ്ട്.

അങ്ങനെയിരുന്നപ്പൊഴാണ് സ്കൂളിൽ ആ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസത്തിൽ തീർത്തും ഉപയോഗശൂന്യമെന്ന് തെറ്റിദ്ധരിച്ചുപോയ ഒരു വിഷയം പിന്നെയും തിരിച്ചുവരവ് നടത്തിയത്, ചരിത്രം.

ആ ചരിത്രത്തിൻ്റെ താളുകളിലൊരിടത്ത് ഓഷ്വിറ്റ്സ് എന്നൊരു ഇടമുണ്ട്. അവിടെയൊരു ഗേറ്റിൽ ജോലി നിങ്ങളെ സ്വതന്ത്രരാക്കും (Arbeit macht frei) എന്ന നുണയുണ്ട്.

ആ ഗേറ്റ് കടന്നുചെല്ലുമ്പൊ ഒരു കോൺസൻ്റ്രേഷൻ ക്യാമ്പുണ്ട്..അഭ്യസ്തവിദ്യനാണെന്ന അഹങ്കാരത്തിൻ്റെ സകല അടിത്തറയും ഇളക്കിക്കളയാൻ പര്യാപ്തമാണ് അവിടെ നടന്ന ക്രൂരതകളുടെ ലിസ്റ്റ്.

മനുഷ്യരിൽ പരീക്ഷണമെന്ന പേരിൽ നടത്തിയ, ക്രൂരതയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ചെയ്തികളുടെ പട്ടിക…അവിടെയും കുറച്ച് ഡോക്ടർമാരുണ്ടായിരുന്നു…അതിലൊരു പേര് ചരിത്രമറിയാവുന്നവർക്ക് അറിയാമായിരിക്കും…ജോസഫ് മെംഗലെ…

മരണത്തിൻ്റെ മാലാഖയെന്നൊരു വിളിപ്പേര് കൂടിയുണ്ട് അയാൾക്ക്. ഓഷ്വിറ്റ്സ് ബിർകെന്യൂ കോൺസൻ്റ്രേഷൻ ക്യാമ്പിലെത്തിച്ചേരുന്നവരുടെ സെലക്ഷൻ പുഞ്ചിരിയോടെ നടത്തുന്ന ജോസഫ് മെംഗലെയെക്കുറിച്ച് വിക്കിപ്പീഡിയ പേജുകളിലും വായിക്കാം..

ഓ, എന്താണ് സെലക്ഷനെന്ന് അറിയില്ലായിരിക്കും അല്ലേ? കാറ്റും വെളിച്ചവും കഷ്ടിച്ച് കടക്കാവുന്ന റെയിൽ വാഗണുകളിൽ കുത്തിനിറച്ച് കോൺസൻ്റ്രേഷൻ ക്യാമ്പിൻ്റെ മുന്നിലെത്തുന്ന അവരുടെ കയ്യിൽ അവശേഷിച്ച സമ്പാദ്യമെല്ലാം ഉപേക്ഷിച്ച ശേഷം നിരയായി നിർത്തും.

പണിയെടുക്കാൻ കഴിയുമെന്ന് തോന്നിക്കുന്നവരെ ഒരു ഭാഗത്തേക്ക്.. അതിന് കഴിയില്ലെന്ന് തോന്നിക്കുന്നവരെ മറു ഭാഗത്തേക്ക്. ആ മറു ഭാഗത്തേക്ക് നീക്കി നിറുത്തപ്പെടുന്ന കുഞ്ഞ് കുട്ടികളടക്കമുള്ളവരുടെ വിധി മരണമാണ്.

പരീക്ഷണമെന്ന പേരിൽ ചെയ്തുകൂട്ടിയ, ഇവിടെ കുറിക്കാൻ കഴിയാത്തവിധമുള്ള ക്രൂരതകൾ….ഇരട്ടക്കുട്ടികളോടടക്കമുള്ളവയുടെ വിവരണവുമുണ്ട് അവിടെ..

ക്രൂരതയ്ക്ക് മെംഗലെ ഒരാൾ മാത്രമായിരുന്നില്ലെന്നതാണ് ചരിത്രം. ന്യൂറംബർഗ് വിചാരണയിൽ ഡോക്ടർമാരുടെ വിചാരണയെന്ന് പേരുള്ള ഒന്നുണ്ട്. അതിൽ വിചാരണ നേരിട്ടവരിൽ ഒന്നിലധികമാളുകൾ ഡോക്ടർമാരാണ്.

എത്ര രാത്രികളിലെ ഉറക്കം പോയിട്ടുണ്ടെന്നറിയാമോ ആ ക്രൂരതകളെക്കുറിച്ച് വായിച്ചും കണ്ടും. ഇക്കഴിഞ്ഞ ദിവസമാണ് ക്രിമറ്റോറിയം നിർമിച്ച എഞ്ചിനീയർമാരെക്കുറിച്ച് വായിച്ചത്. എഫിഷ്യൻസി കൂട്ടാനായിക്കൂടി നടത്തിയ സന്ദർശനങ്ങളെക്കുറിച്ചും.

ഉന്നത വിദ്യാഭ്യാസം ഉയർന്ന മൂല്യങ്ങളും സഹാനുഭൂതിയുമൊക്കെ സൃഷ്ടിക്കുമെന്ന പൊതു ധാരണയെക്കുറിച്ചോർമിക്കുമ്പൊഴൊക്കെ ഞാൻ ന്യൂറംബർഗിൽ നടന്ന ആ വിചാരണകൾ ഓർക്കാറുണ്ട്, ജോസഫ് മെംഗലെയെക്കുറിച്ചും.

ആവർത്തിക്കാതിരിക്കാൻ ഒറ്റ വഴിയേയുള്ളൂ, ചരിത്രം പഠിക്കുക, മറക്കാതിരിക്കുക.

വെറുപ്പ് പടർത്തുന്നതിനെ സകല വഴികളിലും തടയുക..

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x