Middle East

പ്രവാസികളെ അടിയന്തരമായി മടക്കി കൊണ്ട്‌ വരാമോ

എമ്മാർ

കേരളത്തിലെ ഓരോ കുടുംബവും ഏതെങ്കിലും തരത്തിൽ ഗൾഫ്‌ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്‌.ലക്ഷക്കണക്കിന് കുടുംബങ്ങൾ അല്ലലില്ലാതെ ജീവിക്കുന്നത്‌ ഗൾഫിൽ ജോലി ചെയ്യുന്നവരുടെ വരുമാനം കൊണ്ടാണ്. നമ്മുടെ നാട്ടിന്റെ സമ്പദ്‌ വ്യവസ്ഥയെ താങ്ങി നിർത്തുന്നത്‌ പ്രധാനമായും പ്രവാസികളാണ്. ഗൾഫ്‌ രാജ്യങ്ങളിൽ മാത്രമല്ല അമേരിക്കയും യൂറോപ്പും അടക്കം ലോകത്തിന്റെ എല്ലാ ഭഗത്തും ജോലി ചെയ്യുന്ന മലയാളികളും നമ്മുടെ നാടിന് നൽകുന്ന സംഭാവനകളും സേവനങ്ങളും വളരെ വലുതാണ്. ഒരു വ്യത്യാസമുള്ളത്‌ ഗൾഫുകാർ ഒരു കാലത്തും അവിടെ പൗരന്മാരാകില്ല എന്നതാണ്. എത്ര തലമുറ പിന്നിട്ടാലും അവർ ഈ രാജ്യത്തെ പൗരന്മാർ തന്നെ ആയിരിക്കും.

കോവിഡ്‌ 19 ഉയർത്തി വിട്ട ഭീതിയുടെ കൊടുങ്കാറ്റിൽ ആടി ഉലയുകയാണ് ഗൾഫ്‌ രാജ്യങ്ങൾ. ധാരാളം മലയാളികൾ അവിടെ രോഗ ബാധിതരാണ്. ഒട്ടേറെ പേർ ക്വാറന്റീനിലാണ്. പരിമിതമായ സൗകര്യങ്ങളുള്ള ലേബർ കേമ്പുകളിലും മറ്റും കഴിയുന്നവരുടെ നില പരിതാപകരമാണ്.

മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങളുമായുള്ള ലേബർ കരാർ റദ്ദ്‌ ചെയ്യുകയും തൊഴിലാളികളെ പിരിച്ച്‌ വിടുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്ന് യു എ ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്‌ യു എ ഇ യിലെ പ്രവാസികളെ മാത്രമല്ല അവരെ ആശ്രയിച്ച്‌ ജീവിക്കുന്ന കുടുംബങ്ങളെയും ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു.

യു എ യിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌. സൗദിയിൽ അത്‌ 15 ലക്ഷം കാണണം. അതിൽ ചെറിയ വിഭാഗം മാത്രമെ കുടൂംബമായി കഴിയുന്നവരുള്ളു. ഗണ്യമായ വിഭാഗം ബാച്ചിലേഴ്സാണ്. ചെറിയ ബെഡ് സ്പേസിൽ അരിഷ്ടിച്ച്‌ ജീവിക്കുന്നവരാണ്. ഒരു ഫ്ലാറ്റിൽ നൂറുക്കണക്കിനാളുകൾ ഞെരുങ്ങി കഴിയുന്നവരാണ്. ലേബർ ക്യാമ്പ്‌ സന്ദർശിച്ചിട്ടുള്ളവർക്ക്‌ അതിന്റെ ദയനീയാവസ്ഥ എളുപ്പം മനസ്സിലാകും. ഇത്തരം സാഹചര്യങ്ങളിൽ പകർച്ച വ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ നിരീക്ഷണം ആവശ്യമുള്ളവരെ‌ ക്വാറന്റീൻ ചെയ്യാൻ പ്രയാസമാണ്. രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ്‌ ചെയ്യാൻ ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തിലാണ് ഗൾഫിലെ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്ന് വന്നിരിക്കുന്നത്‌.
തീവ്രമായി രോഗ ബാധയുള്ള ഗൾഫിൽ നിന്ന് ആളുകളെ മടക്കി കൊണ്ടു വരുമ്പോൾ നാട്ടിലും മഹാമാരി ആളിപ്പടരാൻ അത്‌ ഇടയാക്കില്ലെ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ട്‌. എന്നാൽ ഗൾഫിലെ മലയാളികളുടെ ജീവൻ നമുക്ക്‌ വളരെ വിലപ്പെട്ടതാണ് താനും . ഈ ഘട്ടത്തിൽ പ്രശ്നത്തെ സംബന്ധിച്ച വ്യക്തത ആവശ്യമാണ്.

