PoliticalWorld

ബദൽ രാഷ്ട്രീയം അവതരിപ്പിക്കുന്നതിലെ പരാജയം: അമേരിക്കയിലും ഇന്ത്യയിലും

സമകാലികം/നാസിറുദ്ദീൻ മറിയം

ലോകത്ത് ഏറ്റവും മോശമായി കോവിഡിനെ നേരിട്ട രാജ്യങ്ങൾ അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവരാണെന്ന് മനസ്സിലാക്കാൻ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ലളിതമായ കണക്കുകളിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. മൂന്ന് രാജ്യങ്ങളും ഭരിക്കുന്നത് ഒരേ രാഷ്ട്രീയ ശൈലി പിൻപറ്റുന്നവരും നിലപാടുകളിൽ അൽഭുതകരമായ സാമ്യം പുലർത്തുന്നവരുമാണെന്നതും യാദൃശ്ചികമല്ല.

ഈ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലാണെങ്കിൽ വോട്ടർമാർ ഏറ്റവും വലിയ വിഷയമായി കണ്ടത് കോവിഡും (40%) സാമ്പത്തികവും (30%) ആണെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക ഫലം പുറത്ത് വന്നില്ലെങ്കിലും ട്രംപിൻ്റെ പ്രകടനം അഭിപ്രായ വോട്ടെടുപ്പുകളെ അപ്രസക്തമാക്കുന്നതും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ ഉണ്ടായിരുന്ന ദയനീയ റേറ്റിംഗിനെ അപേക്ഷിച്ച് മിന്നുന്ന നേട്ടവുമാണ്.

അന്തിമ ഫലം എന്തുമാവട്ടെ, ലോകത്തെ ഏറ്റവും മികച്ച വിഭവശേഷിയുള്ള ഒരു രാജ്യത്ത് ഏറ്റവും മോശമായി ഒരു മഹാമാരിയെ കൈകാര്യം ചെയ്ത് പതിനായിരങ്ങളെ കൊന്ന ഒരു കുപ്രസിദ്ധ ശാസ്ത്ര വിരുദ്ധന് അവിടെയുള്ള വോട്ടർമാരിൽ ഏകദേശം പകുതിയും അംഗീകാരം നൽകിയിരിക്കുകയാണ്, അതും അതീവ നിർണായകമായ ഒരു തിരഞ്ഞെടുപ്പിൽ.

പ്രകടമായ ഈ വൈരുധ്യത്തെ വിശകലനം ചെയ്യുമ്പോൾ ഇന്ത്യൻ സാഹചര്യവുമായുള്ള അൽഭുതകരമായ സാമ്യം ബോധ്യപ്പെടും. മറ്റെന്തിനെക്കാളുമധികം ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ ഫലം അനുകൂല സാഹചര്യം വോട്ടാക്കി മാറ്റുന്നതിലെ ദയനീയ പരാജയമാണ്.

ബൈഡൻ്റെ ഏറ്റവും വലിയ പരാജയം ട്രെംപിന് കൃത്യവും ശക്തവുമായ ബദൽ അവതരിപ്പിക്കാൻ സാധിക്കാതെ പോയതാണ്. ബി ജെ പി ക്ക് കൃത്യമായ ബദൽ അവതരിപ്പിക്കുന്നതിൽ കോൺഗ്രസും ഇന്ത്യൻ പ്രതിപക്ഷവും പതിവായി പരാജയപ്പെടുന്നത് പോലെ. അത് സ്വാഭാവികവുമാണ്. റിപബ്ളികൻ പാർട്ടിയുമായി ഡെമോക്രാറ്റുകൾക്കുള്ള വ്യത്യാസം പരിമിതമാണ്, കൂടുതലും ഉപരിപ്ലവവും ആണ്. പോരെങ്കിൽ ഡെമോക്രാറ്റിക് പാർട്ടിക്കകത്ത് തന്നെ സോഫ്റ്റ് റിപബ്ളികൻ ധാരയും ശക്തമാണ്.

ട്രംപിൻ്റെ മുഖമുദ്രയായ പരിസ്ഥിതി, വിദേശകാര്യ, വംശീയ വിഷയങ്ങളിലെ അറു പിന്തിരിപ്പ് നിലപാടുകൾ വലിയൊരളവോളം ഇവർ സ്വീകരിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിലാണെങ്കിൽ കൂടുതൽ സ്വാധീനം പുരോഗമന നയങ്ങളെ എതിർക്കുന്ന സോഫ്റ്റ് റിപബ്ളിക്കുകൾക്കാണ്.

