കുറച്ചു കാലമായി മലയാളത്തെയും, കേരളത്തെയും മറന്ന് ജീവിക്കുകയാണ്. ഇപ്പോൾ വിഹാര രംഗം പാർലർ എന്നൊരു സോഷ്യൽ മീഡിയ സൈറ്റിലാണ്. അമേരിക്കയിലെ കണ്സർവ്വേറ്റീവുകൾ കൂട്ടമായി ചേക്കേറിയിരിക്കുന്ന പുതിയ സോഷ്യൽ മീഡിയയാണ് പാർലർ.
ട്രമ്പിന്റെ പോസ്റ്റുകൾ; ട്വിറ്ററും, ഫേസ്ബുക്കും സ്ഥിരമായി “കേശവൻമാമ” ലേബൽ ഒട്ടിച്ചതിൽ മനം നൊന്ത് അവർ ട്വിറ്ററിന് പകരം കണ്ടെത്തിയ പുതിയ താവളമാണ് പാർലർ.
അവിടെ കാര്യങ്ങൾ ബഹുരസമാണ്. സെൻകുമാർ, ഗോക്രി ലെവലിലുള്ള പോസ്റ്റുകളൊക്കെ കണ്ട്, ഇതിലും വലിയ വിഢിത്തങ്ങളൊക്കെ ഉണ്ടാകുമൊ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇവരൊന്നും ഒന്നുമല്ല. അവിടുത്തെ ന്യൂസുകളും, ഷെയർ ചെയ്യുന്ന ആർട്ടിക്കിളും ഒക്കെ ഇന്റർന്നാഷണൽ ലെവലിലാണ്.
ചില ഉദാഹരണങ്ങൾ, നവമ്പർ 28 ന് മുൻ പ്രസിഡന്റ് ബാരക് ഒബാമയെ അറസ്റ്റ് ചെയ്തു. ചൈനയ്ക്ക് അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങൾ ചോർത്തിയതാണ് കുറ്റം. പുതിയ പ്രസിഡന്റ് ബൈഡനെ അറസ്റ്റ് ചെയ്ത് ഹൌസ് അറസ്റ്റിൽ വെച്ചിരിക്കുന്നു. ബൈഡൻ കാലുളുക്കി കാലിൽ ഒരു കാസ്റ്റ് ബൂട്ട് ഇട്ടിട്ടുണ്ട്. അത് കാസ്റ്റല്ല, ആങ്കിൾ മോണിറ്റർ ആണെന്നാണ് പലരും കണ്ട് പിടിച്ചിരിക്കുന്നത്.
ഇത് ചുമ്മാ ഒന്നൊ രണ്ടൊ പേർ ലൈക് ചെയ്യുന്ന ന്യൂസുകളല്ല. ടെഡ് ക്രൂസ്, മാർക്കൊ റൂബിയൊ തുടങ്ങി റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർമ്മാർ വരെ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന ന്യൂസുകളാണ്. ആയിരക്കണക്കിന് എൻഗേജ്മെന്റുകളാണ് ഓരോ പോസ്റ്റിനും ലഭിക്കുന്നത്.
ഇതൊക്കെ ചെറിയ ന്യൂസുകൾ. ഇനിയുമുണ്ട്. കേട്ടാൽ യാതാർത്ഥ്യവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങൾ. അപസർപ്പക കഥകൾ പോലെ നമ്മൾ കേട്ടിരുന്നു പോകും. അവസാനം ഇനി ഇതാണോ റിയാലിറ്റി എന്ന് മതിഭ്രമം വരെ തോന്നും.
“യേട്ടാ ഇതൊക്കെ പൊടിക്ക് ഒവറല്ലെ” എന്നെങ്ങാനും നമ്മൾ ചോദിച്ചാൽ തീർന്നു. ഷീപ് (ആട്ടിടയനെ വിശ്വസിച്ച് പുറകെ പോകുന്ന ആട്) എന്ന വിളിയാണ്. ഡു യുർ റിസർച്ച് എന്ന താക്കീതും.
എനിക്കിത് വലിയ അതിശയമാണ്. പലരും ഇവയൊക്കെ വിശ്വസിച്ച് ആയുധം എടുത്ത് കൊല്ലാൻ വരെ റെഡിയായി പോർവിളിക്കുന്നു. രണ്ടാം സിവിൽ വാർ ന് വരെ ആഹ്വാനങ്ങളും പ്ലാനിങ്ങുകളുമൊക്കെ നടക്കുന്നു. ആകെ ജഗ പൊഗ.
ചിലപ്പോൾ തോന്നും ഇതൊക്കെ പാരഡിയാണോ എന്ന്. അതിനാൽ ആ സൈറ്റിലുള്ള ചില പ്രൊഫൈലുകളെ ഫേസ്ബുക്കിലും, ടിക് ടോക്കിലുമൊക്കെ കണ്ടെത്തി അവരുടെ കുറെ പോസ്റ്റുകൾ കണ്ടു. ഹമ്മേ!!! ഇവരൊക്കെ ഇത് 100% വിശ്വസിച്ചിരിക്കുകയാണ്. എന്ന് മാത്രമല്ല, അവർ പറയുന്നത് ബാക്കി ആർക്കും മനസ്സിലാകാത്തതിനാൽ അവരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുമുണ്ട്.
യുക്തിസഹമായ വാദങ്ങളല്ലാത്തതിനാൽ മറ്റുള്ളവർ കളിയാക്കുന്നതിലെ അമർഷവും. തെറി വിളി, വധ ഭീഷണിയൊക്കെ മുറയ്ക്ക് നടത്തുന്നുമുണ്ട്. ഹെന്തൊരു ലോകം.
ഒരാഴ്ചയായി ഈ ഒരു പ്രതിഭാസത്തെ കുറിച്ച് തന്നെ ചിന്തിക്കുകയാണ്.
എങ്ങനെയാണ് ഒരാൾ ഇങ്ങനെ നുണകൾ മാത്രം വിശ്വസിക്കുന്ന നിലയിലേയ്ക്ക് എത്തുന്നത്?. സാധാരണ ജീവിതത്തിൽ നല്ല മൂല്യ ബോധവും, സംസ്കാരവുമുള്ള ആൾക്കാർ വരെ തനി കൂതറ ലെവലിലേയ്ക്ക് താഴുന്നു ?
എനിക്ക് മനസ്സിലായത്; സോഷ്യൽ മീഡിയയിൽ നമ്മൾ വായിക്കുന്ന കാര്യങ്ങൾ നമ്മൾ തേടിപ്പിടിച്ച് സ്വയം കണ്ടെത്തുന്നവയാണ്. ആ കണ്ടെത്തലിൽ സാഹസികത ഉണ്ട്, അന്വേഷണാത്മകത ഉണ്ട്, അവരുടെ തന്നെ ചിന്താ രീതികളെയും മൂല്യ ബോധത്തെയും അടിമുടി ചോദ്യം ചെയ്യുന്ന ഘടകമുണ്ട്.
അതായത്, കൊളമ്പസ് അമേരിക്ക കണ്ടെത്തിയ പോലെ ഒരു “കണ്ടെത്തലാണ്” അവർ നടത്തുന്നത്. അങ്ങനെ കണ്ടെത്തിയ ഒരു ഐഡിയ അവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ആ ഐഡിയയെ താലോലിക്കുന്നതിൽ അവർക്കൊരു സുഖവും സന്തോഷവും ലഭിക്കുന്നുണ്ട്.
അവർ കണ്ടെത്തിയ ഐഡിയകൾ ശുദ്ധ അസംബന്ധങ്ങളാണെങ്കിലും അവർക്ക് അത് വിട്ട് കളയാൻ മടി തോന്നും. കാരണം, അവർ കഷ്ടപ്പെട്ട് കണ്ടെത്തിയതാണ്.
മുഖ്യധാരാ സൈറ്റുകളിൽ നിന്നൊ, ടി.വി യിൽ നിന്നൊ വാർത്തകൾ കണ്ടെത്തുന്നതിൽ ഈ ത്രില്ലില്ല. ഈ “കണ്ടെത്തലിലെ” സാഹസികതയാണ് പലരെയും പാർലർ പോലുള്ള സൈറ്റുകളിലേയ്ക്ക് ആകർഷിക്കുന്നത്.
ഏതായാലും, പാർലർ വേറൊരു ലോകമാണ്. മൂന്നാഴ്ച അതിനകത്ത് സമയം കളഞ്ഞു. ഈ കഴിഞ്ഞ തിങ്കളാഴ്ച ആയപ്പോഴെയ്ക്കും പാർലർ മുഴുവൻ പോണ് കൊണ്ട് നിറഞ്ഞു.
അതോടെ നമ്മൾ അക്കൌണ്ടും ഡിലീറ്റ് ചെയ്ത് ഓടി തള്ളി. അവിടെ കണ്ട് മുട്ടിയവരെ ഒന്നും യതാർത്ഥ ജീവിതത്തിൽ പരിചയപ്പെടാൻ അവസരം ഉണ്ടാക്കരുതെ എന്ന് മാത്രമേ ഇപ്പോൾ ആഗ്രഹമുള്ളു. എനിവേ ബാക് ടു റിയാലിറ്റി. ഹലൊ വേൾഡ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS