ജാതി ഒരു നീറുന്ന യാഥാർത്ഥ്യമാണ്. പരമ്പരാഗതമായി നമ്മൾ മനസ്സിലാക്കി പോരുന്ന നിലയ്ക്ക് മാത്രമല്ല, പുതിയ കോലത്തിലും അതുണ്ട്! കൊല്ലനും, തട്ടാനും, ആശാരിയുമൊക്കെ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ജാതിയാണെങ്കിൽ, അതിന്റെ പുതിയ വകഭേദങ്ങളല്ലേ ഡോക്ടറും, എഞ്ചിനീയറും ഐ.ടി പ്രൊഫഷണലുമൊക്കെ? നിങ്ങൾക്കതിശയം തോന്നിയേക്കാം, പക്ഷേ അതുണ്ട്.
‘മോള് ഡോക്ടറാ, പയ്യനും ഡോക്ടറാവണം ന്നാ ഞങ്ങൾക്ക്.’ അവനിപ്പൊ ബാംഗ്ലൂരാ ഐ.ടി ഫീൽഡിൽ നിന്നുള്ള ആരെങ്കിലും മതി’ വിവാഹ കമ്പോളത്തിൽ അന്നുമിന്നും ഏറ്റവും ഡിമാന്റുള്ളത് ‘സർക്കാർ ഉദ്യോഗം’ എന്ന ജാതിയ്ക്കാണ് ! ഗവണ്മെന്റ് ജോലി ഉള്ളവർക്കല്ലാതെ കെട്ടിച്ചു കൊടുക്കില്ലെന്ന പിടിവാശി ഉള്ളവരെത്ര പേരുണ്ടാകും!
സോഷ്യൽ സ്റ്റാറ്റസ് അളക്കപ്പെടുന്നത് ജോലിയും, വിദ്യാഭ്യാസ യോഗ്യതകളും, സാമ്പത്തികവും ഒക്കെ നോക്കിയാണ്. പഴയ അളവുകോലുകൾ മാറിവരുമെന്ന് മാത്രം! ഇങ്ങനെ ‘അഭിമാനം’ എന്നു പറയുന്നത് ഓരോരുത്തർക്കും സമൂഹത്തിന്റെ മുന്നിൽ തങ്ങളെങ്ങനെ കാണപ്പെടണം എന്ന ചിന്തയാണ്! സോഷ്യൽ കോപ്ലക്‌സ്’ എന്നും പറയാം.
വ്യക്തികളെ മാത്രം നമുക്കിതിനിടെയിലെങ്ങും കാണാനാകുന്നില്ല. വ്യക്തി ബോധത്തെ കെടുത്തിക്കളയുന്ന സാമൂഹ്യ മുഖം മൂടികളിൽ (social mask) അഭയം തേടിയിരിക്കയാണ് നാം!ചോദിയ്ക്കട്ടെ, ഒരു സർക്കാർ സ്ഥാപനത്തിലെ ക്ലാസ് വൺ ഓഫീസർമാർക്കും, ക്ലാസ് ഫോർ ജീവനക്കാർക്കും ഒരേ പരിഗണനയാണോ ? ഓഫീസിനകത്തെ കാര്യമല്ല, പുറത്തും ഈ വ്യത്യസങ്ങൾ പ്രകടമായി നിലകൊള്ളുന്നു! ഈ പ്രിവിലേജുകൾക്ക് മുകളിൽ അടയിരിക്കുന്നവരല്ലേ നമ്മളൊക്കെയും!
ഉന്നതോദ്യോഗങ്ങൾക്ക് പുറകെയുള്ള പരക്കം പാച്ചിലുകൾക്ക് പിന്നിലും നിങ്ങൾക്കീ മനഃശാസ്ത്രം പ്രവർത്തിക്കുന്നത് കാണാം. ആരുമത് തുറന്ന് സമ്മതിയ്ക്കാൻ ഒരുക്കമല്ലെങ്കിൽ കൂടി നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ശരി, മാനുഷിക ബന്ധങ്ങളെന്നും ശ്രേണീ ബദ്ധമാണ്. ജോലിയുടെ, വിദ്യാഭ്യാസ യോഗ്യതകളുടെ, സമ്പത്തിന്റെ അടിസ്ഥാനത്തിൽ ആരെയൊക്കെയോ നമ്മൾ മുകളിലും താഴെയുമായി അടയാളപ്പെടുത്തുന്നുണ്ട്. മനുഷ്യനെന്നും ഇങ്ങനെയൊക്കെയാണ്.
