News

പൂത്തകാശിന്റെ ഹുങ്ക് ആണ്

മിഥുൻ മുരളീധരൻ

“ക്യാഷ് ഉണ്ടെന്ന് വെച്ചു ഓരോരോ അഹങ്കാരം കാണിച്ചപ്പോൾ ദൈവം കൊടുത്തതാ”

“വേറെ പണിയൊന്നും ഇല്ലേ, ടൈറ്റാനിക് തന്നെ കൊറേ പേരെ കൊന്നതാ..അത് കാണാൻ പോയി വീണ്ടും ചാവാൻ പോയെക്കുന്നു “

ജീവിതത്തിൽ ഒരിക്കലെങ്കിലും മനുഷ്യൻ കണ്ടിരിക്കേണ്ടവ എന്നു വിശേഷിക്കപ്പെട്ട ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ പോയി ടൈറ്റൻ എന്ന പേടകം അപകടത്തിൽ പെട്ട 5 പേരെപ്പറ്റിയുള്ള വാർത്തകൾക്ക് അടിയിൽ കാണപ്പെടുന്നവ ആണ് ഇവയെല്ലാം.

ദുബായിൽ താമസിക്കുന്ന ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരനും സമുദ്രപര്യവേഷകനുമായ പോൾ ഹെൻ‌റി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് സമുദ്ര പേടകത്തിലുള്ളത്. കുറച്ചു വർഷങ്ങൾക്കുള്ളിൽ പൂർണ്ണമായും ദ്രവിച്ചു ഇല്ലാതെയാകും എന്ന് വിശ്വസിക്കുന്ന, ഭൂരിപക്ഷം ജനങ്ങൾക്കും അപ്രാപ്യമായ കാഴ്ചയായ ടൈറ്റാനിക് കാണാൻ പോയ ഈ 5 പേരിൽ അവരുടെ ആഗ്രഹങ്ങളെയും ആ സമീപനത്തെയും അവരുടെ പണത്തിന്റെ മൂല്യത്തിൽ മാത്രം കാണാൻ ശ്രമിക്കുന്നത് മോശമായ വസ്തുത മാത്രമാണ്.

സാധാരണ രീതിയിലുള്ള വെള്ളക്കെട്ടിന്റെ അടിത്തട്ടിനെ പോലും പേടിയുള്ള എന്നെപ്പോലെ ഉള്ളവർ ഒരു വശത്ത് നിൽക്കുമ്പോൾ അവർ പോയത് 4 കിലോമീറ്റർ താഴ്ചയിലേക്കാണ്. അതും എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത ഒരു പേടകത്തിൽ, 4 ദിവസം ചിലവഴിക്കാൻ. ആൾക്ക് 2 കോടി രൂപ ചിലവുള്ള ഈ യാത്രയ്ക്ക് അത് കൊടുക്കാനുള്ള പൂത്തപണം കയ്യിൽ ഉള്ളതുകൊണ്ട് മാത്രം ഇറങ്ങിപുറപ്പെട്ടവർ അല്ല ഇവരാരും.

58 വയസുള്ള ഹാമിഷ് ഹാർഡിങ്, മൂന്ന് ഗിന്നസ് റെക്കോർഡ് ഉടമയാണ്. കഴിഞ്ഞ വർഷം ഭൂമിയിൽനിന്ന് 107 കി.മീ ഉയരത്തിൽ ബഹിരാകാശ യാത്ര നടത്തിയ വ്യക്തിയാണ്. 2019ൽ ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൂടെ മണിക്കൂറിൽ 860 കിലോമീറ്റർ സ്പീഡിൽ വെറും 46 മണിക്കൂറിൽ ഭൂമിയെ വലംവെച്ചു റെക്കോർഡ് ഇട്ടിട്ടുണ്ട് അദ്ദേഹം. സമുദ്രത്തിലെ ഏറ്റവും ആഴമേറിയ മാരിയാന ട്രെഞ്ചിലേക്ക് യാത്ര ചെയ്തപ്പോൾ കൂടെ കൂട്ടിയത് 13 വയസ്സുള്ള മകനെ.

ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്നതിൽ ഗവേഷണങ്ങൾ നടത്തുന്ന കലിഫോർണിയ കേന്ദ്രമായ എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡ് അംഗമാണ് പാകിസ്താനിയായ ദാവൂദ്. പാകിസ്ഥാനിലെ തന്നെ ഏറ്റവും പ്രബലമായ, ഏകോണോമിയിൽ അത്രയേറെ ഇടപെടൽ നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമ. പ്രകൃതിയിലെ വിവിധ ആവാസ വ്യവസ്ഥകളെപ്പറ്റി പഠനങ്ങൾ നടത്തിയിരുന്ന വ്യക്തി. 19 വയസുള്ള മകനൊപ്പമാണ് ടൈറ്റാനിൽ യാത്ര ചെയ്തത്.

ഇതുവരെ 35 തവണയാണ് മിസ്റ്റർ ടൈറ്റാനിക് എന്നറിയപ്പെടുന്ന പോൾ ഹെൻറി നാർസലേ ടൈറ്റാനിക് കാണുവാൻ കടലിന്റെ അടിയിലേക്ക് പോയത്. വയസ്സ് 77. ടൈറ്റാനിക്കിന്റെ ഉടമകളായ ആർഎംഎസ് ടൈറ്റാനിക്കിനു വേണ്ടി സമുദ്രാന്തർഭാഗങ്ങളിലെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്.

” വെറും ആമസോണിൽ നിന്നും വാങ്ങിയ ഗെയിം കൺട്രോളർ ഉപയോഗിച്ചാണ് 2 കോടി രൂപയുള്ള യാത്ര നടത്തിയത് ” എന്നു വാർത്ത കൊടുത്തത് നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങൾ ആണ്. അതിന്റെ അടിയിലെ പരിഹാസങ്ങൾ കേൾക്കാൻ വേണ്ടി അവർ അത്രയെ നമ്മോട് പറഞ്ഞുള്ളൂ എന്നു വേണം അനുമാനിക്കാൻ. എന്നാൽ അത്തരമൊരു ഗെയിം കൺട്രോളർ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം എന്ന് തെളിയിച്ച വ്യക്തിയാണ് 61 വയസുള്ള സ്റ്റോക്ടൻ റഷ്. ടൈറ്റൻ അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്. 19ആം വയസ്സിൽ തന്നെ പൈലറ്റ് ലൈസൻസ് നേടിയ വ്യക്തി. 6000 മീറ്റർ വരെ താഴ്ചയിൽ പോകാവുന്ന സമുദ്രപേടകം നിർമിച്ച് ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്ന ആൾ.

മേൽപ്പറഞ്ഞ 5 പേരും 2 കോടി രൂപ വീതം ബാങ്ക് ബാലൻസ് ഉള്ളതുകൊണ്ട് വെറുതെ ടൈറ്റാനിക് ഒന്ന് കണ്ടിട്ട് വരാം എന്ന് ഇറങ്ങിയവരല്ല. അങ്ങനെ എങ്കിൽ 2 കോടി രൂപ പൊടിച്ചു കളയാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കോടിക്കണക്കിന് ആളുകൾ നമുക്ക് ചുറ്റിനും ഉണ്ട്. അതിന്റെ റിസ്കുകളെ അവർക്ക് നന്നായി തന്നെ അറിയാം. വെറുമൊരു വിമാന യാത്ര തുടങ്ങുമ്പോൾ പോലും വരാൻ പോകുന്ന അപകടങ്ങളെ നേരിടാൻ ആണ് ആദ്യം നിർദ്ദേശം നിങ്ങൾക്ക് ലഭിക്കുന്നത്. ഒരു ചെറിയ പിഴിവ്‌ അവരുടെ ജീവൻ എടുത്തേക്കാം എങ്കിലും അവരുടെ ഇതുവരെയുള്ള ജീവിതം നമ്മൾക്ക് പറഞ്ഞു തരിക, അവർക്കുണ്ടായേക്കാവുന്ന അപകടങ്ങൾ ആത്യന്തികമായി നഷ്ടങ്ങൾ കൊണ്ടുവരുന്നത് മനുഷ്യരാശിയ്ക്ക് തന്നെയാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x