Social

ജാതീയത: നൂറു മേനി കൊയ്യുന്ന വിവാഹ കമ്പോളങ്ങൾ

കാലികം / വിഷ്ണു വിജയൻ

● എസ് സി/എസ്‌ ടി ഒഴികെ.

● മനപൊരുത്തം മാത്രം നോക്കിയാൽ പോര കുടുംബം നല്ലതാണോ എന്ന് കൂടി നോക്കണം.

● പള്ളിയും പ്രാർത്ഥനയും തറവാടിത്തവും ഉള്ള പയ്യൻമാരെ/പെൺകുട്ടികളെ കിട്ടാൻ റജിസ്റ്റർ ചെയ്യൂ.

കമ്മ്യൂണിറ്റി മാട്രിമോണിയൽ സൈറ്റുകൾ സാധാരണ രീതിയിൽ ഉപയോഗിച്ച് വരാറുള്ള ക്യാപ്ഷനുകളാണ്. ഓരോ ജാതിയുടെയും പേര് ഉപയോഗിച്ച് ജാതി തിരിച്ച് ആളുകളെ ഒന്നിപ്പിക്കാൻ, അടുത്ത തലമുറയിലേക്ക് ആ കണ്ണി നഷ്ടപ്പെടാതെ കൂട്ടി ചേർക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന സമൂഹത്തെ സഹായിക്കുന്ന കൂട്ടർ. അതിൽ രാജ്യം മുഴുവൻ പടർന്നു കിടക്കുന്ന ഇത്തരം ഓൺലൈൻ വിവാഹ കമ്പോളം വഹിക്കുന്ന പങ്ക് കുറച്ചൊന്നുമല്ല.

പ്രണയം തള്ളിക്കളയൽ, കുടുംബ മഹിമ, ജാത്യാഭിമാനം ഒക്കെ അരക്കിട്ട് ഉറപ്പിക്കാൻ കൂടി നടത്തുന്ന ഈ വിവാഹ കമ്പോളത്തിൽ നമുക്ക് അസ്വസ്ഥത ഒന്നും തോന്നില്ല, നമുക്ക് അത് പകർന്നു നൽകുന്നത് പുതിയ അറിവും അല്ല. അവിടെ എവിടെയും നമ്മൾ ജാതീയത കാണുകയും ഇല്ല.

● ചെറിയ പ്രായത്തിൽ തന്നെ അമ്മ മറ്റ് ജാതികളിൽ ഉള്ള കുട്ടികളോട് കൂട്ടുകൂടാൻ സമ്മതിക്കാറില്ലായിരുന്നു.

● പ്രണയിയുടെ കാര്യം വീട്ടിൽ അറിഞ്ഞപ്പോഴും അവര്‍ ശക്തമായി എതിര്‍ത്തു. പക്ഷെ, അവന്‍റെ ജാതി ഏതാണെന്നോ, കുടുംബത്തിന് എത്ര പണമുണ്ടെന്നോ ഒന്നും തന്നെ ഞാന്‍ നോക്കിയില്ലായിരുന്നു.

ഞങ്ങള്‍ക്ക് ഒരുപാടിഷ്ടമായിരുന്നു. അത് മതിയായിരുന്നു.

ഇന്ത്യയിൽ വർധിച്ചുവരുന്ന ദുരഭിമാനക്കൊലപാതകങ്ങളെ കുറിച്ച് മുൻപ് ബി.ബി.സി തയാറാക്കിയ റിപ്പോർട്ടിൽ ഹൈദരാബാദിൽ ദുരഭിമാന കൊലപാതകത്തിന് ഇരയായ പ്രണയ് എന്ന യുവാവിൻ്റെ ഇരുപത്തിയൊന്ന് വയസ്സുകാരി ഭാര്യ അമൃത വർഷിണി പറഞ്ഞ വാക്കുകളാണിത്.

കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു, കെവിനെ വിവാഹം കഴിച്ചാൽ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്.

അച്ഛനും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയത്, ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട് ,

നീനു കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മൊഴിയാണ്.

ഉദുമൽപേട്ടിൽ രണ്ടു വർഷം മുൻപ് ശങ്കർ എന്ന താഴ്ന്ന ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച് കല്യാണം കഴിച്ചതിന്, വീട്ടുകാർ തൻ്റെ കൺമുന്നിൽ ഇട്ട് ഭർത്താവിനെ കൊല ചെയ്യുന്ന കാഴ്ച കാണേണ്ടി വന്ന, ഇരയാകേണ്ടി വന്ന പെൺകുട്ടിയാണ് കൗസല്യ. കൗസല്യക്ക് അന്ന് പത്തൊൻപത് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.

ജാതിയുടെ പേരിൽ കുടുംബ മഹിമയുടെ പേരിൽ രാജ്യത്ത് നിരന്തരം നടന്നു വരുന്ന ദുരഭിമാന കൊലപാതക ഇരകളിൽ ചിലർ പറഞ്ഞ വാക്കുകൾ ആണ്, വേട്ടക്കാരും, ഇരകളും, സ്ഥല കാലങ്ങളും മാത്രമേ മാറുന്നുള്ളു, മോട്ടീവ് ഏതാണ്ട് ഒന്ന് തന്നെയാണ്.

കോറോണയും മഹാമാരിയും ഒക്കെയാണ് ഏറ്റവും വലിയ അപകടം എന്ന് കരുതുന്ന ആളുകൾ അറിഞ്ഞിരിക്കാൻ മറ്റൊന്ന് കൂടി പറയാം. കോറോണയുടെ പേരിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം മുഴുവൻ അടച്ച് പൂട്ടി കഴിഞ്ഞും, കോറോണ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്ര – തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ദുരഭിമാന കൊലപാതകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വൈറസ് പരത്തിയ ആളുകളെ തേടി റൂട്ട് മാപ്പ് തയ്യാറാക്കി, ട്രാക്ക് ചെയ്ത് പോയാൽ കുറെ അധികം നൂറ്റാണ്ടുകൾ പിന്നോട്ട് പോകേണ്ടി വരും, അതിനിടയിൽ വൈറസ് ബാധിച്ച് പല കാലങ്ങളിൽ പല രീതിയിൽ കൊല്ലപ്പെട്ട, അനേക ലക്ഷം മനുഷ്യരുടെ തിട്ടപ്പെടുത്താൻ കഴിയാത്തത്ര വലിയ കണക്ക് എടുക്കേണ്ടി വരും.

credit: TOI

ഇടതടവില്ലാതെ ടിവിയിൽ ജാതി തിരിച്ചുള്ള ഈ മാട്രിമോണിയൽ പരസ്യം കാണുന്ന നമ്മുടെ മുൻപിലേക്ക് ഇത്തരം വാർത്തകൾ ഒരു തവണ പോലും വരില്ല, വന്നാൽ തന്നെ ഒരുപക്ഷെ നമ്മളെ അലോസരപ്പെടുത്തില്ല, കാരണം ജാതി എന്ന വൈറസ് മനുഷ്യനിൽ അത്രത്തോളം ആഴത്തിൽ വേരുറച്ചു പോയതാണ്.

മതവും, ജാതിയും മറികടന്ന് ഉള്ള ഒരോ പ്രണയവും കൃത്യമായി അതിരുകൾ കെട്ടി തടഞ്ഞ് വെക്കുന്ന ഈ സമൂഹത്തിൽ അതിനെതിരെ നടക്കാൻ സാധ്യതയുള്ള ഓരോ നീക്കവും മുളയിലേ നുള്ളി കളയാൻ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്, അതിന്റെ ഏജൻസികൾ ഉണർന്നിരുന്ന് പ്രവർത്തിക്കുന്നുണ്ട്.

