
കോൺഗ്രസ് യോഗത്തിൽ 102 എംഎൽഎമാർ; തിരിച്ചുവരാൻ പൈലറ്റിനോട് പാർട്ടി
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്‍റെ വസതിയിൽ നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ 102 എംഎൽഎമാർ പങ്കെടുത്തതായി റിപ്പോർട്ട്. നൂറോളം പേർ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയെന്ന് പാർട്ടി വൃത്തങ്ങൾ അവകാശപ്പെട്ടു.
തനിക്കൊപ്പം 30 എംഎൽഎമാരുണ്ടെന്ന ഉപമുഖ്യമന്ത്രിയും വിമത നേതാവുമായ സച്ചിൻ പൈലറ്റിന്‍റെ അവകാശവാദം ഇതോടെ പൊളിയുകയാണ്. സച്ചിൻ പൈലറ്റ് തിരിച്ചുവരണമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും കോൺഗ്രസ് നേതാക്കൾ അഭ്യർഥിച്ചു. ചർച്ചകൾക്കു വാതിൽ തുറന്നുകിടക്കുകയാണെന്നും അവർ.
സച്ചിൻ ജിയടക്കം എല്ലാ കോൺഗ്രസ് എംഎൽഎമാരെയും ഞങ്ങൾ ബഹുമാനിക്കുന്നു. അവരൊക്കെ ഞങ്ങളുടെ ആളുകളാണ്. ഒരു കുടുംബാംഗത്തിനു ദേഷ്യം പിടിച്ചാൽ അമ്മയോടും അച്ഛനോടും അമ്മാവൻമാരോടുമൊക്കെ സംസാരിച്ചു തീർക്കാം- കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുക്കുന്നില്ല. പങ്കെടുക്കാൻ കഴിയാത്തവർ എപ്പോൾ എത്തുമെന്ന കാര്യം പാർട്ടി നേതാവ് അവിനാശ് പാണ്ഡെയെ വിളിച്ചുപറഞ്ഞാൽ മതിയെന്നും സുർജേവാല വ്യക്തമാക്കി.