പരിസ്ഥിതി നിയമങ്ങളുമായി ബന്ധപ്പെട്ട് ഫോസിൽ ഇന്ധന വ്യവസായങ്ങൾക്കുള്ള ഭീമൻ സബ്സിഡി വെട്ടിക്കുറക്കാനുള്ള നിർദേശം ബൈഡനും കമലാ ഹാരിസും മുന്നോട്ട് വെച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം വെട്ടി മാറ്റി. ട്രംപിൻ്റെ ഭ്രാന്തൻ നയങ്ങൾക്ക് കൃത്യമായ ബദൽ നിർദേശങ്ങളും പുരോഗമന ആശയങ്ങളിൽ അധിഷ്ഠിതമായ സമഗ്ര പദ്ധതികളുമായി മുന്നേറിയിരുന്ന ബേണി സാൻഡേഴ്സിനെ അട്ടിമറിച്ചതിൽ ഇത് പ്രകടമായിരുന്നു.

വിജയിക്കുമെന്ന ഘട്ടത്തിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയിലെ താപ്പാനകൾ നടത്തിയ ആസൂത്രിത നീക്കങ്ങളിലൂടെയാണ് പിന്നിലായിരുന്ന ബൈഡൻ സാൻഡേഴ്സിനെ മറികടന്ന് പാർട്ടി സ്ഥാനാർത്ഥിത്വം നേടുന്നത് തന്നെ.

ഏറെ വിമർശന വിധേയമായിരുന്ന ട്രംപിൻ്റെ വിദേശകാര്യ നയങ്ങൾക്കും കൃത്യമായ ബദൽ അവതരിപ്പിക്കാൻ ബൈഡന് സാധിക്കാതെ പോയി. പശ്ചിമേഷ്യൻ നയങ്ങൾ ഏറ്റവും വലിയ ഉദാഹരണം. അമേരിക്കൻ ശിങ്കിടികളായ ഏകാധിപതികളെ സംരക്ഷിച്ച് ജനാധിപത്യം വരുന്നത് തടയണമെന്ന കാര്യത്തിൽ രണ്ട് പേരും വിയോജിച്ചില്ല. പശ്ചിമേഷ്യയിൽ ലക്ഷങ്ങളെ കൊന്ന് തള്ളിയ അമേരിക്കൻ സൈനിക നടപടികളിലും രണ്ടാൾക്കും കുറ്റ ബോധമില്ല.

അങ്ങനെയെങ്കിൽ പിന്നെ അതിലേറ്റവും വലിയ ഏകാധിപതിയായ മുഹമ്മദ് ബിൻ സൽമാനെ തന്നെ പിന്തുണക്കാമെന്നായിരുന്നു ട്രംപിൻ്റെ പക്ഷം. ‘ചതിയിൽ വഞ്ചന പാടില്ല’ എന്ന് കരുതുന്ന ട്രംപിന് മനുഷ്യാവകാശ നാട്യങ്ങളൊന്നും പേറേണ്ട ബാധ്യതയില്ല. പലസ്തീനികളുടെ കാര്യത്തിലും ബൈഡൻ സമാന രീതിയിൽ സയണിസ്റ്റ് വാദങ്ങളുടെ വക്താവായി.

ഒരിക്കൽ പോലും പശ്ചിമേഷ്യയിൽ ജനാധിപത്യം വരണമെന്ന് ബൈഡൻ ആവശ്യപ്പെടുകയോ അതിനായുള്ള പോരാട്ടങ്ങളെ പിന്തുണക്കുകയോ ചെയ്തിട്ടില്ല. 2011 ൽ അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഹുസ്നി മുബാറക്കിനെ പറ്റി ചോദിച്ചപ്പോൾ ബൈഡൻ പറഞ്ഞ മറുപടി കുപ്രചചസിദ്ധമാണ്.
” ഹുസ്നി മുബാറക് നമ്മുടെ ഒരു പാട് കാര്യത്തിലെ പങ്കാളിയാണ്, ഉത്തരവാദിത്തബോധമുള്ള പങ്കാളി….. മുബാറക്കിനെ ഒരു ഏകാധിപതിയെന്ന് ഞാൻ വിശേഷിപ്പിക്കില്ല…” താൻ കൂടി ചേർന്ന് നടപ്പാക്കിയ ഇറാൻ കരാർ ഏകപക്ഷീയമായി റദ്ദാക്കിയ ട്രംപിൻ്റെ നടപടിയിൽ പോലും ബൈഡൻ്റെ നിലപാട് ദുർബലമായിരുന്നു.

നിയോലിബറൽ നയങ്ങൾക്കെതിരായി കാര്യമായൊന്നും മുന്നോട്ട് വെക്കാതിരുന്ന ബൈഡൻ ഉള്ള നിർദേശങ്ങൾ പോലും വേണ്ട രീതിയിൽ പ്രചരിപ്പിച്ചില്ല. ഭേദപ്പെട്ട ബൈഡൻ നയമായിരുന്നു മിനിമം കൂലി 15 ഡോളർ ആക്കുമെന്ന വാഗ്ദാനം. ഭൂരിപക്ഷം വോട്ടർമാരും അതിനെ പിന്തുണച്ചെന്ന് സർവേകൾ തെളിയിച്ചിരുന്ന ഫ്ലോറിഡയിൽ പോലും തിരഞ്ഞെടുപ്പ് വന്നപ്പോൾ ബൈഡൻ തോറ്റു. ( കോൺഗ്രസ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്ന കർഷക, തൊഴിലാളി നയങ്ങൾ ചർച്ചയാവാത്തതും ബി ജെ പി ക്ക് അനുകൂലമായ ബാൽകോട്ട് പോലുള്ളവ ചർച്ചയിൽ നിറഞ്ഞ് നിന്നതും ഓർക്കാം.)

അമേരിക്കയിൽ ഈയടുത്ത മാസങ്ങളിൽ ഏറ്റവുമധികം ചർച്ചയായ വംശീയതയുടെ കാര്യത്തിലും സമാന രീതിയിൽ അഴകൊഴമ്പൻ നയമായിരുന്നു ബൈഡൻ്റേത്. ‘Black lives matter’ സമീപ കാല അമേരിക്കൻ ചരിത്രത്തിലെ തുല്യതയില്ലാത്ത രീതിയിലെ ജനകീയ മുന്നേറ്റമായിരുന്നു. വംശ, മത, വർഗ ഭേദമന്യേ വലിയൊരു വിഭാഗം ഈ മുദ്രാവാക്യം ഏറ്റെടുത്തു, ശക്തമായി തന്നെ.

തീർത്തും സാങ്കേതികമായി നമ്മൾ കരുതുന്ന ഓപൺ സോഴ്സ് സോഫ്റ്റ് വെയർ പ്രെജക്റ്റുകളുടെ വെബ് സൈറ്റുകളിൽ വരെ ഇപ്പോഴും Black lives matter നെ പിന്തുണക്കുന്ന ബാനറുകൾ കാണാം. സമരത്തിനിടയിലുണ്ടായ നിസ്സാരവും ഒറ്റപ്പെട്ടതുമായ അക്രമങ്ങളെ പെരുപ്പിച്ച് കാണിച്ച് ഇതൊരു ‘ക്രമസമാധാന പ്രശ്നം’ ആക്കി തീർക്കാനായിരുന്നു ട്രംപ് ശ്രമിച്ചത്.

ഈ സമരങ്ങളെ സൂക്ഷ്മമായി പഠിച്ച ഒരു പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനപ്രകാരം 93 % സമരങ്ങളും തീർത്തും സമാധാനപരമായിരുന്നു. എങ്കിലും ട്രംപ് ഒരുക്കിയ കെണിയിൽ വീണ ബൈഡൻ സമരത്തിലെ ‘ക്രമസമാധാന പ്രശ്നങ്ങളെ’ പറ്റി വാചാലനായി. കറുത്ത വർഗക്കാർ ഇങ്ങനെ അടിച്ചമർത്തപ്പെടുന്നതിന് കാരണമായ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കോൺക്രീറ്റ് നിർദേശങ്ങൾ ഒന്നും സമർപ്പിക്കപ്പെട്ടതുമില്ല.

ഉപരിപ്ലവമായ നിർദേശങ്ങൾക്കും വാചകമടിക്കുമപ്പുറം ഈ വിഷയത്തെ ഏറ്റെടുക്കാനോ കറുത്ത വർഗക്കാർക്കപ്പുറത്ത് ഈ സമരത്തെ പിന്തുണച്ചവരുടെ രാഷ്ട്രീയ ബോധം വോട്ടാക്കി മാറ്റാനോ ബൈഡന് സാധിച്ചില്ല. ഇവിടെയും CAA വിരുദ്ധ സമരത്തിലെ കോൺഗ്രസ്/ പ്രതിപക്ഷ നിലപാടുമായുള്ള സാമ്യം യാദൃശ്ചികമല്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി യു എസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ വോട്ടെടുപ്പ് പാറ്റേൺ നോക്കിയാൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. 18-35 വയസ്സുള്ള പുതിയ തലമുറയിൽ ഭൂരിപക്ഷവും ബേണി സാൻഡേഴ്സ്, കോർബയ്ൻ പോലുള്ള അടിസ്ഥാന മാറ്റങ്ങളും പുരോഗമന ആശയങ്ങളും മുന്നോട്ട് വെക്കുന്നവരെ ശക്തമായി പിന്തുണക്കുന്നു.