ഏതാനും ദിവസം മുൻപ് ഒരു സാമുദായിക സംഘടനയിലെ യുവാക്കൾ നടത്തിയ ഫെയ്സ്ബുക്ക് ക്യാംപെയ്നിൽ അവരുടെ കൈയ്യിൽ ഉള്ള പ്ലക്കാർഡിൽ എഴുതിയത് ഇങ്ങനെ ആയിരുന്നു, ‘കുടുംബ ദിനത്തിൽ വരും തലമുറയ്ക്ക് മാതൃക എന്നോണം തങ്ങളുടെ ജീവിത അന്തസ്സിന് ചേർന്ന ജീവിത പങ്കാളിയെ കത്തോലിക്കാ സഭയിൽ നിന്ന് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് ‘.

എന്താണ് ഈ അന്തസ്സ് ! ജാത്യാഭിമാനവും, പാരമ്പര്യം എന്ന മിഥ്യാധാരണ അല്ലാതെ മറ്റെന്താണ് അർത്ഥം വെക്കുന്നത്, ഇതിന് കോട്ടം തട്ടിയത് കൊണ്ടല്ലേ കെവിൻ ഇന്ന് ഈ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടത്. നീനു എന്ന ഇരുപത് വയസ്സുകാരിയുടെ ജീവിതം തകർത്തെറിഞ്ഞത്.

തങ്ങൾക്ക് ജാതി ചിന്ത ഇല്ല എന്ന് പരക്കെ പറഞ്ഞു നടക്കുന്ന, ജാതി ഹിന്ദു മതത്തിന്റെ മാത്രം ക്ലോസിൽ ഇട്ട് പഠിക്കേണ്ട വിവേചന ടൂൾ ആണെന്ന് കരുതുന്നവർ എക്കാലവും ഓർത്തു വെക്കേണ്ട പേരാണ് കെവിൻ്റെയും നീനുവിൻ്റെയും, ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് ഒന്നും കരുതേണ്ട, അറിയാതെ പുറംലോകത്ത് എത്താതെ പോയ എത്ര എത്ര പേരുകൾ കാണും ആ ലിസ്റ്റിൽ.

ദളിത്‌ വിഭാഗത്തിൽ പെട്ടയാളെ മകൾ വിവാഹം കഴിക്കുന്നത് മൂലം ഉള്ള അപമാനം ഭയന്ന് മകളെ (ആതിര) കൊലചെയ്ത പിതാവ് രാജൻ സാക്ഷികൾ കൂറു മാറിയതിനെ തുടർന്ന് കുറ്റവിമുക്തനായ വാർത്ത വന്നിരുന്നു. ആതിരയ്ക്ക് അവൾ അർഹിക്കുന്ന ശിക്ഷ നൽകി, അതിനെന്തിന് അവളുടെ പിതാവ് ജയിലിൽ കിടക്കണം എന്നത് മാത്രമേ അവരുടെ കൺസേൺ ആയി വരൂ.

ഹൈദരാബാദിലെ അമൃതയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്;

” I am more concerned about my status in the society than my daughter. I am not worried killing Pranay, I was prepared to go to jail and planned the murder ”

ഈ ദുരഭിമാന ബോധത്തിൽ നിലകൊള്ളുന്ന മണ്ണിലാണ് ജാതി തഴച്ചു വളരുന്നത്, ഇപ്പോൾ മാട്രിമോണിയൽ സൈറ്റുകളിൽ ഉൾപ്പെടെ കാലങ്ങളായി നമ്മുടെ വിവാഹ കമ്പോളം അതിന്റെ വളക്കൂറ് ഉള്ള മണ്ണിൽ നൂറു മേനി കൊയ്യുന്നത്, കണ്ണി തെറ്റാതെ വിളക്കി ചേർക്കുന്നത്, ഒരായിരം വഴിയിലൂടെയാണ്‌ ആധുനിക കാലത്തും ജാതി നിലനിർത്തി പോകുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x