ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം കര്‍ഷരുടെ വിയര്‍പ്പിൽ നിന്നും ചോരയിൽ നിന്നും പടുത്തുയർത്തിയതാണ്
സുധാ മേനോൻ

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രം കര്‍ഷരുടെ വിയര്‍പ്പിൽ നിന്നും ചോരയിൽ നിന്നും പടുത്തുയര്ത്തിയതാണ്, കോര്‍പ്പറേറ്റുകളുടെ ഔദാര്യത്തില്‍ നിന്നും അല്ല.
നമ്മള്‍ അഭിമാനപൂര്‍വ്വം ആഘോഷിക്കുന്ന ‘റിപ്പബ്ലിക്ക് ദിന’ത്തിലേക്കുള്ള യാത്ര തുടങ്ങിയത് ഒരിക്കലും നാഗ്പ്പൂരില്‍ നിന്നുമായിരുന്നില്ല. മറിച്ച് നൂറ്റിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മറ്റൊരു കര്‍ഷകസമരത്തില്‍ നിന്നുമായിരുന്നു- വടക്കന്‍ ബീഹാറിലെ ചമ്പാരനില്‍ നിന്നും.
1917ലെ കടുത്ത വേനലില്‍ ആണ് ഗാന്ധിജി ബീഹാറിലെ ചമ്പാരനില്‍ എത്തിയത്. കര്‍ഷകരുടെ താല്പര്യത്തിനു എതിരായി ഇന്‍ഡിഗോ കൃഷി ചെയ്യാന്‍ യുറോപ്യന്‍ പ്ലാന്റർമാരും കൊളോണിയല്‍ സ്റ്റേറ്റും നിര്‍ബന്ധിക്കുകയും, അതിനു വഴങ്ങാത്ത കര്‍ഷകരുടെ കൃഷി ഭൂമി ബലമായി കണ്ടുകെട്ടുകയും ചെയ്യുന്ന സമയം.
ഗാന്ധിജി ആറാഴ്ചയോളം ചമ്പാരനിലെ കര്‍ഷകര്‍ക്ക് ഒപ്പം താമസിക്കുകയും, അവരില്‍ നിന്നും യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കുകയും ചെയ്തു.
അങ്ങനെ കോണ്‍ഗ്രസിലെ വളണ്ടിയര്‍ മാതൃകയുടെ ബാലപാഠങ്ങള്‍ക്ക് അദ്ദേഹം അമോല്‍വയിലും, കിഴക്കന്‍ ചമ്പാരനിലെ ഗ്രാമങ്ങളിലും വിത്തിട്ടു മുളപ്പിച്ചു.
കര്‍ഷകര്‍ക്ക് ഒപ്പം മോത്തിഹാരിയിലും ചമ്പാരനിലും ജീവിച്ച ആ ഒന്നരമാസം ആയിരുന്നു ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായി, ദേശിയ പ്രസ്ഥാനത്തിന്റെ ആത്മാവായി മാറുന്നതിനുള്ള ആദ്യചുവടുവെപ്പുകള്‍ നടത്തിയത്.
ജെബി കൃപലാനിയും, രാജേന്ദ്രപ്രസാദും ഗാന്ധിജിയോടൊപ്പം ചേര്‍ന്നതും അവിടെ വച്ചായിരുന്നു. ചമ്പാരന്‍ വിടാനുള്ള ബ്രിട്ടീഷ് പോലീസിന്റെ താക്കീതു തള്ളിക്കളഞ്ഞ് സമരം തുടങ്ങിയതോടെയാണ് ഗാന്ധിജി ഒരു പാന്‍ ഇന്ത്യന്‍ നേതാവായത്.
ഒടുവില്‍ ആ കര്‍ഷകസമരം വിജയിക്കുകയും, ആദ്യമായി കൊളോണിയല്‍ ഭരണകൂടത്തിനു ജനങ്ങളുടെ സമരവീര്യത്തിനു മുന്നില്‍ അടിയറവ് പറയേണ്ടി വരികയും ചെയ്തു.
ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. വല്ലഭായി പട്ടേലും, മഹാദേവദേശായിയും, നരഹരി പരേഖും, അടങ്ങുന്ന പ്രഗല്‍ഭരായ വക്കീലന്മാര്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിച്ചുകൊണ്ടാണ് ഗാന്ധിജിക്ക് ഒപ്പം ദേശിയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയത്.
തുടര്‍ന്ന്, കൃഷിനാശവും പ്ലേഗ് രോഗപ്പകർച്ചയും കാരണം ഉയർന്ന നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഗാന്ധിജിയും, പട്ടേലും, ആനന്ദിന് അടുത്തുള്ള ഖേഡയില്‍ സത്യാഗ്രഹസമരം നടത്തി.
കൃഷിഭൂമിയും സ്വത്തും കണ്ടുകെട്ടുകെട്ടുമെന്ന ഭീഷണിക്ക് മുന്നിലും പതറാതെ ഖേഡയിലെ കര്‍ഷകര്‍ സമരം തുടര്‍ന്നു. ഒടുവില്‍, നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും നിരുപാധികം സമ്മതിക്കേണ്ടി വന്നു, ഭരണകൂടത്തിന്.
ഈ കർഷകസമരങ്ങളുടെ വിജയങ്ങളെ തുടര്‍ച്ച ആയിരുന്നു, 1918ല്‍ നടന്ന അഹമ്മദാബാദിലെ മില്‍ തൊഴിലാളികളുടെ സമരം.. അങ്ങനെ കര്‍ഷകരില്‍ നിന്നും, തൊഴിലാളികളിലേക്കും അതില്‍ നിന്നും കുറെക്കൂടി വിശാലമായ ഇന്ത്യയുടെ ക്യാന്‍വാസിലേക്കും ഗാന്ധിജി പതുക്കെ ഇറങ്ങി ചെല്ലുകയായിരുന്നു..
അന്ന്, ഗുജറാത്തി പൊതുസമൂഹവും, ഗുജറാത്തിസഭയും സമരം നയിക്കാന്‍ ഗാന്ധിജിയോടൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നു. പക്ഷെ, ഇന്ന്, ഗാന്ധിജിയുടെയും പട്ടേലിന്റെയും അതേ ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന, ഗുജറാത്തി ‘പാരമ്പര്യത്തില്‍’ എന്നും ഊറ്റം കൊള്ളാറുള്ള പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കര്‍ഷകരുടെയും തൊഴിലാളികളുടെയും അതിജീവനത്തിന്റെ ഭാഷ മനസിലാവാത്തത് ചരിത്രത്തിലെ വേദനിപ്പിക്കുന്ന വൈരുധ്യം!
ഓര്‍ക്കുക, മഹത്തായ രണ്ടു കര്‍ഷകസമരങ്ങളും അത് നയിച്ച മഹാത്മാഗാന്ധിയുമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വഴി തിരിച്ചുവിട്ടത്. ചുരുക്കത്തില്‍, ബീഹാറിലെയും ഗുജറാത്തിലെയും കര്‍ഷകര്‍ ഊതി ഊതി തെളിയിച്ച ഒരു തീപ്പൊരിയില്‍ നിന്നും ആയിരുന്നു മഹാത്മാഗാന്ധിയെന്ന അനിതരസാധാരണനായ മനുഷ്യന്‍ ഇന്ത്യയാകെ സമരത്തിന്റെ ദീപശിഖകള്‍ തെളിയിച്ചത്.
അത് കൊണ്ട്, കർഷകസമരം ഒരു പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട്, റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിലെ നഗരപാതയിലൂടെ ട്രാക്ടര്‍ റാലി നടത്തുന്ന കര്‍ഷകരുടെ അസാധാരണമായ സമരവീര്യത്തിനു ഒരായിരം അഭിവാദ്യങ്ങള്‍…
ഒരുപക്ഷെ, ഇത് തൊഴില്‍ നിയമങ്ങള്‍ക്കു എതിരെ കൂടിയുള്ള കര്‍ഷക-തൊഴിലാളി സംയുക്തസമരമാക്കാന്‍ കഴിയുമെങ്കില്‍ അത് നമ്മുടെ ജനാധിപത്യസമരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ഒരു കാല്‍വെയ്പ്പായേക്കും.