പക്ഷേ ആ രാഷ്ട്രീയം ഏറ്റെടുക്കാനോ കൃത്യമായി അവതരിപ്പിക്കാനോ സാധിക്കാത്ത എതിരാളികളുടെ ‘സോഫ്റ്റ് വേർഷൻ’ ആയ ലേബർ, ഡെമോക്രാറ്റ് പാർട്ടികൾ എതിരാളികൾക്ക് മുമ്പിൽ കീഴടങ്ങുന്നു. വംശീയ ബോധവും പ്രാകൃത രാഷ്ട്രീയ സങ്കൽപങ്ങളും പേറുന്ന പ്രായം ചെന്ന വെള്ളക്കാർ ഒറ്റക്കെട്ടായി ട്രംപ്/ബോറിസ് ജോൺസൺമാരെ വിജയിപ്പിക്കുന്നു. അതേ സമയം ജസീന്താ ആർഡനെ പോലെ ഇവരുടെ രാഷ്ട്രീയം ഏറ്റെടുക്കാൻ തയ്യാറുള്ള പാർട്ടികൾ വിജയിക്കുന്നു.

ബൈഡൻ്റെ നിലപാടുകളും ഇത് വരേയുള്ള രാഷ്ട്രീയ ജീവിതത്തിലെ വോട്ടിംഗ് പാറ്റേണുകളും പരിശോധിക്കുമ്പോൾ വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. ട്രംപിൽ നിന്ന് വ്യത്യസ്തമായി പല വിഷയങ്ങളിലും നിലപാടുകൾ മാറി മറിഞ്ഞതായി കാണാം. പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾ, സ്വവർഗ രതിക്കാരോടുള്ള സമീപനം തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. പക്ഷേ ഈ മാറ്റങ്ങളെയൊന്നും കൃത്യവും സുതാര്യവുമായി വിശദീകരിക്കാൻ ബൈഡന് സാധിച്ചിട്ടില്ല. നിലവിലുള്ള പരിധിയുടെയും വ്യവസ്ഥിതിയുടെയും ഉള്ളിൽ നിൽക്കാനുള്ള വ്യഗ്രതയും ആ മാറ്റങ്ങളെ അപൂർണമാക്കുന്നുണ്ട്.

ട്രംപ് മാറാത്തതിനാൽ വിശദീകരണത്തിൻ്റെ ആവശ്യമില്ല. ട്രംപ് ഉന്നമിട്ട വിഭാഗത്തിൻ്റെ വോട്ട് ട്രംപിന് തന്നെ കൃത്യമായി കിട്ടിയപ്പോൾ ബൈഡന് സ്വന്തം നിലപാടുകളിലെ അവ്യക്തതയും പരസ്പര വിരുദ്ധതയുമെല്ലാം പാരയായി. 30 % മുസ്ലിങ്ങളെങ്കിലും ട്രംപിന് വോട്ട് ചെയ്യുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പുള്ള സർവേകൾ പറഞ്ഞിരുന്നത് ഇതിനോട് ചേർത്ത് വായിക്കാം.

പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂടുകൾ പൊളിച്ചോ പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചോ ഈ പുരോഗമന രാഷ്ട്രീയം കൃത്യമായും ശക്തമായും അവതരിപ്പിക്കപ്പെട്ടാലേ രക്ഷയുള്ളൂ, ഇന്ത്യയിലായാലും അമേരിക്കയിലായാലും.

ട്രംപായാലും മോദിയായാലും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച പ്രതിഭാസങ്ങളല്ല. പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ ആയി തുടരുന്ന വ്യവസ്ഥിതിയുടെ സൃഷ്ടികളാണ്. അതിനെ ആ രീതിയിൽ തന്നെ കണ്ട് കൃത്യമായ ബദൽ രാഷ്ട്രീയം അവതരിപ്പിച്ചാലേ രക്ഷയുള്ളൂ.

പൊടിക്കൈകളിലൂടെ ഫാഷിസത്തേയും വംശീയതയേയുമൊക്കെ തോൽപിക്കാമെന്ന് കരുതുന്നതിൽ പരം മണ്ടത്തരം വേറെയില്ല. ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ അതാണ്. ആത്യന്തികമായി, സാങ്കേതികാർത്ഥത്തിൽ, ട്രംപോ ബൈഡനോ ജയിക്കുന്നത് എന്ന കാര്യത്തേക്കാൾ പ്രസക്തമാണ് ഈ രാഷ്ട്രീയ പരാജയം.

Donald Trump Joe Biden Narendra Modi

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x