1. കോവിഡ്‌ 19 പിടിപെട്ടവരെ ചികിൽസിക്കാനുള്ള മികച്ച സംവിധാനങ്ങൾ ഗൾഫിലുണ്ട്‌. അത്‌ ഭംഗിയായി ചെയ്യുന്നുമുണ്ട്‌. രോഗ നിർണയ ടെസ്റ്റ്‌ ചെയ്യാനുള്ള സൗകര്യവും വെന്റിലേറ്റർ സൗകര്യങ്ങളും അവിടങ്ങളിൽ ഉണ്ട്‌. രോഗികളോട്‌ നാട്ടിലേക്ക്‌ മടങ്ങാൻ സർക്കാർ ആവശ്യപ്പെടുന്നില്ല.

2. ലേബർ കേമ്പുകളിൽ ഉള്ളവരും ലോക്ക്‌ ഡൗൺ മൂലം തൊഴിലില്ലാത്തവരുമായ പ്രവാസികൾക്ക്‌ ഭക്ഷണവും മറ്റ്‌ സഹായങ്ങളും എത്തിക്കാൻ അവിടെയുള്ള സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കഠിനമായി ശ്രമിക്കുന്നുണ്ട്‌.

3. ഗൾഫിലേക്ക്‌ വിസിറ്റിംഗ്‌ വിസയിൽ എത്തി കുടുങ്ങി പോയവർ അനവധിയുണ്ട്‌. മക്കളുടെ പ്രസവം, രോഗം അങ്ങനെ പല ആവശ്യങ്ങൾക്ക്‌ വേണ്ടി ചെന്ന് കുടുങ്ങിയവരാണവർ. വൃദ്ധർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സ്ഥിര രോഗികൾ എന്നിങ്ങനെ പലരും ഇതിൽ പെടുന്നു.

ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെ എല്ലാവരെയും നാട്ടിലേക്ക്‌ കൊണ്ട്‌ വരുക ഈ ഘട്ടത്തിൽ പ്രായോഗികമല്ല; അങ്ങനെ ആരും ആവശ്യപ്പെടുന്നുമില്ല. മുകളിൽ വിവരിച്ച സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തി മുൻഗണനാ ക്രമത്തിൽ ഉചിതമായ പരിഹാരം കാണുകയാണ് അടിയന്തിര ആവശ്യം.

നാട്ടിലേക്കുള്ള മടക്കം: വിദേശകാര്യ വകുപ്പും എമ്പസിയും നോർക്കയും ഇടപെട്ട്‌ നാട്ടിലേക്ക്‌ അയക്കേണ്ടവരുടെ
മുൻഗണന പട്ടിക തയ്യാറാക്കണം.

• ഏറ്റവും പെട്ടെന്ന് നാട്ടിലേക്ക്‌ മടക്കി കൊണ്ട്‌ വരേണ്ടവരുടെ ഒരു പ്രയോറിറ്റി ലിസ്റ്റ്‌ ആദ്യം തയ്യാറാക്കണം. മുകളിൽ മൂന്നാമതായി പറഞ്ഞ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കണം.

• കോവിഡ്‌ അല്ലാത്ത മറ്റനേകം അസുഖ ബാധിതർ അവിടെയുണ്ട്‌. അവർക്ക്‌ നാട്ടിൽ ഉചിതമായ ചികിൽസ തേടാൻ അവസരമുണ്ടാക്കണം.

• രോഗ ബാധിതരല്ലാത്ത, രോഗ ലക്ഷണമില്ലാത്ത, തൊഴിലോ വരുമാനമോ ഇല്ലാത്തവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കണം.

ഗൾഫിൽ ആവശ്യമയ സേവനങ്ങൾ:

• മോശം സാഹചര്യങ്ങളിലുള്ളവരെ സാമൂഹിക അകലം നില നിർത്തി താമസിക്കാവുന്ന ഇടങ്ങളിലേക്ക്‌ മാറ്റണം. മലയാളികളുടെ നിയന്ത്രണത്തിലുള്ള പല കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇപ്പോൾ തന്നെ ഇതിനായി വിട്ടു കൊടുത്തതായറിയുന്നു.

• എല്ലാവർക്കും ഭക്ഷണവും വൈദ്യ സഹായവും ഉറപ്പ്‌ വരുത്തണം. ആവശ്യമെങ്കിൽ പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കണം. മലയാളികളുടെ ആശുപത്രികളുടെയും
ക്ലിനിക്കുകളുടെയും സഹായം ലഭ്യമാക്കാം.

നാട്ടിലെ മുന്നൊരുക്കം:

• നാട്ടിൽ മടങ്ങിയെത്തുന്നവർക്ക്‌ നിർദിഷ്ട കാലം ക്വാറന്റീനിൽ കഴിയാൻ മതിയായ സൗകര്യങ്ങൾ ഒരുക്കണം. വിവിധ മത സാമൂഹിക സംഘടനകൾ അതിനു വേണ്ട സൗകര്യങ്ങൾ വിട്ട്‌ നൽകാൻ തയ്യാറായി വന്നത്‌ ആശ്വാസകരമാണ്. സർക്കാർ അവ ഉപയോഗിച്ച്‌ വേണ്ട ക്രമീകരണങ്ങൾ ചെയ്താൽ രോഗ ഭീതി ഇല്ലാതെ മടങ്ങി വരുന്നവർക്ക്‌ വീട്ടിലേക്ക്‌ മടങ്ങാം.

• കയ്യിൽ കാശൊന്നുമില്ലാതെയാകും പലരും നാട്ടിലെത്തുന്നത്‌. അടിയന്തിര സഹായം എന്ന നിലയിൽ ഒരു തുക അനുവദിക്കണം. സൗജന്യ റേഷൻ, മറ്റ്‌ സഹായങ്ങളും അനുവദിക്കണം.

• കോവിഡ്‌ 19 കാരണമായി സ്ഥിരമായോ ഭാഗികമായോ തൊഴിൽ നഷ്ടമാകാൻ പോകുന്നത്‌ ആയിരക്കണക്കിനു പേർക്കാണ്. ചെറുകിട ഗ്ലോസറികൾ, റസ്റ്ററന്റുകൾ, ജ്യൂസ്‌‌ കടകൾ തുടങ്ങിയവ നടത്തുവർ പ്രവാസം മതിയാക്കേണ്ടി വരുമോ എന്ന് ആശങ്കിക്കുന്നു. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം.

കോവിഡ്‌ അനന്തര ഗൾഫ്‌ പ്രതിസന്ധി പരിഹരിക്കാൻ ഒന്നിച്ചുള്ള ഒരു നീക്കമാണാവശ്യം. കേന്ദ്ര സർക്കാറും കേരള സർക്കാറും ഈ കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം. മടങ്ങി വരുന്നവരെ സുരക്ഷിതമായി പരിചരിക്കുമെന്ന ഉറപ്പ്‌ നൽകിയാൽ കേന്ദ്ര സർക്കാർ നയത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാന സർക്കാറാണ് ഈ ഉറപ്പ്‌ നൽകേണ്ടത്‌.
ഗൽഫിലും നാട്ടിലുമുള്ള സാമൂഹിക, സന്നദ്ധ പ്രവർത്തകർക്കും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്‌. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്‌. യോജിച്ചും പരസ്പരം അംഗീകരിച്ചും ഈ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കാം •

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x