അതുകൊണ്ട് ‘ജാതി’ എന്നു കേൾക്കുമ്പോൾ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ളൊരു ജാതി മാത്രമേ മാനുഷിക ബന്ധങ്ങളിൽ നിൽനിൽക്കുന്നൂവെന്ന് കരുതരുതേ! ഒരു നൂറായിരം വിധത്തിൽ ‘ജാതി’ വേർതിരിയ്ക്കലുകൾ നമ്മൾ അറിഞ്ഞോ അറിയാതെയോ നടത്തുന്നുണ്ട്.
തത്തുല്ല്യമായ യോഗ്യതകൾ ഉള്ളവരെയാണ് നമ്മളെങ്ങും തേടുന്നത്… സൗഹൃദത്തിൽ പോലും! എന്നാലിന്ന് മനുഷ്യൻ മനുഷ്യനോട് വേർതിരിവ് കാണിയ്ക്കുന്നത് നീതി കേടായി കരുതുന്ന ഒരു സമൂഹം പതുക്കെയെങ്കിലും വളർന്നു വരുന്നുണ്ട്. നിലനിൽക്കുന്ന വിഭാഗീയതയുടെ മതിൽകെട്ടുകളെ അവർ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. അതിന്റെ അടിസ്ഥാനമായി അവർ കാണുന്നത് മനുഷ്യർ തമ്മിലുള്ള സാഹോദര്യമാണ്.
ഏതു രാജ്യത്ത് പിറന്നാലും, ഏത് വംശത്തിൽപ്പെട്ടാലും മനുഷ്യന്റെ വേദനകൾക്ക് എങ്ങും ഒരേ മുഖമാണ്. വിശപ്പും, ദാഹവും, ക്ഷീണവും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ഛയുമൊക്കെ എങ്ങും ഒരുപോലാണ്!
റോബർട്ട് ഫ്രോസ്റ്റിന്റെ ‘Mending Wall’ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്, “Something there is that doesn’t love a wall” മതിലുകെട്ടി വേർതിരിയ്ക്കുന്നതിൽ വെറുപ്പുള്ള എന്തോ ഒന്ന് മനുഷ്യനിലുണ്ട്.. വീണ്ടും അയാൾ ചോദിയ്ക്കുന്നു,
“Before I built a wall I’d ask to know,
What I was walling in or walling out.”
(വേലി കെട്ടി തിരിയ്ക്കും മുമ്പേ ഞാൻ അറിയാൻ ആഗ്രഹിക്കുകയാണ്, എന്തിനെയാണ് ഞാൻ വേലികെട്ടി അകത്താക്കുന്നത്, എന്തിനെയാണ് ഞാൻ പുറത്താക്കുന്നത്?)
ടാഗോറിന്റെ ഗീതാഞ്ജലിയിലും മതിലുകെട്ടി തിരിയ്ക്കുന്നതിനോടുള്ള വെറുപ്പ് കാണാം.
“Where the world has not been broken up into fragments by narrow domestic walls, Into that heaven of freedom, my father,
let my country awake”
(എവിടെയാണോ ഗാർഹികമായ താല്പര്യങ്ങളുടെ സങ്കുചിതമായ മതിൽകെട്ടുകളാൽ ലോകം കള്ളിതിരിയ്ക്കപ്പെടാത്തത്, സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗരാജ്യത്തേയ്ക്ക്, എന്റെ രാജ്യത്തെ നീ ഉണർത്തേണമേ..)
കവികൾ സ്വപ്നജീവികളെന്നാണ് വെയ്പ്പ്. എന്നാലും നമുക്കെങ്ങനെയൊക്കെ ആഗ്രഹിക്കാമല്ലോ!!
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS